തിരയുക

ഫ്രാന്‍സീസ് പാപ്പാ മറോക്കോയിലെ  റബാത്തില്‍ "മൗലെ അബ്ദേല്ല " സ്റ്റേഡിയത്തില്‍ ഞായറാഴ്ച (31/03/2019) ദിവ്യപൂജാര്‍പ്പണ വേളയില്‍ ഫ്രാന്‍സീസ് പാപ്പാ മറോക്കോയിലെ റബാത്തില്‍ "മൗലെ അബ്ദേല്ല " സ്റ്റേഡിയത്തില്‍ ഞായറാഴ്ച (31/03/2019) ദിവ്യപൂജാര്‍പ്പണ വേളയില്‍ 

പാപ്പായുടെ മറോക്കൊ സന്ദര്‍ശനം-പരിസമാപ്തി!

പത്രോസിന്‍റെ പിന്‍ഗാമിയുടെ ദിവ്യപൂജാര്‍പ്പണം മറോക്കൊയില്‍, പാപ്പായുടെ അന്നാട്ടിലെ ദ്വിദിന അപ്പസ്തോലിക പര്യടനം സമാപിച്ചു.

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ഫ്രാന്‍സീസ് പാപ്പായുടെ 28-Ↄ○ വിദേശ അപ്പസ്തോലിക പര്യടനം സമാപിച്ചു. മറോക്കൊയിലെ റബാത്ത നഗരം കേന്ദ്രമാക്കി ശനിയാഴ്ച ആരംഭിച്ച ഈ ഇടയസന്ദര്‍ശനത്തിന് ഞായറാഴ്ച വൈകുന്നേരമാണ് തിരശ്ശീല വിണത്.

ഈ ദ്വിദിന അജപാലനയാത്രയില്‍ പാപ്പാ മതാന്തരസംവാദം, പ്രാദേശികസഭയുടെ വിശ്വാസ സ്ഥൈര്യം, കുടിയേറ്റക്കാരുടെയും ദരിദ്രരുടെയും അവസ്ഥ എന്നിവയ്ക്ക് ഊന്നല്‍ നല്കി.

പാപ്പായുടെ മടക്കയാത്ര

ഞായറാഴ്ച ഉച്ചതിരിഞ്ഞ് മൗലെ അബ്ദെല്ല രാജകുമാരന്‍റെ നാമത്തിലുള്ള സ്റ്റേഡിയത്തില്‍ ദിവ്യബലിയര്‍പ്പിച്ചതിനുശേഷമാണ് ഫ്രാന്‍സീസ് പാപ്പാ വത്തിക്കാനിലേക്കുള്ള മടക്കയാത്ര ആരംഭിച്ചത്. റബാത് സലേ വിമാനത്താവളത്തില്‍ നിന്ന് പ്രാദേശികസമയം വൈകുന്നേരം 5 മണിക്ക്, ഇന്ത്യയിലെ സമയം രാത്രി 8.30-ന് റോയല്‍ എയര്‍ മറോക്കിന്‍റെ വ്യോമയാനത്തില്‍ റോമിലേക്കു പുറപ്പെട്ട പാപ്പാ പ്രാദേശികസമയം രാത്രി 9 മണിയോടെ റോമിലെ ചമ്പീനൊ വിമാനത്താവളത്തില്‍ ഇറങ്ങി. അവിടെ നിന്ന് പാപ്പാ, കാറില്‍ വത്തിക്കാനിലെത്തി. ഇറ്റലിയും ഇന്ത്യയും തമ്മില്‍ സമയത്തില്‍ 3 മണിക്കൂറും 30 മിനിറ്റും വിത്യാസമുണ്ട്. ഇന്ത്യ ഇത്രയും സമയം മുന്നിലാണ്.

മടക്കയാത്രാവേളയില്‍ പാപ്പായുടെ വിമാനം ഏതെല്ലാം രാജ്യങ്ങളുടെ വ്യോമപാത ഉപയോഗപ്പെടുത്തിയൊ, ആ നാടുകളുടെയെല്ലാം തലവന്മാര്‍ക്ക് പാപ്പാ വിമാനത്തില്‍ നിന്ന് ആശംസാസന്ദേശങ്ങള്‍ അയച്ചു.

