തിരയുക

Vatican News
ഫ്രാന്‍സീസ് പാപ്പാ റൊമേനിയായില്‍, ബ്ലായിലെ സ്വാതന്ത്ര്യ മൈതാനിയില്‍ വാഴ്ത്തപ്പെട്ടപദപ്രഖ്യാപന തിരുക്കര്‍മ്മത്തിനായെത്തുന്നു,02/06/2019 ഫ്രാന്‍സീസ് പാപ്പാ റൊമേനിയായില്‍, ബ്ലായിലെ സ്വാതന്ത്ര്യ മൈതാനിയില്‍ വാഴ്ത്തപ്പെട്ടപദപ്രഖ്യാപന തിരുക്കര്‍മ്മത്തിനായെത്തുന്നു,02/06/2019   (Vatican Media)

പാപ്പായുടെ റൊമേനിയ സന്ദര്‍ശനം പരിസമാപ്തിയില്‍

റൊമേനിയയില്‍ ത്രിദിന സന്ദര്‍ശനാനന്തരം ഫ്രാന്‍സീസ് പാപ്പാ വത്തിക്കാനില്‍ തിരിച്ചെത്തി

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ഫ്രാന്‍സീസ് പാപ്പായുടെ മുപ്പതാം വിദേശ ഇടയസന്ദര്‍ശനം ഞായറാഴ്ച (02/06/2019) സമാപിച്ചു. ഈ ഇടയസന്ദര്‍ശനത്തിന്‍റെ വേദിയായിരുന്ന റൊമേനിയായില്‍ നിന്ന് റോമിലെ സമയം ഞായറാഴ്ച വൈകുന്നേരം 6.10 ന്, ഇന്ത്യയിലെ സമയം രാത്രി 9.40-ന് പാപ്പാ റോമിലെ ചമ്പീനൊ വിമാനത്താവളത്തില്‍ എത്തി. അവിടെ നിന്ന് കാറില്‍ വത്തിക്കാനിലേക്കു പുറപ്പെട്ട പാപ്പാ, വഴിമദ്ധ്യേ, പതിവുപോലെ, റോമില്‍ പരിശുദ്ധ കന്യകാമറിയത്തിന്‍റെ നാമത്തിലുള്ള വലിയ ബസിലിക്കയില്‍, അതായത്, മേരി മേജര്‍ ബസിലിക്കയില്‍ കയറി, “റോമന്‍ ജനതയുടെ രക്ഷ” (സാളൂസ് പോപുളി റൊമാനി) എന്ന അഭിധാനത്തില്‍ വണങ്ങപ്പെടുന്ന പരിശുദ്ധ കന്യകാമറിയത്തിന്‍റെ പവിത്ര സന്നിധിയില്‍ കൃതജ്ഞതയര്‍പ്പിച്ച് മൗനപ്രാര്‍ത്ഥന നടത്തി. അതിനു ശേഷം പാപ്പാ വത്തിക്കാനില്‍ പേപ്പല്‍ ഭവനത്തിലെത്തി വിശ്രമിച്ചു. 

മെയ് 31 മുതല്‍ ജൂണ്‍ 2 വരെ നീണ്ട ഈ ഇടയസന്ദര്‍ശനത്തില്‍ പാപ്പാ വ്യോമ-കരമാര്‍ഗ്ഗങ്ങളിലൂടെ 3302 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചു, വിവിധ അവസരങ്ങളിലായി 9 പ്രഭാഷണങ്ങള്‍ നടത്തി.

ഞായറാഴ്ച (02/06/19) പാപ്പായുടെ പരിപാടികള്‍ ബ്ലായിലെ സ്വാതന്ത്ര്യ മൈതാനിയില്‍ വാഴ്ത്തപ്പെട്ട പദപ്രഖ്യാപനമടങ്ങിയ ദിവ്യപൂജ, ബ്ലായിലെ നാടോടി സമൂഹവുമായുള്ള കൂടിക്കാഴ്ച എന്നിവയായിരുന്നു.

