തിരയുക

Vatican News
ഫ്രാന്‍സീസ് പാപ്പാ മറോക്കോയില്‍- പൗരജനങ്ങളും പൗരാധികാരികളും നയതന്ത്രപ്രതിനിധികളുമൊത്തുള്ള കൂടിക്കാഴ്ചയ്ക്കെത്തുന്നു 30/03/2019 ഫ്രാന്‍സീസ് പാപ്പാ മറോക്കോയില്‍- പൗരജനങ്ങളും പൗരാധികാരികളും നയതന്ത്രപ്രതിനിധികളുമൊത്തുള്ള കൂടിക്കാഴ്ചയ്ക്കെത്തുന്നു 30/03/2019  (Vatican Media)

സംവാദത്തിന്‍റെ സരണിയില്‍ ചരിക്കുക!

മനുഷ്യര്‍ക്കു മദ്ധ്യേ സേതുബന്ധം തീര്‍ക്കാനും വെല്ലുവിളികളെ നേരിടാനുമുള്ള പ്രക്രിയയില്‍ മതപരമായ ഘടകത്തിന്‍റെ പ്രാധാന്യം അവഗണിക്കരുത്. സഹജീവനം, സൗഹൃദം, സാഹോദര്യം എന്നിവയുടെ കൊടിക്കീഴിലായിരിക്കണം ഈ പാലം പണിയല്‍, മതാന്തര സംഭാഷണത്തിന്‍റെ വീക്ഷണത്തില്‍- ഫ്രാന്‍സീസ് പാപ്പാ

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ഫ്രാന്‍സീസ് പാപ്പാ ശനിയാഴ്ച (30/03/2019) മറോക്കോയിലെ റബാത്തില്‍, തൊവൂര്‍ ഹസ്സന്‍ (TOUR HASSAN) മൈതാനിയില്‍ വച്ച് പൗരന്മാരും പൗരാധികാരികളും നയതന്ത്ര പ്രതിനിധികളുമൊത്തു  നടത്തിയ  കൂടിക്കാഴ്ചാവേളയില്‍ അവര്‍ക്കു നല്കിയ സന്ദേശത്തിന്‍റെ സംഗ്രഹം:

കൃതജ്ഞതാപ്രകാശനം, മതാന്തരസംവാദ പരിപോഷണം, ആഫ്രിക്കയ്ക്കും യൂറോപ്പിനുമിടയില്‍ സ്വാഭാവിക സേതുബന്ധമായിത്തീര്‍ന്നിരിക്കുന്ന മറോക്കൊ, സംഭാഷണ സംസകൃതിയുടെ സരണിയില്‍ ചരിക്കേണ്ടതിന്‍റെ പ്രാധാന്യം, തീവ്രവാദത്തിന്‍റെ എല്ലാ രൂപങ്ങളെയും നിരാകരിക്കേണ്ടതിന്‍റെ ആവശ്യകത, ജനങ്ങളെ തമ്മില്‍ ബിന്ധിപ്പിക്കുന്ന പാലം പണിയുന്നതില്‍ മതത്തിനുള്ള സുപ്രധാന പങ്ക്, ഇസ്ലാം ലോകത്തില്‍ മതന്യൂനപക്ഷങ്ങളുടെ അവകാശത്തെ അധികരിച്ചു നടന്നിട്ടുള്ള അന്താരാഷ്ട്ര സമ്മേളനം, റബാത്തിലെ എക്യുമെനിക്കല്‍ സ്ഥാപനം, വിദ്വേഷവും അക്രമവും പരത്താന്‍ മതത്തെ കരുവാക്കുന്ന പ്രവണത, പൊതുഭവനമായ ഭൂമിയെ പരിപാലിക്കാനുള്ള കടമ, കുടിയേറ്റപ്രശ്നം, മറോക്കോയില്‍ ക്രൈസ്തവസമൂഹത്തിന് നല്കപ്പെട്ടിട്ടുള്ള സ്ഥാനം തുടങ്ങിയവ പാപ്പായുടെ പ്രഭാഷണത്തില്‍ പരാമര്‍ശ വിഷയങ്ങളായി.

പ്രകൃതിരമണീയതകളാല്‍ സമ്പന്നയും പുരാതനങ്ങളായ നാഗരികതകളുടെ സംരക്ഷകയും  സമ്മോഹനമായ ഒരു ചരിത്രത്തിന്‍റെ സാക്ഷിയുമായ ഒരു നാടിന്‍റെ മണ്ണില്‍ പാദമൂന്നാന്‍ കഴിഞ്ഞതിലുള്ള സന്തോഷം അറിയിച്ചുകൊണ്ടാണ് ഫ്രാന്‍സീസ് പാപ്പാ മറോക്കൊയിലെ തന്‍റെ കന്നി പ്രഭാഷണം ആരംഭിച്ചത്.

