തിരയുക

Vatican News
Pope francis in the Rome community of Blaj, Romania റൊമേനിയ - ബായിഷിലെ റോമാ സമൂഹത്തില്‍   (ANSA)

കൂട്ടായ്മയ്ക്കുള്ള അഭിവാഞ്ഛ – ഒരു ദൈവാന്വേഷണം

മെയ് 2, ഞായറാഴ്ച – റൊമേനിയയില്‍ പാപ്പാ ഫ്രാന്‍സിസ് നടത്തിയ അവസാന പ്രഭാഷണം – ബായ്ഷിലെ റോം സമൂഹത്തോട്...

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

കൂട്ടായ്മയുടെ സന്തോഷം
സഭ കൂട്ടായ്മയ്ക്കുള്ള സങ്കേതമാണ്. കൂട്ടായ്മ ക്രൈസ്തവന്‍റെ മുഖമുദ്രയാവണം. റൊമേനിയന്‍ രക്തസാക്ഷിയായ ഇയാന്‍ സിച്യൂവിന്‍റെ വാക്കുകളും പാപ്പാ ഫ്രാന്‍സിസ് കൂട്ടിച്ചേര്‍ത്തു. “കൂട്ടായ്മയ്ക്കുള്ള അഭിവാഞ്ഛ ദൈവത്തിനായുള്ള മനുഷ്യന്‍റെ അഭിവാഞ്ഛയും അന്വേഷണവുമാണ്”. ദൈവം നമ്മെ അനുദിനം പരിപാലിക്കുന്നുവെങ്കില്‍, നാം നമ്മുടെ സഹോദരരെ പരിപാലിക്കുകയും അവരോട് അനുകമ്പ കാണിക്കുകയും വേണം. സുവിശേഷസന്തോഷം എന്നു പറയുന്നത് കൂട്ടായ്മയിലുള്ള സന്തോഷവും, നമ്മെ സ്നേഹിക്കുന്ന ഒരു ദൈവമുണ്ട് എന്നു പ്രഘോഷിക്കുന്നതിലുമുള്ള ആനന്ദാനുഭൂതിയുമാണ്. ഈ അരൂപിയിലാണ് റോം സമൂഹവുമായുള്ള കൂടിക്കാഴ്ചയ്ക്കായി താന്‍ എത്തിയതെന്ന് പാപ്പാ വ്യക്തമാക്കി.

മാറ്റിയെടുക്കേണ്ട ‘കായേന്‍ മനോഭാവം’
ഇന്നാട്ടില്‍ സമൂഹങ്ങള്‍ വിവേചനം, പാര്‍ശ്വവത്ക്കരണം, ഉച്ചനീചത്വം എന്നിവ സഹിക്കേണ്ടിവരുന്നതില്‍ പാപ്പാ തന്‍റെ ദുഃഖം അറിയിച്ചു. ഈ തിന്മയ്ക്ക് ക്രൈസ്തവരും കത്തോലിക്കരും വിധേയരാണ്. നാം അന്യരെ വിവേചിക്കാറുണ്ട്, മാറ്റി നിര്‍ത്താറുണ്ട്! കായേന്‍റെ വിദ്വേഷത്തിന്‍റെയും അസൂയയുടെയും മനോഭാവം നാം അവലംബിക്കാറുണ്ട്. മറ്റുള്ളവരുടെ തനിമയെ അംഗീകരിക്കാനും, അവര്‍ക്കു മതിപ്പുനല്കാനും, അവരെ സംരക്ഷിക്കാനും കഴിയാതെ പോകുന്നതാണ് കായേന്‍റെ മനഃസ്ഥിതി. തന്‍റെ സഹോദരനെക്കുറിച്ച് കരുതലില്ലാത്തവനായിരുന്നു കായേന്‍. ഇത് നിസംഗതയാണ്. മുന്‍വിധിയും എതിര്‍പ്പും അസൂയയും വളര്‍ത്തുന്ന തിന്മയാണ് നിസംഗത. പിന്നെ നാം സഹോദരങ്ങളെ രൂക്ഷമായി വിധിക്കുന്നു, തേജോവധംചെയ്യുന്നു. അതു ഭിന്നിപ്പും കലഹവും സൃഷ്ടിക്കുന്നു. സഹോദരങ്ങള്‍ പിന്‍തള്ളപ്പെടുമ്പോള്‍ മനുഷ്യസമൂഹം മുന്നോട്ടുപോകാന്‍ വ്യഗ്രതപ്പെടുന്നതും സ്വാഭാവികമാണ്. ഭിന്നിച്ചു നില്കുമ്പോള്‍ നാം അടിസ്ഥാനപരമായി ക്രൈസ്തവികതയെ കളങ്കപ്പെടുത്തുകയാണ്. ഭിന്നിപ്പിലൂടെ നാം ക്രൈസ്തവരല്ലാതായി മാറുന്നു. നാം നല്ല മനുഷരല്ലാതായും തീരുന്നു.

