തിരയുക

Pope francis addressed the authorities of Romania Pope francis addressed the authorities of Romania 

പൊതുനന്മ ലക്ഷ്യംവയ്ക്കേണ്ട രാഷ്ട്രീയ നേട്ടത്തെക്കുറിച്ച്...

ബുക്കാറെസ്റ്റിലെ പ്രസിഡന്‍ഷ്യല്‍ മന്ദിരത്തില്‍വച്ച് രാഷ്ട്രപ്രതിനിധികളെയും സഭാപ്രതിനിധികളെയും ജനപ്രതിനിധികളെയും പാപ്പാ ഫ്രാന്‍സിസ് അഭിസംബോധനചെയ്തു. പ്രഭാഷണത്തിന്‍റെ പ്രസക്ത ഭാഗങ്ങള്‍...

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

രാഷ്ട്രപ്രതിനിധികളോടും ജനപ്രതിനിധികളോടും
1. പ്രസിഡന്‍റ് ക്ലാവൂസ് യൊഹാന്നിസ്, മറ്റു ഭരണകര്‍ത്താക്കള്‍, രാഷ്ട്രപ്രതിനിധികള്‍, നയതന്ത്രപ്രതിനിധികള്‍, പാത്രിയര്‍ക്കീസ് ഡാനിയേല്‍, മറ്റു സഭാപ്രതിനിധികള്‍, സന്ന്യസ്തര്‍, ജനപ്രതിനിധികള്‍ എന്നിവരെ അഭിസംബോധന ചെയ്തുകൊണ്ടാണ് പാപ്പാ ഫ്രാന്‍സിസ് റൊമേനിയയിലെ തന്‍റെ പ്രഥമ പ്രഭാഷണം ആരംഭിച്ചത്. “താരാ ഫ്രുമോസാ” tara frumoasa റൊമേനിയന്‍ ഭാഷയില്‍... മനോഹരമായ നാട്, എന്നു തന്‍റെ മുന്‍ഗാമി, വിശുദ്ധനായ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ 20 വര്‍ഷങ്ങള്‍ക്കുമുന്‍പു തന്‍റെ ചരിത്ര സന്ദര്‍ശനത്തില്‍ നടത്തിയ പരാമര്‍ശത്തെ പാപ്പാ ആമുഖമായി അനുസ്മരിച്ചു.

സ്വാതന്ത്ര്യത്തിന്‍റെ കുളിര്‍ക്കാറ്റ്
2. റഷ്യന്‍ കമ്യൂണിസ്റ്റ് ഭരണത്തില്‍നിന്നും രാഷ്ട്രം സ്വാതന്ത്ര്യം നേടിയിട്ട് 40 വര്‍ഷങ്ങള്‍ തികയുകയാണ്. ഇവിടത്തെ പൗരസമൂഹവും, മതസമൂഹങ്ങളും പീഡിപ്പിക്കപ്പെട്ടൊരു കാലമുണ്ടായിരുന്നു. സ്വാതന്ത്ര്യം നേടിയിട്ടും നാടിന്‍റെ പിന്നോക്ക അവസ്ഥകൊണ്ടെന്നോണം മറ്റു യൂറോപ്യന്‍ രാജ്യങ്ങളാല്‍പ്പോലും അവഗണിക്കപ്പെട്ടൊരു നാടായിരുന്നു റൊമേനിയ. അങ്ങനെ പിന്നെയും സാമ്പത്തിക മാന്ദ്യവും, വികസനമാന്ദ്യവും അനുഭവിച്ച നാടാണിത്. എന്നാല്‍ ഇന്ന് പ്രതിസന്ധികള്‍ മറികടന്ന് ഈ ജനം ഉയര്‍ന്നുകഴിഞ്ഞു. മതസ്വാതന്ത്ര്യവും രാഷ്ട്രീയ വൈവിധ്യങ്ങളും സാമൂഹിക ശക്തിയും വളര്‍ന്ന്, ലോകരാഷ്ട്രങ്ങള്‍ക്കൊപ്പം തലയുയര്‍ത്തി നില്ക്കുന്നൊരു നാടാണ് റൊമേനിയ! നിങ്ങള്‍ മുന്നോട്ടുവച്ചിരിക്കുന്ന ചുവടുകള്‍ വലുതാണ്!

