തിരയുക

Vatican News
ഫ്രാന്‍സീസ് പാപ്പാ, വത്തിക്കാനില്‍, വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ ചത്വരത്തില്‍ പ്രതിവാര പൊതുദര്‍ശനം അനുവദിക്കാനെത്തുന്നു-12/06/2019 ഫ്രാന്‍സീസ് പാപ്പാ, വത്തിക്കാനില്‍, വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ ചത്വരത്തില്‍ പ്രതിവാര പൊതുദര്‍ശനം അനുവദിക്കാനെത്തുന്നു-12/06/2019 

അപ്പസ്തോലസംഘത്തിന്‍റെ പുനഃസംവിധാനം

അപ്പസ്തോലന്മാര്‍, ക്രിസ്തുവിന്‍റെ രക്ഷാകരപ്രവര്‍ത്തനത്തിന്‍റെ ആധികാരിക സാക്ഷികള്‍- പാപ്പായുടെ പൊതുദര്‍ശന പ്രഭാഷണം.

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ഈ ബുധനാഴ്ചയും (12/06/2019) ഫ്രാന്‍സീസ് പാപ്പാ പതിവുപോലെ വത്തിക്കാനില്‍ പ്രതിവാരപൊതുദര്‍ശനം അനുവദിച്ചു. ശ്രീലങ്ക, കൊറിയ, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്‍പ്പടെ, വിവിധരാജ്യങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിനു തീര്‍ത്ഥാടകരും സന്ദര്‍ശകരും, സൂര്യതാപം ശക്തമായിരുന്നെങ്കിലും, വിശുദ്ധ പത്രോസിന്‍റെ   ബസിലിക്കയുടെ അങ്കണത്തില്‍  പൊതുകൂടിക്കാഴ്ചയില്‍ പങ്കെടുക്കുന്നതിന് എത്തിയിരുന്നു. തന്നെ ഏവര്‍ക്കും   കാണത്തക്കരീതിയില്‍ സജ്ജീകരിച്ചിട്ടുള്ള വെളുത്ത തുറന്ന വാഹനത്തില്‍ ചത്വരത്തിലെത്തിയ പാപ്പായെ   ജനസഞ്ചയം ഹര്‍ഷാരവങ്ങളോടെ  വരവേറ്റു. ബസിലിക്കാങ്കണത്തില്‍ എത്തിയ പാപ്പാ ഏവര്‍ക്കും അഭിവാദ്യമര്‍പ്പിച്ചുകൊണ്ട്, ജനങ്ങള്‍ക്കിടയിലൂടെ, വാഹനത്തില്‍ സാവധാനം നീങ്ങി. പതിവുപോലെ, അംഗരക്ഷകര്‍ ഇടയ്ക്കിടെ തന്‍റെ പക്കലേക്ക് എടുത്തുകൊണ്ടുവന്ന പിഞ്ചു കുഞ്ഞുങ്ങളെ പാപ്പാ വാഹനം നിറുത്തി തൊട്ടുതലോടുകയും ആശീര്‍വദിക്കുകയും സ്നേഹചുംബനമേകുകയും ചെയ്യുന്നുണ്ടായിരുന്നു. പ്രസംഗവേദിക്കടുത്തുവച്ച് വാഹനത്തില്‍ നിന്നിറങ്ങിയ പാപ്പാ നടന്ന് വേദിയിലേക്കു പോകുകയും റോമിലെ സമയം രാവിലെ 09.30 കഴിഞ്ഞപ്പോള്‍, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 1 മണിക്കു ശേഷം, ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിക്കുകയും ചെയ്തു. തുടര്‍ന്ന്  വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണമായിരുന്നു.

