തിരയുക

Vatican News
"നിങ്ങള്‍ ലോകത്തിന്‍റെ പ്രകാശമാണ്" "നിങ്ങള്‍ ലോകത്തിന്‍റെ പ്രകാശമാണ്" 

“നിങ്ങള്‍ ലോകത്തിന്‍റെ പ്രകാശമാണ്" പാപ്പായുടെ മോത്തു പ്രോപ്രിയൊ!

പാപ്പായുടെ പുതിയ സ്വയാധികാര പ്രബോധനം "വോസ് ഏസ്തിസ് ലൂക്സ് മൂന്തി"-“VOS ESTIS LUX MUNDI”

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

പാപ്പായു‌ടെ പുതിയ സ്വയാധികാര പ്രബോധനം, അഥവാ, “മോത്തു പ്രോപ്രിയൊ” പ്രകാശിതമായി.

വ്യാഴാഴ്ച (09/05/2019) ഉച്ചയ്ക്ക് വത്തിക്കാനില്‍, പരിശുദ്ധസിംഹാസനത്തിന്‍റെ  വാര്‍ത്താവിനിമയ കാര്യാലയത്തില്‍ (പ്രസ്സ് ഓഫീസില്‍) ആയിരുന്നു പ്രകാശനച്ചടങ്ങ്.

മോത്തു പ്രോപ്രിയൊ രൂപത്തിലുള്ള ഈ അപ്പസ്തോലിക ലേഖനം ആരംഭിക്കുന്നത് “നിങ്ങള്‍ ലോകത്തിന്‍റെ പ്രകാശമാണ്, മലമുകളില്‍ പണിതുയര്‍ത്തിയ പട്ടണത്തെ മറച്ചുവയ്ക്കുക സാധ്യമല്ല”, മത്തായിയുടെ സുവിശേഷം അഞ്ചാം അദ്ധ്യായത്തിലെ പതിനാലാമത്തെതായ ഈ വാക്യത്തിലാകയാല്‍ “നിങ്ങള്‍ ലോകത്തിന്‍റെ പ്രകാശമാണ്" എന്നര്‍ത്ഥമുള്ള “VOS ESTIS LUX MUNDI” എന്ന ലത്തീന്‍ വാക്യമാണ് ഇതിന് നാമമായി നല്കപ്പെട്ടരിക്കുന്നത്.

സഭയില്‍ നടക്കുന്ന ലൈംഗികപീഢനസംഭവങ്ങളെ കൈകാര്യം ചെയ്യേണ്ടതിനെ സംബന്ധിച്ച് വ്യക്തമായ നടപടിക്രമങ്ങള്‍ വ്യവസ്ഥ ചെയ്യുന്നതാണ് “VOS ESTIS LUX MUNDI” “മോത്തു പ്രോപ്രിയൊ”.

ഈ മോത്തുപ്രോപ്രിയൊ 3 വര്‍ഷക്കാലത്തെ പരീക്ഷണാടിസ്ഥാനത്തില്‍ ഇക്കൊല്ലം  ജൂണ്‍ ഒന്നിന് (01/06/2019) പ്രാബല്യത്തിലാകും.

ലൈംഗികകുറ്റകൃത്യം  നമ്മുടെ കര്‍ത്താവിനെതിരായ അപരാധമാണെന്നും ഈ കുറ്റകൃത്യത്തിനിരകളാകുന്നവര്‍ക്ക്, അത്, ശാരീരികവും മാനസികവും ആദ്ധ്യാത്മികവുമായ ഹാനി വരുത്തുന്നുവെന്നും വിശ്വാസികളുടെ സമൂഹത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്നും പാപ്പാ ഈ മോത്തുപ്രോപ്രിയൊയുടെ ആമുഖത്തില്‍ പറയുന്നു.

നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു, സുകൃതങ്ങളുടെയും ആര്‍ജ്ജവത്തിന്‍റെയും വിശുദ്ധിയുടെയും വിളങ്ങുന്ന മാതൃകയാകാന്‍ ഓരോ വിശ്വാസിയെയും വിളിച്ചിരിക്കുന്നുന്നവെന്ന് പാപ്പാ ഓര്‍മ്മപ്പെടുത്തുന്നു. 

ക്രിസ്തുവിലുള്ള നമ്മുടെ വിശ്വാസത്തിന്, നമ്മുടെ ജീവിതത്തില്‍, പ്രത്യേകിച്ച് അയല്‍ക്കാരനുമായുള്ള നമ്മുടെ ബന്ധത്തില്‍, സമൂര്‍ത്തസാക്ഷ്യമേകാന്‍ നാം വിളിക്കപ്പെട്ടിരിക്കുന്നുവെന്നും പാപ്പാ ഉദ്ബോധിപ്പിക്കുന്നു.

ലൈംഗികകുറ്റകൃത്യങ്ങള്‍ തടയുന്നതിന് രൂപതാതലത്തില്‍ സ്വീകരിക്കേണ്ട പ്രായോഗിക നടപടികളും ഈ അപ്പസ്തോലിക ലേഖനം മുന്നോട്ടു വയ്ക്കുന്നു.

ലൈംഗികാതിക്രമങ്ങളെ സംബന്ധിച്ച പരാതികള്‍ എളുപ്പത്തില്‍ ബോധിപ്പിക്കാന്‍ കഴിയുന്ന സംവിധാനങ്ങള്‍ 2020 ജൂണിനുള്ളില്‍ എല്ലാ രൂപതകളിലും ഏര്‍പ്പെടുത്തിയിരിക്കണമെന്നും ഇത്തരം കുറ്റ കൃത്യങ്ങളെക്കുറിച്ച് അറിവു ലഭിച്ചാല്‍ വൈദികരും സന്ന്യാസിസന്ന്യാസിനികളും ഉടനടി അത് സഭാധികരികളെ അറിയിച്ചിരിക്കമെന്നും മോത്തു പ്രോപ്രിയൊ വ്യവസ്ഥ ചെയ്യുന്നു.

സഭാധികാരികളെ ധരിപ്പിച്ചതുകൊണ്ട് ഓരോ നാടിന്‍റെയും പൗരനിയമങ്ങള്‍ക്കനുസൃതം പൗരാധികാരികള്‍ക്ക് വിവരം നല്കുകയെന്ന കടമയില്‍ നിന്ന് ആരും ഒഴിവാക്കപ്പെടുന്നില്ല എന്ന വസ്തുതയും ഇത് എടുത്തു കാട്ടുന്നു.

പ്രായപൂര്‍ത്തിയാകത്തവരുമായി ബന്ധപ്പെട്ടതു മാത്രല്ല അധികാരദുര്‍വിനിയോഗത്തിന്‍റെ ഫലമായ ലൈംഗികകുറ്റകൃത്യങ്ങളും ബന്ധപ്പെട്ട അധികാരികളെ ധരിപ്പിക്കാനുള്ള ബാദ്ധ്യതയും ഈ മോത്തു പ്രോപ്രിയൊയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

 

 

09 May 2019, 12:41