തിരയുക

Vatican News
ബൾഗേറിയാ, വടക്കൻ മസിഡോണിയാ അപ്പോസ്തോലിക സന്ദര്‍ശിക്കാനിറങ്ങുന്നതിന് മുമ്പ് പാര്‍ത്ഥിക്കുന്ന പാപ്പാ ബൾഗേറിയാ, വടക്കൻ മസിഡോണിയാ അപ്പോസ്തോലിക സന്ദര്‍ശിക്കാനിറങ്ങുന്നതിന് മുമ്പ് പാര്‍ത്ഥിക്കുന്ന പാപ്പാ  (Vatican Media)

ഫ്രാന്‍സിസ് പാപ്പായുടെ ഇരുപത്തൊമ്പതാമത്തെ അപ്പോസ്തോലിക സന്ദര്‍ശനം

ഫ്രാന്‍സിസ് പാപ്പായുടെ ബൾഗേറിയാ, വടക്കൻ മസിഡോണിയാ അപ്പോസ്തോലിക സന്ദര്‍ശനത്തിന്‍റെ പശ്ചാത്തല വിവരണം

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ സിറ്റി

ഫ്രാന്‍സിസ് പാപ്പാ തന്‍റെ ഇരുപത്തൊമ്പതാമത്തെ അപ്പോസ്തോലിക സന്ദര്‍ശനം നടത്തുന്നത്. ബൾഗേറിയാ, വടക്കൻ മസിഡോണിയായില്‍ രണ്ടു കൈകളാൽ താങ്ങുന്ന ഭൂമിയുടെ ചിത്രത്തിൽ  ബൾഗേറിയായെ മുഖ്യമായി അടയാളപ്പെടുത്തി ബൾഗേറിയായുടെ പതാക വർണ്ണങ്ങളാൽ ചുറ്റിയ ലോഗോയാണ്  മാർപാപ്പായുടെ   സന്ദർശനത്തിനായി തയാറാക്കിയിട്ടുള്ളത്. പതാകയുടെ മുകളിൽ ലത്തീനിലും ബൾഗേറിയൻ ഭാഷയിലും  ബൾഗേറിയയിലെ ആദ്യ അപ്പോസ്തോലിക വിസിറ്റേറ്ററും ഡെലിഗേറ്റുമായിരുന്ന വി. ജോണ്‍ ഇരുപത്തിമൂന്നാമന്‍റെ  ചാക്രീകലേഖനത്തിന്‍റെ നാമം  'പാച്ചേം ഇൻ തേറിസ്' എന്ന്   ആലേഖനം ചെയ്തിരിക്കുന്നു . ഭൂമിയെ താങ്ങുന്ന കൈകൾ സന്ദർശനത്തിന്‍റെ  സന്ദേശം സ്വാംശീകരിച്ച്   സമാധാനനിർമ്മാതാക്കളാകാനുള്ള ക്ഷണത്തിന്‍റെ  പ്രതീകമായി വത്തിക്കാന്‍റെ പതാകയും വർണ്ണങ്ങളാൽ ചിത്രീകരിച്ചിരിക്കുന്നു.

