തിരയുക

Vatican News
MEXICO-US-MIGRATION tragedy MEXICO-US-MIGRATION tragedy  (AFP or licensors)

അഭയംതേടവെ മുങ്ങിമരിച്ച അച്ഛനും മകളും - പാപ്പായുടെ ദുഃഖം

കുടിയേറ്റപ്രയാണത്തില്‍ റിയോ ഗ്രാന്തെ നദിയില്‍ അപകടത്തില്‍പ്പെട്ട രണ്ടു വയസ്സുകാരിയുടെയും പിതാവിന്‍റെയും കഥ.

ജൂണ്‍ 26- Ɔο തിയതി ബുധനാഴ്ച

അഭയം തേടിയ അപകടപ്രയാണം
മെക്സിക്കോ-അമേരിക്ക അതിര്‍ത്തിയായ റിയോ ഗ്രാന്തെ നദിയിലെ ദുരന്തകഥ – അഭയം തേടിയുള്ള പ്രയാണത്തില്‍ മുങ്ങിമരിച്ച ഒരച്ഛന്‍റെയും കുഞ്ഞുമകളുടെയും കദനകഥ പാപ്പാ ഫ്രാന്‍സിസിനെ അറിയിച്ചതായി പ്രസ്സ് ഓഫിസ് മേധാവി, അലസാന്ദ്രോ ജിസോത്തി റോമില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായി അറിയിച്ചു.
മെക്സിക്കോയില്‍നിന്നും അമേരിക്കയിലേയ്ക്കു കുടിയേറവെ റിയോ ഗ്രാന്തെ നദികടക്കവെയാണ് അച്ഛനും കുഞ്ഞുമകളും മരണമടഞ്ഞത്. പിതാവ് ഓസ്ക്കര്‍ റെമീരെസും കുഞ്ഞുമകള്‍ വലേറിയയും നദിയോരത്ത് മരിച്ചുകിടക്കുന്ന ചിത്രം പാപ്പാ ഫ്രാന്‍സിസ് കണ്ടു മനംനൊന്തുവെന്ന് ജിസോത്തി റോമില്‍ മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു.

ജന്മനാട്ടിലെ കലാപത്തില്‍നിന്നും രക്ഷപ്പെട്ടവര്‍
അച്ഛനും മകളും ജന്മനാടായ എല്‍ സാല്‍വദോറിന്‍റെ അഭ്യന്തര കലാപത്തില്‍നിന്നും രക്ഷപെട്ട്, മെക്സിക്കോ-അമേരിക്ക അതിര്‍ത്തിയായ റിയോ ഗ്രാന്തെ നദികടന്ന് അമേരിക്കയിലേയ്ക്കു അഭയംതേടാനുള്ള പരിശ്രമിത്തിലായിരുന്നു ഞായാറാഴ്ച, ജൂണ്‍ 23-ന് അപകടമുണ്ടായത്. ജീവന്‍ നഷ്ടമായ ആ കൊച്ചുമകളെയും പിതാവിനെയും ഓര്‍ത്തു വ്യസനിക്കുന്ന പാപ്പാ ഫ്രാന്‍സിസ് അവരുടെ ആത്മശാന്തിക്കായി പ്രത്യേകം പ്രാര്‍ത്ഥിച്ചതായും ജിസോത്തി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പൊലിഞ്ഞുപോയ സ്വപ്നങ്ങള്‍
ഭാര്യ വനേസ്സായും കുഞ്ഞുമകള്‍ വലേറിയയും, പിതാവ് റെമരീസിനൊപ്പമാണ് അമേരിക്കയിലേയ്ക്കു കടക്കാന്‍ എല്‍-സാല്‍വദോറില്‍നിന്നും മെക്സിക്കോ അതിര്‍ത്തിയില്‍ എത്തിയത്. അഭയം തേടാനുള്ള നിയമനടപടികള്‍ വൈകുന്നതിനാല്‍ പിടിച്ചു നില്ക്കാനാവാതെ ആദ്യം കുഞ്ഞുമകളുമായി നദി നീന്തിക്കടന്ന റെമരീസ്, മകളെ മറുകരയില്‍ നിര്‍ത്തിയിട്ട് ഭാര്യയെ കൂട്ടിക്കൊണ്ടുവരാന്‍ തിരകെ നീന്തിത്തുടങ്ങി. ഏകയായ മകള്‍ അച്ഛന്‍റെ പിറകെ വെള്ളത്തിലേയ്ക്ക് കരഞ്ഞുകൊണ്ടു ഇറങ്ങിയതും ഒഴുക്കില്‍ പെട്ടു. മകളെ രക്ഷിക്കാനുള്ള വ്യഗ്രതയിലും ബദ്ധപ്പാടിലുമാണ് അച്ഛന്‍റെയും മകളുടെയും ജീവന്‍ പൊലിഞ്ഞുപോയത്. മറുകരയില്‍ കരഞ്ഞുകൊണ്ടു ദൃക്സാക്ഷിയായി നിന്ന അമ്മ, വനേസ്സയാണ് പൊലീസില്‍ മൊഴിനല്കിയത്.
 

26 June 2019, 18:04