തിരയുക

Vatican News
ഫാന്‍സീസ് പാപ്പാ ഉത്തര മാസിഡോണിയയ്ക്ക്  വിഡിയൊ സന്ദേശം നല്കുന്നു 04/05/2019 ഫാന്‍സീസ് പാപ്പാ ഉത്തര മാസിഡോണിയയ്ക്ക് വിഡിയൊ സന്ദേശം നല്കുന്നു 04/05/2019 

ഉത്തര മാസിഡോണിയയിലെ ജനങ്ങള്‍ക്ക് പാപ്പായുടെ വീഡിയൊ സന്ദേശം

ആയാസകരമെങ്കിലും മൂല്യവത്താണ് സമാധാനപരമായ സഹജീവനം, മാര്‍പ്പാപ്പാ

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

സമാഗമ സംസ്കൃതിയും സാഹോദര്യ സംസ്കൃതിയും യുറോപ്പിലും ലോകമഖിലവും ഊട്ടിവളര്‍ത്തേണ്ടത് എന്നത്തെക്കാളുമുപരി ഇന്ന് അനിവാര്യമാണെന്ന് മാര്‍പ്പാപ്പാ.

തന്‍റെ 29-Ↄ○ വിദേശ അപ്പസ്തോലിക ഇടയസന്ദര്‍ശനത്തിലുള്‍പ്പെടുത്തപ്പെട്ടിരിക്കുന്ന രണ്ടു ബാള്‍ക്കന്‍ നാടുകളിലൊന്നും ഈ ഇടയസന്ദര്‍ശനത്തിലെ രണ്ടാമത്തെ വേദിയുമായ ഉത്തര മാസിഡോണിയായിലെ ജനങ്ങള്‍ക്ക് ശനിയാഴ്ച നല്കിയ വീഡിയോ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പാ ഈ ആവശ്യകത ഊന്നിപ്പറഞ്ഞിരിക്കുന്നത്.

വാസ്തവത്തില്‍ അന്നാടിന്‍റെ സവിശേഷമായ മുഖസൗന്ദര്യം തന്നെ  അന്നാട്ടിലെ നിവാസികളുടെ സാംസ്ക്കാരിക-മത-വര്‍ഗ്ഗ-വൈവിധ്യത്തിന്‍റെ ഫലമാണെന്ന വസ്തുതയും പാപ്പാ തന്‍റെ സന്ദേശത്തില്‍ എടുത്തുകാട്ടുന്നു.

സത്യത്തില്‍, സഹജീവനം എന്നത് ആയാസകരമാണെന്നും എന്നാല്‍  അതിനായുള്ള പരിശ്രമം മൂല്യവത്താണെന്നും പ്രസ്താവിക്കുന്ന പാപ്പാ, കൂടുതല്‍ മനോഹരമായ നാനോപലഖചിതചിത്രപ്പണി, അതായത്, മൊസൈക്ചിത്രപ്പണി വര്‍ണ്ണാധ്യിക്യമുള്ളതാണെന്ന് ആലങ്കാരികമായി വിശദീകരിക്കുന്നു.

ഉത്തരമാസിഡോണിയായുടെ സ്വാതന്ത്ര്യലബ്ധിക്കു ശേഷം പരിശുദ്ധ സിംഹാസാനം അന്നാടുമായി സൗഹൃദ-നയതന്ത്രബന്ധങ്ങള്‍ സ്ഥാപിച്ചതും പാപ്പാ തന്‍റെ സന്ദേശത്തില്‍ അനുസ്മരിക്കുന്നു.

ഉത്തരമാസിഡോണിയയുടെ തലസ്ഥാന നഗരിയായ സ്കോപ്യെയില്‍ (SKOPJE) ജനിച്ചു വളര്‍ന്ന മഹാവിശുദ്ധയായ മദര്‍ തെരേസയുടെ മാദ്ധ്യസ്ഥ്യത്തിന് തന്‍റെ സന്ദര്‍ശനം സമര്‍പ്പിക്കുന്നുവെന്ന് പാപ്പാ പറയുന്നു.

ദൈവകൃപയാല്‍, ലോകത്തില്‍ ക്രിസ്തുവിന്‍റെ ഉപവിയുടെ ധീര പ്രേഷിതയായിത്തീര്‍ന്ന വിശുദ്ധ മദര്‍ തെരേസ ദരിദ്രരില്‍ ദരിദ്രരായവര്‍ക്ക് സാന്ത്വനവും ഔന്നത്യവും പകര്‍ന്നുവെന്നും പാപ്പാ അനുസ്മരിക്കുന്നു.

ഉത്തരമാസിഡോണിയയിലെ ജനങ്ങളുമായുള്ള കൂടിക്കാഴ്ച അവര്‍ക്കാവശ്യമായ സമാധാനവും സകല നന്മകളും പുറപ്പെടുവിക്കുന്നതിന് പ്രാര്‍ത്ഥനാപൂര്‍വ്വം  നമുക്കൊരുങ്ങാമെന്നു പറയുന്ന പാപ്പാ എല്ലാവര്‍ക്കും   ദൈവാനുഗ്രഹം പ്രാര്‍ത്ഥിച്ചുകൊണ്ടാണ് വീഡിയോ സന്ദേശം ഉപസംഹരിച്ചിരിക്കുന്നത്.

ഞായറാഴ്ച (05/05/2019) രാവിലെ ആരംഭിക്കുന്ന തന്‍റെ ത്രിദിന വിദേശഅപ്പസ്തോലിക ഇടയസന്ദര്‍ശനത്തിലെ ആദ്യവേദിയായ ബള്‍ഗേറിയയ്ക്കുള്ള വീഡിയോ സന്ദേശം പാപ്പാ വെള്ളിയാഴ്ച (03/05/2019) നല്കിയിരുന്നു. അന്നാട്ടില്‍ പാപ്പാ രണ്ടു ദിവസം, അതായത്, ഞായറും തിങ്കളും ചിലവഴിക്കും.

ചൊവ്വാഴ്ച (07/05/2019) ഉത്തര മാസിഡോണിയയിലേക്കു പുറപ്പെടുന്ന പാപ്പാ അന്നു രാത്രി വത്തിക്കാനില്‍ തിരിച്ചെത്തും.

04 May 2019, 12:53