തിരയുക

Vatican News
ഫ്രാന്‍സീസ് പാപ്പാ, വത്തിക്കാനില്‍, വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ ചത്വരത്തില്‍, പൊതുകൂടിക്കാഴ്ചാ വേളയില്‍ 01/05/2019 ഫ്രാന്‍സീസ് പാപ്പാ, വത്തിക്കാനില്‍, വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ ചത്വരത്തില്‍, പൊതുകൂടിക്കാഴ്ചാ വേളയില്‍ 01/05/2019  (AFP or licensors)

ദൈവമല്ല പ്രലോഭനങ്ങളുടെ കര്‍ത്താവ്,പാപ്പായുടെ പൊതുദര്‍ശന പ്രഭാഷണം

മനുഷ്യന്‍റെ യാത്രയില്‍ പ്രകടമാകുന്ന പ്രലോഭനങ്ങളുടെ കര്‍ത്താവ് ദൈവമല്ല. സ്വന്തം മക്കള്‍ക്ക് കെണികളും കുരുക്കുകളും ഒരുക്കുന്നത് ദൈവമാണെന്ന വിധത്തിലുള്ള വ്യാഖ്യാനം, യേശു വെളിപ്പെടുത്തിയ ദൈവത്തിന്‍റെ ഛായയ്ക്ക് കടകവിരുദ്ധമാണ്-ഫ്രാന്‍സീസ് പാപ്പാ

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ലോകം തൊഴിലാളിദിനവും സാര്‍വ്വത്രികസഭ തെഴിലാളികളുടെയും സഭയുടെയും സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥനായ വിശുദ്ധ യൗസേപ്പിന്‍റെ തിരുന്നാളും ആചരിക്കുന്ന മെയ് ഒന്നിന് ഇറ്റലിയിലും വത്തിക്കാന്‍ നഗരത്തിലും പൊതുഅവധിയാണെങ്കിലും ഈ ബുധനാഴ്ച (01/05/2019) ഫ്രാന്‍സീസ് പാപ്പാ പ്രതിവാരപൊതുദര്‍ശന പരിപാടിക്ക് മുടക്കം വരുത്തിയില്ല. ഇന്ത്യക്കാരുള്‍പ്പടെ വിവിധരാജ്യക്കാരായിരുന്ന ആയിരക്കണക്കിനു തീര്‍ത്ഥാടകരും സന്ദര്‍ശകരും വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ അങ്കണത്തില്‍  പൊതുകൂടിക്കാഴ്ചയില്‍ പങ്കെടുക്കുന്നതിന് എത്തിയിരുന്നു. തന്നെ ഏവര്‍ക്കും   കാണത്തക്കരീതിയില്‍ സജ്ജീകരിച്ചിട്ടുള്ള വെളുത്ത തുറന്ന വാഹനത്തില്‍ ചത്വരത്തിലെത്തിയ പാപ്പായെ   ജനസഞ്ചയം ഹര്‍ഷാരവങ്ങളോടെ  വരവേറ്റു. ബസിലിക്കാങ്കണത്തില്‍ എത്തിയ പാപ്പാ ഏവര്‍ക്കും അഭിവാദ്യമര്‍പ്പിച്ചുകൊണ്ട്, ജനങ്ങള്‍ക്കിടയിലൂടെ, വാഹനത്തില്‍ സാവധാനം നീങ്ങി. പതിവുപോലെ, അംഗരക്ഷകര്‍ ഇടയ്ക്കിടെ തന്‍റെ പക്കലേക്ക് എടുത്തുകൊണ്ടുവന്ന പിഞ്ചു കുഞ്ഞുങ്ങളെ പാപ്പാ വാഹനം നിറുത്തി തൊട്ടുതലോടുകയും ആശീര്‍വദിക്കുകയും സ്നേഹചുംബനമേകുകയും ചെയ്യുന്നുണ്ടായിരുന്നു. പ്രസംഗവേദിക്കടുത്തുവച്ച് വാഹനത്തില്‍ നിന്നിറങ്ങിയ പാപ്പാ നടന്ന് വേദിയിലേക്കു പോകുന്നതിനു മുമ്പ് അവിടെ നിന്നിരുന്ന ഏതാനും പേരെ അടുത്തുചെന്ന് അഭിവാദ്യം ചെയ്യുകയും ഒരാള്‍ നല്കിയ ചെറുസമ്മാനം സസന്തോഷം സ്വീകരിക്കുകയും ചെയ്തു. തുടര്‍ന്ന്  വേദിയിലേക്കു കയറിയ പാപ്പാ റോമിലെ സമയം രാവിലെ 09.30 കഴിഞ്ഞപ്പോള്‍, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 1 മണിക്കു ശേഷം, ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന്  വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണമായിരുന്നു.

