തിരയുക

Vatican News
venue of Papal Visit : the Pontifical Faculuty of theology in Naples and the Jesuit Community venue of Papal Visit : the Pontifical Faculuty of theology in Naples and the Jesuit Community 

പ്രഭാഷകനായി പാപ്പാ ഫ്രാന്‍സിസ് നേപ്പിള്‍സില്‍

നേപ്പിള്‍സിലെ പൊന്തിഫിക്കല്‍ ദൈവശാസ്ത്ര വൈജ്ഞാനിക വകുപ്പില്‍ (faculty) ജൂണ്‍ 21- Ɔο തിയതി വെള്ളിയാഴ്ച രാവിലെയാണ് സമ്മേളനവും പ്രഭാഷണ പരിപാടിയും

- ഫാദര്‍ വില്യം നെല്ലിക്കല്‍

“സത്യത്തിന്‍റെ ആനന്ദം” പ്രഘോഷിക്കാന്‍
സാധാരണഗതിയില്‍ ഇടയസന്ദര്‍ശനവും അപ്പസ്തോലിക സന്ദര്‍ശനവുമായി നീങ്ങുന്ന പാപ്പാ ഫ്രാന്‍സിസ്, ജൂണ്‍ 21- Ɔο തിയതി വെള്ളിയാഴ്ച ഇറ്റലിയിലെ നേപ്പിള്‍സ് നഗരത്തില്‍ എത്തുന്നത് ഒരു പ്രഭാഷകനായിട്ടാണ്. സത്യത്തിന്‍റെ ആനന്ദം (Veritatis Gaudium, The Joy of Truth) എന്ന തന്‍റെ അപ്പസ്തോലിക പ്രബോധനത്തെ ആധാരമാക്കിയുള്ള പ്രഭാഷണത്തിനാണ് കുടിയേറ്റക്കാരുടെ നഗരമായ നേപ്പിള്‍സിലെ പൊന്തിഫിക്കല്‍ ദൈവശാസ്ത്ര വൈജ്ഞാനിക വിഭാഗത്തിലേയ്ക്ക് (Pontifical Faculty of Theology in Souther Italy) വെള്ളിയാഴ്ച രാവിലെ പാപ്പാ ഫ്രാന്‍സിസ് എത്തുന്നത്. “മദ്ധ്യധരണി ആഴിയിലെ കുടിയേറ്റ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സത്യത്തിന്‍റെ ആനന്ദത്തിനും അപ്പുറമുളള സഭയുടെ ദൈവശാസ്ത്ര വീക്ഷണം” എന്നതാണ് പാപ്പാ ഫ്രാന്‍സിസ് നടത്തുന്ന പ്രഭാഷണം “Theology after Veritatis Gaudium in the context of the Mediterranean.”

സത്യത്തിന്‍റെ ആനന്ദം
പൊന്തിഫിക്കല്‍ സ്ഥാപനങ്ങളുടെ ഭരണം, വിദ്യാര്‍ത്ഥികളുടെ രൂപീകരണം, നവപ്രതിഭാസമായ കുടിയേറ്റം, അഭയാര്‍ത്ഥികള്‍ എന്നിവ കത്തോലിക്കാ വിദ്യാഭ്യാസത്തിന്‍റെയും വൈദികാര്‍ത്ഥികളുടെ രൂപീകരണത്തിന്‍റെയും പശ്ചാത്തലത്തില്‍ 2018 ജനുവരിയില്‍ പ്രബോധിപ്പിച്ച ഈ അപ്പസ്തോലിക പഠനത്തില്‍ (Veritatis Gaudium ) പാപ്പാ ഫ്രാന്‍സിസ് പ്രതിപാദിക്കുന്നു. അഭയാര്‍ത്ഥികള്‍ക്കും കുടിയേറ്റക്കാര്‍ക്കും കത്തോലിക്ക യൂണിവേഴ്സിറ്റികളില്‍ ഉന്നതപഠനത്തിനുള്ള സൗകര്യങ്ങള്‍ നല്കണമെന്ന ചിന്തയും പാപ്പാ അതില്‍ ഉള്‍ച്ചേര്‍ത്തിട്ടുള്ളത് ശ്രദ്ധേയമാണ്.

