തിരയുക

Catholic Charismatic Renewal International Service - In Paul VI Hall of Vatican Catholic Charismatic Renewal International Service - In Paul VI Hall of Vatican 

പെന്തക്കൂസ്ത മഹോത്സവത്തില്‍ പിറവിയെടുത്ത “ക്യാരിസ്”

6000-ത്തില്‍ അധികം രാജ്യാന്തര പ്രതിനിധികള്‍ വത്തിക്കാനിലെ പോള്‍ ആറാമന്‍ ഹാളില്‍ സംഗമിച്ചു. പാപ്പാ ഫ്രാന്‍സിസ് കൂട്ടായ്മയെ അഭിസംബോധനചെയ്തു.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

ജൂണ്‍ 8, ശനിയാഴ്ച 
വത്തിക്കാനില്‍ ചേര്‍ന്ന കത്തോലിക്കാ ക്യാരിസ്മാറ്റിക് റിന്യൂവല്‍ സെര്‍വീസ്, “ക്യാരിസി”ന്‍റെ (Catholic Charismatic Renewal Service – CHARIS) രാജ്യാന്തര സംഗമത്തിനു പാപ്പാ ഫ്രാന്‍സിസ് നല്കിയ സന്ദേശം (cf. 1-9 points) :

1. ഒരാമുഖം
യേശു ജീവിക്കുന്നു! Yes, Jesus is alive! വേദിയില്‍ ആമുഖമായി പാടിയ ഗാനത്തിനു പാപ്പാ ഫ്രാന്‍സിസ് നന്ദിപറഞ്ഞു! തനിക്കും ഏറെ ഇഷ്ടപ്പെട്ട ഗാനമാണിതെന്നു തുറന്നു പറഞ്ഞിട്ട്, യേശു ഈ നവീകരണക്കൂട്ടായ്മയില്‍ ജീവിക്കട്ടെയെന്ന് ആമുഖമായി പ്രാര്‍ത്ഥിച്ചു.

2. വര്‍ഷങ്ങള്‍ 52 പിന്നിട്ട ആത്മീയയാത്ര
സഭയുടെ ക്യാരിസ്മാറ്റിക് നവീകരണ പ്രസ്ഥാനം 52 വര്‍ഷങ്ങള്‍ക്കുമുന്‍പ് ആരംഭിച്ച ഒരു രാജ്യാന്തര ആത്മീയ യാത്രയാണ്. ഈ പെന്തക്കൂസ്ത മഹോത്സവത്തോടെ അതില്‍ മാറ്റങ്ങള്‍ വരുത്തുകയും, ഒരു പുതിയ ഘട്ടം ആരംഭിക്കുകയും ചെയ്യുകയുമാണ്. സഭയില്‍ തുടക്കം കുറിച്ച ക്യാരിസ്മാറ്റിക് നവീകരണ പ്രസ്ഥാനത്തെക്കുറിച്ച് വിശുദ്ധനായ പോള്‍ ആറാമന്‍ പാപ്പായുടെ പ്രസ്താവം പരാവര്‍ത്തനം ചെയ്യുകയാണെങ്കില്‍, “ഇത് സഭയ്ക്ക് വലിയൊരു അവസരമാണ്, നവീകരണത്തിനുള്ള അവസരമാണ്” (cf. Address to Participants in the III International Congress of the Catholic Charismatic Renewal, 19 May 1975).

3. ഒന്നാകുന്ന രണ്ടു പ്രസ്ഥാനങ്ങള്‍
നീണ്ട 30 വര്‍ഷക്കാലം ക്യാരിസ്മാറ്റിക്ക് നവീകരണ പ്രസ്ഥാനത്തിന് നേതൃത്വംനല്കിയ രണ്ടു വലിയ രാജ്യാന്തര സംഘടകള്‍ക്ക് – കത്തോലിക്ക ക്യാരിസ്മാറ്റിക് നവീകരണ ശുശ്രൂഷയ്ക്കും (International Catholic Charismatic Renewal Service), കത്തോലിക്ക സാഹോദര്യ കൂട്ടായ്മയ്ക്കും (Catholic Fraternity) കൈകോര്‍ത്തുനിന്ന് അവര്‍ പ്രവര്‍ത്തിച്ച സഭാദൗത്യത്തിലെ പങ്കുചേരലിന് നന്ദിപറയുന്നു. വിശ്വാസ നവീകരണത്തിന്‍റെ പ്രവര്‍ത്തനങ്ങളെ ഈ രണ്ടു വലിയ ശക്തികളും ആളിക്കത്തിക്കുകയും, അവരുടെ വിശ്വസ്തതകൊണ്ട് “ക്യാരിസ്” എന്ന സഭയുടെ നവമായ പ്രസ്ഥാനം യാഥാര്‍ത്ഥ്യമാക്കാന്‍ വഴിയൊരുക്കുകയും ചെയ്തു. രണ്ടു രാജ്യാന്തര പ്രസ്ഥാനങ്ങള്‍ക്കും പാപ്പാ നന്ദിയര്‍പ്പിച്ചു.