യാത്രയുടെ നാല്ക്കവലയിലെ തിരഞ്ഞെടുപ്പ്
മനുഷ്യചരിത്രത്തില്‍ എന്നും ആബേലും കായേനുമുണ്ട്! ആബേലിന്‍റെ തുറന്ന സഹായഹസ്തവും, പ്രതികാരത്തില്‍ ഉയര്‍ത്തിയ കായേന്‍റെ മുഷ്ടിയും ചരിത്രത്തിന്‍റെ ഭാഗമാണ്. ഒരു ഭാഗത്ത് സൗഹൃദത്തിന്‍റെയും സാഹോദര്യത്തിന്‍റെയും തുറന്ന വാതിലും, മറുഭാഗത്ത് പ്രതികാരത്തിന്‍റെയും സംഘട്ടനത്തിന്‍റെയും അടഞ്ഞ വാതിലുമാണ്. ഇവിടെ ഉള്‍ക്കൊള്ളലും പരിത്യക്തതയും, ഒരു സ്നേഹസംസ്ക്കാരവും പ്രതികാര സംസ്കൃതിയും നേര്‍ക്കുനേര്‍ കാണുകയാണ്. ജീവിതത്തിന്‍റെ നാല്ക്കവലകളില്‍ നില്ക്കുന്ന നാം ഒരു തിരഞ്ഞെടുപ്പു നടത്തേണ്ടതുണ്ട്. അനുരഞ്ജനത്തിന്‍റെ വഴിയോ, പ്രതികാരത്തിന്‍റെ വഴിയോ, ഏതാണ് അഭികാമ്യം?

തിന്മയെ ജയിക്കാന്‍ തിന്മയ്ക്കാവുമോ?!
ക്രിസ്തു കാണിച്ചുതന്ന പാത നമുക്കു തിരഞ്ഞെടുക്കാം. അത് അനുരഞ്ജനത്തിന്‍റെ വഴിയാണ്. മനസ്സുകളെ വലിച്ചിഴക്കുന്ന പഴയ മുറിപ്പാടുകളുണ്ടാകാം ഹൃദയത്തില്‍..., അത് വിദ്വേഷത്തിന്‍റെയും പ്രതികാരത്തിന്‍റെയു വികാരമാണ്. തിന്മയെ തിന്മകൊണ്ടു നേടാനാവില്ല. അനീതിക്കു പ്രതിവിധിയല്ല പക. വെറുപ്പു ഹൃദയത്തെ ഒരിക്കലും സ്വസ്ഥമാക്കില്ല. നിരസനം ഒരിക്കലും നമ്മെ പരസ്പരം അടുപ്പിക്കില്ല, അകറ്റുകമാത്രം ചെയ്യും! തിന്മയെ നന്മകൊണ്ടും വിദ്വേഷത്തെ ക്ഷമകൊണ്ടും നേരിടാം!!

ജീവിതത്തിനു പ്രകാശമാകേണ്ട  പുണ്യങ്ങള്‍
ക്രൈസ്തവര്‍ സ്വായത്തമാക്കേണ്ട പ്രകാശപൂര്‍ണ്ണമായ പുണ്യങ്ങളുണ്ട്. ജീവനോടുള്ള ആദരവ്, വലിയ കുടുംബം, ഐക്യദാര്‍ഢ്യം, ആതിഥേയത്വം, സഹായിക്കാനുള്ള സന്നദ്ധത, വ്രണിതാക്കളോടുള്ള സഹാനുഭാവം, വയോജനങ്ങളോടുള്ള ആദരവ്, ജീവിതത്തെക്കുറിച്ചുള്ള ആത്മീയദര്‍ശനം, spontaneity സ്വാത്മപ്രചോദിതമായും അവസരോചിതമായും പ്രതികരിക്കാനുള്ള കഴിവ്, അദ്ധ്വാനിച്ചു ജീവിക്കുന്നതിലുള്ള സന്തോഷം (joie de vivre) എന്നിവയാണ് ആ പുണ്യങ്ങള്‍! പാപ്പാ ഫ്രാന്‍സിസ് എണ്ണിയെണ്ണി പറഞ്ഞു.