ഞായറാഴ്ച രാവിലെ ഫ്രാന്‍സീസ് പാപ്പാ റൊമേനിയായുടെ തലസ്ഥാന നഗരിയായ ബുക്കാറെസ്റ്റില്‍ ഈ ദിനങ്ങളില്‍ തന്‍റെ വാസയിടമായിരുന്ന അപ്പസ്തോലിക് നണ്‍ഷിയേച്ചറില്‍ നിന്ന്  വിട ചൊല്ലി. അവിടെനിന്ന് 16 കിലേമീറ്റര്‍ അകലെയുള്ള വിമാനത്താവളത്തില്‍ കാറില്‍ എത്തിയ പാപ്പാ 200 ലേറെ കിലോമീറ്റര്‍ അകലെയുള്ള സിബിയുവിലേക്ക് വിമാനത്തില്‍ യാത്രയായി. സിബിയുവിലെ വിമാനത്താവളത്തില്‍ പാപ്പായെ സ്വീകരിക്കാന്‍ സിബിയുവിലെ നഗരാധിപനും ആ പ്രദേശത്തിന്‍റെ  തലവനുമുള്‍പ്പടെയുള്ള പൗരാധികാരികളും സഭാ പ്രതിനിധികളും സന്നിഹിതരായിരുന്നു. ഔപചാരിക പരിപാടികള്‍ ഒന്നും തന്നെ വിമാനത്താവളത്തില്‍ ഉണ്ടായിരുന്നില്ല. സിബിയുവില്‍ വിമാനമിറങ്ങിയ പാപ്പാ ഉടനെതന്നെ വിമാനത്താവളത്തില്‍ നിന്ന് ഹെലിക്കോപ്റ്റര്‍ മാര്‍ഗ്ഗം ബലിവേദിയൊരുക്കപ്പെട്ടിരുന്ന ബ്ലായ് പട്ടണത്തിലേക്കു പുറപ്പെട്ടു.

വലിയ തര്‍ണാവ, ചെറു തര്‍ണാവ എന്നീ രണ്ടു നദികളുടെ സംഗമസ്ഥാനത്തു സ്ഥിതിചെയ്യുന്ന പട്ടണമാണ് ബ്ലായ്.

റൊമേനിയായിലെ ഗ്രീക്ക് കത്തോലിക്കസഭയുടെ വലിയമെത്രാപ്പോലീത്തായുടെ (മേജര്‍ ആര്‍ച്ച്ബിഷപ്പിന്‍റെ ആസ്ഥാനം ഈ പട്ടണത്തിലാണ്.

ഫാഗ്രാസ് സി ആല്‍ബ യൂലിയ അതിരൂപതയുടെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ലൂസിയാന്‍ മുറെസാന്‍ ആണ് മേജര്‍ ആര്‍ച്ചുബിഷപ്പ്. ഈ അതിരൂപതയില്‍ കത്തോലിക്കരുടെ സംഖ്യ 2 ലക്ഷത്തില്‍പ്പരമാണ്. 581 ഇടവകകളുള്ള ഈ അതിരൂപതയില്‍ സേവനമനുഷ്ഠിക്കുന്ന രൂപതാവൈദികരുടെ സംഖ്യ 208 ആണ്. 5 സന്ന്യസ്തരും 170-ഓളം സന്ന്യാസിനികളും അജപാലന ശുശ്രൂഷയില്‍ സഹായികളായിട്ടുണ്ട്. ഫാഗ്രാസ് സി ആല്‍ബ യൂലിയ അതിരൂപതയുടെ കീഴില്‍ 7 വിദ്യാഭ്യാസ സ്ഥാപനങ്ങളും 17 ഉപവിപ്രവര്‍ത്തന കേന്ദ്രങ്ങളുമുണ്ട്.

ഹെലിക്കോപ്റ്ററില്‍ ബ്ലായിലെ മുനിസിപ്പല്‍ സ്റ്റേഡിയത്തിലെത്തിയ ഫ്രാന്‍സീസ് പാപ്പായെ  മേജര്‍ ആര്‍ച്ചുബിഷപ്പ്  കര്‍ദ്ദിനാള്‍ ലൂസിയാന്‍ മുറെസാന്‍, നഗരാധിപന്‍, പ്രാദേശികാദ്ധ്യക്ഷന്‍ തുടങ്ങിയവര്‍ ചേര്‍ന്നു സ്വീകരിച്ചു. മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നിന്ന് പാപ്പാ 3 കിലോമീറ്റര്‍ അകലെയുള്ള സ്വാതന്ത്ര്യമൈതാനയിലേക്ക് തുറന്ന പേപ്പല്‍ വാഹനത്തില്‍ യാത്രയായി. നിണസാക്ഷികളായ 7 ഗ്രീക്ക് കത്തോലിക്കാ മെത്രാന്മാരെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കുന്ന തിരുക്കര്‍മ്മമുള്‍പ്പെടുത്തിയ ദിവ്യബലിക്കുള്ള വേദി ഒരുക്കിയിരുന്നത് ഈ മൈതാനിയിലായിരുന്നു.