മറോക്കൊയുടെ രാജാവ് മൊഹമ്മെദ് ആറാമന്‍ അന്നാട്ടിലെ ജനങ്ങളുടെ നാമത്തില്‍ തനിക്കേകിയ ക്ഷണത്തിനും ഊഷ്മള വരവേല്പിനും സ്വാഗതവാക്കുകള്‍ക്കും പാപ്പാ ഹൃദയംഗമമായ നന്ദി പ്രകാശിപ്പിച്ചു.

മറോക്കൊ നാടിന്‍റെയും അന്നാട്ടിലെ ജനങ്ങളുടെയും അവരുടെ പാരമ്പര്യങ്ങളുടെയും സമ്പന്നതകള്‍ നേരിട്ടു കണ്ടറിയാന്‍ തനിക്ക് അവസരമേകുന്നതിനാല്‍ ഈ സന്ദര്‍ശനം തന്നെ സംബന്ധിച്ചിടത്തോളം ആനന്ദത്തിനും കൃതജ്ഞതാഭാവത്തിനും നിദാനമാണെന്ന് പാപ്പാ വ്യക്തമാക്കി.

വിശുദ്ധ ഫ്രാന്‍സീസ് അസീസ്സിയും സുല്‍ത്താന്‍ അല്‍ കമീലും തമ്മില്‍ നടന്ന ചരിത്രപ്രധാനമായ കൂടിക്കാഴ്ചയുടെ 800-Ↄ○ വാര്‍ഷികം നാം അനുസ്മരിക്കുന്ന ഒരു വേളയില്‍ തന്‍റെ കൃതജ്ഞതാഭാവം മതാന്തര സംവാദവും ക്രൈസ്തവ-ഇസ്ലാം വിശ്വാസികളുടെ പരസ്പര ധാരണയും പരിപോഷിപ്പിക്കുന്നതിനുള്ള  സുപ്രധാന അവസരമായി പരിണമിക്കുന്നുവെന്ന് പാപ്പാ പറഞ്ഞു.

വിശുദ്ധ ഫ്രാന്‍സീസ് അസീസ്സിയും സുല്‍ത്താന്‍ അല്‍ കമീലും തമ്മില്‍ നടന്ന നേര്‍ക്കാഴ്ച കാണിച്ചു തരുന്നത്, കൂടിക്കാഴ്ചയ്ക്കും ഹസ്തദാനത്തിനുമുള്ള ആ ധൈര്യം, തീവ്രവാദവും വിദ്വേഷവും ഭിന്നിപ്പിനും നാശത്തിനും കാരണമാകുന്നവിടെ നരകുലത്തിനുള്ള സമാധാനത്തിന്‍റെയും ഏകതാനതയുടെയും സരണിയാണ് എന്നാണെന്ന് പാപ്പാ വിശദീകരിച്ചു.

ആഫ്രിക്കയ്ക്കും യൂറോപ്പിനുമിടയില്‍ തീര്‍ക്കപ്പെട്ട സ്വാഭാവിക പാലമായ മറോക്കൊയില്‍ നിന്നുകൊണ്ട താന്‍, ഉപരി ഐക്യദാര്‍ഢ്യമുള്ളതും ഓരോ ജനതയുടെയും വ്യക്തിയുടെയും സമ്പന്നതകളോടും സവിശേഷതകളോടുമുള്ള ആദരവില്‍ അധിഷ്ഠിതമായ സംവാദത്തിന് അനിവാര്യമായ ആര്‍ജ്ജവത്തോടും ധീരതയോടും കൂടെ പരിശ്രമിക്കുന്നതുമായ ഒരു ലോകം കെട്ടിപ്പടുക്കുന്നതിന് നവവീര്യം പകരാന്‍ സംഘാതാത്മകമായി പ്രവര്‍ത്തിക്കേണ്ടതിന്‍റെ ആവശ്യകത അടിവരയിട്ടുകാട്ടാന്‍ ആഗ്രഹിക്കയാണെന്നും ഇത് നമുക്കുള്ള ഒരു വെല്ലുവിളിയാണെന്നും പാപ്പാ പറഞ്ഞു. 

ഈ പടുത്തയര്‍ത്തല്‍ പ്രക്രിയയില്‍ ചരിക്കേണ്ട അനിവാര്യ സരണി സംവാദത്തിന്‍റെ  സംസൃകൃതിയാണെന്ന് പാപ്പാ വിശദീകരിച്ചു.

മനുഷ്യര്‍ക്കു മദ്ധ്യേ സേതുബന്ധം തീര്‍ക്കാനും വെല്ലുവിളികളെ നേരിടാനുമുള്ള പ്രക്രിയയില്‍ മതപരമായ ഘടകത്തിന്‍റെ പ്രാധാന്യം അവഗണിക്കരുതെന്ന് പാപ്പാ ഓര്‍മ്മിപ്പിച്ചു.

