തിരയുക

Vatican News
  ഫ്രാന്‍സിസ് പാപ്പാ  ത്രികാല പ്രാര്‍ത്ഥനാ സന്ദേശം നല്‍കുന്നു ഫ്രാന്‍സിസ് പാപ്പാ ത്രികാല പ്രാര്‍ത്ഥനാ സന്ദേശം നല്‍കുന്നു  (Vatican Media)

മാർത്തായും, മറിയവും - നമ്മിലെ രണ്ടു മനോഭാവങ്ങൾ

ജൂലൈ 21ആം തിയതി ഞായറാഴ്ച്ച, വത്തിക്കാനില്‍ ഫ്രാന്‍സിസ് പാപ്പാ നയിച്ച ത്രികാല പ്രാര്‍ത്ഥന സന്ദേശത്തിന്‍റെ സംഗ്രഹം

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

ജൂലൈ 21ആം തിയതി ഞായറാഴ്ച്ച, റോമിലും, ഇറ്റലിയിലും നല്ല ചൂടനുഭവപ്പെട്ടിട്ടും പതിവുളള ത്രികാല പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാന്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും തീര്‍ത്ഥാടകരും സന്ദര്‍ശകരും ഉള്‍പ്പെടെ ആയിരങ്ങള്‍ വത്തിക്കാനിലെത്തിയിരുന്നു. അവര്‍ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ പാപ്പായുടെ സന്ദേശം ശ്രവിക്കാന്‍ കാത്തിരുന്നു. പ്രാദേശിക സമയം കൃത്യം12 മണിക്ക് അപ്പോസ്തോലിക അരമനയില്‍ ഫ്രാന്‍സിസ് പാപ്പാ ജനങ്ങളെ അഭിവാദ്യം ചെയ്തു കൊണ്ട് പ്രത്യക്ഷനായി.  കരഘോഷത്തോടും, സന്തോഷത്തോടെ ആര്‍ത്തുവിളിച്ചും ജനങ്ങള്‍ പാപ്പായെ സ്വാഗതം ചെയ്തു. സന്തോഷപൂര്‍വ്വം കരങ്ങളുയര്‍ത്തി വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ സന്നിഹിതരായ എല്ലാവരെയും അഭിവാദനം ചെയ്തതിന് ശേഷം പാപ്പാ പ്രഭാഷണം ആരംഭിച്ചു.

പ്രിയ സഹോദരി സഹോദരങ്ങളേ, ശുഭദിനാശംസകള്‍!

