തിരയുക

Vatican News
ഫ്രാന്‍സീസ് പാപ്പാ പ്രതിവാരപൊതുകൂടിക്കാഴ്ചാവേളയില്‍, വത്തിക്കാനില്‍, വശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ ചത്വരത്തില്‍ 26/06/2019 ഫ്രാന്‍സീസ് പാപ്പാ പ്രതിവാരപൊതുകൂടിക്കാഴ്ചാവേളയില്‍, വത്തിക്കാനില്‍, വശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ ചത്വരത്തില്‍ 26/06/2019  (ANSA)

വിശ്വസിക്കുന്നവരുടെ ഒറ്റ സമൂഹം!

ക്രിസ്തുവില്‍ സഹോദരങ്ങള്‍, പങ്കുവയ്ക്കാനും, മറ്റുള്ളവരുമായി ഒന്നായിത്തീരാനും ഓരോരുത്തരുടെയും ആവശ്യാനുസൃതം നല്കാനും വിളിക്കപ്പെട്ടവര്‍.... പാപ്പായുടെ പൊതുകൂടിക്കാഴ്ചാ വിചിന്തനം.

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ലോകത്തില്‍ പലയിടത്തുമെന്നപോലെ യൂറോപ്പിലും, പൊതുവെ, അത്യുഷ്ണം അനുഭവപ്പെടുകയാണ്. ഇറ്റലിയിലും അവസ്ഥ ഇതുതന്നെ. റോമിലും സൂര്യതാപം ശക്തമായിരുന്നു. എങ്കിലും ഈ ബുധനാഴ്ചയും (26/06/2019) ഫ്രാന്‍സീസ് പാപ്പാ വത്തിക്കാനില്‍ പ്രതിവാരപൊതുദര്‍ശനം അനുവദിച്ചത് വിശുദ്ധ പത്രോസിന്‍റെ   ബസിലിക്കയുടെ അതിവിശാലമായ തുറസ്സായ അങ്കണത്തില്‍ തന്നെ ആയിരുന്നു. ഈ അങ്കണത്തിലേക്കു വരുന്നതിനു മുമ്പ് പാപ്പാ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ സമീപത്തുള്ള പോള്‍ ആറാമന്‍ ശാലയില്‍ വച്ച് രോഗികളുമായ കൂടിക്കാഴ്ച നടത്തി അവര്‍ക്ക് ആശീര്‍വ്വാദം നല്കി. പുറത്ത് അതിതാപമായതിനാലാണ് ശാലയില്‍ വച്ചുള്ള ഈ കൂടിക്കാഴ്ച്ചയെന്ന് പാപ്പാ തദ്ദവസരത്തില്‍ അനുസ്മരിച്ചു. 

വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയിരുന്ന തീര്‍ത്ഥാടകര്‍, സന്ദര്‍ശകര്‍, ഇറ്റലിയിലെ വിവിധ സംഘടനകളുടെ പ്രതിനിധികള്‍ എന്നിങ്ങനെ ആയിരക്കണക്കിനാളുകള്‍ ചത്വരത്തില്‍ സന്നിഹിതരായിരുന്നു. ഏവര്‍ക്കും തന്നെ കാണത്തക്കരീതിയില്‍ സജ്ജീകരിച്ചിട്ടുള്ള വെളുത്ത തുറന്ന വാഹനത്തില്‍ ചത്വരത്തിലെത്തിയ പാപ്പായെ   ജനസഞ്ചയം ഹര്‍ഷാരവങ്ങളോടെ  വരവേറ്റു. ബസിലിക്കാങ്കണത്തില്‍ എത്തിയ പാപ്പാ ഏതാനും ബാലികാബാലന്മാരേയും വാഹനത്തിലേറ്റി ഏവര്‍ക്കും അഭിവാദ്യമര്‍പ്പിച്ചുകൊണ്ട്, ജനങ്ങള്‍ക്കിടയിലൂടെ, സാവധാനം നീങ്ങി. പതിവുപോലെ, അംഗരക്ഷകര്‍ ഇടയ്ക്കിടെ തന്‍റെ പക്കലേക്ക് എടുത്തുകൊണ്ടുവന്ന പിഞ്ചു കുഞ്ഞുങ്ങളെ പാപ്പാ വാഹനം നിറുത്തി തൊട്ടുതലോടുകയും ആശീര്‍വദിക്കുകയും സ്നേഹചുംബനമേകുകയും ചെയ്യുന്നുണ്ടായിരുന്നു. പ്രസംഗവേദിക്കടുത്തുവച്ച് ആദ്യം കുട്ടികളും പിന്നീട് പാപ്പായും വാഹനത്തില്‍ നിന്നിറങ്ങി. തുടര്‍ന്നു പാപ്പാ നടന്ന് വേദിയിലേക്കു പോകുകയും റോമിലെ സമയം രാവിലെ 09.45 ആയപ്പോള്‍, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 1.15-ന്, ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിക്കുകയും ചെയ്തു. അതിനുശേഷം വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണമായിരുന്നു.

