തിരയുക

Vatican News
ഫ്രാന്‍സീസ് പാപ്പാ കോണ്‍സ്റ്റന്‍റിനോപ്പിളിലെ എക്യുമെനിക്കല്‍ പാത്രിയാര്‍ക്കീസ് ബര്‍ത്തൊലൊമെയൊ പ്രഥമന്‍റെയും കോണ്‍സ്റ്റന്‍റിനോപ്പിളിലെ സഭയുടെ പരിശുദ്ധ സിന‍ഡിന്‍റെയും പ്രതിനിധി സംഘത്തെ വെള്ളിയാഴ്ച (28/06/19) വത്തിക്കാനില്‍ സ്വീകരിച്ച വേളയില്‍ ഫ്രാന്‍സീസ് പാപ്പാ കോണ്‍സ്റ്റന്‍റിനോപ്പിളിലെ എക്യുമെനിക്കല്‍ പാത്രിയാര്‍ക്കീസ് ബര്‍ത്തൊലൊമെയൊ പ്രഥമന്‍റെയും കോണ്‍സ്റ്റന്‍റിനോപ്പിളിലെ സഭയുടെ പരിശുദ്ധ സിന‍ഡിന്‍റെയും പ്രതിനിധി സംഘത്തെ വെള്ളിയാഴ്ച (28/06/19) വത്തിക്കാനില്‍ സ്വീകരിച്ച വേളയില്‍  (ANSA)

ഉപവിയില്‍ നവീകൃതരാകാന്‍ ക്ഷണിക്കുന്ന തിരുന്നാള്‍!

ഇന്നത്തെ ആശങ്കാജനകമായ പരിസ്ഥിതി പ്രതിസന്ധിയ്ക്കു മുന്നില്‍ നമ്മുടെ പൊതുഭവനത്തെ സംരക്ഷിക്കുകയെന്നത്, മറ്റെല്ലാവരെയും പോലെതന്നെ, വിശ്വാസികളെ സംബന്ധിച്ചും മാറ്റിവയ്ക്കാനാവാത്ത ഒരു അടിയന്തര കാര്യം മാത്രമല്ല, സുവിശേഷത്തിന്‍റെ ചൈതന്യത്തില്‍ അയല്‍ക്കാരനെ സേവിക്കുന്ന സമൂര്‍ത്ത ശൈലിയുമാണെന്ന് പാപ്പാ ഫ്രാന്‍സീസ്.

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

വിശുദ്ധരായ പത്രോസ്-പൗലോസ് ശ്ലീഹാന്മാരുടെ തിരുന്നാള്‍ പാശ്ചാത്യ-പൗരസ്ത്യസഭകളുടെ ആരാധനാക്രമ പഞ്ചാംഗമനുസരിച്ച് ഒരേദിവസം തന്നെ ആചരിക്കപ്പെടുന്നത് ഐക്യത്തിനു ജന്മമേകുന്ന ഉപവിയില്‍ നവീകൃതരാകാന്‍ ക്രൈസ്തവരെ ക്ഷണിക്കുന്നുവെന്ന് മാര്‍പ്പാപ്പാ.

അനുവര്‍ഷം ജൂണ്‍ 29-നാചരിക്കപ്പെടുന്ന പത്രോസ്-പൗലോസ് ശ്ലീഹാന്മാരുടെ തിരുന്നാളിനോടനുബന്ധിച്ച്  പതിവുപോലെ ഇക്കൊല്ലവും വത്തിക്കാനിലെത്തിയ, കോണ്‍സ്റ്റന്‍റെനോപ്പിളിലെ എക്യുമെനിക്കല്‍ പാത്രിയാര്‍ക്കീസ് ബര്‍ത്തൊലൊമെയൊ പ്രഥമന്‍റെയും കോണ്‍സ്റ്റന്‍റിനോപ്പിളിലെ സഭയുടെ പരിശുദ്ധ സിന‍ഡിന്‍റെയും, പ്രതിനിധി സംഘത്തെ വെള്ളിയാഴ്ച (28/06/19) സ്വീകരിച്ച വേളയിലാണ് ഫ്രാന്‍സീസ് പാപ്പാ ഇതു പറഞ്ഞത്.

സുവിശേഷം പ്രഘോഷിക്കുന്നതിനനിവാര്യമായ അപ്പസ്തോലിക ധീരതയെക്കുറിച്ചും ഈ തിരുന്നാള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നുവെന്നും പാപ്പാ പറഞ്ഞു.

നമ്മുടെ ഇക്കാലഘട്ടം ഉയര്‍ത്തുന്ന നൂതന വെല്ലുവിളികളോടു പ്രത്യുത്തരിക്കുക എന്നൊരര്‍ത്ഥം കൂടി ഈ ധീരതയ്ക്കുണ്ടെന്നു പാപ്പാ വിശദീകരിച്ചു.

സൃഷ്ടിയെ പരിപാലിക്കുകയെന്ന വെല്ലുവിളിയെക്കുറിച്ച് പ്രത്യേകം അനുസ്മരിച്ച പാപ്പാ പരിസ്ഥിതിസംരക്ഷണത്തില്‍ എക്യുമെനിക്കല്‍ പാത്രിയാര്‍ക്കീസ് ബര്‍ത്തൊലൊമെയൊ ഒന്നാമനുള്ള സവിശേഷ താല്‍പ്പര്യം തനിക്ക് പ്രചോദനമായി ഭവിച്ചുവെന്ന് കൃതജ്ഞാതാപൂര്‍വ്വം വെളിപ്പെടുത്തി.