പാപ്പാ മടക്കയാത്രയാരംഭിച്ച നാടായ മറോക്കൊയ്ക്കും ആ യാത്ര അവസാനിച്ച രാജ്യമായ ഇറ്റലിക്കും പുറമെ അള്‍ജീരിയയുടെയും മുകളിലൂടെ ഈ വിമാനം പറന്നു.

മറോക്കൊയുടെ രാജാവിനോടും രാജകുടുംബത്തോടും സര്‍ക്കാരിനോടും അന്നാട്ടുകാരോടുമുള്ള തന്‍റെ അഗാധമായ മതിപ്പ് പാപ്പാ മൊഹമ്മെദ് ആറാമന്‍ രാജാവിനയച്ച ആശംസാസന്ദേശത്തില്‍ അറിയിച്ചു.

അള്‍ജീരിയായുടെ രാഷ്ട്രത്തലവനും അന്നാടിനും സമാധാനവും കരുത്തും ലഭിക്കുന്നതിനായി താന്‍ പ്രാര്‍ത്ഥിക്കുന്നുവെന്ന് പാപ്പാ അള്‍ജീരിയായുടെ പ്രസിഡന്‍റ്  അബ്ദെല്ലാസ്സീസിന് അയച്ച സന്ദേശത്തില്‍ അറിയിച്ചു.

ആകാശനൗകയില്‍ നിന്നുള്ള സന്ദേശങ്ങള്‍!

വിമാനം ഇറ്റലിയ്ക്കു മുകളിലൂടെ പറക്കവെ അന്നാടിന്‍റെ പ്രസിഡന്‍റ് സേര്‍ജൊ  മത്തരേല്ലയ്ക്ക് അയച്ച സന്ദേശത്തില്‍, ഫ്രാന്‍സീസ് പാപ്പാ, ഭാവിയെ പ്രത്യാശയോടെ ഉറ്റുനോക്കാനുള്ള ധൈര്യവും സ്ഥൈര്യവും ദൈവം സകലര്‍ക്കും നല്കുന്നതിനായി പ്രാര്‍ത്ഥിക്കുകയും നാടിന് ശുഭാശംസകള്‍ നേരുകയും ചെയ്തു. 

മടക്കയാത്രയില്‍ വിമാനത്തില്‍ വെച്ച് മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു  പാപ്പാ  മറുപടി പറയവെ,  മുസ്ലീങ്ങളുമായുള്ള സംഭാഷണം, കുടിയേറ്റക്കാരുടെ പ്രശ്നങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ പരാമര്‍ശിക്കപ്പെട്ടു. സമാധാനം, ഐക്യം, സാഹോദര്യം എന്നീ മൂന്നു ഘടകങ്ങള്‍ക്ക് ഈ യാത്രയില്‍ താന്‍ ഊന്നല്‍ നല്കിയതും പാപ്പാ അനുസ്മരിച്ചു. മറോക്കൊയില്‍ ജനങ്ങള്‍ക്കുള്ള ആരാധനാസ്വാതന്ത്ര്യത്തില്‍ പാപ്പാ സംതൃപ്തി പ്രകടിപ്പിച്ചു.

കുടിയേറ്റപ്രശ്നത്തെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടി നല്കവെ പാപ്പാ മതിലുകള്‍ ഈ പ്രശ്നത്തിനു പരിഹാരമല്ല എന്ന തന്‍റെ ബോധ്യം ആവര്‍ത്തിച്ചു വ്യക്തമാക്കി. കുടിയേറ്റം തടയുന്നതിന് മതിലുകളുയര്‍ത്തുന്നവര്‍ അവര്‍ പണിയുന്ന മതിലിനകത്തുതന്നെ തടവുകരാക്കപ്പെടുമെന്ന് പാപ്പാ പറഞ്ഞു.

