തിരയുക

കര്‍ദ്ദിനാള്‍ പാവൊളൊ സാര്‍ദി കര്‍ദ്ദിനാള്‍ പാവൊളൊ സാര്‍ദി 

കര്‍ദ്ദിനാള്‍ പാവൊളൊ സാര്‍ദി കാലം ചെയ്തു, പാപ്പാ അനുശോചിച്ചു.

കര്‍ദ്ദിനാള്‍ പാവൊളൊ സാര്‍ദി, വൈദിക തീക്ഷ്ണതയും, ദൈവശാസ്ത്രപരമായ ഒരുക്കവും ബൗദ്ധിക കഴിവുകളും അറിവും എല്ലാം സ്വന്തം പ്രവര്‍ത്തനത്തില്‍ സമൂര്‍ത്തമാക്കിത്തീര്‍ത്ത ശുശ്രൂഷകന്‍.

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ഇറ്റലി സ്വദേശി കര്‍ദ്ദിനാള്‍ പാവൊളൊ സാര്‍ദിയുടെ നിര്യാണത്തില്‍ മാര്‍പ്പാപ്പാ അനുശോചനം രേഖപ്പെടുത്തി.

കര്‍ദ്ദിനാള്‍ പാവൊളൊ സാര്‍ദിയുടെ കുടുംബാംഗങ്ങളെയും ആക്വി രൂപതാസമൂഹത്തെയും തന്‍റെ ഖേദം അറിയിച്ചുകൊണ്ടയച്ച സന്ദേശത്തില്‍ ഫ്രാന്‍സീസ് പാപ്പാ അദ്ദേഹം സ്വജീവിതത്തിന്‍റെ സിംഹഭാഗവും പരിശുദ്ധസിംഹാസനത്തിന്‍റെ  സേവനത്തിനായി നീക്കിവച്ചതും പ്രബുദ്ധദായക സാക്ഷ്യമേകിയതു നന്ദിയോടെ അനുസ്മരിക്കുന്നു.

തന്‍റെ വൈദിക തീക്ഷ്ണതയും, ദൈവശാസ്ത്രപരമായ ഒരുക്കവും ബൗദ്ധിക കഴിവുകളും അറിവും എല്ലാം അദ്ദേഹം തന്‍റെ പ്രവര്‍ത്തനങ്ങളില്‍ ഉപയോഗപ്പെടുത്തിയെന്നും അങ്ങനെ വിശുദ്ധ പോള്‍ ആറാമന്‍ മുതലിങ്ങോട്ടുള്ള എല്ലാ പാപ്പാമാര്‍ക്കും മഹത്തായ സേവനം നല്കിയെന്നും ഫ്രാന്‍സീസ് പാപ്പാ അനുശോചനസന്ദേശത്തില്‍ പറയുന്നു.

മെത്രാന്‍ എന്ന നിലയില്‍ സ്വീകരിച്ചിരുന്ന “ഉണര്‍ന്നിരിക്കുക” എന്ന മുദ്രാവാക്യത്തോടു എന്നും വിശ്വസ്തത പുലര്‍ത്തിയ അദ്ദേഹം വിശ്വസ്ത സേവകനും ജാഗരൂകനും ആയിരുന്നുവെന്നു പാപ്പാ അനുസ്മരിച്ചു.

രോഗബാധിതനായിരുന്ന 84 വയസ്സു പ്രായമുണ്ടായിരുന്ന കര്‍ദ്ദിനാള്‍ പാവൊളൊ സാര്‍ദി റോമിലെ ജെമേല്ലി ആശുപത്രിയില്‍ വച്ച് ശനിയാഴ്ച (13/07/2019) ആണ് മരണമടഞ്ഞത്.

1934 സെപ്റ്റംബര്‍ ഒന്നിന് വടക്കു പടിഞ്ഞാറെ ഇറ്റലിയിലെ അലെസ്സാന്ത്രിയ പ്രവിശ്യയിലെ ആക്വി രൂപതയില്‍പ്പെട്ട റിക്കല്‍ദേണെ എന്ന സ്ഥലത്തു ജനിച്ച കര്‍ദ്ദിനാള്‍ പാവൊളൊ സാര്‍ദി 1958 ജൂണ്‍ 29-ന് പൗരോഹിത്യവും,1997 ജനുവരി 6-ന് വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ വച്ച് വിശുദ്ധ രണ്ടാം ജോണ്‍ പോള്‍ മാര്‍പ്പാപ്പയില്‍ നിന്ന് മെത്രാഭിഷേകവും സ്വീകരിച്ചു.

2010 നവമ്പര്‍ 20-നാണ് അദ്ദേഹം കര്‍ദ്ദിനാള്‍ സ്ഥാനത്തേക്കുയര്‍ത്തപ്പെട്ടത്.

ധാര്‍മ്മിക ദൈവശാസ്ത്രാദ്ധ്യാപകന്‍, വത്തിക്കാന്‍ സംസ്ഥാന കാര്യാലയത്തിലെ ഉദ്യോഗസ്ഥന്‍, സവിശേഷ ദൗത്യങ്ങളോടുകൂടിയ അപ്പസ്തോലിക് നുണ്‍ഷ്യൊ, പേപ്പല്‍ ഭവനത്തിലെ കാര്യവിചാരിപ്പുകാരന്‍ തുടങ്ങിയ വിവധങ്ങളായ സേവനങ്ങള്‍ അനുഷ്ഠിച്ചിട്ടുണ്ട് പരേതനായ കര്‍ദ്ദിനാള്‍ പാവൊളൊ സാര്‍ദി.

അദ്ദേഹത്തിന്‍റെ ആത്മശാന്തിക്കായി വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ  ബസിലിക്കയില്‍ തിങ്കളാഴ്ച (15/07/19) രാവിലെ മുന്‍ വത്തിക്കാന്‍ സംസ്ഥാന കാര്യദര്‍ശി കര്‍ദ്ദിനാള്‍ തര്‍ച്ചീസിയൊ ബെര്‍ത്തോണെയുടെ മുഖ്യകാര്‍മ്മകത്വത്തില്‍ ദിവ്യബലിയര്‍പ്പിക്കപ്പെടുകയും അതിന്‍റെ അവസാനം ഫ്രാന്‍സീസ് പാപ്പാ അന്ത്യോപചാര ശുശ്രൂഷ നയിക്കുകയും ചെയ്തു. 

കര്‍ദ്ദിനാള്‍ പാവൊളൊ സാര്‍ദിയുടെ മരണത്തോടെ കത്തോലിക്കാസഭയിലെ കര്‍ദ്ദിനാളന്മാരുടെ സംഘത്തിലെ അംഗസംഖ്യ 219 ആയി താണു. ഇവരില്‍ 99 പേര്‍ 80 വയസ്സു പൂര്‍ത്തിയായവരാകയാല്‍ പാപ്പായെ തിരഞ്ഞെടുക്കുന്നതിന് സമ്മതിദാനാവാകശം ഇല്ലാത്തവരാണ്.

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

15 July 2019, 12:42