തിരയുക

Vatican News
ഫ്രാന്‍സീസ് പാപ്പാ, ലാമ്പെദൂസ സന്ദര്‍ശനത്തിന്‍റെ ആറാം വാര്‍ഷികത്തില്‍ , വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ അഭയാര്‍ത്ഥകള്‍ക്കും കൂടിയേറ്റക്കാര്‍ക്കുമായി ദിവ്യബലി അര്‍പ്പിച്ച വേളയില്‍, 08/07/2019 ഫ്രാന്‍സീസ് പാപ്പാ, ലാമ്പെദൂസ സന്ദര്‍ശനത്തിന്‍റെ ആറാം വാര്‍ഷികത്തില്‍ , വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ അഭയാര്‍ത്ഥകള്‍ക്കും കൂടിയേറ്റക്കാര്‍ക്കുമായി ദിവ്യബലി അര്‍പ്പിച്ച വേളയില്‍, 08/07/2019  (Vatican Media)

​എളിയവരെ കൈപിടിച്ചുയര്‍ത്താന്‍ വിളിക്കപ്പെട്ട ക്രിസ്തു ശിഷ്യര്‍!

അഭയം തേടി കടല്‍മാര്‍ഗ്ഗം ഇറ്റലിയില്‍ എത്തിച്ചേരാന്‍ ശ്രമിക്കുന്ന കുടിയേറ്റക്കാര്‍ പലപ്പോഴും മുങ്ങിമരിക്കുന്ന മദ്ധ്യധരണ്യാഴിയിലെ ഇറ്റാലിയന്‍ ദ്വീപായ ലാമ്പെദൂസ താന്‍ സന്ദര്‍ശിച്ചതിന്‍റെ ആറാം വാര്‍ഷികത്തോടനുബന്ധിച്ച് തിങ്കളാഴ്ച (08/07/2019) വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ ഫ്രാന്‍സീസ് പാപ്പാ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിച്ചു.

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

കുടിയേറ്റക്കാര്‍, ഇന്നത്തെ ആഗോളീകൃത സമൂഹത്തില്‍ തിരസ്ക്കരിക്കപ്പെടുന്ന സകലരുടെയും പ്രതീകമാണെന്ന് മാര്‍പ്പാപ്പാ. 

അഭയം തേടി കടല്‍മാര്‍ഗ്ഗം ഇറ്റലിയില്‍ എത്തിച്ചേരാന്‍ ശ്രമിക്കുന്ന കുടിയേറ്റക്കാര്‍ പലപ്പോഴും മുങ്ങിമരിക്കുന്ന മദ്ധ്യധരണ്യാഴിയിലെ ഇറ്റാലിയന്‍ ദ്വീപായ ലാമ്പെദൂസ താന്‍ സന്ദര്‍ശിച്ചതിന്‍റെ ആറാം വാര്‍ഷികത്തോടനുബന്ധിച്ച് തിങ്കളാഴ്ച (08/07/2019)  ഉച്ചയ്ക്കു മുമ്പ് വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ  ബസിലിക്കയില്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബ്ബാന മദ്ധ്യേ പങ്കുവച്ച സുവിശേഷ ചിന്തകളിലാണ് ഫ്രാന്‍സീസ് പാപ്പാ ഇതു പറഞ്ഞത്.

എളിയവരെ കൈപിടിച്ചുയര്‍ത്തുക

സമൂഹത്തില്‍ കാണപ്പെടുന്ന എളിയവരുടെ, അല്ലെങ്കില്‍, ദരിദ്രരുടെ, വിവിധ രൂപങ്ങളെക്കുറിച്ചു പരാമര്‍ശിച്ചുകൊണ്ട് പാപ്പാ അവരോടു പ്രത്യേക പരിഗണന കാട്ടേണ്ടതിന്‍റെ  ആവശ്യകത യേശു സ്വശിഷ്യര്‍ക്കു വെളിപ്പെടുത്തികൊടുത്തിട്ടുണ്ടെന്നും ഉപവിപ്രവര്‍ത്തനത്തില്‍ പ്രഥമസ്ഥാനത്ത് പ്രതിഷ്ഠിക്കപ്പെടേണ്ടത് ഈ എളിയവരാണെന്നും വിശദീകരിച്ചു.