റൊമേനിയ ഒരു രാഷ്ട്രമായി അംഗീകരിക്കപ്പെടുന്നതിനും സ്വതന്ത്ര്യത്തിനും തുല്യ പൗരാവാകാശങ്ങള്‍ക്കും വേണ്ടി 1948 മെയ് 15 ന് നാല്പതിനായിരത്തോളം പേര്‍ സമ്മേളിച്ച ഇടമാണ് ഈ സ്വാതന്ത്ര്യ മൈതാനി. റൊമേനിയായിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം ദേശിയ സ്വാതന്ത്ര്യ സമരത്തിന്‍റെ മാത്രമല്ല, ആദ്ധ്യാത്മിക സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിന്‍റെയും പ്രതീകാത്മക വേദിയാണ് ഈ മൈതാനി. ഇവിടെ പാപ്പാ അര്‍പ്പിക്കുന്ന ദിവ്യപൂജയില്‍ പങ്കുകൊള്ളുന്നതിന് അറുപതിനായിരത്തോളം വിശ്വാസികള്‍ സന്നിഹിതരായിരുന്നു. അവരെ അഭിവാദ്യം ചെയ്തു കൊണ്ട് പേപ്പല്‍ വാഹനത്തില്‍ നീങ്ങിയ പാപ്പായ്ക്ക് വിശ്വാസികള്‍ കൈകള്‍ വീശിയും പേപ്പല്‍ പതാകകള്‍ വീശിയും പ്രത്യഭിവാദ്യമര്‍പ്പിച്ചു. വാഴ്ത്തപ്പെ‌ട്ടവരായി പ്രഖ്യാപിക്കപ്പെടാന്‍ പോകുന്ന നിണസാക്ഷികളായ 7 മെത്രാന്മാരുടെ ചിത്രങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചിരിക്കുന്നതും കാണാമായിരുന്നു.

നിണസാക്ഷികളായ യുലിയു ഹൊസ്സു, വാസില്‍ അഫിത്തേനിയെ, യൊവാന്‍ ബാലന്‍, വലേറിയു ത്രൈയാന്‍ ഫ്രെന്തിയു, യൊവാന്‍ സുചിയു, തിത് ലിവിയു കിനെത്സു, അലെക്സാന്ത്രു റുസു എന്നീ മെത്രാന്മാരെയാണ് പാപ്പാ ഞായറാഴ്ചത്തെ ദിവ്യബലിമദ്ധ്യേ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചത്.

വളരെ ലളിതമായിരുന്നു ബലിവേദി. ശുഭ്ര വര്‍ണ്ണ പശ്ചാത്തലത്തില്‍ മദ്ധ്യത്തില്‍ ഒരു കുരിശും ഇരുവശത്തുമായി രണ്ടു തിരുച്ചിത്രങ്ങളും. വേദിയില്‍ മദ്ധ്യത്തിലായി തൂവെള്ള അള്‍ത്താരയും.

പ്രവേശന ഗീതം ആരംഭിച്ചപ്പോള്‍ പാപ്പായും സഹകാര്‍മ്മികരും പ്രദക്ഷിണമായി ബലിവേദിയിലെത്തി അള്‍ത്താരയെ വണങ്ങി. ദിവ്യബലിയുടെ ആരംഭത്തില്‍ത്തന്നെ 7 നിണസാക്ഷികള്‍ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കപ്പെട്ടു.

വാഴ്ത്തപ്പെട്ടപദപ്രഖ്യാപനത്തെ തുടര്‍ന്ന് വചനശുശ്രൂഷയായിരുന്നു. അപ്പസ്തോല പ്രവര്‍ത്തനങ്ങള്‍ 16-Ↄ○ അദ്ധ്യായം 16-34 വരെയും യോഹന്നാന്‍റെ സുവിശേഷം 9-Ↄ○ അദ്ധ്യായം 1-38 വരെയുമുള്ള വാക്യങ്ങള്‍ വായിക്കപ്പെട്ടതിനെ തുടര്‍ന്ന് പാപ്പാ സുവിശേഷസന്ദേശം നല്കി. 

