തിരയുക

Vatican News
പാപ്പായുടെ പ്രഭാഷണം ശ്രവിക്കുന്ന യുവജനങ്ങൾ പാപ്പായുടെ പ്രഭാഷണം ശ്രവിക്കുന്ന യുവജനങ്ങൾ   (Vatican Media)

യുവജനങ്ങള്‍ സ്വപ്നങ്ങളെ കൊത്തിയെടുക്കുന്ന വിദഗ്ദ്ധരായി മാറണം

യുവജനങ്ങളുമായുള്ള എക്യുമേനിക്കൽ മതാന്തര സമ്മേളനത്തിൽ പാപ്പാ നടത്തിയ പ്രഭാഷണം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ വാര്‍ത്തകള്‍

യുവജനങ്ങളുമായുള്ള സമ്മേളനങ്ങൾ തനിക്ക് സന്തോഷവും പ്രതീക്ഷയും നല്‍കുന്നുവെന്ന് പറഞ്ഞ പാപ്പാ യുവാക്കളുടെ ചോദ്യങ്ങൾക്ക് നന്ദി പറഞ്ഞു. ചില ചോദ്യങ്ങളെ തന്‍റെ പ്രഭാഷണ വിഷയമാക്കിയ ഫ്രാൻസിസ് പാപ്പാ യുവാക്കൾ പോലും സ്വപ്നം കാണുന്നത് നിറുത്തുന്നത് ഇക്കാലഘട്ടത്തിന്‍റെ ഒരു പ്രശ്നമാണെന്ന് സൂചിപ്പിച്ചു. ഇന്നത്തെ വിഷമിക്കുന്ന ലോകത്തിൽ മറ്റുള്ളവരോടൊപ്പം ക്രിസ്ത്യാനികളും, മുസ്ലിംങ്ങളും ഒരുമിച്ചു മുന്നേറുകയെന്നത് തീർച്ചയായും ഒരു സുന്ദര സ്വപ്നമാണെന്ന് ലിറിദോണാ എന്ന പെൺകുട്ടിയുടെ ചോദ്യത്തെ ഉദ്ധരിച്ച പാപ്പാ കുറച്ച് മാസങ്ങൾക്ക് മുൻപ് അൽ-അസ്സ്ഹാറിലെ വലിയ ഇമാമായ അഹമ്മദ് അൽ-തയേബും ഞാനും ചേർന്ന് കണ്ട സ്വപ്നമാണ് വിശ്വാസം വഴി വിശ്വാസികൾ  അപരരെ സഹോദരീ സഹോദരരായി കാണണമെന്നതെന്നും എല്ലാ പ്രായത്തിലും സ്വപ്നം കാണണമെന്നും വലിയ സ്വപ്നങ്ങൾ ആവണമെന്നും ആഹ്വാനം ചെയ്തു.

വടക്കന്‍ മെസിഡോണിയാ നാടിന്‍റെ കല്ല് കൊണ്ടുള്ള കൊത്തുപണി വിദ്യയെ ഓർമ്മിപ്പിച്ചു കൊണ്ട് നമ്മുടെ സ്വപ്നങ്ങളെ കൊത്തിയെടുക്കുന്ന വിദഗ്ദ്ധരായി മാറണമെന്നും അവരെ ഉദ്ബോധിപ്പിച്ച പാപ്പാ നല്ല സ്വപ്നങ്ങൾ സാക്ഷാൽക്കരിക്കാൻ പ്രത്യാശയും, ക്ഷമയും, പ്രതിബദ്ധതയും വേണമെന്നും അത് തിടുക്കത്തിൽ സാധ്യമാവില്ലായെന്നും അറിയിച്ചു.

മദർ തെരേസായെ അനുസ്മരിപ്പിച്ച ഫ്രാൻസിസ് പാപ്പാ മദർ തെരേസായെ പ്പോലെ ജീവിതം ഗൗരവമായെടുത്ത് അതിനെ മനോഹരമാക്കാനും, അപ്രതീക്ഷിതമായ തകിടം മറിച്ചിലുകൾ ഉണ്ടാകുമ്പോൾ തളരാതെ ക്രിയാത്മകമായ രീതിയിൽ അവയെല്ലാം അവസരങ്ങളാക്കി മാറ്റാൻ പരിശ്രമിക്കാനും ആവശ്യപ്പെട്ടു. ഇതിന് കൂട്ടായ്മയുടെ ആവശ്യകതയെയും പാപ്പാ ചൂണ്ടിക്കാ​ണിച്ചു. അതിനാൽ  ഇപ്പോൾ യുവജനങ്ങള്‍  കാണുന്നതു പോലെ ഒരുമിച്ച് സ്വപ്നം കാണാൻ പാപ്പാ ആഹ്വാനം ചെയ്തു. 

ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ നമ്മളെല്ലാം"connected" ആണെങ്കിലും പരസ്പ്പരം "involved" ആകുന്നില്ല എന്നു പറഞ്ഞ പാപ്പാ പരസ്പരം പങ്കുചേരാൻ ജീവൻ ആവശ്യമാണെന്നും ചൂണ്ടിക്കാണിച്ചു. അതിനാൽ മുഖത്തോടു മുഖം നോക്കി എല്ലാവരോടും പ്രത്യേകിച്ച് മുതിർന്നവരോടു  ഇടപഴകാൻ പാപ്പാ ആവശ്യപ്പെട്ടു. “എന്‍റെ കൈകൾ വേണോ നാഥാ രോഗികളെയും പാവപ്പെട്ടവരേയും സഹായിക്കാൻ,  ഇന്നു നിനക്ക് ഞാനത് സമർപ്പിക്കുന്നു” എന്നു തുടങ്ങുന്ന  മദർ തെരേസായുടെ പ്രാർത്ഥന എല്ലാവരും ഒരുമിച്ചു ചൊല്ലിക്കൊണ്ടാണ് പാപ്പാ തന്‍റെ പ്രഭാഷണം അവസാനിപ്പിച്ചത്.

08 May 2019, 10:43