തിരയുക

Vatican News
ഫ്രാന്‍സിസ് പാപ്പാ മദ്ധ്യാഹ്നാ പ്രാര്‍ത്ഥനാ പരിപാടിയില്‍ സന്ദേശം നല്‍കുന്നു ഫ്രാന്‍സിസ് പാപ്പാ മദ്ധ്യാഹ്നാ പ്രാര്‍ത്ഥനാ പരിപാടിയില്‍ സന്ദേശം നല്‍കുന്നു  (Vatican Media)

വ്യക്തിപരമായി നമ്മെ അറിയുന്ന ഇടയനായ ദൈവം

വത്തിക്കാനില്‍ ഫ്രാന്‍സിസ് പാപ്പാ ‍ഞായറാഴ്ച്ച നയിച്ച മദ്ധ്യാഹ്നാ പ്രാര്‍ത്ഥനാ പരിപാടിയുടെ സംഗ്രഹം

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ വാര്‍ത്തകള്‍

സ്വാർത്ഥത വെടിയാനും  തെറ്റായ വഴികളിൽ നിന്ന് പിന്തിരിയാനും ആഹ്വാനം
ഇന്നത്തെ സുവിശേഷം  (യോഹ.10:27-30) നല്ലിടയനായ യേശുവും, അവി‌ടുത്തെ ജനവും  അതായത് ശിഷ്യരും തമ്മിലുള്ള പരസ്പര ബന്ധത്തെക്കുറിച്ചാണ് അവതരിപ്പിക്കുന്നത്. "എന്‍റെ ആടുകൾ എന്‍റെ സ്വരം ശ്രവിക്കുന്നു. എനിക്ക് അവയെ അറിയാം. അവ എന്നെ അനുഗമിക്കുന്നു. ഞാൻ അവയ്ക്കു നിത്യജീവൻ നൽകുന്നു. അവ ഒരിക്കലും നശിച്ചു പോകുകയില്ല. അവയെ എന്‍റെ അടുക്കൽ നിന്ന് ആരും പിടിച്ചെടുക്കുകയില്ല."(യോഹ.10:27-28)

"ഞാൻ അവയ്ക്കു നിത്യജീവൻ നൽകുന്നു. അവ ഒരിക്കലും നശിച്ചു പോകുകയില്ല." ഈ വചനങ്ങളെ ശ്രദ്ധാപൂർവ്വം വായിക്കുമ്പോൾ യേശു സംസാരിക്കുന്നു, യേശു അറിയുന്നു,  യേശു നിത്യജീവൻ നൽകുന്നു, യേശു കാവലിരിക്കുന്നു എന്ന യേശുവിന്‍റെ ചില പ്രവർത്തനങ്ങളെ നമുക്ക് കാണാൻ കഴിയും.

യേശുനാഥന്‍ നമുക്കോരുത്തർക്കും വ്യക്തിപരമായി ശ്രദ്ധ നൽകുന്നു. നമ്മെ സ്നേഹിക്കുകയും, അന്വേഷിക്കുകയും ചെയ്യുന്നു. നമ്മോടു സംസാരിക്കുകയും, ഹൃദയത്തിന്‍റെ  ആഗ്രഹങ്ങളെയും, അതേപോലെ തന്നെ നമ്മുടെ വീഴ്ചകളെയും, നിരാശകളെയും അറിയുന്നു. നാം ആയിരിക്കുന്നതു പോലെ നമ്മുടെ കഴിവുകളോടും  കുറവുകളോടും കൂടെ നമ്മെ സ്വാഗതം ചെയ്യുകയും സ്നേഹിക്കുകയും, ചില സമയങ്ങളില്‍ ജീവിതത്തിലുണ്ടാകുന്ന ദുർഘടകമായ വഴികളെ കടക്കുവാൻ നമ്മെ സഹായിക്കുകയും ചെയ്യുന്നു. അതേപോലെ തന്നെ സുവിശേഷത്തിൽ വിവരിക്കുന്നതു പോലെ  യേശുവിന്‍റെ പ്രവർത്തികളിൽ തന്‍റെ ആട്ടിൻ കൂട്ടത്തിനു വേണ്ടി എങ്ങനെ ദൈവത്തെ ശ്രവിക്കണമെന്നും, അനുകരിക്കണമെന്നും, എങ്ങനെ കർത്താവിന്‍റെ അനുകമ്പയോടും ശുശ്രൂഷാമനോഭാവത്തോടും  പ്രതികരിക്കണമെന്നും "എന്‍റെ സ്വരം ശ്രവിക്കുക", "എന്നെ അനുഗമിക്കുക"  എന്ന തിരുവചനങ്ങളിലൂടെ കാണിച്ചു തരുന്നു.

