തിരയുക

Vatican News
പാപ്പാ   സന്ദേശം നല്‍കുന്നു പാപ്പാ സന്ദേശം നല്‍കുന്നു  (Vatican Media)

ഉത്ഥിതനായ യേശുവിനെ വ്യക്തിപരമായി കണ്ടുമുട്ടണം

വത്തിക്കാനില്‍ ഏപ്രിൽ 22 ആം തിയതി പാപ്പാ നല്‍കിയ മധ്യാഹ്ന പ്രാർത്ഥന സന്ദേശം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ സിറ്റി

മനുഷ്യചരിത്രത്തിലെ ഏറ്റം വിസ്മയാവഹമായ സംഭവമാണ് ക്രിസ്തുവിന്‍റെ  ഉയിർപ്പെന്നും പാപത്തിന്‍റെമേലും, മരണത്തിന്‍റെമേലും ദൈവസ്നേഹം വിജയംവരിച്ചതിനു തെളിവും, നമ്മുടെ ജീവിത പ്രത്യാശയ്ക്കു പാറപോലെ ഒരു ഉറച്ച അടിത്തറയും  നൽകുന്നു എന്നും, മാനുഷീകമായി അസാധ്യമായതാണ് സംഭവിച്ചച്ചതെന്നും  അപ്പോസ്തലന്മാരുടെ നടപടിയിലെ 2, 22 ഉം  24  ഉം വാക്യങ്ങൾ ഉദ്ധരിച്ചുകൊണ്ട് വത്തിക്കാനില്‍ ഏപ്രിൽ 22 ആം തിയതി പാപ്പാ മധ്യാഹ്ന പ്രാർത്ഥന സന്ദേശം ആരംഭിച്ചു. ഇന്നത്തെ ആരാധനക്രമത്തിലെ സുവിശേഷത്തിൽ (മത്താ. 28 , 8 - 15 ) വീണ്ടും നമ്മെ ക്രിസ്തുവിന്‍റെ  ഒഴിഞ്ഞ കല്ലറയ്ക്കു മുന്നിൽ എത്തിക്കുന്നു. ഭയത്തോടും, സന്തോഷത്തോടും കൂടെ ശിഷ്യരോടു വിവരം പറയാനോടുന്ന സ്ത്രീകളും അവർക്കുമുന്നിൽ പ്രത്യക്ഷനാകുന്ന യേശുവിനെയും അവരുടെ ഭീതിയകറ്റി സംഭവിച്ചവയെ ശിഷ്യരെയറിയിക്കാൻ പ്രോത്സാഹിപ്പിച്ചു പറഞ്ഞുവിടുന്ന രംഗവുമാണ് സുവിശേഷം.

എല്ലാ സുവിശേഷങ്ങളും എടുത്തുപറയുന്ന ഒന്നാണ് ഉയിർപ്പിന്‍റെ  ആദ്യ സാക്ഷികളായ മഗ്ദലേന മേരിയുടെയും, മറ്റു സ്ത്രീ കളുടെയും ഭാഗമെന്ന് ചൂണ്ടിക്കാണിച്ച പാപ്പാ പുരുഷന്മാർ ഭയചകിതരായി സെഹിയോൻ ഊട്ടുശാല യില്‍ അടച്ചുപൂട്ടിയിരിക്കുകയായിരുന്നു എന്നും യോഹന്നാനും, പത്രോസും വിഭ്രാന്തരായി തുറന്ന, ഒഴിഞ്ഞ കല്ലറ പരിശോധിക്കുക മാത്രമാണ്  ചെയ്തതെന്നും പക്ഷെ സ്ത്രീകളാണ് ആദ്യം ഉത്ഥിതനെ കണ്ടതും അവൻ ജീവിക്കുന്നു എന്ന് പ്രഘോഷിച്ചതും എന്ന് ഓർമ്മിപ്പിച്ച ഫ്രാൻസിസ് പാപ്പാ  സ്ത്രീകളോടു കർത്താവ് പറഞ്ഞ "ഭയപ്പെടേണ്ട,  ഉത്ഥാനം അറിയിക്കാൻ പുറപ്പെടുക" എന്ന വാക്കുകൾ നമ്മോടുമാണെന്ന് വിശദീകരിച്ചു.  ഓരോരുത്തരും  ഉത്ഥിതനായ യേശുവിനെ വ്യക്തിപരമായി കണ്ടുമുട്ടുന്നതിനും അവന്‍റെ  സാക്ഷികളായി അവനെ പ്രഘോഷിക്കുന്നവരുമാകാൻ വിളിക്കപ്പെട്ടിരിക്കുന്നവരുമാണെന്നും പാപ്പാ ഉദ്‌ബോധിപ്പിച്ചു.