“13 സഹോദരരേ, ദൈവം വിശ്വസ്തനാണ്. നിങ്ങളുടെ ശക്തിക്കതീതമായ പ്രലോഭനങ്ങള്‍ ഉണ്ടാകാന്‍ അവിടന്ന് അനുവദിക്കില്ല. പ്രലോഭനങ്ങള്‍ ഉണ്ടാകുമ്പോള്‍  അവയെ അതിജീവിക്കാന്‍ വേണ്ട ശക്തി അവിടന്ന് നിങ്ങള്‍ക്കു നല്കും”. (പൗലോസ് അപ്പസ്തോലന്‍ കോറിന്തോസുകാര്‍ക്കെഴുതിയ ഒന്നാം ലേഖനം 10:13)

ഈ വിശുദ്ധഗ്രന്ഥഭാഗം വായിക്കപ്പെട്ടതിനെ തുടര്‍ന്ന് ജനങ്ങളെ സംബോധനചെയ്ത പാപ്പാ, “സ്വര്‍ഗ്ഗസ്ഥനായ പിതാവേ” എന്ന പ്രാര്‍ത്ഥനയെ അധികരിച്ചു ബുധനാഴ്ചത്തെ പൊതുകൂടിക്കാഴ്ചാവേളയില്‍ നടത്തിപ്പോരുന്ന പ്രബോധന പരമ്പര തുടര്‍ന്നു. കര്‍ത്തൃപ്രാര്‍ത്ഥനയിലെ യാചനകളില്‍ ഒന്നായ “പ്രലോഭനത്തില്‍ വീഴാതെ ഞങ്ങളെ കാത്തുകൊള്ളണമേ” എന്ന വാക്യമായിരുന്നു പാപ്പായുടെ വിചിന്തനത്തിനവലംബം.

പാപ്പായുടെ ഇറ്റാലിയന്‍ ഭാഷയില്‍ ആയിരുന്ന മുഖ്യ പ്രഭാഷണത്തിന്‍റെ സംഗ്രഹം:

പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം,

“സ്വര്‍ഗ്ഗസ്ഥനായ പിതാവേ” എന്ന പ്രാര്‍ത്ഥനയെ അധികരിച്ചുള്ള പ്രബോധനപരമ്പര തുടരുന്ന നമ്മള്‍ ആ പ്രാര്‍ത്ഥനയിലെ ഉപാന്ത്യയാചനയില്‍, അതായത്, “പ്രലോഭനത്തില്‍ വീഴാതെ ഞങ്ങളെ കാത്തുകൊള്ളണമേ” എന്ന അപേക്ഷയില്‍ എത്തിയിരിക്കയാണ്. “ഞങ്ങളെ പ്രലോഭനത്തില്‍ ഉള്‍പ്പെടുത്തരുതേ”, “പ്രലോഭനത്തില്‍ വീഴാതെ ഞങ്ങളെ കാത്തുകൊള്ളേണമേ” എന്നിങ്ങനെ രണ്ടു ഭാഷ്യങ്ങളുണ്ട്. “സ്വര്‍ഗ്ഗസ്ഥനായ പിതാവേ” എന്ന പ്രാര്‍ത്ഥന വളരെ പ്രശാന്തമായിട്ടാണ് ആരംഭിക്കുന്നത്. ദൈവത്തിന്‍റെ മഹത്തായ പദ്ധതി നമ്മുടെ മദ്ധ്യേ സാക്ഷാത്ക്കരിക്കപ്പെടണമെന്ന അഭിവാഞ്ഛ നമ്മില്‍ ജനിപ്പിക്കുന്നു. തദ്ദനന്തരം നമ്മുടെ ജീവിതത്തിലേക്ക് നമ്മുടെ നയനങ്ങളെ തിരിക്കുകയും അനുദിനം നമുക്കാവശ്യമുള്ളത്, അതായത്, “അന്നന്നു വേണ്ടുന്ന ആഹാരം” ചോദിക്കാന്‍ നമ്മെ പ്രചോദിപ്പിക്കുകയും ചെയ്യുന്നു. തുടര്‍ന്ന് ഈ പ്രാര്‍ത്ഥന നമ്മുടെ വ്യക്തിബന്ധങ്ങളിലേക്കു, പലപ്പോഴും സ്വാര്‍ത്ഥതയാല്‍ മലിനീകൃതമായ ബന്ധങ്ങളിലേക്ക്, കടക്കുന്നു. നാം മാപ്പപേക്ഷിക്കുകയും മാപ്പു നല്കാന്‍ പരിശ്രമിക്കുകയും ചെയ്യുന്നു. എന്നാല്‍, സ്വര്‍ഗ്ഗീയപിതാവുമായുള്ള നമ്മുടെ സംഭാഷണമെന്നു പറയാവുന്ന പ്രാര്‍ത്ഥനയായ,  “പ്രലോഭനത്തില്‍ വീഴാതെ ഞങ്ങളെ കാത്തുകൊള്ളണമേ” എന്ന ഉപാന്ത്യപ്രാര്‍ത്ഥനവഴി നമ്മള്‍ നമ്മുടെ സ്വാതന്ത്ര്യവും ദുഷ്ടാരൂപിയുടെ കെണികളും തമ്മിലുള്ള പോരാട്ടവേദിയിലേക്കു കടക്കുകയാണ്.

ദൈവം പ്രലോഭനങ്ങളുടെ കര്‍ത്താവല്ല

സുവിശേഷത്തില്‍ ഗ്രീക്കുഭാഷയിലുള്ള യഥാര്‍ത്ഥ പ്രയോഗത്തിന്‍റെ സൂക്ഷ്മമായ അര്‍ത്ഥം പ്രകാശിപ്പിക്കുക അത്ര എളുപ്പമല്ല എന്നത് സുവ്യക്തമാണ്. എല്ലാ ആധുനിക വിവവര്‍ത്തനങ്ങളും അല്പം വികലമാണ്. എന്നാല്‍ ഒരു കാര്യത്തില്‍ നമുക്കെല്ലാവര്‍ക്കും യോജിക്കാന്‍ സാധിക്കും, അതായത്, മനുഷ്യന്‍റെ യാത്രയില്‍ പ്രകടമാകുന്ന പ്രലോഭനങ്ങളുടെ കര്‍ത്താവ് ദൈവമല്ല. സ്വന്തം മക്കള്‍ക്ക് കെണികളും കുരുക്കുകളും ഒരുക്കുന്നത് ദൈവമാണെന്ന വിധത്തിലുള്ള വ്യാഖ്യാനം, യേശു വെളിപ്പെടുത്തിയ ദൈവത്തിന്‍റെ ഛായയ്ക്ക് കടകവിരുദ്ധമാണ്. സ്വര്‍ഗ്ഗസ്ഥനായ പിതാവേ എന്ന പ്രാര്‍ത്ഥന ആരംഭിക്കുന്നത് “പിതാവേ” എന്ന സംബോധനയോടെയാണ് എന്നത് നാം മറക്കരുത്. മക്കള്‍ക്ക് കെണികള്‍ ഒരുക്കാത്ത ഒരു പിതാവാണ് അത്. അസൂയാലുവും മനുഷ്യനോടു മത്സരിക്കുന്നവനും അവനെ പരിക്ഷിച്ച് രസിക്കുന്നവനുമല്ല ക്രിസ്ത്യാനിയുടെ ദൈവം. വിജാതിയരുടെ നിരവധി ദൈവങ്ങളാകട്ടെ ഈ സ്വഭാവമുള്ളവയാണ്. അങ്ങനെയല്ലേ?  “പരീക്ഷിക്കപ്പെടുമ്പോള്‍, താന്‍ ദൈവത്താലാണ് പരീക്ഷിക്കപ്പെടുന്നതെന്ന് ഒരുവനും പറയാതിരിക്കട്ടെ. എന്തെന്നാല്‍, ദൈവം തിന്മയാല്‍ പരീക്ഷിക്കപ്പെടുന്നില്ല, അവിടന്ന് ആരെയും പരീക്ഷിക്കുന്നുമില്ല. (യാക്കോബ് 1:13) എന്നാണ് യാക്കോബ് തന്‍റെ ലേഖനത്തില്‍ പറയുന്നത്. സ്വര്‍ഗ്ഗീയ പിതാവല്ല തിന്മയുടെ കര്‍ത്താവ്, മകന്‍ മീന്‍ ചോദിച്ചാല്‍ ആ പിതാവ് പാമ്പിനെ കൊടുക്കില്ല. മനുഷ്യനെ തിന്മ വേട്ടയാടുമ്പോള്‍ അവനെ അതില്‍ നിന്ന് രക്ഷിക്കാന്‍ ദൈവം അവനോടോപ്പം പോരാടുന്നു. നമുക്കെതിരായിട്ടല്ല അവിടന്ന് യുദ്ധം ചെയ്യുന്നത്. ഈ അര്‍ത്ഥത്തിലാണ് നാം “സ്വര്‍ഗ്ഗസ്ഥനായ പിതാവേ” എന്ന പ്രാര്‍ത്ഥന ചൊല്ലുന്നത്.