കുടയേറ്റവുമായി ബന്ധപ്പെട്ട പ്രഭാഷണം
പാപ്പായുടെ സന്ദര്‍ശനം ഒരു പ്രഭാഷകന്‍ എന്ന നിലയില്‍ അത്യപൂര്‍വ്വവും, എന്നാല്‍ മെഡിറ്ററേനിയന്‍ കടലിനെ ഒരു സെമിത്തേരിയാക്കുന്ന കുടിയേറ്റ ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ ഈ പ്രഭാഷണം ചരിത്രപ്രാധാന്യമുള്ളതുമാകുമെന്ന്, നേപ്പിള്‍സ് അതിരുപതാദ്ധ്യക്ഷന്‍, കര്‍ദ്ദിനാള്‍ ക്രെഷേന്‍സിയോ സേപ്പെ പ്രസ്താവിച്ചു. നേപ്പിള്‍സ് കുടിയേറ്റക്കാരുടെ നഗരമാണ്. മെഡിറ്ററേനിയന്‍ വഴിയെത്തുന്ന ആയിരങ്ങളെ കടലിന്‍റെ മടത്തട്ടില്‍നിന്നും വാരിയെടുത്തു സംരക്ഷിക്കുന്ന മാതൃനഗരമാണിതെന്നും, “സത്യത്തിന്‍റെ ആനന്ദ”ത്തെ ആധാരമാക്കിയുള്ള പാപ്പായുടെ പ്രഭാഷണം സകലരെയും ദൈവമക്കളായി ഉള്‍ക്കൊള്ളുന്ന സാകല്യസംസ്കൃതിയുടെ ദൈവശാസ്ത്രമായിരിക്കുമെന്നും കര്‍ദ്ദിനാള്‍ സേപ്പെ കൂട്ടിച്ചേര്‍ത്തു.

വത്തിക്കാനില്‍നിന്നും ഹെലിക്കോപ്റ്ററില്‍
രാവിലെ വത്തിക്കാന്‍ തോട്ടത്തില്‍നിന്നും ഹെലികോപ്റ്ററില്‍ പുറപ്പെടുന്ന പാപ്പാ വെള്ളിയാഴ്ച പ്രാദേശിക സമയം 9 മണിക്ക് നേപ്പിള്‍സ് നഗരമദ്ധ്യത്തിലെ വേര്‍ജീലിയന്‍ പാര്‍ക്കില്‍ ഇറങ്ങും. അവിടെനിന്നും കാറില്‍ വളരെ അടുത്ത്, മെഡിറ്ററേനിയന്‍റെ നേപ്പിള്‍സ് ഉള്‍ക്കടലിനോടു ചേര്‍ന്നുള്ള വിയ പെട്രാര്‍ക്കയില്‍ (Via Petrarca) സ്ഥിതിചെയ്യുന്ന പൊന്തിഫിക്കല്‍  ദൈവശാസ്ത്ര വൈജ്ഞാനിക വിഭാഗത്തില്‍ എത്തിച്ചേരും. സ്ഥലത്തെ മെത്രാപ്പോലീത്ത, കര്‍ദ്ദിനാള്‍ ക്രെഷേന്‍സ്യോ  സേപ്പെ, യൂണിവേഴ്സിറ്റിയുടെ പ്രസിഡന്‍റും, ഈശോസഭയുടെ സുപ്പീരിയര്‍ ജനറലുമായ ഫാദര്‍ അര്‍ത്തൂരെ സോസ, നേപ്പിള്‍ നഗരപിതാവ്, ലൂയിജി മജിസ്ട്രിസ് എന്നിവര്‍ ചേര്‍ന്ന് പാപ്പായെ സ്വീകരിക്കും.

മടക്കയാത്ര
ഈശോ സഭയുടെ മേല്‍നോട്ടത്തിലുള്ള പൊന്തിഫിക്കല്‍ ദൈവശാസ്ത്ര വൈജ്ഞാനിക വകുപ്പിലെ പ്രഭാഷണാനന്തരം, പാപ്പാ തെക്കന്‍ ഇറ്റലിയിലെ മെത്രാന്മാര്‍ക്കും മറ്റു വിശിഷ്ടാതിഥികള്‍ക്കുമൊപ്പം നേപ്പിള്‍സ് അതിരൂപതാകേന്ദ്രത്തില്‍ ഉച്ചഭക്ഷണം കഴിക്കും.  തുടര്‍ന്ന് പ്രാദേശിക സമയം വൈകുന്നേരം 3 മണിയോടെ ഹെലിക്കോപ്റ്ററില്‍ പാപ്പാ  വത്തിക്കാനിലേയ്ക്കു മടങ്ങുമെന്ന്, പരിശുദ്ധ സിംഹാസനത്തിന്‍റെ പ്രസ്സ് ഓഫിസ് മേധാവി, അലസാന്ദ്രോ ജിസോത്തി പ്രസ്താവനയിലൂടെ അറിയിച്ചു.
 

20 June 2019, 17:34