അവിടുത്തെ സ്വരം ശ്രവിക്കുകയും, തിരിച്ചറിയുകയും ചെയ്യുകയെന്നത് സത്യത്തിൽ  ദൈവത്തോടുള്ള ആഴമായ സ്നേഹ ബന്ധത്തെയാണ് കാണിക്കുന്നത്. നമ്മുടെ സ്വർഗ്ഗീയ ഗുരുവും ആത്മാവിന്‍റെ  ഇടയനുമായി  ഹൃദയം ഹൃദയത്തെ കണ്ടുമുട്ടുന്ന   പ്രാർത്ഥനയിൽ ആ ബന്ധം ദൃഢപ്പെടുകയും ചെയ്യുന്നു. ഈ സൗഹൃദം ദൈവത്തെ  അനുകരിക്കാനുള്ള ആഗ്രഹത്തെ നമ്മിൽ ശക്തമാക്കുകയും, തെറ്റായ വഴികളിൽ നിന്ന് പിൻതിരിയാൻ ഇടയാക്കുകയും, സ്വാർത്ഥമായ പെരുമാറ്റങ്ങളെ ഒഴിവാക്കി സാഹോദര്യത്തിന്‍റെ  പുത്തൻ വഴികളിലൂടെ നമ്മെത്തന്നെ  സമര്‍പ്പണം ചെയ്യാനും അവിടുത്തെ അനുകരിക്കാനും ഇടയാക്കുകയും ചെയ്യും.  

സുവിശേഷ പ്രഖ്യാപനത്തിൽ ക്രിസ്തുവിന്‍റെ പങ്കാളികൾ

നമ്മോടു സംസാരിക്കുകയും,നമ്മെ അറിയുകയും, നമുക്ക് നിത്യജീവൻ നൽകുകയും ചെയ്യുന്ന ഏക ഇടയൻ യേശുവാണെന്ന് നമുക്ക് മറക്കാതിരിക്കാം. നാം അവിടുത്തെ ആട്ടിന്‍പറ്റമായത് കൊണ്ട് അവിടുത്തെ സ്വരം നാം ശ്രവിക്കണം. ദൈവം നമ്മുടെ ആത്മാർത്ഥമായ ഹൃദയത്തെ സ്നേഹപൂർവ്വം നിരീക്ഷിക്കുന്നു. ദൈവവുമായുള്ള ആഴമായ സൗഹൃദത്തിൽ നിന്ന് അവനെ അനുഗമിക്കാനുള്ള സന്തോഷം പൊട്ടിപ്പുറപ്പെട്ട് നിത്യജീവന്‍റെ  നിറവിലേക്ക് നമ്മെ നയിക്കുന്നു.

നല്ലിടയനായ ക്രിസ്തുവിന്‍റെ അമ്മയുടെ നേരെ നമുക്ക് തിരിയാം. "ദൈവത്തിന്‍റെ  വിളിക്ക് പരിപൂർണ്ണമായി പ്രത്യുത്തരിച്ച അവൾ, പ്രത്യേകമായി വിളിക്കപ്പെട്ട    വൈദീകരേയും, സന്യസ്ഥരേയും ക്രിസ്തുവിന്‍റെ ക്ഷണം സന്തോഷപൂർവ്വം സ്വീകരിക്കാനും അതിനായി പുറപ്പെടുവാനും സുവിശേഷ പ്രഘോഷണത്തിനും നമ്മുടെ  ഈ കാലഘട്ടത്തിൽ ദൈവരാജ്യത്തിന്‍റെ  പ്രവർത്തനത്തിനും  അവിടുത്തെ ഏറ്റം അടുത്തപങ്കാളികളുമാകാൻ ഇടയാക്കാൻ സഹായിക്കട്ടെ " ഈ പ്രാർത്ഥനയോടെ പാപ്പാ തന്‍റെ  പ്രഭാഷണം അവസാനിപ്പിച്ചു.

13 May 2019, 14:32