“ഉയിർത്തെഴുന്നേറ്റ യേശു എന്‍റെ പ്രത്യാശ,” എന്ന വാക്യം  ഈ ഉയിർപ്പുകാലത്ത് നാം ആവർത്തിക്കുമ്പോൾ അവനിൽ നാമും  മരണത്തിൽ നിന്നും ജീവനിലേക്കും, പാപത്തിന്‍റെ  അടിമത്വത്തിൽ നിന്ന് സ്നേഹത്തിലേക്കും, സ്വാതന്ത്ര്യത്തിലേക്കും ഉയിർപ്പിക്കപ്പെട്ടവരായി. യേശു ഉയിർത്ത് അവൻ നമ്മോടൊപ്പം നടക്കുന്നു. അവന്‍റെ സാമിപ്യം പ്രാർത്ഥനയിലും , വിശ്വാസത്തോടെയും നന്ദിയോടെയും ജീവിക്കുന്ന ചെറിയചെറിയ സന്തോഷങ്ങളിലും, സ്നേഹനിമിഷങ്ങളുടെ പങ്കിടലുകളിലും, സ്വാഗതം ചെയ്യലുകളിലും, കൂട്ടുകൂടലുകളിലും, പ്രകൃതിയെ നോക്കി ധ്യാനിക്കുന്നതിലും കണ്ടെത്താന്‍ കഴിയുമെന്നും പാപ്പാ ഓർമ്മിപ്പിച്ചു. ഈ ദിനം അങ്ങനെ യേശുവിനെ കണ്ടെത്താനുള്ള ഒരു പരിശ്രമമാകട്ടെയെന്നാശംസിച്ച പാപ്പാ    ഉദ്ധിതന്‍റെ  ദാനമായ ശാന്തിയും സമാധാനവും  നമുക്ക് നൽകുവാനും അത് മറ്റുള്ളവരുമായി പങ്കുവയ്ക്കുവാനും പരിശുദ്ധ കന്യാമറിയത്തോടു  പ്രാർത്ഥിക്കാം എന്ന് പറഞ്ഞുകൊണ്ട് തന്‍റെ  സന്ദേശം ഉപസംഹരിച്ചു.

തുടർന്ന് ശ്രീലങ്കൻ സ്ഫോടന ആക്രമണത്തിനെ അപലപിച്ച പാപ്പാ കാർഡിനൽ മാൽക്കം രഞ്ജിത്ത് ഡോൺ ജോണിനും കൊളംബോ അതിരൂപതയ്ക്കും തന്‍റെ അനുശോചനം അറിയിച്ചു. ബോംബാക്രമണത്തിൽ വധിക്കപ്പെട്ടവരെയും മുറിവേൽപ്പിക്കപെട്ടവരെയും തന്‍റെ പ്രാർത്ഥനയിൽ സ്മരിക്കുകയും ചെയ്യുന്നു എന്ന് പറഞ്ഞ് പാപ്പാ അവർക്ക് വേണ്ടിയുള്ള സഹായത്തെ ആരും നിഷേധിക്കരുതെന്നും ഓർമ്മപ്പെടുത്തി. ഭീകരപ്രവർത്തനവും, മനുഷ്യത്വമില്ലാത്ത പ്രവർത്തനങ്ങളും ഒരിക്കലും ന്യായീകരിക്കാനാവുകയില്ല എന്നും എല്ലാവരും ഈ നീച പ്രവർത്തനത്തിനെതിരെ  പ്രതികരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പറഞ്ഞു. അതിനായി ഒരു നന്മ നിറഞ്ഞ മറിയമേ എന്ന് പ്രാര്‍ത്ഥന സമർപ്പിക്കുകയും ചെയ്തു.

വത്തിക്കാനില്‍ സന്നിഹിതരായ കുടുംബാംഗങ്ങളെയും വിവിധ ഇടവകകളിൽ നിന്ന് വന്നവരെയും വിവിധ സംഘടനകളെയും ഇറ്റലിയിൽ നിന്നും ലോകത്തിലെ വിവിധ ഭാഗത്തുനിന്നും വന്നവരെയും പാപ്പാ ആശംസ അറിയിച്ചു. എല്ലാവരും വിശ്വാസത്തിൽ ജീവിക്കണമെന്നുപം ക്രിസ്തുവിന്‍റെ  സന്തോഷത്തിനും സമാധാനത്തിനും സാക്ഷികളായി തീരാനുള്ള എല്ലാ സാഹചര്യങ്ങളെയും  ഉപയോഗിക്കണമെന്നും പറഞ്ഞു കൊണ്ടാണ് പാപ്പാ സന്ദേശം ഉപസംഹരിച്ചത്.

22 April 2019, 15:57