തിരയുക

Vatican News
ഫ്രാന്‍സിസ് പാപ്പാ ‍മദ്ധ്യാഹ്നാ പ്രാര്‍ത്ഥനാ സന്ദേശം നല്‍കുന്നു ഫ്രാന്‍സിസ് പാപ്പാ ‍മദ്ധ്യാഹ്നാ പ്രാര്‍ത്ഥനാ സന്ദേശം നല്‍കുന്നു  (Vatican Media)

യേശുവിന്‍റെ വാഗ്ദാനമായ പരിശുദ്ധാത്മാവ് നമ്മില്‍ പ്രവര്‍ത്തിക്കുന്നു

വത്തിക്കാനില്‍ ഫ്രാന്‍സിസ് പാപ്പാ ‍ഞായറാഴ്ച്ച നയിച്ച മദ്ധ്യാഹ്നാ പ്രാര്‍ത്ഥനാ പരിപാടിയുടെ സംഗ്രഹം.

സി.റൂബിനി സി.റ്റി.സി , വത്തിക്കാന്‍ ന്യൂസ്

മെയ് 26ആം തിയതി ഞായറാഴ്ച്ച റോമിലും, ഇറ്റലിയിലും തണുത്ത കാലാവസ്ഥയായിരുന്നു. വേനൽ കാലമെന്ന് കരുതാനാവാത്ത വിധം മഴയും തണുപ്പും നിറഞ്ഞിരുന്ന അന്തരീക്ഷമായിരുന്നു. വത്തിക്കാനില്‍ ഫ്രാന്‍സിസ് പാപ്പാ ‍ഞായറാഴ്ച്ച നയിച്ച മദ്ധ്യാഹ്നാ പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാന്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും തീര്‍ത്ഥാടകരും,സന്ദര്‍ശകരും ഉള്‍പ്പെടെ ആയിരങ്ങള്‍ വത്തിക്കാനിലെത്തിയിരുന്നു. അവര്‍ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ പാപ്പായുടെ സന്ദേശം ശ്രവിക്കാന്‍ കാത്തിരുന്നു. പ്രാദേശിക സമയം  കൃത്യം 12 മണിക്ക് അപ്പോസ്തോലിക അരമനയുടെ പതിവുളള ജാലകത്തില്‍ ഫ്രാന്‍സിസ് പാപ്പാ ആഗതനായി.

കരഘോഷത്തോടും, സന്തോഷത്തോടെ ആര്‍ത്തുവിളിച്ചും ജനങ്ങള്‍ പാപ്പായെ സ്വാഗതം ചെയ്തു. സന്തോഷപൂര്‍വ്വം കരങ്ങളുയര്‍ത്തി വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ സന്നിഹിതരായ എല്ലാവര്‍ക്കും അഭിവാദനം ചെയ്തതിന് ശേഷം പാപ്പാ പ്രഭാഷണം ആരംഭിച്ചു.

പ്രിയ സഹോദരി സഹോദരങ്ങളേ, ശുഭദിനാശംസകള്‍!

സഹായകനായ പരിശുദ്ധാത്മാവ്

പെസഹാകാലത്തിലെ ആറാം ഞായറാഴ്ചയുടെ സുവിശേഷ ഭാഗത്തില്‍ യേശു അന്ത്യത്താഴ സമയത്തില്‍ ശിഷ്യരോടു നടത്തിയ പ്രഭാഷണത്തെയാണ് നാം വായിക്കുന്നത്.

“യേശു പ്രതിവചിച്ചു: എന്നെ സ്‌നേഹിക്കുന്നവന്‍ എന്‍റെ വചനം പാലിക്കും. അപ്പോള്‍ എന്‍റെ പിതാവ്‌ അവനെ സ്‌നേഹിക്കുകയും ഞങ്ങള്‍ അവന്‍റെ അടുത്തു വന്ന്‌ അവനില്‍ വാസമുറപ്പിക്കുകയും ചെയ്യും.

എന്നെ സ്‌നേഹിക്കാത്തവനോ എന്‍റെ വചനങ്ങള്‍ പാലിക്കുന്നില്ല. നിങ്ങള്‍ ശ്രവിക്കുന്ന ഈ വചനം എന്‍റെതല്ല; എന്നെ അയച്ച പിതാവിന്‍റെതാണ്‌.

നിങ്ങളോടുകൂടെ ആയിരിക്കുമ്പോള്‍ത്തന്നെ ഇതു ഞാന്‍ നിങ്ങളോടു പറഞ്ഞിരിക്കുന്നു.

