തിരയുക

Vatican News
  ഫ്രാന്‍സിസ് പാപ്പാ ‍ മദ്ധ്യാഹ്നാ പ്രാര്‍ത്ഥനാ പരിപാടിയുടെ സമയത്തില്‍ ജനങ്ങളെ അഭിവാദനം ചെയ്തവസരത്തില്‍.... ഫ്രാന്‍സിസ് പാപ്പാ ‍ മദ്ധ്യാഹ്നാ പ്രാര്‍ത്ഥനാ പരിപാടിയുടെ സമയത്തില്‍ ജനങ്ങളെ അഭിവാദനം ചെയ്തവസരത്തില്‍....  (Vatican Media)

ക്രിസ്തു പഠിപ്പിച്ച സ്നേഹത്തിന്‍റെ പുതിയ കല്‍പന

മെയ് 19 ആം തിയതി, ഞായറാഴ്ച്ച വത്തിക്കാനില്‍ ഫ്രാന്‍സിസ് പാപ്പാ ‍ഞായറാഴ്ച്ച നയിച്ച മദ്ധ്യാഹ്നാ പ്രാര്‍ത്ഥനാ പരിപാടിയുടെ സംഗ്രഹം

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ വാര്‍ത്തകള്‍

മെയ് 19 ആം തിയതി ഞായറാഴ്ച്ച റോമിലും, ഇറ്റലിയിലും തണുത്ത കാലാവസ്ഥയായിരുന്നു. വത്തിക്കാനില്‍ ഫ്രാന്‍സിസ് പാപ്പാ ‍ഞായറാഴ്ച്ച നയിച്ച മദ്ധ്യാഹ്നാ പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാന്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും തീര്‍ത്ഥാടകരും സന്ദര്‍ശകരും ഉള്‍പ്പെടെ ആയിരങ്ങള്‍ വത്തിക്കാനിലെത്തിയിരുന്നു. അവര്‍ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ പാപ്പായുടെ സന്ദേശം ശ്രവിക്കാന്‍ കാത്തിരുന്നു. പ്രാദേശിക സമയം  കൃത്യം 12 മണിക്ക് അപ്പോസ്തോലിക അരമനയുടെ പതിവുളള ജാലകത്തില്‍ ഫ്രാന്‍സിസ് പാപ്പാ ആഗതനായി.

കരഘോഷത്തോടും, സന്തോഷത്തോടെ ആര്‍ത്തുവിളിച്ചും ജനങ്ങള്‍ പാപ്പായെ സ്വാഗതം ചെയ്തു. സന്തോഷപൂര്‍വ്വം കരങ്ങളുയര്‍ത്തി വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ സന്നിഹിതരായ എല്ലാവര്‍ക്കും അഭിവാദനം ചെയ്തതിന് ശേഷം പാപ്പാ പ്രഭാഷണം ആരംഭിച്ചു.

പ്രിയ സഹോദരി സഹോദരങ്ങളേ, ശുഭദിനാശംസകള്‍! 

നവീനത നിറഞ്ഞ സ്നേഹത്തിന്‍റെ  കല്പന

ഇന്നത്തെ സുവിശേഷം ഈശോയുടെ അന്ത്യഅത്താഴം ഒരുക്കിയ സെഹിയോൻ ഊട്ടു ശാലയിലേക്ക് നമ്മെ നയിക്കുന്നു. അവിടെ ഈശോ നാഥൻ തന്‍റെ ശിഷ്യന്മാർക്ക് നൽകിയ അന്ത്യ സന്ദേശത്തെ ശ്രവിക്കുവാൻ നമ്മെ ക്ഷണിക്കുകയും ചെയ്യുന്നു. ശിഷ്യന്മാരുടെ പാദങ്ങൾ കഴുകിയതിനു ശേഷം ഈശോ അവരോടു അരുള്‍ ചെയ്തു. “ഞാൻ പുതിയൊരു കൽപ്പന നിങ്ങൾക്കു നൽകുന്നു. നിങ്ങൾ പരസ്പരം സ്നേഹിക്കുവിൻ. ഞാൻ നിങ്ങളെ സ്നേഹിച്ചതു പോലെ നിങ്ങളും പരസ്പരം സ്നേഹിക്കുവിൻ”(യോഹ.13 34)  ഏതർത്ഥത്തിലാണ് ക്രിസ്തു ഇവിടെ ‘പുതിയ കല്പന’ എന്ന് വിളിക്കുന്നത്. നമുക്ക് അറിയാവുന്നതുപോലെ “നിന്നെ പ്പോലെ തന്നെ  നിന്‍റെ അയൽക്കാരനെയും സ്നേഹിക്കുക”(ലേവ്യ.19 18) പഴയനിയമത്തിൽ ദൈവം തന്‍റെ തിരഞ്ഞെടുക്കപ്പെട്ട ജനത്തോടു അരുള്‍ ചെയ്തിട്ടുണ്ട്.