മെയ് മാസം അഞ്ചാം തിയതി റോമിലെ സമയം രാവിലെ 6 .20 ന് അതായത് ഇന്ധ്യയുടെ സമയം രാവിലെ 9. 50 മണിക്ക് വത്തിക്കാനിൽ നിന്നും ഫുമിചീനോ രാജ്യാന്തര വിമാനത്താവളത്തിലേക്ക് ചെല്ലുന്ന ഫ്രാന്‍സിസ് പാപ്പാ ആദ്യം ബൾഗേറിയായാണ് സന്ദർശിക്കുന്നത്. അഞ്ചാം തിയതി  ഞായറാഴ്ച രാവിലെ റോമിലെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ബള്‍ഗേറിയയിലേക്കു പുറപ്പെടുന്ന പാപ്പാ രണ്ടു ദിവസം, ബൾഗേറിയാ സന്ദർശിക്കും. ഏഴാം തിയതി, ചൊവ്വാഴ്ച, മസിഡോണിയായിലേക്കു പുറപ്പെടുന്ന പാപ്പാ അന്നു രാത്രി 8.30 ന്  വത്തിക്കാനില്‍ തിരിച്ചെത്തും. 2057 കിലോമീറ്റര്‍ ദൂരമുള്ള യാത്രയാണ് നടത്തുന്നത്. ബള്‍ഗേറിയായും ഇന്ത്യയും തമ്മില്‍ 2 മണിക്കൂറും 30 മിനിറ്റും സമയവ്യത്യാസമുണ്ട്. ബൾഗേറിയാ, വടക്കൻ മസിഡോണിയാ നാടുകളിലെ രാഷ്ട്രീയ നേതാക്കന്മാരോടും, ഭരണകര്‍ത്താക്കളുമായും, ഓർത്തഡോക്ക്സ് മറ്റും വിവിധ മത നേതാക്കന്മാരുമായും പാപ്പാ കൂടികാഴ്ച്ച നടത്തുന്ന പാപ്പാ, കൽക്കട്ടയിലെ വിശുദ്ധ മദർ തെരേസയുടെ ജന്മ സ്ഥലമായ skopje ൽ പാവപ്പെട്ടവരെയും സന്ദർശിക്കും .“ ലോകത്തിന് സമാധാനം” എന്ന വാക്യമാണ് തന്‍റെ  ഇരുപത്തൊമ്പതാമത്തെ അപ്പോസ്തോലിക സന്ദര്‍ശനത്തിന്‍റെ പ്രമേയമായി ഫ്രാന്‍സിസ് പാപ്പാ സ്വീകരിച്ചിരിക്കുന്നത്.

പാപ്പായുടെ ബൾഗേറിയ-വടക്കൻ മസിഡോണിയാ സന്ദർശനം

60 ലക്ഷം ഓർത്തഡോൿസ് ക്രിസ്ത്യാനികളും, 7,80, 000 മുസ്ലിംകളും, 10,000  അർമേനിയൻ   സഭാ വിശ്വാസികളുമുള്ള ബൾഗേറിയായിൽ വെറും 70,000 കത്തോലിക്കാരാണുള്ളത്.  ഭൂരിപക്ഷം ജനങ്ങളും ബൾഗേറിയൻ ഓർത്തഡോക്ക്സ് സഭാ വിശ്വാസം പ്രഖ്യാപിക്കുന്ന കത്തോലിക്കരാണ്. ബൾഗേറിയാ സന്ദർശിക്കുന്ന   രണ്ടാമത്തെ റോമൻ കത്തോലിക്കാ തലവനാണ് ഫ്രാൻസിസ് പാപ്പാ. വിശുദ്ധ ജോണ്‍ പോൾ രണ്ടാമനായിരുന്നു ആദ്യം ഈരാജ്യം സന്ദർശിച്ച  മാർപാപ്പാ. പാപ്പായുടെ സന്ദർശനവുമായി ബന്ധപ്പെട്ടു  ബൾഗേറിയക്കാർക്കു ഏറെ പ്രിയങ്കരനും, 10 വർഷങ്ങളോളം ബൾഗേറിയായിൽ ജീവിച്ച്  കത്തോലിക്കരുടെ സംരക്ഷകനുമായിരുന്ന കൂടിയായ ജോണ്‍ ഇരുപത്തി മൂന്നാമൻ പാപ്പായുടെ  ചാക്രീക ലേഖനത്തിന്‍റെ ഓർമ്മയിൽ ''ലോകത്തിന് സമാധാനം '' (പീസ് ഓൺ ഏർത്) എന്നതിനെ ആപ്തവാക്യമായി സ്വീകരിച്ച  ഫ്രാൻസിസ്   പാപ്പാ യുടെ ബൾഗേറിയൻ സന്ദർശനം സമാധാനത്തിന്‍റെ  അടയാളമാക്കി മാറ്റാനുള്ള ആഗ്രഹമാണ് വെളിപ്പെടുത്തുന്നതെന്നു ബൾഗേരിയായുടെ അപ്പസ്തോലി എക്‌സാർക്കും കത്തോലിക്കാ മെത്രാൻ   സമിതിയുടെ  ചെയർമാനുമായ മോൺ. ഹ്രിസ്തോ പ്രോയിക്കോവ് അറിയിച്ചു. ബൾഗേറിയക്കാർ ഈ സന്ദർശനം ആകാംഷയോടെ കാത്തിരിക്കുകയാണെന്നും, തങ്ങളുടെ ആത്മീയജീവിതത്തിനു മങ്ങാത്ത അടയാളമായ പാപ്പായുടെ ഈ സന്ദര്‍ശനംചരിത്രപരമായി മാറുമെന്നും അദ്ദേഹം പ്രത്യാശിച്ചു. സമാധാനം മുന്നിറുത്തിവരുന്ന പാപ്പായുടെ സന്ദർശനം ബൾഗേറിയയിൽ നിന്ന് ലോകം  മുഴുവനിലേക്കും  സമാധാനത്തിന്‍റെ പ്രവാഹമായി മാറട്ടെ എന്ന് പ്രാർത്ഥിച്ചു.