എന്നാല്‍, എന്‍റെ നാമത്തില്‍ പിതാവ്‌ അയയ്‌ക്കുന്ന സഹായകനായ പരിശുദ്ധാത്മാവ്‌ എല്ലാകാര്യങ്ങളും നിങ്ങളെ പഠിപ്പിക്കുകയും ഞാന്‍ നിങ്ങളോടു പറഞ്ഞിട്ടുള്ളതെല്ലാം നിങ്ങളെ അനുസ്‌മരിപ്പിക്കുകയുംചെയ്യും.

ഞാന്‍ നിങ്ങള്‍ക്കു സമാധാനം തന്നിട്ടു പോകുന്നു. എന്‍റെ സമാധാനം നിങ്ങള്‍ക്കു ഞാന്‍ നല്‍കുന്നു. ലോകം നല്‍കുന്നതുപോലെയല്ല ഞാന്‍ നല്‍കുന്നത്‌. നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. നിങ്ങള്‍ ഭയപ്പെടുകയും വേണ്ടാ.

ഞാന്‍ പോകുന്നെന്നും വീണ്ടും നിങ്ങളുടെ അടുത്തേക്കു വരുമെന്നും ഞാന്‍ പറഞ്ഞതു നിങ്ങള്‍ കേട്ടല്ലോ. നിങ്ങള്‍ എന്നെ സ്‌നേഹിച്ചിരുന്നുവെങ്കില്‍, പിതാവിന്‍റെയടുത്തേക്കു ഞാന്‍ പോകുന്നതില്‍ നിങ്ങള്‍ സന്തോഷിക്കുമായിരുന്നു. എന്തെന്നാല്‍, പിതാവ്‌ എന്നെക്കാള്‍ വലിയവനാണ്‌.

അതു സംഭവിക്കുമ്പോള്‍ നിങ്ങള്‍ വിശ്വസിക്കേണ്ടതിന്‌, സംഭവിക്കുന്നതിനുമുമ്പുതന്നെ നിങ്ങളോടു ഞാന്‍ പറഞ്ഞിരിക്കുന്നു”. (യോഹ:14 : 23 -29)

 പരിശുദ്ധാത്മാവിന്‍റെ പ്രവർത്തികളെക്കുറിച്ച് പറഞ്ഞുകൊണ്ട് യേശു അവർക്കു ഒരു വാഗ്ദാനം നൽകുന്നു. "എന്നാൽ എന്‍റെ നാമത്തിൽ പിതാവ് അയയ്ക്കുന്ന സഹായകനായ പരിശുദ്ധാത്മാവ് എല്ലാ കാര്യങ്ങളും നിങ്ങളെ പഠിപ്പിക്കുകയും, ഞാൻ നിങ്ങളോടു പറഞ്ഞിട്ടുള്ളതെല്ലാം നിങ്ങളെ അനുസ്മരിപ്പിക്കുകയും ചെയ്യും."(26). കുരിശു മരണം സമീപസ്ഥമായപ്പോൾ യേശു തന്‍റെ ശിഷ്യന്മാർക്കു നൽകിയ വാഗ്ദാനമാണ് അവരെ ഒരിക്കലും തനിച്ചാക്കിവിടുകയില്ലെന്നും ദൈവവചനം ലോകം മുഴുവനും പ്രചരിപ്പിക്കാനുള്ള അവരുടെ പ്രവർത്തനത്തിൽ അവരോടൊപ്പം എപ്പോഴും സഹായകനായ പരിശുദ്ധാത്മാവ് കൂടെയുണ്ടാകുമെന്നും, അവർക്കു സഹായം നൽകുമെന്നും. സഹായകൻ എന്ന പദത്തിന്‍റെ ഗ്രീക്ക് പ്രയോഗം അർത്ഥമാക്കുന്നത് സമീപസ്ഥനായിരുന്ന് താങ്ങിനിര്‍ത്തുകയും, സമാശ്വസിപ്പിക്കുകയും ചെയ്യുന്നവൻ എന്നാണ്. യേശു പിതാവിന്‍റെ പക്കലേക്കു തിരിച്ചു പോയശേഷം തന്‍റെ ശിഷ്യരെ പരിശുദ്ധാത്മാവിന്‍റെ പ്രവർത്തനങ്ങളിലൂടെ തുടർന്നും പഠിപ്പിക്കുകയും സജ്ജീവമാക്കി നിലനിർത്തുകയും ചെയ്യുന്നു.