പ്രലോഭനങ്ങള്‍ യേശുവിന്‍റെ ഐഹികജീവിതത്തില്‍

പീഡകളും പ്രലോഭനവും, സര്‍വ്വോപരി, യേശുവിന്‍റെ ജീവിതത്തില്‍ നിഗൂഢമാംവിധം സന്നിഹിതമായിരുന്നു. ഈ അനുഭവം അവിടത്തെ എല്ലാത്തരത്തിലും നമ്മുടെ സഹോദരനാക്കി മാറ്റുന്നു. മരുഭൂമിയിലും ഗത്സേമന്‍ തോട്ടത്തിലും യേശു, ദൈവഹിതം വെടിയാനുള്ള എല്ലാം പ്രലോഭനങ്ങളെയും മറികടക്കുന്നു. എന്നാല്‍ നമുക്കറിയാം ഭീതിയാലുള്ള മരവിപ്പിനാല്‍ തളര്‍ന്നുപോയ ശിഷ്യര്‍ ഉറങ്ങുകയായിരുന്നുവെന്ന്. സഹനങ്ങളുടെ വേളയില്‍ തന്നെ ഉപേക്ഷിക്കരുതെന്ന് ദൈവം മനുഷ്യനോട് ആവശ്യപ്പെടുന്നുണ്ടെങ്കിലും അവന്‍ ഉറങ്ങുന്നു. എന്നാല്‍ ദൈവമാകട്ടെ, മനുഷ്യന്‍ പരീക്ഷണവിധേയനാകുമ്പോള്‍ ഉണര്‍ന്നിരിക്കുന്നു. നമ്മുടെ ജീവിതത്തിലെ  ഏറ്റം മോശവും ക്ലേശകരവും ആശങ്കാജനകവുമായ വേളകളില്‍ ദൈവം നമ്മൊടൊപ്പം ഉണര്‍ന്നിരിക്കുകയും നമ്മോടൊന്നു ചേര്‍ന്ന് പോരാടുകയും ചെയ്യുന്നു. അവിടന്ന് എപ്പോഴും നമ്മുടെ ചാരെയുണ്ട്. 