പാപ്പായുടെ ദിവ്യബലി മറോക്കോയുടെ മണ്ണില്‍

ഇനി നമുക്ക് പാപ്പാ ഞായറാഴ്ച ഉച്ചതിരിഞ്ഞ് മൗലെ അബ്ദെല്ല രാജകുമാരന്‍റെ  നാമത്തിലുള്ള സ്റ്റേഡിയത്തില്‍ അര്‍പ്പിച്ച ദിവ്യബലി മദ്ധ്യേ നല്കിയ സന്ദേശത്തിന്‍റെ  സംഗ്രഹം കേള്‍ക്കാം. പതിനായിരത്തിലേറെപ്പേര്‍ വിശുദ്ധ കുര്‍ബ്ബാനയില്‍ പങ്കുകൊണ്ടു. ലത്തീന്‍ റീത്തിന്‍റെ ആരാധനാക്രമമനുസരിച്ച് നോമ്പുകാലത്തിലെ നാലാമത്തെതായിരുന്ന ഞായറാഴ്ചത്തെ ഈ വിശുദ്ധകുര്‍ബ്ബാന പാപ്പാ ചൊല്ലിയത് തന്‍റെ മാതൃഭാഷയായ സ്പാനിഷില്‍ ആയിരുന്നു

ദിവ്യബലിമദ്ധ്യേ വായിക്കപ്പെട്ട സുവിശേഷഭാഗം, ലൂക്കായുടെ സുവിശേഷം 15-Ↄ○ അദ്ധ്യായം 1 മുതല്‍ 3 വരെയും, 11 മുതല്‍ 32 വരെയുമുള്ള വാക്യങ്ങള്‍, അതായത്, ധൂര്‍ത്തപുത്രന്‍റെ ഉപമ ആയിരുന്നു പാപ്പായുടെ വചനസമീക്ഷയ്ക്കാധാരം.

സുവിശേഷ സന്ദേശം

“ദൂരെ വച്ചുതന്നെ പിതാവ് അവനെ കണ്ടു. അവന്‍ മനസ്സലിഞ്ഞ് ഓടിച്ചെന്ന് അവനെ കെട്ടിപ്പിടിച്ചു”. ലൂക്കായുടെ സുവിശേഷം അദ്ധ്യായം 15,20. ഈ വാക്യം ഉദ്ധരിച്ചുകൊണ്ടാണ് പാപ്പാ തന്‍റെ വിചിന്തനം ആരംഭിച്ചത്.

സ്വപുത്രന്‍റെ തിരിച്ചുവരവ് കണ്ട പിതാവിന്‍റെ മനോഭാവം ആവിഷ്ക്കരിക്കുന്ന ഉപമയുടെ ഹൃദയസ്ഥാനത്തേക്ക് സുവിശേഷം നമ്മെ ആനയിക്കുകയാണ്. വികാരഭരിതനായ പിതാവ് തന്‍റെ പുത്രന്‍ വീട്ടിലെത്തുന്നതിനു മുമ്പുതന്നെ അവന്‍റെ  പക്കലേക്ക് ഓടിച്ചെന്നുകൊണ്ട് അവനെ അത്ഭുതപ്പെടുത്തുകയാണ്. താന്‍ ഏറെ നാള്‍ കാത്തിരുന്ന പ്രിയ പുത്രന്‍. ആ പുത്രന്‍റെ തരിച്ചുവരവ് കണ്ട് വികാരാധീനനായ പിതാവ്.

പിതാവ് ഓടിച്ചെല്ലുന്ന ഏക അവസരം അതു മാത്രമായിരുന്നില്ല. തന്‍റെ ഇതര സുതന്‍റെ അഭാവത്തില്‍ പിതാവിന്‍റെ ആനന്ദം അപൂര്‍ണ്ണമായിത്തീര്‍ന്നേനെ. അതുകൊണ്ടു തന്നെ പിതാവ് ആ പുത്രനെ ആഘോഷത്തില്‍ പങ്കുചേരുന്നതിന് ക്ഷണിക്കുന്നതിനായി  പുറപ്പെടുന്നു. എന്നാല്‍ ധൂര്‍ത്തപുത്രനെ വരവേല്‍ക്കുന്നതിനുള്ള ആഘോഷം ഈ മൂത്തപുത്രന് അത്ര രസിച്ചില്ല. പിതാവിന്‍റെ ആ സന്തോഷം അവന് സഹിക്കുന്നില്ല, സഹോദരന്‍റെ തിരിച്ചു വരവ് അംഗീകരിക്കാനും അവനാകുന്നില്ല. അവനെ സംബന്ധിച്ചിടത്തോളം തന്‍റെ സഹോദരന്‍ നഷ്ടപ്പെട്ടവന്‍ തന്നെയാണ്. കാരണം അവന്‍റെ  ഹൃദയത്തില്‍ ഈ സഹോദരന്‍ ഇല്ല.