സഭാ ദൗത്യം 

യേശു വാഗ്ദാനം ചെയ്യുന്ന പരിശുദ്ധാത്മാവിന്‍റെ പ്രവർത്തനം എന്തിലാണ് അടങ്ങിയിരിക്കുന്നത്?  യേശു തന്നെ അതിനു മറുപടി പറയുന്നു. "അവൻ നിങ്ങളെ എല്ലാ കാര്യങ്ങളും പഠിപ്പിക്കുകയും ഞാൻ പറഞ്ഞതെല്ലാം നിങ്ങളെ ഓർമ്മിപ്പിക്കുകയും ചെയ്യും. പിതാവ് തന്‍റെ പുത്രന്‍റെ മനുഷ്യാവതാരത്തിലൂടെ മനുഷ്യകുലത്തോടു പറയാൻ ഉദ്ദേശിച്ചിരുന്നതെല്ലാം, ഈ ഭൂമിയിലെ തന്‍റെ  ജീവിതത്തിൽ ശിഷ്യൻമാർക്കു  യേശു പറഞ്ഞു കൊടുത്തിരുന്നു. പരിശുദ്ധാത്മാവിന്‍റെ ദൗത്യമെന്നത് ശിഷ്യരെ ഇതെല്ലാം ഓർമ്മിപ്പിക്കുകയും, പൂർണ്ണമായി മനസിലാക്കാൻ സഹായിക്കുകയും, പ്രത്യക്ഷമായി യേശുവിന്‍റെ പഠനങ്ങളെ പ്രാവർത്തികമാക്കുകയും ചെയ്യുക എന്നതാണ്. ഇത് തന്നെയാണ് സഭയുടെ ദൗത്യവും. ഈ ദൗത്യം കർത്താവിലുള്ള വിശ്വാസം, അവന്‍റെ വചനങ്ങളുടെ പാലനം,  ഉത്ഥിതനായ കർത്താവിനെ സന്നിഹിതനാക്കുകയും സജീവവമായി നിലനിർത്തുകയും ചെയ്യുന്ന പരിശുദ്ധാത്മാവിന്‍റെ പ്രവർത്തനങ്ങളോടുള്ള തുറവ്, അവന്‍റെ സമാധാനം സ്വീകരിക്കുകയും മറ്റുവരുമായുള്ള കണ്ടു മുട്ടലുകളിൽ അവിടുത്തേക്ക് സാക്ഷ്യം നല്കാൻ കഴിയുന്ന ഒരു മനോഭാവം,എന്നിവ പ്രതിഫലിപ്പിക്കുന്ന കൃത്യമായ ഒരു ജീവിതരീതിയിലൂടെ പൂർത്തീകരിക്കപ്പെടുന്നു. ഇതെല്ലം സാധ്യമാക്കാൻ സഭയ്ക്ക് നിശ്ചലമായി നിൽക്കാൻ കഴിയുകയില്ല. മാമ്മോദീസാ സ്വീകരിച്ച ഓരോരുത്തരും വിളിക്കപ്പെട്ടിരിക്കുന്നതു എല്ലാം നവീകരിക്കുന്ന പരിശുദ്ധാത്മാവിന്‍റെ ശക്തിയാൽ നയിക്കപ്പെടുന്ന ഒരു സമൂഹമായി സഞ്ചരിക്കുവാനാണ്.

പരിശുദ്ധാത്മാവിന്‍റെ ദാനത്തിനായി ഹൃദയം തുറന്നു കൊടുക്കണം

വിശ്വാസത്തിന്‍റെ സഞ്ചാരത്തെ ഭാരപ്പെടുത്തുന്ന നമ്മുടെ കാഴ്ചപ്പാടിലുള്ള  ലൗകീകബന്ധനങ്ങളിൽ നിന്നും, നമ്മുടെ കൗശലങ്ങളിൽ നിന്നും, നമ്മുടെ ലക്ഷ്യങ്ങളിൽ നിന്നും മോചിതരായി കർത്താവിന്‍റെ വചനത്തെ കേൾക്കാനുള്ള തുറവു നൽകാനാണ്. അങ്ങനെ യേശു ആഗ്രഹിച്ച യതാർത്ഥവും, മനോഹരവും, തെളിച്ചമുള്ളതുമായ മുഖം തീർത്തെടുക്കാൻ ദൈവത്തിന്‍റെ പരിശുദ്ധാത്മാവ് നമ്മെയും സഭയെയും നയിക്കുന്നു. ചരിത്രത്തിന്‍റെ അന്ത്യംവരെയും നമ്മെ നയിക്കാനായി പരിശുദ്ധാത്മാവിന്‍റെ ദാനത്തിനായി നമ്മുടെ ഹൃദയം തുറന്നു കൊടുക്കുവാൻ കർത്താവു നമ്മെ ക്ഷണിക്കുന്നു. പരിശുദ്ധാത്മാവ് ദിനംപ്രതി നമ്മെ ദൈവ വചനത്തിന്‍റെ യുക്തിയും, സ്നേഹത്തിന്‍റെ സ്വീകാര്യതയുടെ യുക്തിയും കർത്താവു പഠിപ്പിച്ച എല്ലാ കാര്യങ്ങളും ഓർമ്മിപ്പിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നു.