“നമുക്ക് ഒരുമിച്ചു നടക്കാം!”
ഉള്ള കഴിവുകള്‍ പങ്കുവയ്ക്കാന്‍ സന്നദ്ധരായിരിക്കാം. അതുപോലെ മറ്റുള്ളവരിലെ നന്മകള്‍ അംഗീകരിക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്യാം. ഇത് ജീവിതത്തില്‍ ഒരുമിച്ചു നടക്കുന്നതിന്‍റെ ഭാഗമാണ്. അങ്ങനെ നമുക്കു ചുറ്റും നല്ലൊരു ലോകം വളര്‍ത്താം... കൂടുതല്‍ മനുഷ്യത്വമുള്ളൊരു ലോകം! ഭീതിയും സംശയവും വെടിഞ്ഞ്, മറ്റുള്ളവരില്‍നിന്നും നമ്മെ അകറ്റുന്ന വിഭജനത്തിന്‍റെ ഭിത്തകള്‍ തകര്‍ത്ത്, പരസ്പര വിശ്വാസം ക്ഷമയോടെ വളര്‍ത്തിക്കൊണ്ട് ജീവിച്ചാല്‍ സാഹോദര്യക്കൂട്ടായ്മയ്ക്കുള്ള നമ്മുടെ പരിശ്രമങ്ങള്‍ വൃഥാവിലാകില്ല.

അന്തസ്സുള്ള ജീവിതപാത തിരഞ്ഞെടുക്കാം
അന്തസ്സോടെ ഒരുമിച്ചു നടക്കാന്‍ പരിശ്രമിക്കണം. അതില്‍ വ്യക്തിഗതവും കുടുംബത്തിന്‍റേതുമായ അന്തസ്സുണ്ട്. സത്യസന്ധമായി തൊഴില്‍ ചെയ്തു ജീവിക്കുന്നതും അന്തസ്സാണ്...! അതുപോലെ നമ്മുടെ മുന്നോട്ടുള്ള ജീവിതപ്രയാണത്തെ പ്രാര്‍ത്ഥനയും ബലപ്പെടുത്തും. ആത്മീയതയുടെ സത്യസന്ധമായ ജീവിതത്തിലും അന്തസ്സുണ്ട്. ഇങ്ങനെയൊരു കാഴ്ചപ്പാടില്‍ ദൃഷ്ടികള്‍ മുന്നോട്ടു പതിച്ച് ഭാവിയുടെ ചക്രവാളത്തിലേയ്ക്ക് നടന്നുനീങ്ങാം, നടന്നടുക്കാം! ഈ യാത്രയില്‍ റൊമേനിയയില്‍ എത്രയോ ജനങ്ങളെയാണ് താന്‍ നേരില്‍ കണ്ടത്.

വികാരപൂര്‍ണ്ണമായ നന്ദിപ്രകടനം
ഈ കൂടിക്കാഴ്ചയില്‍ ഹൃദയങ്ങള്‍ തമ്മില്‍ പാലങ്ങള്‍ പണിയുകയായിരുന്നു, പരസ്പരം അടുക്കുകയാണ്. ജനതകളുടെയും സംസ്കാരങ്ങളുടെയും കൂടിക്കാഴ്ചയിലുള്ള സമ്പന്നതയുമായി മടങ്ങുകയാണിപ്പോള്‍, സര്‍വ്വോപരി ജനങ്ങളുടെ മുഖങ്ങള്‍ മനസ്സിലേറ്റിക്കൊണ്ടാണ് മടങ്ങുന്നത്, അത് തന്‍റെ ഓര്‍മ്മയെയും, പ്രാര്‍ത്ഥനയെയും, അനുദിനജീവിതത്തെയും കരുപ്പിടിപ്പിക്കുമെന്നു പ്രസ്താവിച്ചു. റോം സമൂഹത്തിലെ സകലര്‍ക്കും നന്ദിപറഞ്ഞുകൊണ്ടാണ് പാപ്പാ ഫ്രാന്‍സിസ് വാക്കുകള്‍ ഉപസംഹരിച്ചത്.
 

03 June 2019, 20:21