അവര്‍ അപ്പസ്തോലന്മാരുടെ പ്രബോധനം, കൂട്ടായ്മ, അപ്പംമുറിക്കല്‍, പ്രാര്‍ത്ഥന എന്നിവയില്‍ സദാ താത്പര്യപൂര്‍വ്വം പങ്കുചേര്‍ന്നു.....44വിശ്വസിച്ചവര്‍ എല്ലാവരും ഒറ്റ സമൂഹമാകുകയും തങ്ങള്‍ക്കുണ്ടായിരുന്നതെല്ലാം പൊതുവായിക്കരുതുകയും ചെയ്തു. 45 അവര്‍ തങ്ങളുടെ സ്വത്തുക്കളും വസ്തുവകകളും വിറ്റ് ആവശ്യാനുസരണം എല്ലാവര്‍ക്കുമായി വീതിച്ചു” (അപ്പസ്തോല പ്രവര്‍ത്തനങ്ങള്‍ 2:42-44-45)

ഈ വിശുദ്ധഗ്രന്ഥഭാഗം വായിക്കപ്പെട്ടതിനെ തുടര്‍ന്ന് പാപ്പാ, അപ്പസ്തോലപ്രവര്‍ത്തനങ്ങളെ അധികരിച്ചു താന്‍ ബുധനാഴ്ചത്തെ പൊതുകൂടിക്കാഴ്ചാവേളയില്‍ നടത്തിപ്പോരുന്ന പ്രബോധന പരമ്പര തുടര്‍ന്നു.  പാപ്പാ, ഇറ്റാലിയന്‍ ഭാഷയില്‍ ആയിരുന്ന തന്‍റെ മുഖ്യ പ്രഭാഷണത്തില്‍ ഇപ്രകാരം പറഞ്ഞു:

പ്രഭാഷണ സംഗ്രഹം:

പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം,

ആദിമക്രൈസ്തവസമൂഹത്തിന്‍റെ മേലുണ്ടായ അതിശക്തമായ പരിശുദ്ധാത്മ വര്‍ഷണത്തിന്‍റെ ഫലമായി ക്രിസ്തുവിലുള്ള രക്ഷയുടെ സന്തോഷദായക വിളംബരം തങ്ങളുടെ ഹൃദയത്തിലേക്കു തുളച്ചുകയറുന്നതായി അനേകര്‍ക്ക് അനുഭവപ്പെടുകയും അവര്‍ മാനസ്സാന്തരപ്പെട്ട് ക്രിസ്തുവില്‍ വിശ്വസിക്കുകയും അവിടത്തെ നാമത്തില്‍ മാമ്മോദീസാ മുങ്ങി പരിശുദ്ധാരൂപിയെന്ന ദാനം സ്വീകരിക്കുകയും ചെയ്തു. ആ വിശ്വാസികള്‍ ഒന്നിച്ചുവസിച്ചിരുന്ന ഇടമായ ആ സഹോദര്യസമൂഹത്തില്‍ മൂവായിരത്തോളം പേര്‍ ചേര്‍ന്നു. ഈ സമൂഹം സുവിശേഷവത്ക്കരണ പ്രവര്‍ത്തനത്തിന്‍റെ സഭാത്മക കിണ്വം, അഥവാ, പുളിപ്പ് ആണ്. ക്രിസ്തുവില്‍ സഹോദരീസഹോദരങ്ങളായ ഇവരുടെ വിശ്വാസോഷ്മളത അവരുടെ ജീവിതത്തെ,  അപ്പസ്തോലന്മാര്‍ വഴി,  അത്ഭുതങ്ങളാലും അടയാളങ്ങളാലും ആവിഷ്കൃതമാകുന്ന ദൈവത്തിന്‍റെ പ്രവര്‍ത്തനത്തിന്‍റെ അരങ്ങാക്കുന്നു. അസാധാരണമായത് സാധാരണമായിഭവിക്കുകയും ദൈനംദിന സംഭവങ്ങള്‍ ജീവിക്കുന്ന ക്രിസ്തുവിന്‍റെ ആവിഷ്ക്കാരവേദിയായിത്തീരുകയും ചെയ്യുന്നു.