ബൾഗേറിയായുടെ ചരിത്ര പശ്ചാത്തലം ഓർമ്മിച്ചുകൊണ്ട് സഭാസംബന്ധിയായ സകലതും നശിപ്പിക്കപ്പെട്ട എല്ലാത്തരത്തിലുള്ള അപ്പോസ്തോലിക പ്രവർത്തനങ്ങളും നിരോധിക്കപ്പെട്ട ഒരു കമ്മ്യൂണിസ്റ്റ് ഭൂതകാലം  തങ്ങൾക്കുണ്ടായിരുന്നെന്നും, ഒരു ഭീകരമായ നിരീശ്വരവാദം തങ്ങൾ അനുഭവിച്ചിരുന്നെന്നും ഓർമ്മിച്ച  മോൺ. പ്രോയ്ക്കോവ് ഇല്ലായ്മയിൽ നിന്നാണ് തങ്ങൾ പുനര്‍നിര്‍മ്മിച്ചതെന്നും അറിയിച്ചു. ബൾഗേറിയായിലെയും വടക്കൻ മസിഡോണിയയിലെയും ന്യൂനപക്ഷങ്ങളായ കത്തോലിക്കാ വിശ്വാസികളെ ( 70000 ബൾഗേറിയയിലും, 20000 മച്ചേഡോണിയായിലും ) സന്ദർശിക്കുമ്പോൾ അത് ഒരു തനിമയാർന്ന പ്രത്യേക സംഭവമായിരിക്കും. കഠിനമായ സാഹചര്യങ്ങളിലും നൂറ്റാണ്ടുകളായി തങ്ങളുടെ വിശ്വാസം കാത്ത അവർക്കു തങ്ങളുടെ വിശ്വാസത്തിൽ ആഴപ്പെടാനും ബാൽകണ്മേഖലയിലും ലോകത്തിനു മുഴുവനും സമാധാനത്തിനായി പ്രാർത്ഥിക്കാനുമുള്ള അവസരമാകുകയാണീ സന്ദർശനം.

ബൾഗേറിയ റിപ്പബ്ലിക്

വടക്കു റുമേനിയായും, തെക്കു തുർക്കിയും  ഗ്രീസും പടിഞ്ഞാറു വടക്കൻ മസിഡോണിയായും, സെർബിയയുമുള്ള ബൾഗേറിയാ കരിം കടലിനു ആമുഖമായാണ് കിടക്കുന്നത്. വടക്കു ഭാഗത്തതായി ഡാന്യൂബ് നദിയുടെ തീരത്തായി ഫലഭിഷ്ടമായ കൃഷിയിടമാണ്. തെക്കോട്ടു നീങ്ങി ബാൽക്കൻ മലകൾക്കിടയിൽ മാറിക്ക് നദി നനയ്ക്കുന്ന നീണ്ട ഭൂപ്രദേശവുമുണ്ട്. കഠിനമായ മഞ്ഞുകാലവും ചൂടുള്ള വേനൽക്കാലവുമാണ്‌  ഇവിടത്തെ കാലാവസ്ഥ.