ദൈവം നമ്മോടൊപ്പം

പരീക്ഷണത്തിന്‍റെയും പ്രലോഭനത്തിന്‍റെയും നിമിഷങ്ങള്‍ നമ്മില്‍ നിന്നകന്നുപോകട്ടെ. എന്നാല്‍ ആ വേളകളുണ്ടാകുമ്പോള്‍ ഞങ്ങളുടെ പിതാവേ,  ഞങ്ങള്‍ ഒറ്റയ്ക്കല്ല എന്നു കാണിച്ചുതരേണമേ. നീ ഞങ്ങളുടെ പിതാവാണ്, അങ്ങേ തിരുസുതന്‍ കുരിശിന്‍റെ  ഭാരമെല്ലാം സ്വന്തം ചുമലിലേറ്റി എന്ന് ഞങ്ങള്‍ക്കു കാണിച്ചു തരേണമേ. യേശുവിനോടൊപ്പം ആ കുരിശു വഹിക്കാനും പിതാവിന്‍റെ സ്നേഹത്തിന് വിശ്വാസപൂര്‍വ്വം സമര്‍പ്പിക്കാനും അവിടന്നു ഞങ്ങളെ വിളിക്കുന്നുവെന്ന് കാണിച്ചു തരേണമേ. നന്ദി.  

ഈ വാക്കുകളെ തുടര്‍ന്ന് പാപ്പായുടെ, ഇറ്റാലിയന്‍ ഭാഷയിലായിരുന്ന, പ്രഭാഷണത്തിന്‍റെ സംഗ്രഹം ആംഗലവും അറബിയുമുള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ ഭാഷയില്‍ അഭിവാദ്യം ചെയ്യുകയും ചെയ്തു. 

തൊഴിലാളികള്‍ക്കും തൊഴില്‍രഹിതര്‍ക്കും വേണ്ടി പ്രാര്‍ത്ഥന

യുവജനത്തെയും വൃദ്ധജനത്തെയും രോഗികളെയും നവദമ്പതികളെയും പതിവുപോലെ സംബോധന ചെയ്ത പാപ്പാ, തൊഴിലാളികളുടെ മദ്ധ്യസ്ഥനും സാര്‍വ്വത്രികസഭയുടെ സ്വര്‍ഗ്ഗീയ സംരക്ഷകനുമായ വിശുദ്ധ യൗസേപ്പിന്‍റെ  തിരുന്നാള്‍ മെയ് ഒന്നിന് ആചരിക്കപ്പെടുന്നത് അനുസ്മരിച്ചു.

നസ്രത്തിലെ വിനയാന്വിതനായ ഒരു തൊഴിലാളിയായിരുന്ന വിശുദ്ധ യൗസേപ്പ് നമ്മെ ക്രിസ്തോന്മുഖരാക്കുകയും ഈ ലോകത്തില്‍ നന്മചെയ്യുന്നവരുടെ ത്യാഗപ്രവൃത്തികള്‍ക്ക്  പിന്‍ബലമേകുകയും ചെയ്യുന്നതിനുവേണ്ടിയും തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്കും ജോലി കണ്ടെത്താന്‍ കഴിത്തവര്‍ക്കും വേണ്ടിയും  പാപ്പാ പ്രാര്‍ത്ഥിച്ചു. നമ്മുടെ ഈ കാലഘട്ടത്തിലെ ഒരു ആഗോളദുരന്തമാണ് തൊഴിലില്ലായ്മയെന്ന് അനുസ്മരിച്ച പാപ്പാ തൊഴില്‍ രഹിതര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ എല്ലാവരെയും ക്ഷണിച്ചു.  

പൊതുദര്‍ശന പരിപാടിയുടെ അവസാനം കര്‍ത്തൃപ്രാര്‍ത്ഥന ലത്തീന്‍ ഭാഷയില്‍ ആലപിക്കപ്പെട്ടതിനെ തുടര്‍ന്ന് പാപ്പാ എല്ലാവര്‍ക്കും  തന്‍റെ  അപ്പസ്തോലിക ആശീര്‍വ്വാദം നല്കി.

 

01 May 2019, 12:20