ഈ മെയ് മാസത്തിൽ നമ്മൾ വണങ്ങുകയും ഭക്തിയോടെ പ്രാർത്ഥിക്കുകയും ചെയ്യുന്ന നമ്മുടെ സ്വർഗ്ഗീയ അമ്മയായ മറിയം സഭയെയും, മനുഷ്യകുലം മുഴുവനെയും സംരക്ഷിക്കട്ടെ. ദൈവവചനത്തെ സ്വീകരിക്കാനും നമ്മുടെ ജീവിതത്തിലൂടെ സാക്ഷികളാകാനും ദൈവപുത്രന്‍റെ മനുഷ്യാവതാരത്തിനു എളിമയും ധൈര്യവുമുള്ള വിശ്വാസത്തോടെ പരിശുദ്ധാത്മാവിനോടു പൂർണ്ണമായി സഹകരിച്ച മറിയം നമ്മെയും പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടാനും,പഠിപ്പിക്കപ്പെടാനും സഹായിക്കട്ടെ. ഈ വാക്കുകളില്‍ പാപ്പാ തന്‍റെ  പ്രഭാഷണം അവസാനിപ്പിച്ചു.തുടര്‍ന്ന് പാപ്പാ ജനങ്ങള്‍ക്കൊപ്പം  "സ്വർല്ലോക രാജ്ഞി ആനന്ദിച്ചാലും"  എന്ന പ്രാര്‍ത്ഥന അര്‍പ്പിച്ചു. പിന്നെ അപ്പസ്തോലിക ആശിര്‍വാദമായിരുന്നു

തുടര്‍ന്ന് ആശംസകളും അഭിവാദ്യങ്ങളുമായിരുന്നു.

ഇറ്റലിയിൽ നിന്നും ലോകത്തിന്‍റെ വിവിധ രാഷ്ട്രങ്ങളിൽ നിന്നും വന്ന തീർത്ഥാടകരേയും, മാൾട്ടാ, മാഡ്രിഡ്,മധ്യ അമേരിക്ക്യായിലെ ഹോണ്ടുറാസ് എന്ന സ്ഥലത്തിൽ നിന്നും " BANDA JUVENIL 504 " എന്ന പേരില്‍ അറിയപ്പെടുന്ന ബാൻഡ് അംഗങ്ങളെയും, ജർമനിയിൽ നിന്നുമെത്തിയ KOLPING  OPERA (സംഗീതനാടകം) അംഗങ്ങളെയും പാപ്പാ ആശംസിച്ചു. ജെനോവയിൽ നിന്നും സ്ഥൈര്യലേപനം സ്വീകരിച്ച ആൺകുട്ടികളെയും, റോമിലെ കാതറിന്‍ സ്കൂളിൽ നിന്നുമെത്തിയ വിദ്യാർഥികളെയും TORRE GAIA  യിൽ നിന്നും വന്ന വിശ്വാസികളെയും, "LAUDATO  SI  " ഗായക സംഘത്തെയും അഭിവാദനം ചെയ്ത പാപ്പാ പോളണ്ടിൽ നിന്നുമെത്തിയ തീർഥാടകര്‍ക്കും ആശംസ നൽകി. ‘ഡേ ഓഫ് റിലീഫ്’ (DAY OF RELIEF) അനുസ്മരണദിനത്തിൽ രോഗികളോടൊപ്പം സഹോദര്യത്തെ പ്രോത്സാഹിപ്പിക്കുവാൻ നേതൃത്വം നൽകുന്ന  ജെമല്ലി എന്ന ആശുപത്രിയിലെ വിവിധ ചികിത്സാവിഭാഗങ്ങളിൽ നിന്നുമെത്തിയവരെയും അഭിവാദനം ചെയ്തു. ഏവര്‍ക്കും ശുഭദിനം നേര്‍ന്നു കൊണ്ടും തനിക്കു വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് അനുസ്മരിച്ചു കൊണ്ടും പുഞ്ചിരി തൂകി കരങ്ങളുയര്‍ത്തി എല്ലാവരെയും അഭിവാദനം ചെയ്തതിന് ശേഷം പാപ്പാ ജാലകത്തില്‍ നിന്നും പിന്‍വാങ്ങി.

 

27 May 2019, 14:14