“കര്‍ത്താവായ യേശുവിന്‍റെ പുനരുത്ഥാനത്തിന് ഒരാള്‍ നമ്മളോടൊപ്പം സാക്ഷിയായിരിക്കണം.  യോഹന്നാന്‍റെ സ്നാനം മുതല്‍ നമ്മില്‍ നിന്ന് ഉന്നതങ്ങളിലേക്ക് സംവഹിക്കപ്പെട്ട നാള്‍വരെ, യേശു, നമ്മോടൊപ്പം ജീവിച്ച കാലം മുഴുവനും നമ്മുടെ കൂടെയുണ്ടായിരുന്നവരില്‍ ഒരുവനായിരിക്കണം അവന്‍...  പിന്നെ അവര്‍ കുറിയിട്ടു. മത്തിയാസിനു കുറി വീണു. പതിനൊന്നു അപ്പസ്തോലന്മാരുടെ കൂടെ അവന്‍ എണ്ണപ്പെടുകയും ചെയ്തു.”   (അപ്പസ്തോല പ്രവര്‍ത്തനങ്ങള്‍ 1, 21-22.26)

ഈ വിശുദ്ധഗ്രന്ഥഭാഗം വായിക്കപ്പെട്ടതിനെ തുടര്‍ന്ന് പാപ്പാ, അപ്പസ്തോലപ്രവര്‍ത്തനങ്ങളെ അധികരിച്ചു താന്‍ ബുധനാഴ്ചത്തെ പൊതുകൂടിക്കാഴ്ചാവേളയില്‍ നടത്തിപ്പോരുന്ന പ്രബോധന പരമ്പര ഒരാഴ്ചത്തെ ഇടവേളയ്ക്കു ശേഷം പുനരാരംഭിച്ചു. 

പാപ്പായുടെ, ഇറ്റാലിയന്‍ ഭാഷയില്‍ ആയിരുന്ന  മുഖ്യ പ്രഭാഷണത്തിന്‍റെ സംഗ്രഹം:

പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം,

അപ്പസ്തോല പ്രവര്‍ത്തനങ്ങളെക്കുറിച്ച് ആരംഭിച്ചിരിക്കുന്ന പരിചിന്തന പരമ്പര ഈ പുസ്തകത്തില്‍ ആഖ്യാനം ചെയ്യപ്പെട്ടിരിക്കുന്ന സുവിശേഷ സരണിയിലൂടെ ആയിരിക്കും കടന്നുപോകുക. സുവിശേഷം സീമാതീതമായി എപ്രകാരം സഞ്ചരിക്കുന്നുവെന്നു ഈ പുസ്തകം കാണിച്ചു തരുന്നു. സകലവും ക്രിസ്തുവിന്‍റെ  പുനരുത്ഥാനത്തില്‍ നിന്നു തുടങ്ങുന്നു. ഈ പുനരുത്ഥാനം വാസ്തവത്തില്‍ പല സംഭവങ്ങളില്‍ ഒന്നല്ല, പ്രത്യുത, നവജീവന്‍റെ സ്രോതസ്സാണ്. ശിഷ്യന്മാര്‍ക്ക് അതറിയാം. അവര്‍ യേശുവിന്‍റെ  കല്പനയനുസരിച്ച് പ്രാര്‍ത്ഥനയില്‍ സ്ഥൈര്യമുള്ളവരായി ഒരുമയോടും പരസ്പരധാരണയിലും കഴിയുന്നു. അവര്‍ മാതാവായ മറിയത്തോടൊപ്പമായിരുന്നുകൊണ്ട് ദൈവത്തിന്‍റെ ശക്തി സ്വീകരിക്കാന്‍ തയ്യാറെടുക്കുകയായിരുന്നു. അവരുടെ ഈ ഒരുക്കം നിഷ്ക്രിയമായിട്ടല്ലായിരുന്നു മറിച്ച്, അവര്‍ക്കിടയില്‍ കൂട്ടായ്മയെ ശക്തിപ്പെടുത്തിക്കൊണ്ടുള്ളതായിരുന്നു.