സ്തോത്രയാഗ പ്രാര്‍ത്ഥനയ്ക്കു ശേഷം നവവാഴ്ത്തപ്പെട്ടവരുടെ ചിത്രങ്ങള്‍ ആശീര്‍വദിക്കപ്പെട്ടു.

ദിവ്യബലിയുടെ സമാപനത്തിനു മുമ്പ്  കര്‍ദ്ദിനാള്‍ ലൂസിയാന്‍ മുറെസാന്‍ പാപ്പായ്ക്ക് കൃതജ്ഞതയര്‍പ്പിക്കുകയും നവവാഴ്ത്തപ്പെട്ടവരുടെ തിരുശേഷിപ്പടങ്ങിയ ഒരു പേടകവും നവവാഴ്ത്തപ്പെട്ട 7 നിണസാക്ഷികളുമുള്‍ക്കൊള്ളുന്ന ചിത്രവും പാപ്പായ്ക്ക് സമ്മാനിക്കുകയും ചെയ്തു. പാപ്പാ ഒരു കാസ ആര്‍ച്ച്ബിഷപ്പിന് പ്രതി സമ്മാനിച്ചു.തദ്ദനന്തരം പാപ്പാ ത്രികാലപ്രാര്‍ത്ഥനാസന്ദേശം നല്കി.

ഈ വിചിന്തനത്തിനുശേഷം സ്വര്‍ല്ലോക രാജ്ഞീ ആനന്ദിച്ചാലും എന്ന പ്രാര്‍ത്ഥന ആലപിക്കപ്പെട്ടു. തുടര്‍ന്ന് സമാപനാശീര്‍വ്വാദത്തോടെ ദിവ്യബലി അവസാനിച്ചു.

ഗ്രീക്ക് കത്തോലിക്കാസഭയുടെ തനിമ തെളിഞ്ഞുനിന്ന ഈ ദിവ്യബലിയ്ക്കു ശേഷം പാപ്പാ 1 കിലോമീറ്റര്‍ അകലെയുള്ള അതിമെത്രാസനമന്ദിരത്തിലേക്കു പോകുകയും ഉച്ചവിരുന്നില്‍ പങ്കെടുക്കുകയും ചെയ്തു. 

ഉച്ചതിരിഞ്ഞ് പാപ്പായുടെ പരിപാടി നാ‌ടോടികള്‍ കൂടുതല്‍ വസിക്കുന്ന ഇടമായ ബാര്‍ബു  ലവുത്തറു പ്രദേശത്തു വച്ച് അവരുമായുള്ള കൂടിക്കാഴ്ചയായിരുന്നു. ബ്ലായ് നഗരത്തിലെ ഏറ്റം പഴക്കമേറിയ ഒരു പ്രദേശമാണിത്. ബ്ലായി നഗരത്തിലെ നിവാസികളില്‍ 9 ശതമാനം നാടോടികളാണ്.

നാടോടികളുടെ സമൂഹവുമായുള്ള കൂടിക്കാഴ്ചയ്ക്കെത്തിയ പാപ്പായെ മേജര്‍ ആര്‍ക്കിഎപ്പിസ്ക്കോപ്പല്‍ കൂരിയയുടെ പ്രതിനിനിധിയായ ഒരു മെത്രാനും നാടോടികളുടെ ഒരു കുടുംബവും ചേര്‍ന്നു സ്വീകരിച്ചു. 

കുട്ടികള്‍ പാപ്പായ്ക്ക് പൂച്ചെണ്ടു സമ്മാനിച്ചു. പാപ്പാ അവര്‍ക്ക് ചെറുസമ്മാനങ്ങള്‍ നല്കുകയും ചെയ്തു. അപ്പസ്തോലനായ വിശുദ്ധ അന്ത്രയോസിന്‍റെയും വാഴ്ത്തപ്പെട്ട യൊവാന്‍ സുചിയുവിന്‍റെയും നാമത്തിലുള്ള ദേവാലയത്തില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. ദേവാലയത്തിനകത്ത് അറുപതോളം പേരും പുറത്ത് 200 ലേറെപ്പേരും സന്നിഹിതരായിരുന്നു. പാപ്പാ ദേവലായത്തിലേക്കു നീങ്ങവേ ഒരു സന്ന്യാസിനിയുടെ നേതൃത്വത്തില്‍ ഗായകസംഘം മധുരഗീതം പൊഴിക്കുന്നുണ്ടായിരുന്നു.

