തിരയുക

Vatican News
ഫ്രാന്‍സീസ് പാപ്പാ, ഇറ്റലിയിലെ ശിശുരോഗ ഭിഷഗ്വരന്മാരുടെ ദേശീയ സംയുക്തസമിതിയുടെ പ്രതിനിധികളുമൊത്ത് വത്തിക്കാനില്‍-21/03/2019 ഫ്രാന്‍സീസ് പാപ്പാ, ഇറ്റലിയിലെ ശിശുരോഗ ഭിഷഗ്വരന്മാരുടെ ദേശീയ സംയുക്തസമിതിയുടെ പ്രതിനിധികളുമൊത്ത് വത്തിക്കാനില്‍-21/03/2019  (Vatican Media)

തൊഴില്‍ വൈദഗ്ദ്ധ്യത്തോടൊപ്പം വ്യക്തിയോടുള്ള കരുതലും അനിവാര്യം!

ശാസ്ത്രീയ വൈദഗ്ദ്ധ്യത്തോടൊപ്പം തന്നെ മനുഷ്യവ്യക്തിയോടുള്ള കരുതല്‍ ശിശുരോഗ ഭിഷഗ്വരന്മാരുടെ തൊഴില്‍ വൈദഗ്ദ്ധ്യത്തിന്‍റെ സത്താപരമായ സവിശേഷതയാണെന്നും ശ്രവിക്കാനും മനസ്സിലാക്കാനും ആത്മവിശ്വാസം പകരാനുമുള്ള കഴിവ് ഇതില്‍ അത്യന്താപേക്ഷിതമാണെന്നും പാപ്പാ.

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

നമ്മുടെ ഇക്കാലഘട്ടത്തില്‍, പലപ്പോഴും, സാമ്പത്തിക ഭദ്രതയുള്ളവര്‍ക്കു മാത്രം  രോഗ പ്രതിരോധവും ചികിത്സയും സാധ്യമാക്കുന്ന അസമത്വത്തിനെതിരെ പോരാടാന്‍ മാര്‍പ്പപ്പാ ശിശുരോഗവിദഗ്ദ്ധര്‍ക്ക് പ്രചോദനം പകരുന്നു.

ഇറ്റലിയില്‍ 1971 ല്‍ സ്ഥാപിതമായ ശിശുരോഗ ഭിഷഗ്വരന്മാരുടെ ദേശീയ സംയുക്തസമിതിയുടെ ഇരുപതോളം പ്രതിനിധികളെ വ്യാഴാഴ്ച (21/03/2019) വത്തിക്കാനില്‍ സ്വീകരിച്ച ഫ്രാന്‍സീസ് പാപ്പാ അവരുടെ പ്രവര്‍ത്തനങ്ങളെയും തൊഴില്‍വൈദഗ്ദ്ധ്യത്തെയും ശ്ലാഘിച്ചുകൊണ്ട് അവര്‍ക്ക് വരമൊഴിയായി നല്കിയ സന്ദേശത്തിലാണ് ഈ പ്രോത്സാഹനമേകുന്നത്.

ഈ സംയുക്തസമിതിയില്‍ 5500-ലേറെ ശിശുരോഗ വിദഗ്ദ്ധര്‍ അംഗങ്ങളാണെന്നതും അനുസ്മരിച്ച പാപ്പാ മനുഷ്യജീവിതത്തിന്‍റെ പരിണാമ പ്രക്രിയയിലെ ഏറ്റം പ്രധാനപ്പെട്ട ഒരു കാലഘട്ടമാണ്, അതായത്, ശൈശവം മുതല്‍ താരുണ്യം വരെയുള്ള കാലമാണ് ഇവര്‍ കൈകാര്യം ചെയ്യുന്നതെന്ന വസ്തുത എടുത്തുകാട്ടി.

ശാസ്ത്രീയ വൈദഗ്ദ്ധ്യത്തോടൊപ്പം തന്നെ മനുഷ്യവ്യക്തിയോടുള്ള കരുതല്‍ ശിശുരോഗ ഭിഷഗ്വരന്മാരുടെ തൊഴില്‍ വൈദഗ്ദ്ധ്യത്തിന്‍റെ സത്താപരമായ സവിശേഷതയാണെന്നും ശ്രവിക്കാനും മനസ്സിലാക്കാനും ആത്മവിശ്വാസം പകരാനുമുള്ള കഴിവ് ഇതില്‍ അത്യന്താപേക്ഷിതമാണെന്നും പാപ്പാ പ്രസ്താവിച്ചു.

സാമീപ്യത്തിന്‍റെയും ആര്‍ദ്രതയുടെയും ഉറവിടമായ യേശുവിനെ അനുകമ്പയുടെയും അപരര്‍ക്കായുള്ള സമര്‍പ്പണത്തിന്‍റെയും മാതൃകയായി സ്വീകരിക്കാന്‍, തങ്ങളുടെ ക്രിസ്തീയ വിശ്വാസത്തിന്‍റെ വെളിച്ചത്തില്‍ ഈ ഭിഷഗ്വരന്മാര്‍ വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് പാപ്പാ ഓര്‍മ്മിപ്പിച്ചു.

ആതുര ശുശ്രൂഷയില്‍ വൈദ്യന്‍, സ്വന്തം രോഗിയുടെ ഇന്നത്തെ അവസ്ഥ മാത്രമല്ല ആ രോഗിയുടെ നാളെയെക്കുറിച്ചും, സ്വന്തം രോഗിയെക്കുറിച്ചു മാത്രമല്ല എല്ലാരോഗികളെക്കുറിച്ചും, ചാരത്തുള്ള രോഗികളെക്കുറിച്ചു മാത്രമല്ല, ദൂരത്തുള്ളവരെയും നാളത്തെ രോഗികളെയും കുറിച്ചും ചിന്തിക്കണമെന്ന 1925-2012 വരെ ജീവിച്ചിരുന്ന ഇറ്റലിക്കാരനായ ശിശുരോഗ വിദഗ്ദ്ധനും നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവുമായ ഫ്രാങ്കൊ പനിത്സോണിന്‍റെ ഉപദേശം പാപ്പാ അനുസ്മരിച്ചു.

22 March 2019, 10:05