തിരയുക

Vatican News
ഫ്രാന്‍സീസ് പാപ്പാ ഇറ്റലിയുടെ പ്രവിശ്യാദ്ധ്യക്ഷന്മാരെ വത്തിക്കാനില്‍ സ്വീകരിച്ചപ്പോള്‍ 27/04/2019 ഫ്രാന്‍സീസ് പാപ്പാ ഇറ്റലിയുടെ പ്രവിശ്യാദ്ധ്യക്ഷന്മാരെ വത്തിക്കാനില്‍ സ്വീകരിച്ചപ്പോള്‍ 27/04/2019  (Vatican Media )

വികസനങ്ങള്‍ക്കു മദ്ധ്യേയും സങ്കീര്‍ണ്ണയാഥാര്‍ത്ഥ്യങ്ങള്‍ !

ഇറ്റലിയിലെ പ്രവിശ്യകളുടെ സഖ്യം പാപ്പായുടെ ഉപവിപ്രവര്‍ത്തനങ്ങള്‍ക്ക് നല്കിയ ഉദാരസംഭാവനയ്ക്ക് പാപ്പാ നന്ദി പ്രകാശിപ്പിക്കുന്നു

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ഭാവാത്മകമായ വികസനത്തിനിടയിലും സമൂഹത്തില്‍ വര്‍ദ്ധമാനമായിക്കൊണ്ടിരിക്കുന്ന അസമത്വങ്ങളെയും പാര്‍ശ്വവത്ക്കരണത്തെയും നേരിടുന്നതിന് സമൂഹത്തില്‍ പൊതു അധികാരമുള്ള വിവിധ ഘടകങ്ങളുടെ സംഘാതാത്മക പ്രവര്‍ത്തനം ആവശ്യമാണെന്ന് മാര്‍പ്പാപ്പാ ഓര്‍മ്മിപ്പിക്കുന്നു.

ഇറ്റലിയിലെ പ്രവിശ്യകളുടെ സഖ്യത്തിന്‍റെ നൂറോളം പ്രതിനിധികളെ ശനിയാഴ്ച (27/04/2019) വത്തിക്കാനില്‍ സ്വീകരിച്ചു സംബോധന ചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

പൊതുഅധികാരങ്ങള്‍ നിക്ഷിപ്തമായിട്ടുള്ള സംഘടിതരൂപമുള്ള ഘടകങ്ങളില്‍ ഒന്നാണ് പ്രവിശ്യകളെന്നും പാപ്പാ വ്യക്തമാക്കി.

അതിവേഗവികസനവും സങ്കീര്‍ണ്ണ സാങ്കേതിക വിദ്യകളും നമ്മുടെ ഈ കാലഘട്ടത്തിന്‍റെ  സവിശേഷതയാണെന്ന് അനുസ്മരിച്ച പാപ്പാ ഈ പുരോഗതികള്‍ വ്യക്തിയുടെയും സമൂഹത്തിന്‍റെയും വിഭിന്നങ്ങളായ ആവശ്യങ്ങളോട് ഫലപ്രദമായി പ്രതികരിക്കാനും പ്രാന്തവത്ക്കരണത്തിന്‍റെ എല്ലാ രൂപങ്ങളെയും തടഞ്ഞുകൊണ്ട്, ദാര്യദ്ര്യവും പുറന്തള്ളലുമില്ലാത്ത ഒരു സമൂഹത്തിന് ജന്മമേകാനും പര്യാപ്തമാണെന്ന പ്രതീതിയുളവാക്കുന്നുണ്ടെങ്കിലും യാഥാര്‍ത്ഥ്യം സങ്കീര്‍ണ്ണമായിത്തന്നെ അവശേഷിക്കയാണെന്ന് ഖേദം പ്രകടിപ്പിച്ചു.

അവസരങ്ങള്‍ക്കു സമാന്തരമായിത്തന്നെ വിവിധ മേഖലകളില്‍ ആവശ്യങ്ങളും വര്‍ദ്ധിച്ചുകൊണ്ടിരിക്കയാണെന്ന് പാപ്പാ പറഞ്ഞു.

ഇറ്റലിയിലെ പ്രവിശ്യകളുടെ സഖ്യം പാപ്പായുടെ ഉപവിപ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം വഹിക്കുന്ന  “എലെമൊസിനെറീയ അപ്പസ്തോലിക്കായ്ക്ക” ഉദാരമായ ഒരു സംഭാവന നല്കിയതിന് പാപ്പാ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.    

 

27 April 2019, 12:58