തിരയുക

Vatican News
Pope Francis addressed the chaplains of Apostolatus Maris Pope Francis addressed the chaplains of Apostolatus Maris  (Vatican Media)

കടലിന്‍റെ പ്രേഷിതര്‍ സാന്ത്വന സാന്നിദ്ധ്യമാവണം

കടലില്‍ ജോലിചെയ്യുന്നവരുടെയും യാത്രികരുടെയും യൂറോപ്പിലെ ശുശ്രൂഷകരുടെ കൂട്ടായ്മയെ (Apostolatus Maris) പാപ്പാ ഫ്രാന്‍സിസ് അഭിസംബോധനചെയ്തു.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

ജൂണ്‍ 27- Ɔο തിയതി വ്യാഴാഴ്ച രാവിലെയാണ് 100 പേരോളം വരുന്ന കടല്‍യാത്രികരുടെയും, നാവീകരുടെയും, മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെയും യൂറോപ്പിലെ ശുശ്രൂഷകരുടെ കൂട്ടായ്മയുമായി വത്തിക്കാനിലെ ക്ലെമെന്‍റൈന്‍ ഹാളില്‍വച്ച് പാപ്പാ നേര്‍ക്കാഴ്ച നടത്തിയത്.

ആഗോളസമ്പദ് വ്യവസ്ഥിതിയെ
പിന്‍തുണയ്ക്കുന്ന കടലിലെ ജീവനക്കാര്‍
ലോകത്തെ 90 ശതമാനവും കച്ചവട ക്രയവിക്രയങ്ങള്‍ കടല്‍മാര്‍ഗ്ഗം നടക്കുന്നതിനാല്‍ ഇന്നത്തെ ആഗോള സമൂഹം കടല്‍വ്യവസായത്തെ ഏറെ ആശ്രയിക്കുന്നുണ്ട്. അതിനാല്‍ കടലില്‍ ജോലിചെയ്യുന്ന നാവികരും, മത്സ്യത്തൊഴിലാളികളും അവരുടെ മറ്റു സഹകാരികളുമായവര്‍ക്ക് ലോകത്തെ 300-ല്‍ അധികം തുറമുഖകേന്ദ്രങ്ങള്‍വഴി ചെയ്യുന്ന സേവനങ്ങള്‍ ഏറെ വിലപ്പെട്ടതാണെന്ന് പാപ്പാ പ്രസ്താവിച്ചു. നാവീകരില്ലെങ്കില്‍ ആഗോള സമ്പദ് വ്യവസ്ഥിതി നിശ്ചലമാകാം! അതുപോലെ മത്സ്യത്തൊഴിലാളികള്‍ ഇല്ലാതെ ലോകത്തിന്‍റെ പലഭാഗങ്ങളും വിശപ്പില്‍ ആഴ്ന്നുപോയേക്കാം. ഈ രണ്ടു മേഖലകളെയും പിന്‍തുണച്ചു പ്രവര്‍ത്തിക്കുന്ന മറ്റു വിഭാഗങ്ങളില്‍പ്പെട്ട കടല്‍ ജീവനക്കാരും ലോകത്തുണ്ട്. അതിനാല്‍ നാടും വീടും വിട്ട് ആയിരമായിരം കാതങ്ങള്‍ അകലെ വസിക്കുകയും ജോലിചെയ്യുകയും ചെയ്യുന്ന നാവീകരെയും മത്സ്യബന്ധനത്തില്‍ വ്യാപൃതരായിരിക്കുന്നവരെയും കടലുമായി ബന്ധപ്പെട്ട് മറ്റു തൊഴിലുകളില്‍ ഉള്‍പ്പെട്ടിരിക്കുന്നവരെയും നന്ദിയോടെ ഓര്‍ക്കേണ്ടതാണെന്ന് പാപ്പാ പ്രസ്താവിച്ചു.

