തിരയുക

Vatican News
NEPAL-WEATHER-STORM നേപ്പാളില്‍ ഞായറാഴ്ച (31/03/2019) ഉണ്ടായ കൊടുങ്കാറ്റു വിതച്ച നാശനഷ്ടങ്ങളുടെ ഒരു ദൃശ്യം 03/04/2019  (AFP or licensors)

നേപ്പാളിലുണ്ടായ കൊടുങ്കാറ്റു ദുരന്തത്തില്‍ പാപ്പായുടെ അനുശോചനം

നേപ്പാളില്‍ കൊടുങ്കാറ്റ് - ജീവാപയവും കനത്ത നാശനഷ്ടവും. അന്നാട്ടിലെ ജനങ്ങള്‍ക്കായി പാപ്പാ പ്രാര്‍ത്ഥിക്കുന്നു.

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

നേപ്പാളില്‍ കൊടുങ്കാറ്റു ദുരന്തം മൂലം ക്ലേശിക്കുന്ന ജനങ്ങളെ പാപ്പാ തന്‍റെ  ഐക്യദാര്‍ഢ്യം അറിയിക്കുകയും അവര്‍ക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.

ബാറാ, പാര്‍സ എന്നീ പ്രദേശങ്ങളില്‍ ഞായറാഴ്ച (31/03/2019) വൈകുന്നേരം ആഞ്ഞുവീശിയ കൊടുങ്കാറ്റ് അനേകരുടെ ജീവനപഹരിക്കുകയും നിരവധിപ്പേരെ മുറിവേല്പ്പിക്കുകയും അനേകം കുടുംബങ്ങളെ പാര്‍പ്പിടരഹിതരാക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ വത്തിക്കാന്‍ സംസ്ഥാന കാര്യദര്‍ശി കര്‍ദ്ദിനാള്‍ പീയെത്രൊ പരോളിന്‍, ഫ്രാന്‍സീസ് പാപ്പായുടെ നാമത്തില്‍, നേപ്പാളിലെ അപ്പസ്തോലിക് വികാരിക്കും പൗരാധികാരികള്‍ക്കും അയച്ച അനുശോചന സന്ദേശത്തിലാണ് ഇതറിയിച്ചിരിക്കുന്നത്.   

അന്നാട്ടില്‍ അടിയന്തര ദുരിതാശ്വാസപ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് പാപ്പാ പ്രചോദനം പകരുകയും നേപ്പാളിലെ ജനങ്ങള്‍ക്ക് സാന്ത്വനത്തിന്‍റെയും സൗഖ്യത്തിന്‍റെയും കരുത്തിന്‍റെയും ദൈവികാനുഗ്രഹങ്ങള്‍ ലഭിക്കുന്നതിനായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.

അതിശക്തമായ കൊടുങ്കാറ്റില്‍ മുപ്പതോളം പേര്‍ മരണമടയുകയും എഴുനൂറിനടുത്താളുകള്‍ക്ക് പരിക്കുപറ്റുകയും ചെയ്തു. 2000ത്തോളം കുടുംബങ്ങള്‍ക്ക് കനത്ത നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്.  

 

05 April 2019, 12:56