സുവിശേഷകന്‍ ലൂക്കാ ഇത് വിശദീകരിക്കുന്നത് ജറുസലേമിലെ സഭ ഒരോ ക്രൈസ്തവ സമൂഹത്തിനും മാതൃകയായിത്തീരുന്നത് എപ്രകാരമാണെന്ന് കാട്ടിത്തന്നുകൊണ്ടാണ്. ആകര്‍ഷണീയമായ സാഹോദര്യത്തിന്‍റെ രൂപമായ ജെറുസലേമിലെ സഭയെ കാല്പനികമാക്കി മാറ്റരുതെന്നും അതിനെ ചെറുതായി കാണരുതെന്നും സുവിശേഷകന്‍ ലൂക്കാ വ്യക്തമാക്കുന്നു. ദൈവത്തിന്‍റെ കുടുംബമായി ആദിമ ക്രൈസ്തവര്‍ സമ്മേളിച്ചിരുന്ന ഭവനത്തിന്‍റെ മതിലുകള്‍ക്കുള്ളിലേക്കു നോക്കാന്‍ അപ്പസ്തോലപ്രവര്‍ത്തനത്തിലെ വിവരണം നമ്മെ അനുവദിക്കുന്നു. ദൈവത്തിന്‍റെ ഈ കുടുംബം സഹോദരീസഹോദരങ്ങള്‍ തമ്മിലുള്ള സ്നേഹത്തിന്‍റെ കൂട്ടായ്മയുടെ- “കൊയിനൊണിയ”യുടെ (KOINONIA) വേദിയാണ്. അതിന്‍റെ ഉള്ളകം പരിശോധിച്ചാല്‍ നമുക്കു കാണാന്‍ സാധിക്കും അവര്‍ എത്ര കൃത്യതയോടെയാണ് ജീവിക്കുന്നതെന്ന്. അതായത് “അവര്‍ അപ്പസ്തോലന്മാരുടെ പ്രബോധനം, കൂട്ടായ്മ, അപ്പംമുറിക്കല്‍, പ്രാര്‍ത്ഥന എന്നിവയില്‍ സദാ താത്പര്യപൂര്‍വ്വം പങ്കുചേര്‍ന്നു” ((അപ്പസ്തോല പ്രവര്‍ത്തനങ്ങള്‍ 2:42) ക്രൈസ്തവര്‍ അപ്പസ്തോലിക പ്രബോധനം നിരന്തരം ശ്രവിക്കുന്നു; ആദ്ധ്യാത്മികവും ഭൗതികവുമായ വസ്തുക്കള്‍ പങ്കുവച്ചുകൊണ്ട് വളരെ ഉന്നതമായ വ്യക്തിബന്ധങ്ങള്‍ പുലര്‍ത്തുന്നു. അപ്പം മുറിച്ചുകൊണ്ട്, അതായത്, ദിവ്യകാരുണ്യം വഴി, കര്‍ത്താവിന്‍റെ ഓര്‍മ്മയാചരിക്കുകയും പ്രാര്‍ത്ഥനയാല്‍ ദൈവത്തോടു സംഭാഷിക്കുകയും ചെയ്യുന്നു. ഇതാണ് ക്രൈസ്തവന്‍റെ മനോഭാവങ്ങള്‍ എന്ന് ഞാന്‍ ആവര്‍ത്തിച്ചു പറയുന്നു.