ആദ്യം നാടോടി വംശജനായ ഒരു ഗ്രീക്ക് കത്തോലിക്കാ വൈദികന്‍റെ  സാക്ഷ്യമായിരുന്നു. തുടര്‍ന്ന് കുട്ടികളുടെ ഗായകസംഘം ഒരു ഗാനം ആലപിച്ചു. ഈ ഗാനത്തിനു ശേഷം പാപ്പാ അവിടെ സന്നിഹിതരായിരുന്നവരെ സംബോധന ചെയ്തു.

പ്രഭാഷണാന്തരം കര്‍ത്തൃപ്രാര്‍ത്ഥനയ്ക്കു ശേഷം പാപ്പാ ആശീര്‍വ്വാദം നല്കിയതോടെ ഈ കൂടിക്കാഴ്ചയ്ക്ക് സമാപനമായി. ഈ കൂടിക്കാഴ്ചാനന്തരം പാപ്പാ മുനിസിപ്പല്‍ സ്റ്റേഡിയത്തിലേക്കു കാറില്‍ പോകുകയും അവിടെ നിന്ന് ഹെലിക്കോപ്റ്റര്‍ മാര്‍ഗ്ഗം സിബിയുവിലേക്കു പുറപ്പെടുകയും ചെയ്തു. സിബിയുവിലെ വിമാനത്താവളത്തില്‍ പാപ്പായെ യാത്രയയ്ക്കാന്‍ റൊമേനിയായുടെ പ്രസിഡന്‍റ് ക്ലാവുസ് വെര്‍നര്‍ യൊഹാന്നിസും പത്നിയും സന്നിഹിതരായിരുന്നു. പാപ്പാ അല്പസമയം അവരുമൊത്തു സ്വകാര്യസംഭാഷണത്തില്‍ ഏര്‍പ്പെട്ടു. ശക്തമായിരുന്ന മഴ ഒന്നു ശമിച്ചതിനാല്‍ പാപ്പായ്ക്ക് അവിടെ സന്നിഹിതരായിരുന്ന ജനങ്ങളെ അഭിവാദ്യം ചെയ്യുന്നതിനു സാധിച്ചു. വിമാനപ്പടവുകളേറുന്നതിനു നിങ്ങവേ പാപ്പാ കുട്ടികളെ ആശീര്‍വ്വദിക്കുകയും ചെയ്തു. തുടര്‍ന്ന് സൈനികോപചാരം സ്വീകരിച്ച പാപ്പാ പൗരാധികാരികളെയും മതപ്രതിനിധികളെയും അഭിവാദ്യം ചെയ്തു. വ്യോയാനപ്പടവുകള്‍ കയറിയ പാപ്പാ വാതിലിനടുത്തുവെച്ച് തിരിഞ്ഞു നിന്ന് എല്ലാവരെയും കൈകള്‍ വീശി അഭിവാദ്യം ചെയ്തു. പ്രസിഡന്‍റും പത്നിയും കൈകള്‍ വീശി പ്രത്യഭിവാദ്യം ചെയ്യുന്നുണ്ടായിരുന്നു.

പ്രാദേശികസമയം വൈകുന്നേരം ഏതാണ്ട് 5.45-ന്, ഇന്ത്യയിലെ സമയം ഞായറാഴ്ച രാത്രി 8.15 ന് റൊമേനിയായുടെ താറോം ബോയിംഗ് 737 വ്യോമയാനം പാപ്പായെയും അനുചരരെയും വഹിച്ചുകൊണ്ട് സിബിയുവില്‍ നിന്ന് 1038 കിലോമീറ്റര്‍ വ്യോമദൂരത്തില്‍ സ്ഥിതിചെയ്യുന്ന റോമാപുരി ലക്ഷ്യമാക്കി പറന്നുയര്‍ന്നു.

ഈ വിമാനം റൊമേനിയ, സെര്‍ബിയ, മോന്തെനേഗ്രൊ, ബോസ്നിയ ഹെര്‍സഗൊവീന ക്രൊവേഷ്യ, ഇറ്റലി എന്നീ നാടുകളുടെ വ്യോമപാത ഉപയോഗപ്പെടുത്തിയതിനാല്‍ ഒരോ രാജ്യത്തിന്‍റെയും മുകളിലൂടെ പറക്കവെ പാപ്പാ അതതു നാടിന്‍റെ തലവന് പതിവു പോലെ ആശംസാസന്ദേശം അയക്കുകയും ചെയ്തു.

 

03 June 2019, 12:48