ക്രിസ്തുവിന്‍റെ മുന്നിൽ ഉപവിഷ്ടരായിരിക്കക

ഇന്നത്തെ സുവിശേഷഭാഗത്തിൽ ലൂക്കാ സുവിശേഷകൻ ലാസറിന്‍റെ സഹോദരിമാരായ മാർത്താ, മറിയം എന്നിവരുടെ ഭവനത്തില്‍ നടത്തുന്ന സന്ദർശനത്തെക്കുറിച്ച് വിവരിക്കുന്നു. (ലൂക്കാ.18: 38-42) അവർ ക്രിസ്തുവിനെ അവരുടെ ഭവനത്തില്‍ സ്വീകരിച്ചു. എന്നാൽ മറിയം അവന്‍റെ പാദത്തിന്‍റെ കീഴില്‍ ഉപവിഷ്ടയായിരുന്ന് അവനെ ശ്രവിക്കുന്നു. അവൾ എന്തു ചെയ്തുക്കൊണ്ടിരുന്നോ അതിനെ എല്ലാം ഉപേക്ഷിച്ച് ക്രിസ്തുവുമായി അടുത്തിരിക്കുവാൻ ശ്രമിക്കുന്നു. യേശു പറയുന്ന ഒരു വാക്ക് പോലും നഷ്ടപ്പെട്ടു പോകുവാൻ അവൾ ആഗ്രഹിച്ചില്ല. ദൈവത്തെ നമ്മളിൽ നിന്നും അകറ്റുന്ന പരിഗണനകളും വ്യവഹാരങ്ങളും നമ്മിലുണ്ടാകരുത്. എല്ലാറ്റിനെയും നാം മാറ്റിവയ്ക്കണം. കാരണം ക്രിസ്തു നമ്മുടെ ജീവിതത്തെ സന്ദർശിക്കുവാൻ വരുമ്പോൾ അവിടുത്തെ വചനവും സാന്നിധ്യവുമാണ് നമ്മുടെ പ്രവർത്തികളുടെ മുന്നിലിരിക്കേണ്ടത്. ദൈവം നമ്മെ എപ്പോഴും വിസ്മയിപ്പിക്കുന്നു. നാം ആത്മാർത്ഥമായി അവിടുത്തെ ശ്രവിക്കുവാൻ ആരംഭിക്കുമ്പോൾ നമ്മുടെ ജീവിതത്തിൽ നിന്നും കാർമേഘങ്ങൾ അപ്രത്യക്ഷമാകുകയും നമ്മുടെ സംശയങ്ങൾ സത്യത്തിനു വഴിയൊരുക്കുകയും പ്രശാന്തയെകുറിച്ചുള്ള നമ്മുടെ ആകുലതയും ജീവിതത്തിലുണ്ടാകുന്ന വ്യത്യസ്ഥമായ അവസ്ഥകളും, അനുഭവങ്ങളുമെല്ലാം യഥാർത്ഥമായി കണ്ടെത്തുകയും ചെയ്യും. ക്രിസ്തുവിന്‍റെ പാദത്തിൻ കീഴിലിരുന്ന മേരിയുടെ ചിത്രത്തിലൂടെ സുവിശേഷകൻ യഥാർഥത്തിൽ ഒരു വിശ്വാസിയുടെ പ്രാർഥനാനിർഭരമായ മനോഭാവത്തെയാണ് വരച്ചുകാണിക്കുന്നത്. ദൈവസാന്നിധ്യത്തിന് മുന്നിൽ ആയിരിക്കണമെന്നും, തന്‍റെ യജമാനനെ ശ്രവിക്കണമെന്നും, അവനുമായി എങ്ങനെ തന്‍റെ ജീവിതത്തെ ഐക്യപ്പെടുത്തണമെന്നും പ്രാർത്ഥനാനിർഭരമായ മനസ്സുമായി ജീവിക്കുന്ന വിശ്വാസിയായ ഒരു വ്യക്തിക്ക് അറിയാം. നമ്മുടെ അനുദിന ജീവിതത്തിൽ നിശബ്ദതയിൽ ദൈവത്തോടൊപ്പം ഒന്ന് ചേരുവാൻ ചില ഇടവേളകൾ ആവശ്യമാണ്. നമ്മുടെ ജീവിതത്തിൽ "കടന്നുപോകുന്ന" ക്രിസ്തുവിനെ കണ്ടെത്താൻ ധൈര്യം കാണിക്കുവാനും, അവനോടൊപ്പമുള്ള സാന്നിധ്യത്തില്‍ നിന്ന് അൽപം "അകന്നു" പോകുമ്പോൾ വീണ്ടും കൂടുതൽ പ്രശാന്തതയോടും ഫലപ്രാപ്തിയോടും കൂടെ ദൈനംദിന കാര്യങ്ങളിലേക്ക് മടങ്ങുവാനുള്ള ധൈര്യത്തിൽ നിലനിൽക്കാൻ കഴിയണം.“ഏറ്റവും നല്ല ഭാഗം തിരഞ്ഞെടുത്തു” (42) എന്നുപറഞ്ഞ് മറിയത്തിന്‍റെ പ്രവർത്തിയെ പ്രശംസിക്കുമ്പോൾ നാം ചെയ്യേണ്ട കാര്യങ്ങളിൽ നിന്നും വ്യതിചലിക്കരുതെന്നും എന്നാൽ ജീവിതം നൽകുന്ന ചുമതലകൾ നന്നായി നിർവ്വഹിക്കുന്നതിന് ആദ്യം കർത്താവിന്‍റെ സ്വരം ശ്രമിക്കണമെന്നും യേശു നാം ഓരോരുത്തരോടും ആവർത്തിച്ചു പറയുന്നു.