മറ്റുള്ളവരെ കുരുതികൊടുത്തുപോലും സ്വന്തം താല്പര്യം സംരക്ഷിക്കാന്‍ ശ്രമിക്കുന്ന മാനവസമൂഹത്തില്‍ നിന്ന് വിഭിന്നമായി, വിശ്വാസികളുടെ സമൂഹം പങ്കുവയ്ക്കലിനും ഐക്യദാര്‍ഢ്യത്തിനും വേണ്ടി വ്യക്തിമാഹാത്മ്യവാദത്തെ വിലക്കുന്നു. ക്രൈസ്തവന്‍റെ  ഉള്ളില്‍ സ്വാര്‍ത്ഥതയ്ക്ക് ഇടമില്ല. നിന്‍റെ ഹൃദയം സ്വാര്‍ത്ഥമാണെങ്കില്‍ നീ ക്രൈസ്തവനല്ല. നീ നിന്‍റെ കാര്യങ്ങളും നിന്‍റെ നേട്ടങ്ങളും മാത്രം തേടുന്ന ഒരു ലൗകികനാണ്. ലൂക്കാ പറയുന്നു വിശ്വാസികള്‍ ഒറ്റ സമൂഹമായി എന്ന്. അതായത്, സാമീപ്യവും ഐക്യവും വീണ്ടെടുക്കപ്പെട്ടവരുടെ, അതായത്, വിശ്വാസികളുടെ ശൈലിയാണ്. ചാരെ ആയിരിക്കുകയും അപരന്‍റെ കാര്യത്തില്‍ തല്പരരായിരിക്കുകയും പരദൂഷണം വെടിയുകയും ചെയ്യും.

പങ്കുവയ്ക്കാനും, മറ്റുള്ളവരുമായി ഒന്നായിത്തീരാനും ഓരോരുത്തരുടെയും ആവശ്യാനുസൃതം നല്കാനും വിളിക്കപ്പെട്ടവരായ ക്രിസ്തുവില്‍ സഹോദരങ്ങളായവര്‍ തമ്മിലുള്ള ഉറ്റബന്ധം മമ്മോദീസായുടെ വരപ്രസാദം വെളിപ്പെടുത്തുന്നു. ഉദാരത, ദാനധര്‍മ്മം, അപരന്‍റെ കാര്യത്തിലുള്ള ഔത്സുക്യം, രോഗീസന്ദര്‍ശനം, ആവശ്യത്തിലിരിക്കുന്നവരെ, സാന്ത്വനം ആവശ്യമുള്ളവരെ സന്ദര്‍ശിക്കല്‍ തുടങ്ങിയവ ക്രിസ്തുവില്‍ സഹോദരങ്ങളായവരുടെ സവിശേഷതകളാണ്.

കൂട്ടായ്മയുടെയും ആവശ്യത്തിലിരുക്കുന്നവരോടുള്ള കരുതലിന്‍റെയും വഴി തിരഞ്ഞെടുക്കുന്നതിനാല്‍ സഭയാകുന്ന ഈ സഹോദര്യത്തിന് ആരാധനാക്രമ ജീവിതം അധികൃതമായും സത്യമായും ജീവിക്കാന്‍ സാധിക്കും. ലൂക്കാ പറയുന്നു: “അവര്‍ ഏക മനസ്സോടെ താത്പര്യപൂര്‍വ്വം അനുദിനം ദേവാലയത്തില്‍ ഒന്നിച്ചു കൂടുകയും ഭവനംതോറും അപ്പം മുറിക്കുകയും ഹൃദയലാളിത്യത്തോടും ആഹ്ലാദത്തോടും കൂടെ ഭക്ഷണത്തില്‍ പങ്കുചേരുകയും ചെയ്തിരുന്നു. അവര്‍ ദൈവത്തെ സ്തുതിക്കുകയും എല്ലാ മനുഷ്യരുടെയും സംപ്രീതിക്കു പാത്രമാകുകയും ചെയ്തു.” ((അപ്പസ്തോല പ്രവര്‍ത്തനങ്ങള്‍ 2:46-47)

