തിരയുക

Vatican News
 Madonna of Sheshan Madonna of Sheshan 

ചൈനയിലെ വിശ്വാസികള്‍ക്ക് പാപ്പാ ഫ്രാന്‍സിസിന്‍റെ അഭിവാദ്യങ്ങള്‍

ക്രിസ്ത്യാനികളുടെ സഹായമായ ഷ്യാങ്ഹ്യായിലെ കന്യകാനാഥയുടെ തിരുനാള്‍

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

ചൈനയുടെ അനുഗ്രഹനാഥ
ചൈനയിലെ ജനങ്ങള്‍ മെയ് 24-Ɔο തിയതി വെള്ളിയാഴ്ച ആചരിക്കുന്ന ഷേഷ്യാങിലെ ക്രിസ്ത്യാനികളുടെ സഹായമായ മറിയത്തിന്‍റെ (Mary Help of Christians) തിരുനാളിനോട് അനുബന്ധിച്ചാണ് പാപ്പാ ഫ്രാന്‍സിസ് ചൈനയിലെ വിശ്വാസികളെ പ്രത്യേകം അഭിവാദ്യംചെയ്യുകയും തിരുനാള്‍ ആശംസകള്‍ നേരുകയും ചെയ്തത്. ബുധനാഴ്ച രാവിലെ വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ പതിവുള്ള പൊകൂടിക്കാഴ്ച പ്രഭാഷണത്തിന്‍റെ അന്ത്യത്തിലാണ് ഷ്യാങ്ഹ്യായ് നഗരമദ്ധ്യത്തിലെ ക്രിസ്ത്യാനികളുടെ സഹായിയായ കന്യകാനാഥയുടെ തീര്‍ത്ഥാടന തിരുനടയിലെ മഹോത്സവനാളുമായി ബന്ധപ്പെട്ട് ചൈനയിലെ വിശ്വാസികളെ ഓര്‍ക്കാനും അവരെ അഭിവാദ്യംചെയ്യാനും പാപ്പാ ഫ്രാന്‍സിസ് അവസരം കണ്ടെത്തിയത്.

പ്രതിസന്ധികളില്‍ അമ്മ തുണയാവട്ടെ!
അനുദിന ജീവിതത്തിന്‍റെ പ്രയാസങ്ങളും പ്രതിസന്ധികളും പേറുമ്പോഴും, ദൈവത്തില്‍ വിശ്വസിക്കുകയും പ്രത്യാശിക്കുകയും, സ്നേഹത്തോടെ മുന്നേറുകയും ചെയ്യുന്ന ചൈനയിലെ വിശ്വാസികള്‍ക്ക് കന്യകാനാഥയുടെ ഈ തിരുനാളില്‍ തന്‍റെ വാത്സല്യവും സാമീപ്യവും അറിയിക്കുന്നതായി പാപ്പാ പ്രസ്താവിച്ചു. സാഹോദര്യത്തിന്‍റെയും സ്നേഹത്തിന്‍റെയും സാക്ഷികളായി ജീവിക്കാന്‍ സ്വര്‍ഗ്ഗീയ അമ്മ ചൈനയിലെ വിശ്വാസികളെ അനുഗ്രഹിക്കട്ടെ!

ചൈനയ്ക്കുവേണ്ടി പ്രത്യേക പ്രാര്‍ത്ഥന
ആഗോള സഭാക്കൂട്ടായ്മയോടു ചേര്‍ന്നുനില്ക്കാനും വിശ്വസ്തരായി ജീവിക്കാനും ഷേഷ്യാങിലെ കന്യകാനാഥ ചൈനയിലെ ജനങ്ങളെ തുണയ്ക്കട്ടെയെന്നും പാപ്പാ ആശംസയില്‍ കൂട്ടിച്ചേര്‍ത്തു. തുടര്‍ന്ന് ചൈനയിലെ ജനങ്ങളെ ആകമാനം അഭിവാദ്യംചെയ്യുകയും, ആശംസകള്‍ അര്‍പ്പിക്കുകയും ചെയ്തു. നന്മനിറഞ്ഞ മറിയമേ, എന്ന ജപം പൊതുകൂടിക്കാഴ്ച വേദിയില്‍ ജനങ്ങള്‍ക്കൊപ്പം ചൈനീസ് ജനതയ്ക്കുവേണ്ടി ചൊല്ലിക്കൊണ്ടാണ് പാപ്പാ ആശംസകള്‍ ഉപസംഹരിച്ചത്.

ചൈനക്കാരുടെ ഭാഗ്യദായിനി
കിഴക്കന്‍ ചൈനയിലെ ഷ്യാങ്ഹ്യായ് നഗരത്തിലാണ് ക്രിസ്ത്യാനികളുടെ സഹായിയായ കന്യകാനാഥയുടെ നാമത്തിലുള്ള ഷേഷ്യാങ്  തീര്‍ത്ഥാടനകേന്ദ്രം സ്ഥിതിചെയ്യുന്നത്. തന്‍റെ കൈകളില്‍  ഉണ്ണിയെ തലയ്ക്കു മുകളില്‍ ഉയര്‍ത്തിപ്പിടിച്ചു നില്ക്കുന്ന കന്യകാനാഥയുടെ അത്യപൂര്‍വ്വമായ തിരുസ്വരൂപം ചൈനക്കാര്‍ ഭാഗ്യചിഹ്നവും, അനുഗ്രഹസ്രോതസ്സുമായി കണക്കാക്കുന്നു. അതുകൊണ്ടുതന്നെ ജാതിമതഭേദമെന്യേ ജനങ്ങളാണ് ഷേഷ്യാങിലെ കന്യകാനാഥയുടെ തിരുനടയില്‍ അനുദിനം എത്തിച്ചേരുന്നത്. 1850-ല്‍ യൂറോപ്യന്‍ മിഷണറിമാര്‍ സ്ഥാപിച്ച ക്രിസ്ത്യാനികളുടെ സഹായിയായ കന്യകാനാഥയുടെ നാമത്തിലുള്ള ചെറിയ ദേവാലയമാണ് പിന്നീട് 1925-35 കാലയളവില്‍ മനോഹരമായ ദേവാലയമായി ഷേഷ്യാങ് കുന്നില്‍ മുകളില്‍ പണിതീര്‍ക്കപ്പെട്ടത്. ഇന്നത് ഷ്യാങ്ഹായ് അതിരൂപതയുടെ ഭദ്രാസനദേവാലയവും, മൈനര്‍ ബസിലിക്കയുമാണ്.
 

22 May 2019, 18:06