തിരയുക

Vatican News
ഫ്രാന്‍സീസ് പാപ്പാ മൊസാംബിക്, മഢഗസ്ക്കാര്‍, മൗറിഷ്യസ് എന്നിവിടങ്ങളിലേക്ക് 2019 സെപ്റ്റംബര്‍ 4-10 വരെ, ലോഗൊ ഫ്രാന്‍സീസ് പാപ്പാ മൊസാംബിക്, മഢഗസ്ക്കാര്‍, മൗറിഷ്യസ് എന്നിവിടങ്ങളിലേക്ക് 2019 സെപ്റ്റംബര്‍ 4-10 വരെ, ലോഗൊ 

പാപ്പായുടെ മുപ്പത്തിയൊന്നാം വിദേശ ഇടയ സന്ദര്‍ശനം

പാപ്പായുടെ ഇടയസന്ദര്‍ശനത്തിന്‍റെ കാര്യപരിപാടികള്‍!

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ഫ്രാന്‍സീസ് പാപ്പായുടെ മുപ്പത്തിയൊന്നാം വിദേശ അപ്പസ്തോലിക പര്യടനത്തിന്‍റെ അജണ്ട പരിശുദ്ധ സിംഹാസാനം വെള്ളിയാഴ്ച (28/06/2019) പരസ്യപ്പെടുത്തി.

മൊസാംബിക്ക്, മഡഗസ്ക്കാര്‍, മൗറീഷ്യസ് എന്നീ നാടുകളാണ് സെപ്റ്റംബര്‍ 4-10 വരെ നീളുന്ന ഈ ഇടയസന്ദര്‍ശനത്തില്‍ പാപ്പാ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

വത്തിക്കാനില്‍ നിന്ന് സെപ്റ്റംബര്‍ 4-ന് രാവിലെ റോമിലെ അന്താരാഷ്ട്രവിമാനത്താവളത്തില്‍ എത്തുന്ന പാപ്പാ അവിടെനിന്ന് മൊസാംബിക്കിന്‍റെ  തലസ്ഥാനമായ മപ്പൂത്തൊയിലേക്ക് വിമാനം കയറും.

ആറാം തിയതി വെള്ളിയാഴ്ച വരെ അവിടെ തങ്ങുന്ന പാപ്പാ അന്നാടിന്‍റെ  പ്രസിഡന്‍റുമായുള്ള കൂടിക്കാഴ്ച, പൗരസമൂഹത്തിന്‍റെ പ്രതിനിധികളും     നയതന്ത്രപ്രതിനിധികളുമായുള്ള കൂടിക്കാഴ്ച, മെത്രാന്മാരും വൈദികരും സന്ന്യാസിസന്ന്യാസിനികളും സെമിനാരിവിദ്യാര്‍ത്ഥികളും മതബോധകരുമടങ്ങുന്ന സംഘവുമായുള്ള നേര്‍ക്കാഴ്ച സിമ്പേത്തൊയിലെ ആശുപത്രി സന്ദര്‍ശനം, ദിവ്യബലി എന്നിവ തന്‍റെ അന്നാട്ടിലെ പരിപാടികളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

സെപ്റ്റംബര്‍ 6-ന് മൊസാംബിക്കില്‍ നിന്ന് മഡഗസ്ക്കാറിന്‍റെ തലസ്ഥാനമായ അന്തനനാറിവോയിലേക്കു പാപ്പാ വിമാനം കയറും.

അന്നാട്ടിലെ പാപ്പായുടെ പരിപാടികള്‍ പ്രസിഡന്‍റുമായുള്ള കൂടിക്കാഴ്ച, സര്‍ക്കാരിന്‍റെ  പ്രതിനിധികളും പൗരസമൂഹത്തിന്‍റെ പ്രതിനിധികളും നയന്ത്രപ്രതിനിധികളുമായും സമാഗമം, നിഷ്പാദുക കര്‍മ്മലീത്താസഭയുടെ ആശ്രമത്തില്‍ യാമപ്രാര്‍ത്ഥന, മെത്രാന്മാരുമായുള്ള കൂടിക്കാഴ്ച, വാഴ്ത്തപ്പെട്ടവളായ വിക്തോറിയെ റസ്വമനാറിവൊയുടെ കബറിടം സന്ദര്‍ശിക്കല്‍ യുവജനങ്ങളുമൊത്തുള്ള ജാഗര പ്രാര്‍ത്ഥന, ദിവ്യബലി, പാവപ്പെട്ടവര്‍ക്കായുള്ള അക്കമസൊവ സൗഹൃദ നഗരം സന്ദര്‍ശിക്കല്‍, തൊഴിലാളികള്‍ക്കായുള്ള പ്രാര്‍ത്ഥനാശുശ്രൂഷ, വൈദികരും വൈദികരും സന്ന്യാസിസന്ന്യാസിനികളും സെമിനാരിവിദ്യാര്‍ത്ഥികളുമായുള്ള കൂടിക്കാഴ്ച എന്നിവയാണ്.

ഒമ്പതാം തിയതി തിങ്കളാഴ്ച രാവിലെ പാപ്പാ മൗറീഷ്യസിന്‍റെ തലസ്ഥാനമായ പോര്‍ട്ട് ലൂയിസിലേക്കു വിമാനം കയറും.

അവിടെ പാപ്പായുടെ പരിപാടികള്‍ ദിവ്യപൂജാര്‍പ്പണം, മെത്രാന്മാരുമൊത്തുള്ള സ്നേഹവിരുന്നു, പേരെ ലവാലിലെ ഫ്രഞ്ചു മിഷനറിയായ ഷാക് ദേസിര്‍ ലാവാലിന്‍റെ  (Jacques-Désiré Laval) നാമത്തിലുള്ള തീര്‍ത്ഥാടന കേന്ദ്രം സന്ദര്‍ശിക്കല്‍, പ്രസിഡന്‍റുമായുള്ള സൗഹൃദ കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായുള്ള സംഭാഷണം, സര്‍ക്കാരധികാരികളും പൗരസമൂഹത്തിന്‍റെ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ച എന്നിവയാണ്.

അന്നു വൈകുന്നേരം മഡഗാസ്ക്കറിലേക്കു തിരിച്ചുപോകുന്ന പാപ്പാ 10-Ↄ○ തീയതി, ചൊവ്വാഴ്ച, രാവിലെ അന്നാട്ടിലെ അന്തനനാറിവൊ വിമാനത്താവളത്തില്‍ നിന്നായിരിക്കും റോമിലേക്ക് വിമാനം കയറുക. അന്നു രാത്രി, റോമിലെ സമയം 7 മണിക്ക് പാപ്പാ ചമ്പീനൊ വിമാനത്താവളത്തില്‍ ഇറങ്ങുകയും അവിടെ നിന്ന് വത്തിക്കാനിലേക്കു പുറപ്പെടുകയും ചെയ്യും. 

 

 

 

29 June 2019, 12:49