4. നവസാരഥികളും പിന്‍തുണച്ചവരും
അന്യൂനമായ പുതിയ പദ്ധതിയുടെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുള്ള നാലു മഹല്‍വ്യക്തികള്‍ക്ക്, പേരുകള്‍ പറയാതെതന്നെ പ്രത്യേകം നന്ദിയര്‍പ്പിക്കുന്നു. അതുപോലെ അവരെ പിന്‍തുണച്ച അല്‍മായര്‍, കുടുംബം, ജീവന്‍ എന്നിവയ്ക്കായുള്ള വത്തിക്കാന്‍ സംഘത്തിനും, അതിന്‍റെ തലവനായ കര്‍ദ്ദിനാള്‍ ഫാരലിനും കൃതജ്ഞതയര്‍പ്പിക്കുന്നു!

5. അരൂപിയില്‍ ആരംഭിക്കുന്ന പുതിയയാത്ര
സഭയുടെ നവീകരണ പ്രസ്ഥാനത്തിന്‍റെ പുതിയ യാത്രയാണ് ഈ പെന്തക്കൂസ്താനാളില്‍ തുടക്കമിടുന്നത്. ദൈവാരൂപിയുടെ ശക്തമായ കരങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുള്ള കരിസ്മാറ്റിക്ക് കുടുംബത്തിലെ എല്ലാ അംഗങ്ങളും ഒത്തൊരുമിച്ചുള്ളൊരു യാത്രയുടെ ആരംഭമാണിത്.
ഒത്തൊരുമിച്ചുള്ള നവമായ ഈ യാത്ര എല്ലാവരെയും തുല്യരാക്കുന്ന സാന്നിദ്ധ്യമാണ്.
കാരണം എല്ലാവരും ഒരേ അരൂപിയില്‍നിന്നും ജനിച്ചവരാണ്. വലിയവരും ചെറിയവരും, പ്രായമായവരും ചെറുപ്പക്കാരും ഒരുപോലെയും, ആഗോളതലത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായിരിക്കുന്ന സകലരും, പല ഭാഗങ്ങളായി പ്രവര്‍ത്തിക്കുന്നതിലും ഭേദം, എല്ലാവരും പങ്കുചേരുന്ന ഒരു ആഗോള കൂട്ടായ്മയാണ് നല്ലതെന്ന ബോധ്യത്തോടെയാണ് ക്രിസ്തുവില്‍ ഒന്നാകുന്നതും, നവമായി തുടങ്ങുന്നതും.

6. ശുശ്രൂഷയുടെ കൂട്ടായ്മയും സവിശേഷതകളും
a നവമായത്

ഒരു വര്‍ഷംമുന്‍പ്, റോമിലെ ചീര്‍കോ മാക്സിമോ സ്റ്റേഡിയത്തില്‍ സമ്മേളിച്ച ആഗോള കത്തോലിക്ക കരിസ്മാറ്റിക് നവീകരണപ്രസ്ഥാനത്തിന്‍റെ രാജ്യാന്തര കൂട്ടായ്മയില്‍ സൂചിപ്പിച്ചതുപോലെ, നവമായത് അസ്ഥിരാമാണെന്നു തോന്നാം. കാരണം മാറ്റങ്ങളുടെ ആരംഭത്തില്‍ എപ്പോഴും ഒരു അസ്ഥിരതയും അനിശ്ചിതത്ത്വവുമുണ്ട്. മാറ്റം കാരണമാക്കുന്ന നവീനതയെക്കുറിച്ചുള്ള ആശങ്കകളാണ് ഇതിന്‍റെ പിന്നില്‍. തീര്‍ച്ചയായും നവമായതിനെക്കുറിച്ചുള്ള ചെറിയ ഭീതിയും ആശങ്കയും ന്യായീകരിക്കാവുന്നതും മനസ്സിലാക്കാവുന്നതുമായ മാനുഷിക ഭാവമാണ്. എന്നാല്‍ ആത്മീയതയുള്ള വ്യക്തികള്‍ക്ക് അപ്രകാരമായിരിക്കരുത്.