വികസനത്തിനൊപ്പം തലപൊക്കിയ പ്രതിസന്ധികള്‍
3. എന്നാല്‍ മാറ്റങ്ങള്‍ക്കും വികസനത്തിനൊപ്പം, സാമൂഹ്യസുസ്ഥിതിയെ മാറ്റിമറിക്കുന്ന പ്രതിസന്ധികള്‍ പിന്നെയും ഈ മണ്ണില്‍ വളര്‍ന്നിട്ടുണ്ട്. അതിലൊന്ന് കുടിയേറ്റമാണ്. ഇന്നാട്ടില്‍നിന്ന് പതിനായിരങ്ങളാണ്, മാന്യമായി ജീവിക്കുന്നതിനുവേണ്ടി നാടും വീടുംവിട്ട് അന്യനാടുകളിലേയ്ക്ക് കുടിയേറിയിരിക്കുന്നത്. കുടിയേറ്റക്കാരായ റൊമേനിയന്‍ മക്കള്‍ ഈ നാടിനെ, അവരുടെ കുടുംബങ്ങളെ എന്നപോലെ സമ്പന്നമാക്കിയിട്ടുണ്ട്. ഇന്നാടിന്‍റെ ചരിത്രത്തിലെ പുതിയ അദ്ധ്യായത്തില്‍ കാണുന്ന പ്രതിസന്ധികള്‍ പരിശോധിക്കുമ്പോള്‍ രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക, ആദ്ധ്യാത്മിക മേഖലകളില്‍ ശ്രദ്ധേയമായ പരസ്പരസഹായവും പിന്‍തുണയും അത്യാന്താപേക്ഷിതമാണെന്നും മനസ്സിലാക്കാം. ഇവിടത്തെ എല്ലാ സംസ്ഥാനങ്ങളും സമൂഹങ്ങളും അതിനാല്‍ ലക്ഷ്യംവയ്ക്കേണ്ടത് പൊതുനന്മയാണ്. ഭാവി കരുപ്പിടിപ്പിക്കാന്‍ ഒത്തൊരുമിച്ചു മുന്നോട്ടു നീങ്ങുമ്പോഴും, പൊതുനന്മയാണ് ജനം ലക്ഷ്യം വയ്ക്കേണ്ടത്. അതിന് പൊതുനന്മ, എന്ന ലക്ഷ്യം മുന്നില്‍ കാണുന്ന കൂട്ടായ്മ വളര്‍ത്താനാണ് റൊമേനിയ പരിശ്രമിക്കേണ്ടത്.

പൊതുനന്മ ലക്ഷ്യമിടാം!
4. എല്ലാവരെയും ഉള്‍ക്കൊള്ളുന്നൊരു സാകല്യസംസ്കൃതി വളര്‍ത്താമെങ്കില്‍ എല്ലാവര്‍ക്കും അടിസ്ഥാനമായ വിദ്യാഭ്യാസവും തൊഴിലും ലഭ്യമാക്കേണ്ടതാണ്. ഇത് പങ്കാളിത്തത്തിന്‍റെയും പാരസ്പരികതയുടെയും മാര്‍ഗ്ഗമാണ് (സുവിശേഷ സന്തോഷം, 192). മുന്നോട്ടുള്ള പ്രയാണത്തില്‍ പാവങ്ങളെയും, പരിത്യക്തരെയും ഉള്‍ക്കൊള്ളുകയും, അങ്ങനെ എല്ലാവരും പൊതുനന്മയുടെ പ്രയോക്താക്കളാകാനും കഴിയുമെങ്കില്‍, ജനം പൗരന്മാരും സഹോദരങ്ങളുമാണ് എന്ന മനോഭാവം നിലനിര്‍ത്താനാകും, വളര്‍ത്തിയെടുക്കാനാകും. അത് നിര്‍ദ്ദനരെയും പാവങ്ങളെയും ഉള്‍ക്കൊള്ളുകയും, അവരെ സമൂഹത്തില്‍ പങ്കുചേര്‍ക്കുകയും ചെയ്യുന്നൊരു സാമൂഹ്യനിര്‍മ്മിതിയാണ്.

സാമ്പത്തികശക്തിയല്ല ധാര്‍മ്മികശക്തി
5. ബാഹ്യമായി ഒരു വലിയ സാമ്പത്തിക ശക്തിയായി വളരുക എന്നതായിരിക്കരുത് റൊമേനിയയുടെ ലക്ഷ്യം, മറിച്ച് മനുഷ്യസമൂഹത്തെ കേന്ദ്രീകരിച്ചും, ഓരോ വ്യക്തിയുടെയും അനിഷേധ്യമായ അവകാശവും സ്വാതന്ത്ര്യവും സംരക്ഷിച്ചുകൊണ്ടുമുള്ളൊരു വളര്‍ച്ചയായിരിക്കണം അത്. സമഗ്രവികസനത്തിനുള്ള കൂട്ടായ പരിശ്രമമാണത് (സുവിശേഷ സന്തോഷം, 203). ഇവിടെ വളരെ പ്രകടവും യഥാര്‍ത്ഥവുമായ സ്നേഹത്തിന്‍റെയും കൂട്ടായ്മയുടെയും മനോഭാവവും ജീവിതവും അനിവാര്യമാണ്, ഒപ്പം പൊതുനന്മ ലക്ഷ്യംവച്ചുകൊണ്ടുള്ള സാമൂഹ്യ, സാമുദായിക, രാഷ്ട്രീയ നീക്കങ്ങളും! സമൂഹത്തിന്‍റെ സാങ്കേതികവും ഭൗതികവുമായ വളര്‍ച്ച നല്ലതാണ്, എന്നാല്‍ ഒപ്പം അത് ജനത്തിന്‍റെ ആത്മാവിനെയും ആത്മീയതയെയും ധാര്‍മ്മികതയെയും സംരക്ഷിക്കുന്നതും നിലനിര്‍ത്തുന്നതുമായിരിക്കണം.