ബൾഗേറിയായിലെ സഭ

ബൾഗേറിയൻ സഭയുടെ ആരംഭം ബാൽക്കൻ നാടുകളിലെ ആദ്യ നൂറ്റാണ്ടുകളിലെ   ക്രിസ്തീയ സമൂഹത്തോടു കടപ്പെട്ടിരിക്കുന്നു. റോമൻ സാമ്രാജ്യത്തിൽ ക്രിസ്തീയ  മതവിശ്വാസം അനുവദിച്ചുകൊണ്ട് 311 ഏപ്രിൽ 30 നു രാജാവായ ഗലേറിയോ  പ്രസിദ്ധീകരിച്ച ശാസനപത്രത്തെ വ്യക്തമായി നമുക്ക് കാണാം.  ഈ ആദിമ ക്രിസ്ത്യാനികൾ  മറ്റു വിശ്വാസികളുമായി ഒന്നിച്ചു ജീവിക്കുകയും 9 ആം നൂറ്റാണ്ടിൽ ബൾഗേറിയൻ  രാജാവായ ഖാൻ മാമ്മേദീസാ സ്വീകരിച്ചതോടെ ജനങ്ങൾ കൂട്ടമായി ക്രിസ്തുമതം സ്വീകരിക്കുകയും ചെയ്തു.  ഈ സമയത്താണ് ഇന്നത്തെ സിറിലിക്കിന്‍റെ ആദ്യരൂപമായ അക്ഷരമാലകൾ   വിശുദ്ധരായ സിറിലും മെത്തോഡിയസും  ക്രമീകരിച്ചത്. 1054 ലെ പൗരസ്ത്യ ശീശ്മയ്ക്കുശേഷം ബൾഗേറിയായിലെ സഭ കോൺസ്റ്റാന്‍റിനോപ്പോളിലെ ഓർത്തോഡോക്ക്സ് സഭയുമായി ചേർന്നു. 14   ആം നൂറ്റാണ്ടിൽ ബോസ്നിയയിൽനിന്നു വന്നുചേർന്ന ഫ്രാൻസിസ്ക്കൻ സന്യാസികളാണ് ബൾഗേറിയാക്കാരെ കാത്തോലിക്ക സഭയിലേക്കു മനസാന്തരപ്പെടുത്തിയത്. 19  ആം നൂറ്റാണ്ടിൽ ചില ഓർത്തോഡോക്ക്സ് മെത്രാൻമാർ കോൺസ്റ്റന്‍റിനോപ്പിളിൽ നിന്നും വേര്‍പിരിഞ്ഞ് ബൈസൺടെൻ വിശ്വസികളോടൊപ്പം റോമൻ കാതോലിക്കാ സഭയിലേക്കു  ചേർന്നു. ന്യുനപക്ഷമായിരുന്നെങ്കിലും കത്തോലിക്കാ സഭ ബൾഗേറിയൻ നാടിന്‍റെ പുനർജനനത്തിനു വളരെ പ്രധാനമായ ഒരു പങ്ക് വഹിച്ചിട്ടുണ്ട്.  രണ്ടു മഹായുദ്ധങ്ങൾക്കും മദ്ധ്യേ 20  ആം  നൂറ്റാണ്ടോടെ  മോൺ. അഞ്ചേലോ  റൊങ്കാളി എന്നറിയപ്പെടുകയും പിന്നീട് മാർപ്പാപ്പയായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്ത  ജോണ്‍ 23 ആം പാപ്പാ  തന്‍റെ പ്രവർത്തനങ്ങളിലൂടെ കത്തോലിക്കാ സഭയുടെ വസന്ത കാലം വിരിയിച്ചു. ധാരാളം ദൈവവിളികളും അവിടെയുണ്ടായി. മോൺ.റൊങ്കാളി കത്തോലിക്കാ സഭയെ പുനഃസംഘടിപ്പിച്ചു. ബൈസൺടൈൻ റീത്തിലുള്ള വിശ്വാസികളെ ഒന്നിപ്പിച്ച് സോഫീയാ ആസ്ഥാനമാക്കി ഒറ്റ എക്‌സാർക്കേറ്റാക്കി. രണ്ടു റീത്തിലുമുള്ള സെമിനാരിയും സോഫീയായിൽ സ്ഥാപിച്ച് അതിനെ ഈശോ സഭക്കാരെ ഏൽപ്പിക്കുകയും ചെയ്തു.