ഏറ്റവും അതിപ്രധാനമായ കൽപ്പന എന്താണെന്ന് തന്നോടു ചോദിച്ച നിയമജ്ഞനോടു യേശു പറഞ്ഞത് “പ്രധാനവും പ്രഥമവുമായ കൽപ്പന നിന്‍റെ ദൈവമായ കർത്താവിനെ പൂർണ്ണഹൃദയത്തോടും, പൂർണ്ണമനസ്സോടും കൂടെ സ്നേഹിക്കുക എന്നും രണ്ടാമതായി നിന്നെപ്പോലെ നിന്‍റെ അയൽക്കാരനെയും സ്നേഹിക്കുകʺ എന്നാണ്.(മത്താ.21: 37- 39)

അങ്ങനെയെങ്കിൽ ക്രിസ്തു തന്‍റെ ശിഷ്യരെ ഭരമേല്പിച്ച കൽപനയുടെ നവീനത എന്താണ്? എന്തുകൊണ്ട് പുതിയ കല്പന എന്ന് നാം അതിനെ വിളിക്കുന്നു? കാരണം ‘ഞാൻ നിങ്ങളെ സ്നേഹിച്ചത് പോലെ’ എന്നും ‘ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും സ്നേഹിക്കുവിൻ’ എന്നും ഉള്‍ചേർത്തുകൊണ്ട് ക്രിസ്തു സ്നേഹത്തിന്‍റെ പഴയനിയമത്തെ സമ്പൂർണ്ണമാക്കി. നമുക്ക് വേണ്ടി ജീവൻ ബലിയർപ്പിച്ച യേശുക്രിസ്തുവിന്‍റെ സ്നേഹത്തിൽ ഈ നവീനത നമുക്ക് കാണുവാൻ കഴിയും.

സാർവത്രികവും, നിബന്ധനകൾക്കതീതവും, പരിമിതികൾ ഇല്ലാത്തതുമായ ദൈവസ്നേഹത്തെ കുരിശിന്‍റെ നെറുകയിൽ നമുക്ക് കാണുവാൻ കഴിയും. തന്നെത്തന്നെ സ്വയം താഴ്ത്തിയ നിമിഷത്തിലും, പിതാവായ ദൈവം ഉപേക്ഷിച്ചുവെന്ന് ലോകം കരുതിയ നിമിഷത്തിലും, ദൈവപുത്രൻ തന്‍റെ സ്നേഹത്തിന്‍റെ പൂർണ്ണതയെ ലോകത്തിന് കാണിച്ചു കൊടുത്തു. യേശുവിന്‍റെ പീഡാനുഭവത്തിന്‍റെയും, അവിടുന്നു സഹിച്ച വേദനകളുടെയും നിമിഷങ്ങളിലേക്ക് തിരികെ പോകുമ്പോൾ ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം  സ്നേഹിക്കുവിൻ’ എന്ന് ക്രിസ്തു തങ്ങളോടു അരുൾ ചെയ്തത് ശിഷ്യന്മാർ മനസ്സിലാക്കുകയും ചെയ്തു.

