തിരയുക

ഫ്രാന്‍സീസ് പാപ്പാ, കത്തോലിക്കാ ഭിഷഗ്വരന്മാരുടെ അന്താരാഷ്ട്ര സംയുക്തസമിതിയുടെ (International Federation of Catholic Medical Associations FIAMC) അഞ്ഞൂറോളം പ്രതിനിധികളെ ശനിയാഴ്ച (22/06/2019) വത്തിക്കാനില്‍ സ്വീകരിച്ച വേളയില്‍. ഫ്രാന്‍സീസ് പാപ്പാ, കത്തോലിക്കാ ഭിഷഗ്വരന്മാരുടെ അന്താരാഷ്ട്ര സംയുക്തസമിതിയുടെ (International Federation of Catholic Medical Associations FIAMC) അഞ്ഞൂറോളം പ്രതിനിധികളെ ശനിയാഴ്ച (22/06/2019) വത്തിക്കാനില്‍ സ്വീകരിച്ച വേളയില്‍. 

ഭിഷഗ്വരന്മാര്‍ ക്രിസ്തുശൈലി സ്വന്തമാക്കണം-പാപ്പാ

യേശുവിനെ സംബന്ധിച്ചിടത്തോളം രോഗിയെ ശുശ്രൂഷിക്കുകയെന്നാല്‍ ആ വ്യക്തിയുടെ ചാരെ ആയിരിക്കുകയും സാന്ത്വനത്തിന്‍റെയും അനുരഞ്ജനത്തിന്‍റെയും സൗഖ്യത്തിന്‍റെയുമായ ഒരു പ്രയാണത്തിന് തുടക്കം കുറിക്കുകയുമാണെന്ന് പാപ്പാ ഫ്രാന്‍സീസ്.

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ആര്‍ദ്രതയോടുകൂടിയും മനുഷ്യവ്യക്തിയുടെ ഔന്നത്യത്തോടും മാനസികവും ശാരീരികവുമായ സമഗ്രതയോടുള്ള ആദരവോടുകൂടിയും ആതുരസേവനം ചെയ്യേണ്ടവരാണ് ഭിഷഗ്വരന്മാര്‍ എന്ന് മാര്‍പ്പാപ്പാ.

കത്തോലിക്കാ ഭിഷഗ്വരന്മാരുടെ അന്താരാഷ്ട്ര സംയുക്തസമിതിയുടെ (International Federation of Catholic Medical Associations FIAMC) അഞ്ഞൂറോളം പ്രതിനിധികളെ ശനിയാഴ്ച (22/06/2019) വത്തിക്കാനില്‍ സ്വീകരിച്ച് സംബോധന ചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

രോഗം മൂലം യാതനകളനുഭവിക്കുന്നവരോട് യേശു കാണിച്ചിരുന്ന നിരന്തരവും സവിശേഷവുമായ കരുതലിന് ഊന്നല്‍ നല്കിക്കൊണ്ട് ആദിമ ക്രൈസ്തവസമൂഹങ്ങള്‍ യേശുവിനെ പലപ്പോഴും അവതരിപ്പിച്ചിരുന്നത് ഒരു വൈദ്യനായിട്ടായിരുന്നുവെന്ന് പാപ്പാ വിശദീകരിച്ചു.

രോഗീപരിചരണം  ക്രിസ്തുവിന്‍റ ദൗത്യത്തിന്‍റെ മാനങ്ങളില്‍ ഒന്നാണെന്നും ആകയാല്‍ സഭയ്ക്കും അപ്രകാരം തന്നെയാണെന്നും രോഗികളെയും യാതനകളനുഭവിക്കുന്നവരെയും പരിചരിക്കുന്നതില്‍ അവിടന്നവലംബിക്കുന്ന ശൈലി അതീവ പ്രാധാന്യമര്‍ഹിക്കുന്നുവെന്നും പാപ്പാ പറഞ്ഞു.

യേശു പലപ്പോഴും രോഗിയെ സ്പര്‍ശിക്കുകയും തന്നെ തൊടാന്‍ അനുവദിക്കുകയും ചെയ്യുന്നത് പാപ്പാ ഉദാഹരണസഹിതം വിവരിച്ചു.

യേശുവിനെ സംബന്ധിച്ചിടത്തോളം രോഗിയെ ശുശ്രൂഷിക്കുകയെന്നാല്‍ ആ വ്യക്തിയുടെ ചാരെ ആയിരിക്കുകയും സാന്ത്വനത്തിന്‍റെയും അനുരഞ്ജനത്തിന്‍റെയും സൗഖ്യത്തിന്‍റെയുമായ ഒരു പ്രയാണത്തിന് തുടക്കം കുറിക്കുകയുമാണെന്ന് പാപ്പാ ഉദാബോധിപ്പിച്ചു.

മനുഷ്യനായിരിക്കുകയെന്ന അഭിവാഞ്ഛയും ദൈവത്തിന്‍റെ പുത്രനില്‍ പ്രവര്‍ത്തനനിരതമായ ദൈവസ്നേഹത്തിന്‍റെ മധുരതരമായ ശക്തിയെയും  പുറത്തേക്കു കൊണ്ടുവരുന്നതിനുള്ള സംഭാഷണത്തില്‍ ഏര്‍പ്പെടുകയുമാണ് യേശുവിന്‍റെ  രോഗശാന്തിദായക പ്രക്രിയയെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.

വൈദ്യശാസ്ത്രരംഗത്തുണ്ടായിട്ടുള്ള അഭൂതപൂര്‍വ്വമായ വലിയ പുരോഗതിയെക്കുറിച്ചും ചികിത്സാപരമായ പരീക്ഷണങ്ങളെക്കുറിച്ചു പരാമര്‍ശിച്ച പാപ്പാ ആതുരശുശ്രൂഷയെന്നാല്‍ ജീവന്‍ എന്ന ദാനത്തെ അതിന്‍റെ ആരംഭം മുതല്‍ അവസാനം വരെ ആദരിക്കുകയുമാണെന്ന് ഓര്‍മ്മിപ്പിച്ചു.

നമ്മള്‍ ജീവന്‍റെ ഉടമകളല്ല, മറിച്ച്, ജീവന്‍ നമുക്കു ഭരമേല്പ്പിക്കപ്പെട്ടിരിക്കയാണ് എന്നും ഭിഷഗ്വരന്മാര്‍ ജീവന്‍റെ ശുശ്രൂഷകരാണെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.

 

 

 

 

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

22 June 2019, 13:59