ബൾഗേറിയായിലെ കമ്മ്യൂണിസ്റ്റ് ഭരണകാലത്ത് ഓർത്തഡോക്ക്സ് സഭയ്ക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും കത്തോലിക്കർ പീഡിപ്പിക്കപ്പെടുകയും ചെയ്തു. 1949 ൽ ഗവൺമെന്‍റ്  പരിശുദ്ധ സിംഹാസനവുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ചു. സഭാധികാര ശൃംഗലയെ പിരിച്ചുവിടുകയും, എല്ലാത്തരം അജപാലന കർമ്മങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തുകയും, വിശ്വാസികൾ ഒന്നിച്ചു വരുന്നത് തടയുകയും ചെയ്തു. 1952 ൽ 40ഓളം കത്തോലിക്കാ സഭയുടെ നേതാക്കളെ ഗവൺമെന്‍റിനെതിരെ പ്രവർത്തിച്ച എന്ന്  ആരോപിച്ച് വധിക്കുകയും ചെയ്തു.

പരിശുദ്ധ സിംഹാസനവും   ബൾഗേറിയയും

ബൾഗേറിയയിലെ കമ്മ്യൂണിസ്റ്റു ഗവണ്മെന്‍റിന്‍റെ തകർച്ചചയ്‌ക്കുശേഷം  1990 ലാണ് ബൾഗേറിയായും പരിശുദ്ധ സിംഹാസനവുമായുള്ള ബന്ധം ഔദ്യോഗീകമായി സ്ഥാപിതമായത്. അതിനുശേഷം ആ ബന്ധം വളർന്നുവന്നതേയുള്ളു. 2002  ൽ  ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പാ ബൾഗേറിയാ സന്ദർശിക്കുയും ചെയ്തിരുന്നു. 2005 ൽ അന്നത്തെ വത്തിക്കാന്‍ സെക്രട്ടറി യായിരുന്ന കർദിനാൾ ആഞ്ചേലോ സൊഡാനോയും പിന്നീട്  2016  ൽ കർദിനാൾ പിയത്രോ പരോളിനും സന്ദർശനം നടത്തിയിരുന്നു. വത്തിക്കാൻ  ബൾഗേറിയയിലുള്ള സോഫീയാ എന്ന സ്ഥലത്ത്  തങ്ങളുടെ  അപ്പോസ്തോലിക സ്ഥാനപതിയുടെ ആസ്ഥാനവും വത്തിക്കാനടുത്ത് ബൾഗേറിയായുടെ നയതന്ത്രകാര്യാലയവും നിലനിർത്തുന്നു. വത്തിക്കാനിലെ ബൾഗാരിയായുടെ അംബാസഡർ കിരിൽ തോപ്പലോവാണ്. ബൾഗാരിയായുടെ വത്തിക്കാന്‍റെ അപ്പോസ്തോലിക സ്ഥാനപതി ആൻസെൽമോ ഗ്വിഡോ പെകോരാരി മെത്രാപൊലീത്തായുമാണ്.