ആദ്യ സമൂഹം 

ആ ആദ്യസമൂഹം, ഏതാണ്ട്, 120 സഹോദരീസഹോദരന്മാര്‍ അടങ്ങിയതായിരുന്നു: ഇസ്രായേലിനെ സംബന്ധിച്ചിടത്തോളം പ്രതീകാത്മകമായ 12 എന്ന സംഖ്യ അതില്‍ അടങ്ങിയിരിക്കുന്നു. അത് ഇസ്രായേലിലെ 12 ഗോത്രങ്ങളെ പ്രതിനിധാനം ചെയ്യുന്നു. 12 എന്ന സംഖ്യ സഭയെ സംബന്ധിച്ചും പ്രതീകാത്മകമാണ്. കാരണം യേശു പന്ത്രണ്ടു പേരെയാണ് ശിഷ്യരായി തിരഞ്ഞെടുത്തത്. എന്നാല്‍ ഇപ്പോള്‍ പീഢാസഹനത്തിന്‍റെ  വേദനാപൂര്‍ണ്ണങ്ങളായ സംഭവങ്ങള്‍ക്കു ശേഷം കര്‍ത്താവിന്‍റെ അപ്പസ്തോലന്മാരുടെ സംഖ്യ 12 അല്ല, പതിനൊന്നാണ്. അവരിലൊരാളായിരുന്ന ജൂദാസ് ഇനിയില്ല. മനസ്സാക്ഷിക്കുത്തിനാല്‍ അവന്‍ സ്വയം ജീവനൊടുക്കി.

യൂദാസിന്‍റെ പിന്മാറ്റം

കര്‍ത്താവും മറ്റുള്ളവരുമായുള്ള കൂട്ടായ്മയില്‍ നിന്ന് യൂദാസ് മുമ്പേതന്നെ അകന്നു തുടങ്ങിയരുന്നു. തനിച്ചു കാര്യങ്ങള്‍ ചെയ്യാനും ഒറ്റയ്ക്കായിരിക്കാനും പാവപ്പെട്ടവരെ കരുവാക്കിക്കിക്കൊണ്ടു പോലും ദ്രവ്യാസക്തിപുലര്‍ത്താനും തുടങ്ങി. സൗജന്യത്തിന്‍റെയും ആത്മദാനത്തിന്‍റെയും ചക്രവാളം യൂദാസിന്‍റെ കണ്ണില്‍ നിന്ന് മാഞ്ഞുപോയി. സുഹൃത്തിനെ ശത്രുവാക്കി മാറ്റിക്കൊണ്ട് സ്വന്തം ഹൃദയമനസ്സുകളെ ഔദ്ധത്യത്തിന്‍റെ രോഗാണു ബാധിക്കുന്നതിന് അനുവദിക്കുകപോലും ചെയ്തു യൂദാസ്. യേശുവിന്‍റെ പ്രിയപ്പെട്ടവരുടെ ഗണത്തിലായിരിക്കുകയും അവിടത്തെ ശുശ്രൂഷയില്‍ പങ്കുചേരുകയും ചെയ്യുന്നതിനുള്ള വലിയ കൃപ യുദാസിനു ലഭിച്ചു. ഒരു വേളയില്‍ അവന്‍ സ്വന്തം ജീവന്‍ സ്വയം രക്ഷിക്കാന്‍ കഴിയുമെന്ന് കരുതുകയും എന്നാല്‍ അതു നഷ്ടപ്പെടുത്തുകയും ചെയ്തു. യേശുവിന്‍റെതായിരിക്കുന്നതിന് അവന്‍ ഹൃദയംകൊണ്ട് വിരാമമിട്ടു. അവിടന്നുമായും മറ്റുള്ളവരുമായുമുള്ള കൂട്ടായ്മ അവന്‍ വിച്ഛേദിച്ചു. ശിഷ്യത്വം അവസാനിപ്പിച്ച് അവന്‍ ഗുരുവിനു മേലായി സ്വയം പ്രതിഷ്ഠിച്ചു. അവന്‍ ഗുരുവിനെ വിറ്റു. ആ കുറ്റകൃത്യത്തില്‍ നിന്നു ലഭിച്ച പണം കൊണ്ടു അവന്‍ നിലം വാങ്ങിച്ചു. എന്നാല്‍ ആ മണ്ണാകട്ടെ ഫലം പുറപ്പെടുവിച്ചില്ല, ആ നിലം അവന്‍റെ തന്നെ നിണത്താല്‍ കുതിര്‍ന്നു. 