ദാരിദ്ര്യത്തിന്‍റെ രൂപങ്ങള്‍

ദാരിദ്ര്യത്തിന്‍റെ നിരവധിയായ രൂപങ്ങളെടുക്കുമ്പോള്‍ ഈ പാവപ്പെട്ടവര്‍ അല്ലെങ്കില്‍ എളിയവര്‍ ആരാണെന്ന് വിശുദ്ധ രണ്ടാം ജോണ്‍പോള്‍ മാര്‍പ്പാപ്പായെ ഉദ്ധരിച്ചുകൊണ്ട് പാപ്പാ വ്യക്തമാക്കി.

അടിച്ചമര്‍ത്തപ്പെട്ടവരും പാര്‍ശ്വവത്കൃതരും, വൃദ്ധജനവും, രോഗികളും, കുഞ്ഞുങ്ങളും എല്ലാം പാവപ്പെട്ടവരുടെ, എളിയവരുടെ ഗണത്തില്‍ വരുന്നുവെന്ന് പാപ്പാ വശദീകരിച്ചു.

തങ്ങളെ ഞരുക്കുന്ന ക്ലേശങ്ങളില്‍ നിന്ന് രക്ഷിക്കാന്‍ അനുദിനം കര്‍ത്താവിനെ വിളിച്ചപേക്ഷിക്കുന്ന ഈ എളിയവരെക്കുറിച്ചാണ് തന്‍റെ ലാമ്പെദൂസ സന്ദര്‍ശനത്തിന്‍റെ  ഈ വാര്‍ഷികത്തില്‍ താന്‍ ഓര്‍ക്കുന്നതെന്ന് പാപ്പാ പറഞ്ഞു.

"എളിയവര്‍" ആരൊക്കെ?

കബളിപ്പിക്കപ്പെടുകയും മരുഭൂമിയില്‍ മരണത്തിലേക്കു വലിച്ചെറിയപ്പെടുകയും വിട്ടുകൊടുക്കുകയും ചെയ്യുന്ന എളിയവരാണ് അവര്‍; തടവുകേന്ദ്രങ്ങളില്‍ പീഢിപ്പിക്കപ്പെടുകയും ചൂഷണം ചെയ്യപ്പെടുകയും ബലാല്‍ക്കാരത്തിനിരകളാക്കപ്പെടുകയും ചെയ്തവരാണ് ഈ എളിയവര്‍; പ്രക്ഷുബ്ധമായ കടലിലെ തിരമാലകളോടു മല്ലടിക്കുന്നവരാണവര്‍; അഭയകേന്ദ്രങ്ങളില്‍ നീണ്ട നാളുകള്‍ പാര്‍പ്പിക്കപ്പെടുന്നവരാണ്. ഇവരൊക്കെയാണ് യേശു നമ്മോട് സ്നേഹിക്കാനും കൈപിടിച്ചുയര്‍ത്താനും നമ്മോടാവശ്യപ്പെടുന്ന എളിയവരില്‍ ചിലര്‍. എന്നാല്‍, ദൗര്‍ഭാഗ്യവശാല്‍ നമ്മുടെ നഗരങ്ങളുടെ പ്രാന്തപ്രദേശങ്ങള്‍ പരിത്യക്തരാലും അടിച്ചമര്‍ത്തപ്പെട്ടവരാലും വിവേചനത്തിനിരകളായവരാലും നിന്ദിതരാലും ചൂഷിതരാലും അവഗണിക്കപ്പെട്ടവരാലും നര്‍ദ്ധനരാലും പീഢിതരാലും തിങ്ങിനിറഞ്ഞിരിക്കായാണ്. സഹനങ്ങളില്‍ അവര്‍ക്ക് സാന്ത്വനമാകാനും അവരോടു കരുണകാണിക്കാനും നീതിക്കായുള്ള അവരുടെ വിശപ്പും ദാഹവും ശമിപ്പിക്കാനും, ദൈവത്തിന്‍റെ   പിതൃനിര്‍വ്വിശേഷമായ കരുതല്‍ അവര്‍ക്കനുഭവവേദ്യമാക്കാനും, സ്വര്‍ഗ്ഗരാജ്യത്തിലേക്കുള്ള പാത അവര്‍ക്കു കാണിച്ചുകൊടുക്കാനും സുവിശേഷസൗഭാഗ്യങ്ങളുടെ അരൂപിയില്‍ നാം വിളിക്കപ്പെട്ടിരിക്കുന്നു. പാപ്പാ ഉദ്ബോധിപ്പിച്ചു.