റോമൻ കത്തോലിക്കാ സഭയും, പൗരസ്ത്യ ഓർത്തഡോൿസ് സഭയുമായുള്ള ഭിന്നതകൾമൂലം വത്തിക്കാനും ബൾഗേറിയായും തമ്മിൽ ആദ്യകാലങ്ങളിൽ അകല്‍ച്ചയിലായിരുന്നു. മധ്യകാല ചരിത്രത്തിൽ ബൾഗേറിയായും പാപ്പായുമായുള്ള ബന്ധം വളരെ പരിമിതമായിരുന്നു. 1925 ൽ അന്നത്തെ പാപ്പാ പിയുസ് 11മനാണ്  പിന്നീട് ജോണ് 23  എന്നപേരിൽ    മാർപ്പാപ്പയായ ആഞ്ചലോ  റോങ്കാലിയെ അപ്പോസ്തോലിക സന്ദർശകനായി  നിയമിച്ചത്.  പിന്നീട് അപ്പോസ്തോലിക ഡെലഗേറ്റായി നിയമിതനായ അദ്ദേഹം 10 വർഷത്തോളം അവിടെ സേവനം ചെയ്തു. 

കമ്മ്യൂണിസ്റ്റ് ഭരണത്തിന്‍റെ തകർച്ചയോടെ പുതുതായി രൂപം കൊണ്ട ബൾഗേറിയൻ റിപ്പബ്ലിക്ക് ജനാധിപത്യത്തിന്‍റെ ഭാഗമായി  കത്തോലിക്കാ സഭയ്ക്ക് തുല്യാവകാശം നൽകി നിയമനിർമ്മാണം നടത്തുകയും  വത്തിക്കാനുമായി 1990  ൽ നയതന്ത്ര ബന്ധം ആവശ്യപ്പെടുകയും ചെയ്തു. എങ്കിലും പിന്നീടും സഭയ്ക്ക് കമ്മ്യൂണിസ്റ്റ് ഭരണത്തിന്‍റെ വെല്ലുവിളികൾ നേരിടേണ്ടി വന്നിട്ടുണ്ട്. 2002 ഓടെ ജോൺപോൾ രണ്ടാമന്‍റെ  സന്ദർശനവും ബൾഗേറിയായുടെ മുൻത്സാർ ആയിരുന്ന ശിമയോൻ സാക്‌സെയ് കോബെർഗ്ഗ് ഗോതായുടെ പരിശ്രമങ്ങളും രാജ്യത്തെ കത്തോലിക്കരുടെ സാഹചര്യങ്ങൾ മെച്ചപ്പെടുത്തി.  ബൾഗേറിയായിൽ മൂന്ന് കാത്തോലിക്കാ രൂപതകളാണുള്ളത്. അതിൽ രണ്ടെണ്ണം ലത്തീൻ റീത്തിൽ പെട്ട സോഫീയാ - പ്ലോവ് ദീവും, നാക്കോപോളീസും.     ഒരെണ്ണം  കത്തോലിക്കർക്കായുള്ള എക്‌സാർക്കേറ്റില്‍പെട്ട ബൈസൈൻടെൻ-സ്ളാവിക് റീത്തിലുള്ളതും.

ബൾഗേറിയായിലെ ഇന്നത്തെ സഭ

യഥാർത്ഥത്തിൽ ബൾഗേറിയായിൽ ജനസംഖ്യയുടെ ഒരു ശതമാനം മാത്രമാണ് കത്തോലിക്കരുള്ളത്. ഭൂരിഭാഗവും ബൾഗേറിയായുടെ ഔദ്യോഗിക മതമായ ഓർത്തഡോക്ക്സ്  സഭയിൽപെട്ടവരാണ്. 10 ശതമാനത്തോളം മുസ്ലിംങ്ങളും ഏതാണ്ട് ഒരു ശതമാനം പ്രൊട്ടസ്റ്റന്‍റ് സഭാ വിഭാഗക്കാരുമുണ്ട്. കത്തോലിക്കരിൽ ഭൂരിഭാഗവും ബൾഗേറിയായിൽ നിന്നുള്ളവരാണെങ്കിലും  മറ്റു രാജ്യങ്ങളിൽ നിന്നുള്ള  വിശ്വാസികളും കുറവല്ല. കത്തോലിക്കരിൽ  ലത്തീൻ റീത്തിൽപെട്ടവരും സ്ലാവോ - ബൈസൈൻടെൻ റീത്തിൽപെട്ടവരുമുണ്ട്. ഈ രണ്ടു റീത്തിൽ പെട്ടവരും തമ്മിൽ വളരെ ഹൃദയംഗമമായ ഒരു ബന്ധമുണ്ട്.  എണ്ണത്തിൽ കുറവാണെങ്കിലും ബൾഗേറിയായിലെ കത്തോലിക്കാ സഭ വളരെ ജീവസ്സുറ്റ ഒന്നാണ്.