മനുഷ്യ പരിമിതികൾക്കതീതമായ ദൈവസ്നേഹം

ആദ്യം യേശു നമ്മെ സ്നേഹിച്ചു. അവിടുന്ന് നമ്മെ സ്നേഹിച്ചത് നമ്മുടെ ദൗർബല്യങ്ങളെയും, പരിമിതികളെയും മാനുഷിക ബലഹീനതകളെയും പരിഗണിക്കാതെയാണ്. തന്‍റെ സ്നേഹത്തിന് അതിരുകളും അന്ത്യവുമില്ലെന്ന് അറിഞ്ഞുകൊണ്ട് ദൈവം ഓരോരുത്തരെയും അവിടുത്തെ സ്നേഹത്തിന് യോഗ്യരാക്കിതീർത്തു. പുതിയ കല്പന നൽകിയതിലൂടെ നാം പരസ്പരം സ്നേഹിക്കുവാന്‍ നമ്മോടു ആഹ്വാനം ചെയ്യുന്നു. നമ്മുടെ സ്നേഹം കൊണ്ടല്ല മറിച്ച് അവിടുത്തെ സ്നേഹത്തിലൂടെ മറ്റുള്ളവരെ സ്നേഹിക്കണമെന്ന് യേശു പഠിപ്പിക്കുന്നു. ഈ സ്നേഹം നമ്മിൽ നിവേശിപ്പിക്കുന്നത് പരിശുദ്ധാത്മാവാണ്. വിശ്വാസത്തോടെ പരിശുദ്ധാത്മാവിനെ വിളിച്ചപേക്ഷിക്കുമ്പോൾ ആത്മാവു നമ്മുടെ ഹൃദയത്തിലേക്ക് ദൈവസ്നേഹത്തെ നിവേശിപ്പിക്കും.

ഈ മാർഗ്ഗത്തിലൂടെ മാത്രമാണ് നമ്മെ സ്നേഹിക്കുന്ന പോലെയല്ല ദൈവം നാം സ്നേഹിക്കുന്നത് പോലെ നമുക്ക് പരസ്പരം സ്നേഹിക്കുവാൻ കഴിയുന്നത്. അതുവഴി നമുക്ക് വ്യക്തികൾ തമ്മിലുള്ള ബന്ധങ്ങൾ നവീകരിക്കുവാനും പ്രത്യാശയുടെ ചക്രവാളം തുറക്കുന്ന ദൈവസ്നേഹത്തെ പരത്തുവാനും സാധിക്കും.

പ്രത്യാശയുടെ ചക്രവാളത്തെ തുറക്കുന്ന യേശുവിന്‍റെ സ്നേഹം

യേശുവിന്‍റെ സ്നേഹം പ്രത്യാശയുടെ ചക്രവാളത്തെ തുറക്കുന്നതാ യിരുന്നു. ഈ സ്നേഹം നമ്മെ ദൈവത്തിന്‍റെ പുതിയ ജനമാക്കി. അതാണ് തിരുസഭ. ക്രിസ്തുവിനെ സ്നേഹിക്കുവാനും ക്രിസ്തുവിൽ പരസ്പരം സ്നേഹിക്കുവാനും നാം വിളിക്കപ്പെട്ടിരിക്കുന്നു. ക്രിസ്തുവിന്‍റെ കുരിശിൽ വെളിപ്പെടുത്തപ്പെട്ട സ്നേഹം കല്ലു പോലെയുള്ള നമ്മുടെ കഠിനഹൃദയത്തെ മാംസളമാക്കി രൂപപ്പെടുത്തുന്ന ശക്തിയുള്ള സ്നേഹത്തില്‍ ജീവിക്കുവാൻ നമ്മെ ക്ഷണിക്കുന്നു. ഈ സ്നേഹത്തെ നാം സ്നേഹിക്കുകയാണെങ്കിൽ നമ്മുടെ ഹൃദയവും യേശുവിന്‍റെ സ്നേഹത്താൽ രൂപാന്തരപ്പെട്ടു കൊണ്ടേയിരിക്കും. ഈ സ്നേഹം നമ്മുടെ ശത്രുക്കളെ സ്നേഹിക്കുവാനും നമ്മെ ദ്രോഹിക്കുന്നവരോടു ക്ഷമിക്കുവാനും നമ്മെ പ്രാപ്തരാക്കുന്നു.