ആഘോഷത്തില്‍ പങ്കുചേരുന്നതില്‍ അവന്‍ കാണിക്കുന്ന വൈമനസ്യത്തില്‍ പ്രകടമാകുന്നത് സ്വന്തം സഹോദരനെ അംഗീകരിക്കാതിരിക്കുന്നതു മാത്രമല്ല, സ്വന്തം പിതാവിനെ ഉള്‍ക്കൊള്ളാതിരിക്കലുമാണ്. അവനെ സഹോദരനായിട്ടല്ല അനാഥനായിട്ടു കാണാനാണ് മുത്ത സഹോദരന്‍ ഇഷ്ടപ്പെടുന്നത്. കൂടിക്കാഴ്ചയെക്കാള്‍ ഏകാന്തതയും ആനന്ദത്തെക്കാള്‍ തിക്തതയുമാണ് അവന്‍ കാംക്ഷിക്കുന്നത്. സഹോദരനെ മനസ്സിലാക്കാനൊ അവനോടു പൊറുക്കാനൊ മാത്രമല്ല ക്ഷമിക്കാന്‍ കഴിയുന്ന, കാത്തിരിക്കാനും ആരും അവഗണിക്കപ്പെടാതിരിക്കുന്നതിന് ജാഗ്രതപുലര്‍ത്താനും കഴിയുന്ന ഒരു പിതാവുണ്ടെന്ന് അംഗികരിക്കാനും അവനു സാധിക്കുന്നില്ല. ചുരുക്കത്തില്‍ സഹാനുഭൂതിയുള്ള ഒരു പിതാവുള്ളതിനാല്‍ അവന് വലിയ വില നല്കേണ്ടി വരുന്നു.

ആ ഭവനത്തിന്‍റെ ഉമ്മറപ്പടിയില്‍ നമ്മുടെ മാനവികതയുടെ രഹസ്യം ആവിഷ്കൃതമാകുന്നുവെന്ന പ്രതീതി ഉളവാകുന്നു. ഒരു വശത്ത് തിരിച്ചുകിട്ടിയ പുത്രനെ പ്രതിയുള്ള ആഘോഷം, മറുവശത്ത്, ആ പുത്രന്‍റെ തിരിച്ചുവരവിനെ പ്രതിയുള്ള ആഘോഷം ഉളവാക്കുന്ന വഞ്ചിക്കപ്പെട്ടതിന്‍റെയും ധാര്‍മ്മികരോഷത്തിന്‍റെയും വികാരങ്ങള്‍. ഒരുവശത്ത്, ദുരിതത്തിന്‍റെയും വേദനയുടെയും അനുഭവത്തിലൂടെ കടന്നുപോയ ഒരുവന്, ദുര്‍ഗന്ധമുള്ള ഒരുവന്, പന്നികള്‍ക്കുള്ള ഭക്ഷണം കൊണ്ടു പോലും വിശപ്പടക്കാന്‍ ആഗ്രഹിച്ച ഒരുവന് ആതിഥ്യമരുളുന്നു, മറുവശത്ത്, അത്തരമൊരു ആശ്ലേഷത്തിന് യോഗ്യനല്ലാത്തവന് ഇടം നല്കപ്പെടുന്നതിലുള്ള അസ്വസ്ഥതയും കോപവും.