ബൾഗേറിയയിലെ എക്യുമെനിസവും മതാന്തര ബന്ധങ്ങളും

കത്തോലിക്കാ സഭയും പാരമ്പര്യ മതമായ ഓർത്തോഡോക്ക്സ് സഭയുമായുള്ള ബന്ധത്തിൽ ഏറ്റം നാഴികക്കല്ലായത് ജോൺ പോൾ രണ്ടാമൻ പാപ്പായുടെ സന്ദർശനാവസരത്തിൽ പാത്രിയാർക്ക് മാക്സിമും വിശുദ്ധ സിനഡുമായുള്ള കൂടിക്കാഴ്ചയായിരുന്നു. തുടർന്ന് സ്ഥാനമേറ്റ നെയോഫിത്തോയുമായും നല്ല ബന്ധമാണ് റോമിലെ സഭയ്ക്കുള്ളത്.

വടക്കൻ മസിഡോണിയാ

വടക്ക് സെർബിയയും മോൻതെനേരോയും, കിഴക്ക് ബൾഗേറിയയും, ഗ്രീസ് തെക്കും പടിഞ്ഞാറ് അൽബേനിയയുമാണ് മസിഡോണിയായുടെ അതിരുകൾ. ഭൂരിഭാഗം മലമ്പ്രദേശമായ രാജ്യത്തിലൂടെ വർദാർ നദിയൊഴുകുന്നു.

ഇന്നത്തെ വടക്കൻ മസിഡോണിയാ

മഹാനായ അലക്ക്സാണ്ടർ ചക്രവർത്തിയുടെ പുരാതന സാമ്രാജ്യത്തിന്‍റെ ഒരു ഭാഗമാണ്. പല രാജാക്കന്മാരാലും പിടിച്ചടക്കപ്പെട്ടും സെർബിയ, ഗ്രീസ്, ബൾഗേറിയാ തുടങ്ങിയ രാജ്യങ്ങളാൽ അവകാശത്തർക്കങ്ങളിൽപ്പെട്ടും കഴിഞ്ഞ ഈ രാജ്യം  1912-13ലെ ബാൽക്കാനിക് യുദ്ധത്തിനു ശേഷം  സെർബിയയുടെ ഭാഗമായി തീർന്നു. പിന്നീട് യൂഗോസ്ലാവിയ രൂപീകരിച്ചപ്പോൾ അതിന്‍റെ ഭാഗമായി തീര്‍ന്നെങ്കിലും യൂഗോസ്ലാവിയയിൽ നിന്ന് 1991 സെപ്തംബർ 15ന് സമാധാനപരമായി മോചനം നേടി. 1993 ൽ ഐക്യരാഷ്ട്രസഭ അംഗീകരിച്ച ഈ രാജ്യം അകത്തു നിന്നും പുറത്തു നിന്നുമുള്ള സമ്മർദങ്ങൾക്ക് ഇരയായിരുന്നു. 2018ൽ വടക്കൻ മസിഡോണിയാ റിപ്പബ്ലിക് എന്ന നാമം സ്വീകരിക്കാൻ ഗ്രീസുമായുള്ള സമ്മത ഉടമ്പടി ഒപ്പുവച്ചു. രാഷട്രീയമായ അരക്ഷിതാവസ്ഥ കൊണ്ട് വടക്കൻ മസിഡോണിയാ യൂറോപ്യൻ രാജ്യങ്ങളിൽ ഏറ്റം അവികസിത രാജ്യമാണ്.