ഇന്നത്തെ ആശങ്കാജനകമായ പരിസ്ഥിതി പ്രതിസന്ധിയ്ക്കു മുന്നില്‍ നമ്മുടെ പൊതുഭവനത്തെ സംരക്ഷിക്കുകയെന്നത്, മറ്റെല്ലാവരെയും പോലെതന്നെ, വിശ്വാസികളെ സംബന്ധിച്ചും മാറ്റിവയ്ക്കാനാവാത്ത ഒരു അടിയന്തര കാര്യം മാത്രമല്ല സുവിശേഷത്തിന്‍റെ ചൈതന്യത്തില്‍ അയല്‍ക്കാരനെ സേവിക്കുന്നതായ സമൂര്‍ത്ത  ശൈലിയുമാണെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.

കത്തോലിക്കരും ഓര്‍ത്തഡോക്സുകാരും എത്തിച്ചേരേണ്ട പൂര്‍ണ്ണ  ഐക്യത്തെക്കുറിച്ചും സൂചിപ്പിച്ച പാപ്പാ ഇരുവിഭാഗത്തിന്‍റെയും അനന്യതയോടുള്ള ആദരവിലും വൈവിധ്യം അംഗീകരിച്ചുകൊണ്ടുള്ള സഹജീവനത്തിലും അധിഷ്ഠിതമായിരിക്കണം ഈ ഐക്യം സംസ്ഥാപിക്കപ്പെടേണ്ടത് എന്ന തന്‍റെ ബോധ്യം ആവര്‍ത്തിച്ചു വെളിപ്പെടുത്തി.

ക്രൈസ്തവര്‍ക്കിടയിലുള്ള പിളര്‍പ്പ് മാറുന്നതിന് പരിശുദ്ധാരൂപിയുടെ സഹായവും പരസ്പര പ്രാര്‍ത്ഥനയും ഏകയോഗമായ സുവിശേഷ പ്രഘോഷണവും ആവശ്യത്തിലിരിക്കുന്നവര്‍ക്കായുള്ള പ്രവര്‍ത്തനവും മുന്‍വിധി കൂടാതെ സത്യത്തിലുള്ള സംഭാഷണവും ആവാശ്യമാണെന്നും പാപ്പാ വ്യക്തമാക്കി.

തന്‍റെ ഭ്രാതൃനിര്‍വ്വിശേഷവും ഹൃദയംഗമവുമായ അഭിവാദ്യം എക്യുമെനിക്കല്‍ പാത്രിയാര്‍ക്കീസ് ബര്‍ത്തൊലൊമെയൊ ഒന്നാമനെയും സിനഡിനെയും അറിയിക്കാന്‍ പാപ്പാ എക്യുമെനിക്കല്‍ പാത്രിയാര്‍ക്കീസിന്‍റെ പ്രതിനിധിസംഘത്തോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.   

തുര്‍ക്കിയില്‍ കത്തോലിക്കാ-ഓര്‍ത്തഡോക്സ് സഭകളുടെ എക്യുമെനിക്കല്‍ പ്രാര്‍ത്ഥനാ ശുശ്രൂഷ 

അനുവര്‍ഷം ജൂണ്‍ 29-ന് ആചരിക്കപ്പെടുന്ന വിശുദ്ധരായ പത്രോസ്-പൗലോസ് ശ്ലീഹാന്മാരുടെ തിരുന്നാളിനോടനുബന്ധിച്ച് കത്തോലിക്കാ-ഓര്‍ത്തോഡോക്സ് സഭകള്‍ തുര്‍ക്കിയിലെ അന്താക്കിയയില്‍ എക്യുമെനിക്കല്‍ ശുശ്രൂഷ നയിക്കുന്നു.

വെള്ളിയാഴ്ച (28/06/19) വൈകുന്നേരം മുതല്‍ ശനിയാഴ്ച (29/06/19) വൈകുന്നേരം വരെയാണ് ഈ എക്യുമെനിക്കല്‍ പരിപാടി.

തുര്‍ക്കിയിലെ അപ്പസ്തോലിക് നുണ്‍ഷ്യൊ ആര്‍ച്ചുബിഷപ്പ് പോള്‍ ഫിറ്റ്സ് പാട്രിക്ക് റസ്സലിന്‍റെയും   അലോത്തോലിയയിലെ, അഥവാ, ഏഷ്യാ മൈനറിലെ അപ്പസ്തോലിക് വികാരി ബിഷപ്പ് പാവൊളൊ ബിത്സേത്തിയുടെയും സാന്നിധ്യത്തില്‍ ആന്താക്കിയയിലെ ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ വെള്ളിയാഴ്ച വൈകുന്നേരം ആരംഭിക്കുന്ന ഈ എക്യുമെനിക്കല്‍ ശുശ്രൂഷ ശനിയാഴ്ച വൈകുന്നേരം അന്തിയോക്യയിലെ കത്തോലിക്കാ ദേവാലയത്തില്‍ തുര്‍ക്കിയിലെ അപ്പസ്തോലിക്നുണ്‍ഷ്യൊ ആര്‍ച്ചുബിഷപ്പ് പോള്‍ ഫിറ്റ്സ് പാട്രിക്ക് റസ്സലിന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെടുന്ന ദിവ്യബലിയോടെ സമാപിക്കും.

പൊതുവായ കര്‍ത്തൃപ്രാര്‍ത്ഥന, മരിയന്‍ പ്രാര്‍ത്ഥന, അപ്പം ആശീര്‍വ്വദിക്കല്‍ തുടങ്ങിയ കര്‍മ്മങ്ങളും ഈ എക്യുമെനിക്കല്‍ ശുശ്രൂഷാപരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

 

29 June 2019, 07:13