സമൂഹത്തിന്‍റെ വളര്‍ച്ച കര്‍ത്താവ് ഉറപ്പുനല്കുന്നുവെന്ന് അപ്പസ്തോലപ്രവര്‍ത്തനത്തിലെ വിവരണം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ദൈവവുമായും സഹോദരങ്ങളുമായുമുള്ള യഥാര്‍ത്ഥ ഉടമ്പടിയില്‍ നിലനില്ക്കുകയെന്നത് അനേകരെ ആകര്‍ഷിക്കുകയും കീഴടക്കുകയും ചെയ്യുന്ന വലിയ കാന്തികശക്തിയാണ്, അത് എക്കാലത്തെയും വിശ്വാസികളുടെ സമൂഹത്തെ സജീവമാക്കി നിറുത്തുന്ന മൗലിക തത്വം ആണ്.

നവജീവനും ഐക്യദാര്‍ഢ്യത്തിന്‍റെയും കൂട്ടായ്മയുടെയും പ്രവൃത്തികളും സ്വീകരിക്കാനും അഭ്യസിക്കാനും കഴിയുന്ന ഇടമാക്കി നമ്മുടെ സമൂഹങ്ങളെ മാറ്റുന്നതിന് നമുക്ക് പരിശുദ്ധാരൂപിയോടു പ്രാര്‍ത്ഥിക്കാം. ഈ സമൂഹങ്ങളില്‍ ആരാധാനാകര്‍മ്മങ്ങള്‍, സഹോദരീസഹോദരങ്ങളുമായുള്ള കൂട്ടായ്മയായി ഭവിക്കുന്ന, ദൈവവുമായുള്ള കൂടിക്കാഴ്ചയായിരിക്കട്ടെ. സ്വര്‍ഗ്ഗീയ ജറുസലേമിലേക്കു വാതിലുകള്‍ തുറന്നിടുന്ന ഇടങ്ങളായിരിക്കട്ടെ നമ്മുടെ സമൂഹങ്ങള്‍. നന്ദി.

ഈ വാക്കുകളെ തുടര്‍ന്ന് പാപ്പായുടെ, ഇറ്റാലിയന്‍ ഭാഷയിലായിരുന്ന, പ്രഭാഷണത്തിന്‍റെ സംഗ്രഹം ആംഗലവും അറബിയുമുള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ ഭാഷയില്‍ അഭിവാദ്യം ചെയ്യുകയും ചെയ്തു.

പൊതുകൂടിക്കാഴ്ചാപരിപാടിയുടെ അവസാനം, യുവജനത്തെയും വൃദ്ധജനത്തെയും രോഗികളെയും നവദമ്പതികളെയും പതിവുപോലെ സംബോധന ചെയ്ത പാപ്പാ  ഈ വരുന്ന വെള്ളിയാഴ്ച (28/06/2019) യേശുവിന്‍റെ പരിശുദ്ധതമ ഹൃദയത്തിന്‍റെ തിരുന്നാള്‍ ആഘോഷിക്കപ്പെടാന്‍ പോകുന്നത് അനുസ്മരിക്കുകയും വൈദികര്‍ക്കുവേണ്ടിയും സകല അജപാലനപ്രവര്‍ത്തനങ്ങളും ക്രിസ്തുവിന് ഒരോ വ്യക്തിയോടുമുള്ള സ്നേഹത്താല്‍ മുദ്രിതമായി ഭവിക്കുന്നതിനായി പത്രോസിന്‍റെ  പിന്‍ഗാമിക്കടുത്ത തന്‍റെ ശുശ്രൂഷയ്ക്കു വേണ്ടിയും പ്രാര്‍ത്ഥിക്കാന്‍ എല്ലാവരെയും ക്ഷണിക്കുകയും ചെയ്തു. 

 

തദ്ദനന്തരം, പാപ്പാ, കര്‍ത്തൃപ്രാര്‍ത്ഥന ലത്തീന്‍ ഭാഷയില്‍ ആലപിക്കപ്പെട്ടതിനെ തുടര്‍ന്ന് എല്ലാവര്‍ക്കും  തന്‍റെ  അപ്പസ്തോലിക ആശീര്‍വ്വാദം നല്കി.

 

26 June 2019, 12:49