b നവീകരിക്കുന്ന ദൈവം
വെളിപാടു ഗ്രന്ഥത്തില്‍ ദൈവം കല്പിക്കുന്നുണ്ട്, “ഞാന്‍ എല്ലാം നവീകരിക്കും” (21, 5). അതിനാല്‍ നവമായത് എപ്പോഴും ദൈവത്തിന്‍റെ ദാനവും അനുഗ്രഹവുമാണ്. കാരണം നവീനത അവിടുത്തെ ഹൃദയത്തില്‍നിന്നും, സത്തയില്‍നിന്നും ഉതിര്‍ക്കൊള്ളുന്നതാണ്. “ഇപ്പോഴത്തെ അവസ്ഥയില്‍ ഞങ്ങള്‍ക്കു കുഴപ്പമൊന്നുമില്ല. എല്ലാം വളരെ നന്നായി പോകുന്നുണ്ട്. പിന്നെന്തിനാണ് മാറ്റം? അതിനാല്‍ പഴയതുപോലെ തന്നെ പോകാം. എന്താണു ചെയ്യേണ്ടതെന്നും ഞങ്ങള്‍ക്ക് അറിയാം!!” ഇങ്ങനെ പറയുന്ന പൊതുവായ പ്രവണത, ഒരു പ്രലോഭനമാണ്. എന്നാല്‍ മാറ്റത്തെ ചെറുക്കുന്ന ഇത്തരത്തിലുള്ള ചിന്താഗതി ദൈവാത്മാവില്‍നിന്നും വരുന്നതല്ല. ഭൗതികമായ അരൂപിയില്‍നിന്നും, ഭൗതികമായ ചിന്തയില്‍നിന്നും ഉടലെടുക്കുന്നതാണ്. ഇങ്ങനെയുള്ള തെറ്റായ ചിന്താഗതിക്കു പിറകെപോകുന്ന മനഃസ്ഥിതി വളര്‍ത്തരുത്. ഈ ഭൂമുഖത്തെ സകലതും താന്‍ നവീകരിക്കും എന്നുതന്നെയാണ് ദൈവം നമ്മോട് ഇന്നും അരുള്‍ചെയ്യുന്നത്.

c അനന്യത
ലോകത്തുള്ള സകല ക്യാരിസ്മാറ്റിക് ഗ്രൂപ്പുകളെയും സഹായിക്കാനുള്ള അനന്യതയുള്ള (Unique) ഒരു ശുശ്രൂഷയുടെ സംവിധാനമാണ് പരിശുദ്ധാത്മാവ് നവമായി ഉയര്‍ത്തിയിരിക്കുന്നത്. ഒരു ഓഫീസ് ചിലര്‍ക്കും, മറ്റൊന്നു മറ്റു ചിലര്‍ക്കും എന്ന വിവേചനത്തിന്‍റെയും വിഭജനത്തിന്‍റെയും വഴി പാടെ കൈവെടിയേണ്ടതാണെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.

d ശുശ്രൂഷ
നവീകരണ പ്രസ്ഥാനത്തില്‍ നാം ഉള്‍ക്കൊള്ളേണ്ട ശൈലി ശുശ്രൂഷയുടേതാണ്, ഭരണത്തിന്‍റേതല്ല. സഭയിലെ അധികാരം ശുശ്രൂഷയ്ക്കുള്ളതാണ്. എന്നാല്‍ നവീകരണ പ്രസ്ഥാനത്തിലുള്ളവരുടെ ജോലിയല്ല ഭരണം. വ്യത്യസ്തങ്ങളായ സേവനങ്ങള്‍ സ്ഥലത്തിനും കാലത്തിനും അനുസൃതമായി ദൈവജനത്തിനായി നിവര്‍ത്തിക്കുവാനും, അവരുടെ ആത്മീയയാത്രയില്‍ പറ്റുന്ന സേവനം ഏറ്റവും നന്നായി ചെയ്തുകൊടുക്കുന്നതിനുമാണ്.