ദൈവികസാമീപ്യത്തിനു സാക്ഷ്യമാകേണ്ട ക്രൈസ്തവ സ്ഥാപനങ്ങള്‍
6. രാഷ്ട്രീയ സാമൂഹ്യ സാഹചര്യങ്ങളിലും അവയുടെ പ്രവര്‍ത്തനങ്ങളിലും സ്പന്ദിക്കുന്ന മനുഷ്യഹൃദയങ്ങളെ പുനരാവിഷ്ക്കരിക്കാനും അവയുടെ അന്തസ്സു നിലനിര്‍ത്താന്‍ സഹായിക്കുവാനും ക്രൈസ്തവസ്ഥാപനങ്ങള്‍ക്കും സാധിക്കണം. അവിടെല്ലാം പൊതുനന്മയ്ക്കായി പ്രവര്‍ത്തിക്കാനുള്ള സൗമനസ്യവും ഔദാര്യവുമാണ് ക്രൈസ്തവസ്ഥാപനങ്ങള്‍ പ്രകടമാക്കേണ്ടത്. അതോടൊപ്പം ദൈവികസാന്നിദ്ധ്യത്തിന്‍റെയും സാമീപ്യത്തിന്‍റെയും ഉത്തരവാദിത്വപൂര്‍ണ്ണവും ആകര്‍ഷകവുമായൊരു സാക്ഷ്യമായിത്തീരാന്‍ റൊമേനിയയിലെ സഭയെന്നും പരിശ്രമിക്കേണ്ടതാണ്. സമൂഹത്തില്‍ യഥാര്‍ത്ഥവും പാരസ്പരികതയുള്ളതുമായ സൗഹൃദവും സഹകരണവും കാണിച്ചുകൊണ്ടാണ് ക്രൈസ്തവസാക്ഷ്യം പ്രകടമാക്കേണ്ടത്.

ഒത്തുചേരേണ്ട ക്രൈസ്തവസാഹോദര്യം
7. നവമായൊരു സാമൂഹ്യനിര്‍മ്മിതിയില്‍ സത്യസന്ധമായി പങ്കുചേരാനാണ് സഭ ആഗ്രഹിക്കേണ്ടത്. അവള്‍ ഐക്യത്തിനുള്ള ശ്രമങ്ങളില്‍ പ്രത്യാശയുടെ അടയാളമായും, മനുഷ്യാന്തസ്സിന്‍റെയും പൊതുനന്മയുടെയും സേവകയായും പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നു. രാഷ്ട്രനേതാക്കളോടും പൗരപ്രമുഖരോടും സഹകരിച്ചായിരിക്കും ആ സേവനം. ഇതര സഭാംഗങ്ങളോടും സഭാപ്രവര്‍ത്തനങ്ങളോടും കൈകോര്‍ത്ത് സാഹോദര്യത്തിന്‍റെ ശൈലിയില്‍ റൊമേനിയയുടെ പൊതുനന്മയ്ക്കായി പ്രവര്‍ത്തിക്കാന്‍ സഭ ആഗ്രഹിക്കുന്നു.

ഐക്യത്തില്‍ മുന്നേറാം!
8 നവമായ ഒരു സമൂഹത്തിന് ഇണങ്ങുന്ന സമഗ്രമായ വിദ്യാഭ്യാസത്തിന്‍റെയും ഉപവിപ്രവര്‍ത്തനങ്ങളുടെയും ശൈലിയില്‍ റൊമേനിയന്‍ ജനതയുടെ സാമൂഹികവും ആത്മീയവുമായ ഉന്നമനത്തിനായി പരിശ്രമിക്കാന്‍ സാഹോദര്യത്തില്‍ നമുക്കേവര്‍ക്കും കൈകോര്‍ക്കാം, എന്ന് ആഹ്വാനംചെയ്തുകൊണ്ടും, നാടിന്‍റെ സമാധാനത്തിനും സമൃദ്ധിക്കുമായി പ്രാര്‍ത്ഥിച്ചുകൊണ്ടുമാണ് പാപ്പാ ഫ്രാന്‍സിസ് പ്രഭാഷണം ഉപസംഹരിച്ചത്.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

31 May 2019, 20:10