സ്വയം ചോദിക്കപ്പെടേണ്ട ചോദ്യങ്ങൾ

ഞാൻ നിങ്ങളോടു ഒരു ചോദ്യം ചോദിക്കുന്നു. അതിനുള്ള ഉത്തരം നിങ്ങളുടെ ഹൃദയങ്ങളിൽ തന്നെ നിങ്ങൾ കണ്ടെത്തണം. ഞാന്‍ എന്‍റെ ശത്രുക്കളെ സ്നേഹിക്കുവാൻ പ്രാപ്തനാണോ? നമുക്ക് ചുറ്റിലും ജനങ്ങളുണ്ട്. അവർ എനിക്ക് ശത്രുക്കളാണോ? ഞാനുമായി യോജിക്കുന്നവരാണോ എന്ന് എനിക്കറിയുകയില്ല. എങ്കിലും അവരെ സ്നേഹിക്കാൻ എനിക്ക് കഴിയുമോ? എന്നെ വേദനിപ്പിക്കുകയും, അധിക്ഷേപിക്കുകയും ചെയ്യുന്നവരോടു എനിക്ക് ക്ഷമിക്കുവാൻ കഴിയുന്നുണ്ടോ? ഈ ചോദ്യങ്ങൾക്ക് നിങ്ങളുടെ ഹൃദയത്തിൽ തന്നെ ഉത്തരം കണ്ടെത്തുവിൻ.

യേശുവിന്‍റെ സുഹൃത്തുക്കളുടെ സമൂഹത്തിൽ ഉൾപ്പെട്ടവരായി മറ്റുള്ളവരെ കാണുവാൻ യേശുവിന്‍റെ സ്നേഹം നമ്മെ പ്രാപ്തരാക്കുന്നു. അത് മറ്റുള്ളവരോടു സംസാരിക്കുവാനും, പരസ്പരം അറിയുവാനും, അവരെ ശ്രവിക്കുവാനും നമ്മെ സഹായിക്കുന്നു. മനുഷ്യബന്ധങ്ങളുടെ അടിസ്ഥാനത്തിൽ സ്നേഹം മറ്റുള്ളവരിലേക്ക് നമ്മെത്തന്നെ തുറക്കുവാൻ സഹായിക്കുന്നു. അത് നമ്മുടെ മുൻവിധികളെയും, ബലഹീനതകളെയും, പ്രതിസന്ധികളെയും അതിജീവിക്കുവാൻ നമ്മെ കഴിവുള്ളവരാക്കുന്നു. യേശുവിന്‍റെ സ്നേഹം നമ്മിൽ പാലങ്ങൾ സൃഷ്ടിക്കുന്നു. പുതിയ മാർഗ്ഗങ്ങളെ പഠിക്കുവാനും സാഹോദര്യത്തിന്‍റെ ബലതന്ത്രത്തെ പ്രേരിപ്പിക്കാനും നമ്മെ സഹായിക്കുന്നു.

പരിശുദ്ധ കന്യാമറിയത്തിന്‍റെ മാതൃത്വം നിറഞ്ഞ മാധ്യസ്ഥം അവളു‌ടെ പുത്രന്‍ നല്‍കിയ സമ്മാനമായ സ്നേഹത്തിന്‍റെ പുതിയ കല്പനയെ സ്വീകരിക്കുവാനും, പരിശുദ്ധാത്മാവില്‍ നിന്നും ലഭിക്കുന്ന ശക്തിയനുസരിച്ച് നമ്മുടെ അനുദിന ജീവിതത്തിൽ ഈ സ്നേഹത്തെ അന്വർത്ഥമാക്കി  ജീവിക്കാനും നമ്മെ സഹായിക്കട്ടെ.

ഈ വാക്കുകളില്‍ പാപ്പാ തന്‍റെ  പ്രഭാഷണം അവസാനിപ്പിച്ചു.  തുടര്‍ന്ന് പാപ്പാ ജനങ്ങള്‍ക്കൊപ്പം  "സ്വർല്ലോക രാജ്ഞി ആനന്ദിച്ചാലും"  എന്ന പ്രാര്‍ത്ഥന അര്‍പ്പിച്ചു .പിന്നെ അപ്പസ്തോലിക ആശിര്‍വാദമായിരുന്നു.