മരണത്തെ ഇഷ്ടപ്പെട്ട യൂദാസ്

യൂദാസ്‍ ജീവനേക്കാള്‍ മരണത്തെയാണ് ഇഷ്ടപ്പെട്ടത്. ഭോഷന്മാരുടെ മാതൃകയാണ് അവന്‍ പിഞ്ചെന്നത്. ഭോഷന്മാര്‍ക്ക് ജീവിതം തമസ്സുപോലെയാണ്, അത് നാശത്തിലേക്കു നീങ്ങുന്നു. മറിച്ച് പതിനൊന്നു ശിഷ്യന്മാര്‍ ജീവന്‍ തിരഞ്ഞെടുത്തു, കൃപ തിരഞ്ഞെടുത്തു, അതിനെ ചരിത്രത്തിലൂടെ, തലമുറകളിലൂടെ പ്രവഹിപ്പിക്കുകയെന്ന ഉത്തരവാദിത്വം അവര്‍ ഏറ്റെടുത്തു. ഇസ്രായേല്‍ ജനത്തില്‍ നിന്ന് സഭയിലേക്കുള്ള അതിന്‍റെ ഒഴുക്കിന്‍റെ ചുതല അവര്‍ സ്വയം ഏറ്റു. പത്രണ്ടുപേരില്‍ ഒരുവന്‍ സമൂഹ ഗാത്രത്തില്‍ മുറിവേല്പിച്ചുകൊണ്ട് വിട്ടുപോയപ്പോള്‍ ആ ഒഴിവില്‍ മറ്റൊരാള്‍ ഉണ്ടായിരിക്കേണ്ടതിന്‍റെ ആവശ്യകത ലൂക്കാ സുവിശേഷകന്‍ നമുക്കു കാണിച്ചുതരുന്നു. ഈ സ്ഥാനം ഏറ്റെടുക്കാന്‍ ആര്‍ക്കു പറ്റും, ആരെ തിരഞ്ഞെടുക്കും? പത്രോസ് അതിനുള്ള യോഗ്യത എന്താണെന്നു വ്യക്തമാക്കുന്നു. തുടക്കം മുതല്‍, അതായത് ജോര്‍ദ്ദാനില്‍ യേശുവിന്‍റെ ജ്ഞാനസ്നാനം മുതല്‍ അവസാനം വരെ, അതായത്, അവിടത്തെ സ്വര്‍ഗ്ഗാരോഹണം വരെ അവിടത്തെ ശിഷ്യനായിരുന്നിട്ടുള്ളവനായിരിക്കണം പുതിയ അംഗം.

അപ്പസ്തോല സംഘത്തിലെ പുതിയ അംഗം

രണ്ടു പേരാണ് സ്ഥ്നാര്‍ത്ഥികള്‍  ജോസഫ് ബാര്‍സബാസും മത്തിയാസും. സമൂഹം മുഴുവന്‍ പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി: കര്‍ത്താവേ, എല്ലാ മനുഷ്യരുടെയും ഹൃദയങ്ങള്‍ അങ്ങ് അറിയുന്നുവല്ലോ... യൂദാസ് ഉപേക്ഷിച്ച അപ്പസ്തോലസ്ഥാനവും ശുശ്രൂഷാപദവിയും സ്വീകരിക്കാന്‍ ഈ ഇരുവരില്‍ ആരെയാണ് അങ്ങ് തിരഞ്ഞെടുത്തിരിക്കുന്നതെന്ന് വ്യക്തമാക്കണമേ”.(അപ്പസ്തോല പ്രവര്‍ത്തനങ്ങള്‍ 1:24-25) തുടര്‍ന്ന് കുറിയിട്ടപ്പോള്‍ കര്‍ത്താവ് അവര്‍ക്കു കാണിച്ചു കൊടുത്തത് മത്തിയാസിനെയാണ്. അങ്ങനെ അവന്‍ അപ്പസ്തോലന്മാരോടുകൂടി എണ്ണപ്പെട്ടു. ‌

കര്‍ത്താവിന്‍റെ ശൈലി തുടരുന്ന  അപ്പസ്തോലന്മാര്‍

അപ്പസ്തോലന്മാരുടെ പ്രവര്‍ത്തനങ്ങളില്‍ ഈ പന്ത്രണ്ടു പേരും വെളിപ്പെടുത്തുന്നത് കര്‍ത്താവിന്‍റെ ശൈലിയാണ്. അവര്‍ ക്രിസ്തുവിന്‍റെ രക്ഷാകരപ്രവര്‍ത്തനത്തിന്‍റെ  ആധികാരിക സാക്ഷികളാണ്.