സഹജീവനം, സൗഹൃദം, സാഹോദര്യം എന്നിവയുടെ കൊടിക്കീഴിലായിരിക്കണം, മതാന്തര സംഭാഷണത്തിന്‍റെ വീക്ഷണത്തില്‍, ഈ പാലം പണിയല്‍ എന്ന് പാപ്പാ കൂട്ടിച്ചേര്‍ത്തു.

2016 ജനുവരിയില്‍ മറൊക്കൊയിലെ മറാക്കെഷ് നഗരത്തില്‍ വച്ച്, ഇസ്ലാം ലോകത്തിലെ മത ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെ അധികരിച്ചു സംഘടിപ്പിക്കപ്പെട്ട അന്താരാഷ്ട്ര സമ്മേളനത്തെക്കുറിച്ചും പരാമര്‍ശിച്ച പാപ്പാ, വവേചനത്തിനും ആക്രമണത്തിനുമെല്ലാം മതത്തെ കരുവാക്കുന്ന പ്രവണതകളെ ആ സമ്മേളനം അപലപിച്ചത് സസന്തോഷം അനുസ്മരിച്ചു.

ക്രൈസ്തവരുടെ ഐക്യത്തിനായുള്ള എക്യുമെനിക്കല്‍ സംരംഭത്തെക്കുറിച്ചും സൂചിപ്പിച്ച പാപ്പാ 2012 ല്‍ റബാത്തിലെ മൊവ്വഫാക്കയില്‍ കത്തോലിക്കസഭയുടെയും പ്രൊട്ടസ്റ്റന്‍റ് വിഭാഗത്തിന്‍റെയും സംയുക്ത സംരംഭമായ എക്യുമെനിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിതമായതിനെപ്പറ്റി പരാമര്‍ശിച്ചു.

ഈ സ്ഥാപനം ക്രൈസ്തവസഭകളുടെ ഐക്യം മാത്രമല്ല സംസ്ക്കാരങ്ങളുമായും ഇസ്ലാമുമായുമുള്ള സംഭാഷണവും പരിപോഷിപ്പിക്കുന്നുണ്ടെന്ന് പാപ്പാ അനുസ്മരിച്ചു.

യഥാര്‍ത്ഥ സംഭാഷണം, നാം വസിക്കുന്ന പൊതുഭവനമായ ഭൂമിയുടെ പരിപാലനത്തിലേക്കും നമ്മെ നയിക്കുമെന്ന് പാപ്പാ പറഞ്ഞു.

ഇന്ന് ലോകത്തെ അലട്ടുന്ന അടിയന്തരപ്രാധാന്യമുള്ള കുടിയേറ്റപ്രശ്നത്തെക്കുറിച്ചും പരമര്‍ശിച്ച പാപ്പാ, സ്വന്തം നാടും കുടുംബവും ഉപേക്ഷിച്ച് അന്യനാടുകളിലേക്കു കുടിയേറുന്നതിന് നിരവധിയാളുകളെ നിര്‍ബന്ധിക്കുന്ന കാരണങ്ങള്‍ സമൂലം പിഴുതെറിയുന്നതിനുവേണ്ട സമൂര്‍ത്തങ്ങളായ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്താന്‍ ആഹ്വാനം ചെയ്തു.

മറോക്കൊയിലെ സമൂഹത്തില്‍ തങ്ങള്‍ക്കു ലഭിച്ചിട്ടുള്ള അംഗീകാരത്തില്‍ പ്രാദേശിക ക്രൈസ്തവര്‍ സന്തോഷമുള്ളവരാണെന്നും പൊതുനന്മ ലക്ഷ്യം വയ്ക്കുന്ന ഐക്യദാര്‍ഢ്യം വാഴുന്ന ക്ഷേമരാഷ്ട്രം കെട്ടിപ്പടുക്കുന്നതില്‍ തങ്ങളുടെ പങ്കുവഹിക്കാന്‍ ക്രൈസ്തവര്‍ അഭിലഷിക്കുന്നുണ്ടെന്നും പാപ്പാ വെളിപ്പെടുത്തി.

അറബിഭാഷയില്‍ നന്ദി പ്രകാശിപ്പിച്ചുകൊണ്ടും സര്‍വ്വശക്തനും, ദയാശീലനും, അലിവുള്ളവനുമായ ദൈവം മറോക്കൊയെ സംരക്ഷിക്കുകയും അനുഗ്രഹിക്കുകയും ചെയ്യട്ടെ എന്ന് ആശംസിക്കുകയും ചെയ്തുകൊണ്ടാണ് പാപ്പാ ഇറ്റാലിയന്‍ ഭാഷയിലായിരുന്ന തന്‍റെ പ്രസംഗം ഉപസംഹരിച്ചത്.

 

01 April 2019, 06:13