അങ്ങനെ, നമ്മുടെ ജനതകള്‍ക്കിടയിലും നമ്മുടെ സമൂഹങ്ങളിലും, നമ്മുടെയുള്ളില്‍ത്തന്നെയും ഉള്ള സഘര്‍ഷം  ഒരിക്കല്‍ കൂടി തെളിഞ്ഞുവരുന്നു. ഈ സംഘര്‍ഷം കായേന്‍റെയും ആബേലിന്‍റെയും കാലംമുതല്‍ നമ്മില്‍ കുടികൊള്ളുന്നു. അതിനെ നേരിടാന്‍ നാം വിളിക്കപ്പെട്ടിരിക്കുന്നു. നമ്മുടെ ഇടയില്‍ ആയിരിക്കാന്‍, നമ്മുടെ ഭക്ഷണമേശയിലും നമ്മുടെ കൂട്ടത്തിലും നമ്മുടെ പ്രവര്‍ത്തനങ്ങളിലും നമ്മുടെ ഔത്സുക്യങ്ങളിലും നമ്മുടെ ചത്വരങ്ങളിലും നമ്മുടെ നഗരങ്ങളിലും ഒരിടം ലഭിക്കാന്‍ ആര്‍ക്കാണ് അവകാശമുള്ളത്? ഞാന്‍ എന്‍റെ സഹോദരന്‍റെ കാവല്‍ക്കാരനാണോ എന്ന ഭ്രാതൃഹത്യാപരമായ ചോദ്യം ആവര്‍ത്തിക്കപ്പെടുന്നത് തുടരുകയാണ്.

ആ ഭവനത്തിന്‍റെ ഉമ്മറപ്പടിയില്‍ ഭിന്നിപ്പുകളും സഘര്‍ഷങ്ങളും അക്രമാസക്തതയും പ്രത്യക്ഷപ്പെടുന്നു. അവ നമ്മുടെ വലിയ അഭിലാഷങ്ങളുടെയും സാഹോദര്യത്തിനായുള്ള പോരാട്ടത്തിന്‍റെയും വാതിലുകള്‍ക്കും മക്കള്‍ക്കടുത്ത ഔന്നത്യത്തോടെ ഏവര്‍ക്കും ജീവിക്കാന്‍ കഴിയുന്ന ഒരു സമൂഹത്തിന്‍റെ നിര്‍മ്മിതിക്കും പ്രഹരമേല്‍പ്പിക്കും.

തീര്‍ച്ചയായും, ഭിന്നിപ്പിനും സംഘര്‍ഷങ്ങള്‍ക്കും ഹേതുവായ സാഹചര്യങ്ങള്‍ നിരവധിയാണ്. ഏറ്റുമുട്ടലിലേക്കും പിളര്‍പ്പിലേക്കും നമ്മെ നയിക്കാന്‍ സാധ്യതയുള്ള അവസ്ഥകള്‍ ഉണ്ട് എന്നത് അനിഷേധ്യമാണ്. നമുക്ക് അത് നിഷേധിക്കാനാകില്ല. എളുപ്പത്തിലും ഫലപ്രദമായും നീതി ലഭിക്കുന്നതിനുള്ള ന്യായമായ വഴികളായി കണ്ട‌് വിദ്വേഷത്തിലും പ്രതികാര നടപടികളിലും നിപതിക്കാനുള്ള പ്രലോഭനം നമുക്ക് സദാ ഭീഷണിയാണ്. അനുഭവം നമ്മോടു പറയുന്നത് വിദ്വേഷവും ഭിന്നിപ്പും പ്രതികാര നടപടിയും നമ്മുടെ ജനങ്ങളുടെ ആത്മാവിനെ നശിപ്പിക്കുകയും നമ്മുടെ മക്കളുടെ പ്രത്യാശയെ വിഷലിപ്തമാക്കുകയും നാം സ്നേഹിക്കുന്ന സകലത്തെയും നശിപ്പിക്കുയും നമ്മില്‍ നിന്ന് എടുത്തുകളയുകയുമല്ലാതെ മറ്റൊന്നുമല്ല ചെയ്യുന്നത് എന്നാണ്.

ആകയാല്‍ യേശു നമ്മെ ക്ഷണിക്കുന്നത്  സ്വര്‍ഗ്ഗീയ പിതാവിന്‍റെ ഹൃദയത്തെ നോക്കാനും ധ്യാനിക്കാനുമാണ്. അപ്രകാരം മാത്രമെ നമുക്ക് നമ്മള്‍ സഹോദരങ്ങളാണെന്ന് അനുദിനം കണ്ടെത്താന്‍ കഴിയുകയുള്ളു. അനുദിനം സ്വര്‍ഗ്ഗത്തിലേക്ക് നയനങ്ങള്‍ ഉയര്‍ത്തി “സ്വര്‍ഗ്ഗസ്ഥനായ പിതാവേ" എന്നു വിളിക്കാന്‍ നമുക്കു സാധിച്ചാല്‍ നമുക്ക് ശത്രുക്കളെപ്പോലെയല്ല, മറിച്ച്, സഹോദരങ്ങളെപ്പോലെ കാണാനും ജീവിക്കാനും ധൈര്യം ലഭിക്കും.