e കൂട്ടായ്മ
നാടിന്‍റെയും ഭാഷയുടെയും സംസ്കാരങ്ങളുടെയും വൈവിധ്യങ്ങളില്‍, ഹൃദയങ്ങള്‍ കോര്‍ത്തിണക്കി ഒത്തൊരുമിച്ച് പിതാവിങ്കലേയ്ക്കു തിരിയാം, അവിടുത്തെ സ്നേഹത്തിന്‍റെ സാക്ഷികളാകാം. കഴിഞ്ഞ 52 വര്‍ഷക്കാലത്തില്‍ വിവിധങ്ങളായ സിദ്ധികളുടെയും സേവന സാക്ഷ്യത്തിന്‍റെയും ചൈതന്യമാണ് ദൈവാരൂപി സഭയില്‍ വളര്‍ത്തിയിട്ടുള്ളത്. ഏശയ്യാ പ്രവാചകന്‍റെ വാക്കുകളില്‍, “നിന്‍റെ കൂടാരം വിസ്തൃതമാക്കുക!” (52, 2). എന്നിട്ടു അവിടെ നമുക്കു ദൈവജനമായും ഒരു കുടുംബമായും പാര്‍ക്കാം. പ്രായത്തെക്കുറിച്ചോ, ബുദ്ധിവൈഭവത്തെക്കുറിച്ചോ, കഴിവുകളെക്കുറിച്ചോ കുടുംബത്തിലെ അംഗങ്ങളില്‍ ഒരാള്‍ മറ്റൊരാളേക്കാള്‍ വലുതല്ലാത്തുപോലെ, ഒരു ദൈവവും പിതാവും, ഒരു യേശുക്രിസ്തുവും, ഒരു പരിശുദ്ധാത്മാവുമുള്ള ഒരു ദൈവിക കുടുംബത്തിലെ അംഗങ്ങള്‍ എല്ലാവരും ഒരേ പിതാവിന്‍റെ മക്കളാണ്. ഇതേ ആശയത്തിലാണ്, ക്രിസ്തുവിന്‍റെ ഒരു ശരീരത്തിലെ വിവിധ അവയവങ്ങളെപ്പോലെ തന്‍റെ ലേഖനത്തില്‍ പൗലോശ്ലീഹ വളരെ വാചാലമായി ക്രൈസ്തവ സഭാക്കൂട്ടായ്മയെ ചിത്രീകരിക്കുന്നത് (1 കൊറി. 12, 16-26).

f നവീകരണത്തിലെ യുവജന സാന്നിദ്ധ്യം
രാജ്യാന്തര ക്യാരിസ്മാറ്റിക് ശുശ്രൂഷാക്കൂട്ടായ്മയുടെ സമ്മേളനത്തില്‍ യുവജനങ്ങളുടെ പ്രതിനിധി സംഘവും സന്നിഹിതമാണെന്ന് പാപ്പാ ഫ്രാന്‍സിസ് നിരീക്ഷിച്ചു. അതില്‍ അതിയായി സന്തോഷിക്കുന്നുവെന്നു പ്രസ്താവിച്ചു! യുവജനങ്ങളാണ് സഭയുടെ ‘ഇന്നും’ ‘നാളെ’യും. നവമായ സംവിധാനത്തില്‍ അവര്‍ക്കു വേണ്ടത്ര പ്രാതിനിധ്യവും പ്രാധാന്യവും കൊടുത്തിട്ടുള്ളതില്‍ ഏറെ സന്തോഷമുണ്ടെന്നും പാപ്പാ അറിയിച്ചു. അത് അവരുടേതായ ഉത്തരവാദിത്ത്വങ്ങള്‍ സഭയില്‍ ഉചിതമായി നിര്‍വ്വഹിക്കാനുള്ള വലിയ അവസരംതന്നെയാണ്.

7. പ്രസ്ഥാനത്തിന്‍റെ “മലേയിന്‍” പ്രമാണരേഖകള്‍
“മലേയിന്‍” (Malines) പ്രമാണങ്ങളുടെ പ്രസിദ്ധീകരണത്തിനുള്ള അവകാശം, നവമായ പ്രസ്ഥാനം, “ക്യാരിസി”ന് (CHARIS) ഇപ്പോള്‍ ഉണ്ടെന്നു മനസ്സിലാക്കുന്നു. അവയെക്കുറിച്ച് എല്ലാവരും അറിയണം! കൃപയുടെ സമൃദ്ധിയെയും ഒഴുക്കിനെയും കുറിച്ചുള്ള “പഠനസഹായി”യാണിതെന്ന് വിവിധ അവസരങ്ങളില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത് പാപ്പാ ഫ്രാന്‍സിസ് സമ്മേളനത്തെ അനുസ്മരിപ്പിച്ചു.