 ആകാശം മുട്ടുന്നു ഗോവണി

ബേര്‍ഷെബായില്‍ നിന്നു ഹാരാനിലേക്കുള്ള യാത്രാമദ്ധ്യേ രാത്രി വിശ്രമിക്കുന്ന വിശ്രമിക്കുന്ന യാക്കോബിനുണ്ടാകുന്ന ദര്‍ശനത്തില്‍, ഭൂമിയില്‍ നിന്ന് ആകാശം മുട്ടെ ഉയര്‍ന്നുനില്ക്കുന്ന ഗോവണിയും ദൈവദൂതന്മാര്‍ അതിലൂടെ കയറിഇറങ്ങുന്നതും ഗോവണിയുടെ മുകളില്‍ നിന്ന് കര്‍ത്താവിന്‍റെ അരുളപ്പാടുണ്ടാകുന്നതുമായ സംഭവം, ഉല്പത്തിപ്പുസ്തകം 28-Ↄ○ അദ്ധ്യായം 10-22 വരെയുളള വാക്യങ്ങള്‍, ആയിരുന്നു പാപ്പാ തന്‍റെ വിചിന്തനത്തിന് അവലംബമാക്കിയത് പ്രധാനമായും. 

ദൈവദൂതര്‍ കയറിയിറങ്ങിയ ഗോവണി, ക്രിസ്തുവിന്‍റെ മനുഷ്യാവതാരത്തിലൂടെ ചരിത്രത്തില്‍ സാക്ഷാത്ക്കരിക്കപ്പെടുന്ന ദൈവ-മനുഷ്യ ബന്ധത്തെയാണ് സൂചിപ്പിക്കുന്നതെന്നും ഓരോ മാനവ പ്രവൃത്തിയ്ക്കും മുമ്പേ ദൈവം നടത്തുന്ന പ്രവൃത്തിയുടെ ദൃഷ്ടാന്തമാണ് ഈ ഗോവണിയെന്നും പാപ്പാ വിശദീകരിച്ചു.

ഈ വെളിപാടിനു മുന്നില്‍ യാക്കോബ് കര്‍ത്താവിനു  സ്വയം സമര്‍പ്പിക്കുകയും തന്‍റെ  യാത്രയില്‍ തന്നെ സംരക്ഷിക്കാന്‍ കര്‍ത്താവിനോടു പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നതിന്‍റെ  പൊരുളും പാപ്പാ എടുത്തുകാട്ടി.

യാക്കോബിന്‍റെ ദര്‍ശനത്തില്‍ ഗോവണി കയറിയിറങ്ങുന്ന ആ മാലാഖമാര്‍ നാം ആയിത്തീരണമെന്നും  ഏറ്റം ബലഹീനരും വേധ്യരുമായവരെയും, എളിയവരെയും മുടന്തരെയും രോഗികളെയും പുറന്തള്ളപ്പെട്ടവരെയും കൈകളില്‍ താങ്ങിക്കൊണ്ട് നമുക്കിതു സാധിക്കുമെന്നും പാപ്പാ പറഞ്ഞു.

നമ്മു‌‌ടെ ഉത്തരവാദിത്വം

ഇതു വലിയൊരുത്തരവാദിത്വമാണെന്നും, തന്നോടു സഹകരിക്കാന്‍ കര്‍ത്താവു തന്നെ നമ്മെ വിളിച്ചിരിക്കുന്ന പരിത്രാണത്തിന്‍റെയും വിമോചനത്തിന്‍റെയുമായ ഈ ദൗത്യം പൂര്‍ത്തിയാക്കണമെങ്കില്‍ ഈ ഉത്തരവാദിത്വത്തില്‍ നിന്നു ഒഴിഞ്ഞുമാറാന്‍ ആര്‍ക്കും  സാധിക്കില്ലെന്നും പാപ്പാ ഓര്‍മ്മിപ്പിച്ചു.

പാപ്പാ അര്‍പ്പിച്ച ദിവ്യപൂജയില്‍ കുടിയേറ്റക്കാരും അഭയാര്‍ത്ഥികളും അവര്‍ക്കു  സഹായഹസ്തം നീട്ടുന്നവരുമായ ഇരുന്നൂറ്റിയമ്പതോളം പേര്‍ സംബന്ധിച്ചിരുന്നു. 

2013 ജൂലൈ 8-നായിരുന്നു പാപ്പാ ലാമ്പെദൂസ സന്ദര്‍ശിച്ചതും കടലില്‍ ജീവന്‍ പൊലിഞ്ഞവര്‍ക്കായി പ്രാര്‍ത്ഥിച്ച് പുഷ്പാഞ്ജലി അര്‍പ്പിച്ചതും. 

 

08 July 2019, 13:31