എനിക്കുള്ളതെല്ലാം നിന്‍റേതാണെന്ന് പിതാവ് മൂത്ത പുത്രനോടു പറയുമ്പോള്‍ ഭൗതികവസ്തുക്കള്‍ മാത്രമല്ല വിവക്ഷ. തന്‍റെ സ്നേഹത്തിലും അനുകമ്പയിലും പങ്കുപറ്റണമെന്നും പിതാവ് സൂചിപ്പിക്കുകയാണ്.

കാരുണ്യത്തിന്‍റെ ആഘോഷത്തില്‍ പങ്കുചേരാന്‍ മൂത്ത പുത്രനോട് പിതാവ് അഭ്യര്‍തഥിക്കുന്നുത് ധൂര്‍ത്തപുത്രന്‍റെ ഉപമയുടെ അവാസാനഭാഗത്ത് നാം കാണുന്നുണ്ട്.

പ്രിയ സഹോദരീ സഹോദരന്മാരേ, ഈ മണ്ണില്‍ നിങ്ങള്‍ കാരുണ്യത്തിന്‍റെ  സുവിശേഷത്തിനേകുന്ന സാക്ഷ്യത്തിന് ഞാന്‍ നിങ്ങള്‍ക്ക് പ്രത്യേകം നന്ദി പറയുന്നു.... നിങ്ങള്‍ എളിയവരുടെയും പാവപ്പെട്ടവരുടെയും തിരസ്കൃതരുടെയും പരിത്യക്തരുടെയും അവഗണനാപാത്രങ്ങളായവരുടെയും ചാരെ ആയിരിക്കുന്നത് തുടരുക, സ്വര്‍ഗ്ഗീയ പിതാവിന്‍റെ ആശ്ലേഷത്തിന്‍റെയും ഹൃദയത്തിന്‍റെയും അടയാളമായി നിങ്ങള്‍ തുടരുക. നമ്മുടെ മുസ്ലീം സഹോദരങ്ങള്‍ ആവര്‍ത്തിച്ചു വിളിച്ചപേക്ഷിക്കുന്നതുപോലെ, കാരുണ്യവാനും അലിവുള്ളവനുമായവന്‍ നിങ്ങളെ കരുത്തരാക്കുകയും അവിടത്തെ സ്നേഹത്തിന്‍റെ പ്രവൃത്തികള്‍ ഫലദായകങ്ങളാക്കിത്തീര്‍ക്കുകയും ചെയ്യ‌ട്ടെ.

ഈ വാക്കുകളില്‍ തന്‍റെ സുവിശേഷസന്ദേശം ഉപസംഹരിച്ച പാപ്പാ വിശുദ്ധ കുര്‍ബ്ബാനയുടെ അവസാനം മറോക്കൊയുടെ രാജാവ് മൊഹമ്മെദ് ആറാമനും തന്‍റെ  ഇടയസന്ദര്‍ശനത്തിന്‍റെ സാക്ഷാത്ക്കാരത്തിനു സഹായമേകിയ ഭരണാധികാരികളുള്‍പ്പടെയുള്ള എല്ലാവര്‍ക്കും നന്ദി പ്രകാശിപ്പിച്ചു.

മുസ്ലീം സഹോദരങ്ങളുമായുള്ള സംഭാഷണത്തിന്‍റെ സരണിയില്‍ സ്ഥൈര്യത്തോടെ ചരിക്കാനും സര്‍വ്വലൗകിക സാഹോദര്യം ദൃശ്യമാക്കിത്തീര്‍ക്കും വിധം പരസ്പരം സഹകരിക്കാനും പാപ്പാ ആഹ്വാനം ചെയ്തു. നമ്മുടെ ലേകത്തിന് അത്യന്താപേക്ഷിതമായിരിക്കുന്ന പ്രത്യാശയുടെ ദാസരായിത്തീരാന്‍ സാധിക്കട്ടെയെന്ന് പാപ്പാ ആശംസിക്കുകയും ചെയ്തു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 April 2019, 09:12