ആശംസകളും അഭിവാദ്യങ്ങളുെം

"സ്വർല്ലോക രാജ്ഞി ആനന്ദിച്ചാലും"  പ്രാർത്ഥനയ്ക്കു ശേഷം  പതിനെട്ടാം തീയതി വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തപ്പെട്ട മാദ്രിതിലെ MARIA GUADALUPE ORTIZ നെ അനുസ്മരിപ്പിച്ച പാപ്പാ OPUS DEI ലെ  വിശ്വസ്ഥയായ അല്മായ വിശ്വാസിയായിരുന്നുവെന്നും തന്‍റെ സഹോദരങ്ങളെ പഠിപ്പിക്കുന്നതിനും, സുവിശേഷം പ്രഘോഷിക്കുന്നതിനും, സന്തോഷപൂർവ്വം സേവിക്കുന്നതിനും അവർ സദാ സന്നദ്ധയായിരുന്ന വ്യക്തിയായിരുന്നുവെന്നും സൂചിപ്പിച്ചു. അവളുടെ സാക്ഷ്യം സാമൂഹ്യ, ശാസ്ത്രീയ മേഖലകളിൽ പ്രവർത്തിക്കുന്ന എല്ലാ ക്രൈസ്തവ സ്ത്രീകള്‍ക്കും മാതൃകയാണെന്നും പാപ്പാ ഓർമ്മിപ്പിച്ചു. വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് നവമായി ഉയർത്തപ്പെട്ട മാദ്രിതിലെ MARIA GUADALUPE ORTIZ  നെ പ്രതി കരഘോഷം മുഴക്കാന്‍ ആഹ്വാനം ചെയ്തു.

ഇറ്റലിയിൽ നിന്നും ലോകത്തിന്‍റെ വിവിധ രാഷ്ട്രങ്ങളിൽ നിന്നും വന്ന തീർത്ഥാടകരേയും, മെക്സിക്കോ, കാലിഫോര്‍ണിയാ, ഹെയ്റ്റി, സ്പെയിനിലെ കോര്‍ടോബായിൽ നിന്നും, പോർത്തുഗലിലെ വിസേയൂവില്‍ നിന്നുള്ളവരേയും, പാംപ്ളോനാ, ലിസ്ബൺ  എന്നിവിടങ്ങളിൽ നിന്നും വന്ന വിദ്യാർഥികളെയും, പാപ്പാ ആശംസിച്ചു. തങ്ങളുടെ സഭാ സ്ഥാപനത്തണിന്‍റെ ശതാബ്ദി ആഘോഷിക്കുന്ന കനോനെസ്സെസ്സെസ് ഓഫ് ക്രോസ്സ് എന്ന സമൂഹത്തിൽ നിന്നുള്ളവരെയും, വിവിധ രാഷ്ട്രങ്ങളിൽ നിന്നും വന്ന സാൻ എഡ്ജിയോ സമൂഹത്തിന്‍റെ നേതാക്കളെയും, പോളണ്ടിൽ നിന്നുമെത്തിയ തീർത്ഥാടകരെയും, സ്കൗട്ട്സ് അംഗങ്ങളെയും, മോന്‍തേകാസിനോ യുദ്ധത്തിന്‍റെ എഴുപത്തഞ്ചാം വാർഷീകം അനുസ്മരിക്കുന്ന സൈന്യാംഗങ്ങളെയും വിവിധ സ്ഥലങ്ങളിൽ നിന്നുമെത്തിയ ഗായക സംഘങ്ങളെയും, സൈനികാലിയാ, കാമ്പിബിസെൻസിയോ  നിന്നുമെത്തിയ സ്ഥൈര്യലേപനം സ്വീകരിച്ച കുട്ടികളെയും പാപ്പാ അഭിവാദനം ചെയ്തു.

ഏവര്‍ക്കും ശുഭദിനം നേര്‍ന്നു കൊണ്ടും തനിക്കു വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് അനുസ്മരിച്ചു കൊണ്ടും പുഞ്ചിരി തൂകി കരങ്ങളുയര്‍ത്തി എല്ലാവരെയും അഭിവാദനം ചെയ്തതിന് ശേഷം ജാലകത്തില്‍ നിന്നും പാപ്പാ പിന്‍വാങ്ങി.

 

19 May 2019, 14:56