സഭാ ചരിത്രം

വിശുദ്ധ സിറിളും, മെത്തോഡിയസ്സും ഒൻപതാം നൂറ്റാണ്ടിൽ സുവിശേഷവൽക്കരണം നടത്തിയ സ്ഥലമാണിതെങ്കിലും 4 ആം നൂറ്റാണ്ടു മുതൽ ഇവിടെ ഒരു സ്കൂപി എന്ന അതിരൂപത നിലവിലുണ്ടായിരുന്നു. എന്നാൽ ബർബേരിയാക്കാര്‍ കീഴടക്കിയതോടെ ക്രിസ്ത്രീയതയുടെ എല്ലാ അടയാളങ്ങളും നശിപ്പിക്കപ്പെട്ടു. 1054 ലെ പൗരസ്ത്യ ശീശ്മയോടെ ഇവിടത്തെ സഭ ഓർത്തഡോക്ക്സായി മാറി. ഓട്ടമാൻ മസിഡോണിയാ കീഴക്കിയതോടെ പള്ളികളെല്ലാം മോസ്ക്കുകളാക്കി രൂപാന്തരപ്പെടുത്തി. യൂഗോസ്ലാവിയായുടെ രൂപീകരണം കഴിഞ്ഞും പിന്നീടു വന്ന കമ്മ്യൂണിസ്റ്റ് ഭരണകാലത്തും ഇവിടത്തെ കത്തോലിക്കാ സഭ പരിശുദ്ധ സിംഹാസനവുമായുള്ള നയതന്ത്രബന്ധം വിഛേദിച്ചതുൾപ്പെടെ ഒത്തിരി പീഡനങ്ങൾ അനുഭവിച്ചു.

1991 ൽ യൂഗോസ്ലാവിയായിൽ നിന്ന് വേർപിരിഞ്ഞതിൽ പിന്നെയാണ് സഭ തന്‍റെ  പ്രവർത്തനങ്ങൾ പുനരാംരംഭിച്ചത്.  2011 ജനവരി 11ന് ബൈസൈന്‍ടൈന്‍ റീത്തിലുള്ളവർക്കായി ജോൺ പോൾ രണ്ടാമൻ പാപ്പാ മസിഡോണിയായില്‍ ഒരു അപ്പോസ്തലിക്  എക്സാർക്കേറ്റ് സ്ഥാപിച്ചു. 2018 മേയ് 31 ന് ഫ്രാൻസിസ് പാപ്പാ അതിനെ എപ്പാർക്കിയായി ഉയർത്തി. ഇന്ന് സഭ പൂർണ്ണ സ്വാതന്ത്ര്യം അനുഭവിക്കുന്ന വടക്കൻ മസിഡോണിയായില്‍  20,000  കത്തോലിക്കർ മാത്രമായ ഒരു ചെറിയ നൂനപക്ഷമാണ്. ഇതിൽ 15,000  ബൈസൈന്‍ടെന്‍റീത്തിൽപെട്ടവരും ബാക്കിയുള്ള 5000 ലത്തീൻ റീത്തിലുള്ളവർ ക്രൊയേഷിയ, അൽബാനിയ, പോളണ്ട്, സ്ലോവാക്കിയാ, ഹങ്കറി തുടങ്ങിയ  രാജ്യങ്ങളിൽ നിന്നുള്ളവരുമാണ്. 20 വൈദീകരും 30 ഓളം സന്യാസിനീ സന്യാസികളും ഇവിടെ പ്രവർത്തിക്കുന്നു.

“ലോകത്തിന് സമാധാനം” എന്ന വാക്യത്തെ തന്‍റെ   അപ്പോസ്തോലിക സന്ദര്‍ശനത്തിന്‍റെ പ്രമേയമാക്കി സമാധാനത്തിനായി പ്രയത്നിക്കുന്ന   ഫ്രാൻസിസ് പാപ്പായുടെ  യാത്ര ഫലദായകമാകാന്‍ പ്രാര്‍ത്ഥിക്കാം.

05 May 2019, 15:47