കടല്‍മേഖലയില്‍ അനിവാര്യമായ അജപാലനം
ഇങ്ങനെ ജീവല്‍ബന്ധിയായി പ്രവര്‍ത്തിക്കുകയും യാത്രചെയ്യുകയും ചെയ്യുന്നവര്‍ കാലാവസ്ഥയുടെയും പ്രകൃതി ക്ഷോഭത്തിന്‍റെയും കെടുതികളെയും ക്ഷോഭത്തെയും മല്ലിട്ടു ജീവിക്കുമ്പോള്‍, അവര്‍ മനുഷ്യാവകാശത്തിന്‍റെ മേഖലയില്‍ അനീതിയും അതിക്രമങ്ങളും, ചിലപ്പോള്‍ ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട്. കൂടാതെ നിര്‍ബന്ധിത തൊഴില്‍, മനുഷ്യക്കടത്ത്, നീതിപൂര്‍വ്വകമല്ലാത്ത തൊഴില്‍ വേദനം എന്നിവയും കടലിന്‍റെ മക്കളുടെ ഭാഗധേയമാണെന്ന് പാപ്പാ ചൂണ്ടിക്കാട്ടി. ചിലപ്പോള്‍ അവര്‍ കടല്‍ക്കൊള്ളക്കാരുടെയും ഭീകരരുടെയും ക്രൂരതയ്ക്ക് അടിമപ്പെടേണ്ടതായും വരുന്നുണ്ട്. അതിനാല്‍ ഈ മേഖലയില്‍ അജപാലകരുടെയും സന്നദ്ധസേവകരുടെയും വലിയ ഉത്തരവാദിത്വവും ശുശ്രൂഷയും കടലിലെ തൊഴിലാളികള്‍ക്ക് സാന്നിദ്ധ്യമാവുകയാണ്.

കടലില്‍ ജോലിചെയ്യുകയും യാത്രചെയ്യുകയും
ചെയ്യുന്നവരെ തുണയ്ക്കാന്‍

ബൃഹത്തും സങ്കീര്‍ണ്ണവുമായ കടലിലെ അദ്ധ്വാനത്തിന്‍റെ മേഖലയില്‍ ക്രിസ്തുവിന്‍റെ സുവിശേഷ സാന്നിദ്ധ്യവും സാന്ത്വനവും അവര്‍ക്കു ലഭ്യമാക്കുക! അങ്ങനെ തുറമുഖങ്ങളിലേയ്ക്കും കപ്പലുകളിലേയ്ക്കും നിങ്ങള്‍ നടത്തുന്ന സന്ദര്‍ശനങ്ങള്‍വഴി ക്രിസ്തുവിന്‍റെ സ്നേഹവും കാരുണ്യവും അവര്‍ക്കു പകര്‍ന്നുനല്കുകയാണു വേണ്ടത്. ഇത് ഏറെ വിലപ്പെട്ട സേവനവും ശുശ്രൂഷയുമാണ്. അവരെ ശ്രവിക്കുക, അവരുടെ ആത്മീയവും ഭൗതികവുമായ ആവശ്യങ്ങളെക്കുറിച്ച് ക്ഷമയോടെ കേള്‍ക്കാനുള്ള കഴിവ് ശ്രേഷ്ഠതരമാണ്. മനുഷ്യരെ കേള്‍ക്കാന്‍ സന്നദ്ധരാവുകയെന്നാല്‍ അവര്‍ക്കായി ആത്മീയമായും ഭൗതികമായും സഹായം ലഭ്യമാക്കുകയെന്നാണ്. അതുവഴി അവരുടെ ജീവിതഭാരം ലഘൂകരിക്കാനും, ജീവിത ചുറ്റുപാടുകളില്‍ അവരുടെ മനുഷ്യാന്തസ്സു വീണ്ടെടുക്കാനും സാധിക്കും.

കടല്‍ മേഖലയിലെ രക്ഷണീയ സാന്നിദ്ധ്യം
പാവങ്ങളും വ്രണിതാക്കളുമായ കടലിലെ ജീവനക്കാരുടെകൂടെ പ്രേഷിതര്‍ ആയിരിക്കുന്നത്, അവരുടെ ഭാവി മെച്ചപ്പെടുത്തുക മാത്രമല്ല, അവരെ ചൂഷണങ്ങളില്‍നിന്നു മോചിപ്പിക്കുകയും, അവര്‍ക്ക് നിങ്ങള്‍ ദൈവപിതാവിന്‍റെ രക്ഷണീയ സാന്നിദ്ധ്യമാവുകയുമാണ്. ദൈവസ്നേഹത്തിനു മനുഷ്യഹൃദയങ്ങളെ മാറ്റിമറിക്കാനും രൂപപ്പെടുത്താനും സാധിക്കും. അങ്ങനെ പ്രതിസന്ധികളില്‍ സമാധാനവും, വിദ്വേഷവും വെറുപ്പുമുള്ളിടത്ത് നീതിയും സ്നേഹവും സമാശ്വാസവും വളര്‍ത്താന്‍ കടല്‍പ്പരപ്പിലെ അജപാലകര്‍ക്കും സന്നദ്ധസേവകര്‍ക്കും സാധിക്കട്ടെയെന്ന് ആശംസിച്ചുകൊണ്ടാണ് പാപ്പാ വാക്കുകള്‍ ഉപസംഹരിച്ചത്.
 

28 June 2019, 09:35