നവീകരണപ്രസ്ഥാനത്തിന്‍റെ ദൈവശാസ്ത്രപരവും, അജപാലനപരവും, ആരാധനക്രമപരവും, സഭാവൈജ്ഞാനികവുമായ വീക്ഷണങ്ങള്‍ മലൈന്‍സ് രേഖകളില്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടുള്ളതാണ്. ഇതിന്‍റെ പ്രതികള്‍ വിവിധ രാജ്യങ്ങളുടെ ദേശീയ ഓഫീസുകളില്‍ സൂക്ഷിച്ചിട്ടുള്ളതാണ്. രണ്ടാം വത്തിക്കാന്‍ സൂനഹദോസിനോടു ചേര്‍ന്നു വളര്‍ന്ന നവീകരണ പ്രസ്ഥാനത്തിന്‍റെ നെടുംതൂണായിരുന്ന ഭാഗ്യസ്മരണാര്‍ഹനായ ബ്രസ്സല്‍സിലെ കര്‍ദ്ദിനാള്‍ ലിയോ സുവെനെന്‍സിന്‍റെ രചനകള്‍ “മലേയിന്‍” രേഖയില്‍ ഉള്‍ച്ചേര്‍ന്നിട്ടുള്ളത് അതിനു ചരിത്രസാക്ഷ്യം നല്കുന്നുണ്ട്.

8. പ്രസ്ഥാനത്തിന്‍റെ അടിസ്ഥാന ലക്ഷ്യങ്ങള്‍
പാപ്പായും സഭയും ഈ ശുശ്രൂഷയുടെ കൂട്ടായ്മയില്‍നിന്ന് എന്താണു പ്രതീക്ഷിക്കുന്നതെന്നു പറയണമെന്ന് ആവശ്യപ്പെട്ടതനുസരിച്ച്, അവ ഓരോന്നായും ഹ്രസ്വമായും പാപ്പാ ഫ്രാന്‍സിസ് വ്യക്തമാക്കി (cf a-f points) :

a പരിശുദ്ധാത്മാവിലുള്ള ജ്ഞാനസ്നാനം പങ്കുവയ്ക്കാന്‍
സഭയിലുള്ള എല്ലാവരുമായി പരിശുദ്ധാത്മാവിലുള്ള ജ്ഞാനസ്നാനം പങ്കുവയ്ക്കുകയാണ് പ്രഥമ ലക്ഷ്യം. ഓരോരുത്തരും സ്വീകരിച്ചിട്ടുള്ള ദൈവകൃപ പങ്കുവയ്ക്കാനുള്ള ക്ഷണമാണിത്. അതു പങ്കുവയ്ക്കപ്പെടേണ്ടതാണ്.

b ആഗോളസഭയെ ശുശ്രൂഷിക്കാന്‍
ക്രിസ്തുവിന്‍റെ മൗതികശരീരവും അവിടുന്നില്‍ വിശ്വസിക്കുന്നവരുടെ സമൂഹവുമായ സഭയെ ശുശ്രൂഷിക്കുകയാണ് രണ്ടാമത്തെ ലക്ഷ്യം. സഭയില്‍ ഐക്യം സൃഷ്ടിക്കുന്ന പരിശുദ്ധാത്മാവുതന്നെയാണ് വൈവിധ്യങ്ങളും സൃഷ്ടിക്കുന്നത്. അതിനാല്‍ ഇത് വളരെ പ്രാധനപ്പെട്ട കാര്യമാണ്. വിവിധ സിദ്ധികളാല്‍ സഭയെ വൈവിധ്യപൂര്‍ണ്ണമാക്കുന്ന പരിശുദ്ധാത്മാവു തന്നെയാണ് അവയെ ഐക്യത്തില്‍ നിലനിര്‍ത്തുന്നത്. അതുകൊണ്ടാണ് വിശുദ്ധ ബെയ്സില്‍ പറഞ്ഞത്, “കൂട്ടായ്മയാണ് പരിശുദ്ധാത്മാവ്, അവിടുന്നു കൂട്ടായ്മ സൃഷ്ടിക്കുന്നു, ദൈവാത്മാവിലുള്ള സഭയിലെ കൂട്ടായ്മയും, നമ്മിലുള്ള കൂട്ടായ്മയും പരിശുദ്ധാത്മാവിന്‍റെ ദാനമാണ്.