താന്‍ഭാവത്തില്‍ നിന്ന് പുറത്തുകടന്നുകൊണ്ടും ദൈവത്തിന്‍റെ ദാനങ്ങള്‍ അവനവനായി കൂട്ടിവയ്ക്കുന്നത് വെടിഞ്ഞുകൊണ്ടും മന്ദോഷ്ണതയില്‍ നിപതിക്കാതെയും ഉത്ഥിതന് സാക്ഷ്യം വഹിക്കുക എന്നതിന്‍റെ മനോഹാരിത നമ്മളും വീണ്ടും കണ്ടെത്തേണ്ടിയരിക്കുന്നു. അപ്പസ്തോലിക സംഘത്തിന്‍റെ പുനരൂപീകരണം നമുക്കു കാണിച്ചു തരുന്നത്, ക്രിസ്തീയ സമൂഹത്തിന്‍റെ ജനിതകഘടനയില്‍, ഡിഎന്‍എയില്‍, വൈവിധ്യത്തെ ഭയപ്പെടാതിരിക്കുന്നതിനും വസ്തുക്കളോടും ദാനങ്ങളോടും ആസക്തിപുലര്‍ത്താതിരിക്കുന്നതിനും നിണസാക്ഷികള്‍, അതായത്, ചരിത്രത്തില്‍ ജീവിക്കുകയും പ്രവര്‍ത്തനനിരതനായിരിക്കുകയും ചെയ്യുന്ന ദൈവത്തിന്‍റെ ഉജ്ജ്വല സാക്ഷികള്‍ ആകുന്നതിനും നമ്മെ അനുവദിക്കുന്ന  തനതായ ഐക്യവും സ്വാതന്ത്ര്യവും ഉണ്ടായിരിക്കണം എന്നാണ്.     

ഈ വാക്കുകളെ തുടര്‍ന്ന് പാപ്പായുടെ, ഇറ്റാലിയന്‍ ഭാഷയിലായിരുന്ന, പ്രഭാഷണത്തിന്‍റെ സംഗ്രഹം ആംഗലവും അറബിയുമുള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ ഭാഷയില്‍ അഭിവാദ്യം ചെയ്യുകയും ചെയ്തു. 

പൊതുകൂടിക്കാഴ്ചയില്‍ സംബന്ധിച്ച നവവൈദികരെയും റഷ്യന്‍ ഓര്‍ത്തൊഡോക്സാകാരായ വൈദികരെയും പാപ്പാ പ്രത്യേകം അഭിവാദ്യം ചെയ്തു.

അവസാനം, യുവജനത്തെയും വൃദ്ധജനത്തെയും രോഗികളെയും നവദമ്പതികളെയും പതിവുപോലെ സംബോധന ചെയ്ത പാപ്പാ, ജൂണ്‍ 13-ന്  പാദുവയിലെ വിശുദ്ധ അന്തോണീസിന്‍റെ തിരുന്നാള്‍ ആചരിക്കപ്പെടുന്നത് അനുസ്മരിച്ചു. പാവപ്പെട്ടവരുടെയും യാതനകളനുഭവിക്കുന്നവരുടെയും സംരക്ഷകനായ ആ വിശുദ്ധന്‍റെ മാദ്ധ്യസ്ഥ്യത്താല്‍ ദൈവികകാരുണ്യത്തിന്‍റെ സഹായം അനുഭവിച്ചറിയാന്‍ എല്ലാവര്‍ക്കും  സാധിക്കട്ടെയെന്ന് പാപ്പാ ആശംസിച്ചു. 

 

12 June 2019, 12:29