തിരയുക

Vatican News
 ശ്രീലങ്കയിൽ നടന്ന  ആക്രമണത്തിനിരയാക്കപ്പെട്ട ദേവാലയം ശ്രീലങ്കയിൽ നടന്ന ആക്രമണത്തിനിരയാക്കപ്പെട്ട ദേവാലയം   (AFP or licensors)

ക്രിസ്ത്യാനികൾക്കെതിരായ ആക്രമണങ്ങൾ വാർത്തയാകുന്നില്ല

ബുർകീനാ ഫാസോയിൽ ക്രിസ്ത്യാനികൾക്കെതിരെ പ്രത്യേകിച്ച് കത്തോലിക്കർക്കെതിരെയുള്ള ആക്രമണങ്ങൾ വര്‍ദ്ധിച്ചുവരുന്നതായി കാണപ്പെടുന്നു.

സി.റൂബിനി സി.റ്റി.സി , വത്തിക്കാന്‍ ന്യൂസ്

ബുർകീനാ ഫാസോയിൽ കത്തോലിക്കാ ദേവാലയത്തിൽ ദിവ്യപൂജയുടെ നേരത്ത് 4  വിശ്വാസികൾ  കൊല്ലപ്പെട്ട ഭീകരാക്രമണത്തെക്കുറിച്ച് "ഇന്നും ക്രിസ്തുവിനോടുള്ള സ്നേഹത്തെ പ്രതി ധാരാളം ക്രിസ്ത്യാനികൾ കൊല്ലപ്പെടുകയും, പീഡിപ്പിക്കപ്പെടുകയും ചെയ്യുന്നു. അവര്‍ അവരുടെ ജീവൻ നിശബ്ദരായി നൽകുന്നു. കാരണം രക്തസാക്ഷിത്വം ഒരു വാർത്തയല്ല: പക്ഷെ ഇന്ന് ആദ്യ നൂറ്റാണ്ടുകളേക്കാൾ കൂടുതൽ ക്രൈസ്തവരക്തസാക്ഷികളുണ്ട്."  എന്ന് പാപ്പാ തന്‍റെ ട്വിറ്റര്‍ സന്ദേശത്തില്‍ പങ്കുവച്ചു.

ബുർകീനാ ഫാസോയിൽ ക്രിസ്ത്യാനികൾക്കെതിരെ പ്രത്യേകിച്ച് കത്തോലിക്കർക്കെതിരെയുള്ള ആക്രമണങ്ങൾ വര്‍ദ്ധിച്ചുവരുന്നതാണ് കാണുന്നത്. മുസ്ലിം തീവ്രവാദികൾ ഉത്തരവാദികളാണെന്ന് പറയപ്പെടുന്ന ഈ ആക്രമണങ്ങൾ മിക്കവാറും, ദിവ്യബലിയര്‍പ്പണ​ സമയത്തും, മതആചാരങ്ങളുടെ നേരത്തുമാണ് നടക്കുന്നത്. ക്രിസ്ത്യാനികളുമായി സമാധാനത്തിൽ സഹവസിക്കുന്ന മുസ്ലിം ഭൂരിപക്ഷവും ചില സമയത്ത് ആക്രമിക്കപ്പെടാറുള്ളത്, മത സ്പർധ വർധിപ്പിക്കാനുള്ള ഭീകരരുടെ തന്ത്രമാണ്.  ജിഹാദികൾ വിചാരിക്കുന്നതിന്‍റെ വിപരീത ഫലങ്ങളാണ് ക്രിസ്തായ സമൂഹത്തിന്‍റെ  അക്രമരഹിതമായ പ്രതിഷേധം ഉളവാക്കുന്നത്. ഇത് വിവിധ മതവിഭാഗങ്ങൾ കൂടുതൽ ഒന്നിപ്പിക്കാൻ സഹായിക്കുന്നു. 

ഫ്രാൻസിസ് പാപ്പാ തന്‍റെ പദവി ഏറ്റെടുത്തതുമുതൽ  ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങളെ അന്തർദേശീയ സമൂഹത്തിന്‍റെ ശ്രദ്ധയിൽ കൊണ്ടുവരാൻ പരിശ്രമിച്ചിട്ടുണ്ട്. ആക്രമണങ്ങൾ വാർത്താമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യാറില്ലെന്നും, നിശ്ശബ്ദരായിരുന്നു ആക്രമണങ്ങൾ തടയാനാവുന്ന പല ശക്തികളും കുറ്റകൃത്യങ്ങളിൽ പങ്കുകാരാവുകയാണെന്നും പാപ്പാ സാന്താ മാർത്തായില്‍  അര്‍പ്പിച്ച ദിവ്യപൂജാ മദ്ധ്യേ 2015 സെപ്റ്റംബർ 7നു അപലപിച്ചിരുന്നു.  സഭ ഇന്ന് രക്തസാക്ഷികളുടെ സഭയാണെന്നും, യേശുവിനോടു വിശ്വസ്‌ത്ഥരായിരിക്കാൻ വേണ്ടി തടവും, അപവാദവും, പീഡനവും അനുഭവിച്ച് കൊണ്ട് സ്വയം പേരുപോലുമറിയിക്കാതെ  സഹിക്കുകയും, ജീവൻ നൽകുകയും ചെയ്യുന്ന രക്തസാക്ഷികള്‍ അവരുടെ സാക്ഷ്യം വഴി നമ്മൾ ദൈവത്തിന്‍റെ അനുഗ്രഹം നേടുകയും ചെയ്യുന്നുവെന്നും പാപ്പാ സാന്താ മാർത്തായില്‍  അര്‍പ്പിച്ച ദിവ്യപൂജാ മദ്ധ്യേ മറ്റൊരവസരത്തിലും സൂചിപ്പിച്ചിരുന്നു. (21 മാർച്ച് 2015 )

28 May 2019, 16:01