അസ്വസ്ഥകളില്ലാതെ ആതിഥ്യം നൽകുക

അടുത്തതായി ഈശോയ്ക്ക് നല്‍കിയ മാർത്താ(38) എന്ന സഹോദരിയെ കുറിച്ച് ലൂക്കാ സുവിശേഷകൻ സംസാരിക്കുന്നു. ഒരുപക്ഷേ മാർത്തായായിരിക്കാം ഈ രണ്ടു പേരിൽ ജ്യേഷ്ഠ സഹോദരി. നമുക്ക് അതിനെക്കുറിച്ച് അറിയത്തില്ല. പക്ഷേ തീർച്ചയായും മാർത്താ എന്ന സ്ത്രീക്ക് ആതിഥ്യമര്യാദ നല്‍കാനുള്ള സിദ്ധി ഉണ്ടായിരുന്നു. മറിയം യേശുവിനെ ശ്രദ്ധിക്കുമ്പോൾ മാർത്താ പല പ്രവർത്തികളിലും തന്നെ ഉൾപ്പെടുത്തിയിരുന്നു. അതിനാൽ യേശു അവളോടു പറയുന്നു “മാർത്താ, മാർത്താ, നീ പലതിനെക്കുറിച്ചും ഉൽക്കണ്ഠാകുലയും അസ്വസ്ഥയും ആയിരിക്കുന്നു”(41). ഈ വാക്കുകളിലൂടെ ക്രിസ്തു തീർച്ചയായും സേവനത്തിന്‍റെ മനോഭാവത്തെ അപലപിക്കുവാൻ ഉദ്ദേശിക്കുന്നില്ല. മറിച്ച് ചിലപ്പോൾ നമ്മുടെ ജീവിതത്തിൽ നമ്മുടെ സേവനങ്ങൾ നൽകുന്ന ആകുലതകളെ നാം തിരിച്ചറിയണമെന്ന് ചൂണ്ടിക്കാണിക്കുകയാണ്. വിശുദ്ധ മാർത്തായെ പരിഗണിക്കാം.നമ്മുടെ കുടുംബങ്ങളിലും, സമൂഹത്തിലും പരസ്പരം അംഗീകാരത്തിന്‍റെയും, സാഹോദര്യത്തിന്‍റെയും ബോധ്യത്തിൽ ജീവിക്കുവാന്‍ വിശുദ്ധ മാർത്തായുടെ ജീവിത മാതൃകയെ നമുക്ക് ഉദാഹരണമാക്കാം. അതിലൂടെ നമ്മുടെ ഭവനങ്ങളിൽ എല്ലാവർക്കും പ്രത്യേകിച്ച് ദരിദ്രരും കൊച്ചുകുട്ടികളും ഈ സാഹോദര്യത്തിന്‍റെയും, പങ്കുവെയ്ക്കലിന്‍റെയും അനുഭവം ജീവിക്കുന്നവരാകട്ടെ. അതിനാൽ പ്രാർത്ഥനയും(ധ്യാനവും), പ്രവർത്തനവും എന്ന രണ്ട് ഘടകങ്ങളെ എങ്ങനെ സംയോജിക്കണമെന്ന് അറിയുന്നതിലാണ് ഹൃദയത്തിന്‍റെ ജ്ഞാനം കൃത്യമായി ഉൾക്കൊണ്ടിരിക്കുന്നുവെന്ന് ഇന്നത്തെ സുവിശേഷം നമ്മെ ഓർമ്മിപ്പിക്കുന്നു.

മാർത്തയും മറിയവും നമ്മുടെ മുന്നിൽ രണ്ടു പാതകൾ കാണിച്ചുതരുന്നു. സന്തോഷപൂർവ്വം ജീവിതത്തെ ആസ്വദിക്കുവാൻ നാം ആഗ്രഹിക്കുന്നുവെങ്കിൽ അതായത് ഒരുവശത്ത് എല്ലാ രഹസ്യങ്ങളും വെളിപ്പെടുത്തുന്ന യേശുവിന്‍റെ പാദത്തിന്‍റെ കീഴിലിരുന്ന് അവിടുത്തെ ശ്രദ്ധിക്കണം. മറുവശത്ത് അവിടുന്ന് കടന്നുപോകുമ്പോഴും, നമ്മുടെ വാതിലുകളെ മുട്ടുമ്പോഴും ശ്രദ്ധയോടും ആ ആതിഥ്യമര്യാദയോടും തയ്യാറായിരിക്കണമെന്നും സൗഹൃദത്തിന്‍റെ മുഖത്തോടെ സാഹോദര്യവും ഉന്മേഷവും നൽകുവാൻ കഴിയണമെന്ന ഈ രണ്ട് മനോഭാവങ്ങൾ സംയോജിപ്പിക്കണം.

തിരുസഭയുടെ മാതാവായ പരിശുദ്ധഅമ്മ ദൈവത്തെയും നമ്മുടെ സഹോദരി സഹോദരങ്ങളെയും മാർത്തായുടെ കരങ്ങൾകൊണ്ടും മറിയത്തിന്‍റെ ഹൃദയം കൊണ്ടും സ്നേഹിക്കുവാനും സേവിക്കുവാനും കൃപ നൽകട്ടെ. അങ്ങനെ ക്രിസ്തുവിനെ എപ്പോഴും ശ്രവിക്കുന്നതിലൂടെ നമുക്ക് സമാധാനത്തിന്‍റെയും പ്രത്യാശയുടെയും കരവേലകളാകാൻ കഴിയട്ടെ.ഈ വാക്കുകളിൽ പാപ്പാ തന്‍റെ പ്രഭാഷണം ഉപസംഹരിച്ചു.

 

21 July 2019, 15:07