c പാവങ്ങളെയും പരിത്യക്തരെയും പരിചരിക്കാന്‍
നമ്മില്‍ ശാരീരികവും ആത്മീയയവുമായി ഏറ്റവും കൂടുതല്‍ ആവശ്യത്തിലായിരിക്കുന്നവരെയും പാവങ്ങളെയും സഹായിക്കുക, മൂന്നാമത്തെ ലക്ഷ്യമാണ്.

d സ്നേഹത്തിന്‍റെ സാക്ഷ്യം
ജ്ഞാനസ്നാനം സ്വീകരിച്ചിട്ടുള്ള എല്ലാവരും ലോകത്തിന്‍റെ സുവിശേഷവത്ക്കരണത്തിനായി – അരൂപിയിലുള്ള ജ്ഞാനസ്നാനം നല്കാനും, എല്ലാമേഖലകളിലും ക്രിസ്തുവിനു സാക്ഷ്യംവഹിക്കാനും, പാവങ്ങളെ ശുശ്രൂഷിക്കാനും വിളിക്കപ്പെട്ടിരിക്കുന്നു. എന്നാല്‍ സുവിശേഷവത്ക്കരണം മതപരിവര്‍ത്തനമല്ല. പ്രഥമവും പ്രധാനവുമായി അത് സാക്ഷ്യമാണ്, സ്നേഹത്തിന്‍റെ ജീവിതസാക്ഷ്യമാണ്.

e സ്നേഹമില്ലെങ്കില്‍ എല്ലാം ശൂന്യം
“അവര്‍ എങ്ങനെ പരസ്പരം സ്നേഹിക്കുന്നെന്നു കാണുവിന്‍, എന്ന് ആദിമ ക്രൈസ്തവരെക്കുറിച്ച് പറയാറുണ്ട്. ആദ്യ ക്രിസ്ത്യാനികളെക്കുറിച്ച് ലോകത്തിനു ലഭിച്ച അഭിപ്രായമാണിത്. അതുപോലെ സുവിശേഷവത്ക്കരണമെന്നാല്‍ സ്നേഹമാണ്. ഓരോ വ്യക്തിയ്ക്കും - സ്ത്രീയ്ക്കും, പുരുഷനും, കുഞ്ഞിനും ദൈവസ്നേഹം പകര്‍ന്നുകൊടുക്കാനാണ്. സുവിശേഷവത്ക്കരണ പദ്ധതികള്‍ “ക്യാരിസ്” ആവിഷ്ക്കരിക്കേണ്ടത്.

f കൂട്ടായ്മയെ അതിലംഘിക്കരുത്
വളരെ സംഘടിതമായ പരിപാടികള്‍ ആസൂത്രണംചെയ്യുകയും നടപ്പിലാക്കുകയും ചെയ്യാം, എന്നാല്‍ അവയില്‍ അടിസ്ഥാനപരമായ സ്നേഹമില്ലെങ്കിലോ? അവയെല്ലാം വൃഥാവിലാണ്! “എപ്രകാരം നാം പരസ്പരം സ്നേഹിക്കുന്നുവെന്നതാണ് സാക്ഷ്യം”. ക്രിസ്തുവിന്‍റെ പ്രബോധനങ്ങളെ അതിലംഘിച്ചു ജീവിക്കുന്നരോട് കരുതളുള്ളവരായിരിക്കാന്‍ വിശുദ്ധ യോഹന്നാന്‍ ശ്ലീഹ തന്‍റെ രണ്ടാമത്തെ ലേഖനത്തില്‍ താക്കീതുനല്കുന്നുണ്ട്. ക്രിസ്തുവിന്‍റെ പ്രബോധനത്തില്‍ നിലനില്ക്കാതെ അതിനെ അതിലംഘിച്ചു മുമ്പോട്ടുപോകുന്ന ഒരുവനിലും ദൈവമുണ്ടായയിരിക്കില്ല (2 യോഹ. 9).

9. കൃപയുടെ ഒഴുക്കും സ്നേഹത്തിന്‍റെ സാക്ഷികളും
ദൈവാത്മാവിന്‍റെ കൃപയുടെ ഒഴുക്കായും അവിടുത്തെ സ്നേഹത്തിന്‍റെ സാക്ഷികളായും ക്യാരിസ്മാറ്റിക്ക് നവീകരണ ശുശ്രൂഷയിലെ, “ക്യാരിസി”ലെ അംഗങ്ങളായ നിങ്ങള്‍ ജീവിക്കുവിന്‍! ദൈവാരൂപി ഏവരെയും നയിക്കട്ടെ! നന്ദി!
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

10 June 2019, 13:06