തിരയുക

Vatican News
On the occasion of the 50th death anniversary of Cardinal Bea the pioneer of Judaic-christian dialogue On the occasion of the 50th death anniversary of Cardinal Bea the pioneer of Judaic-christian dialogue  (Vatican Media)

സ്നേഹവും ആദരവും സംവാദത്തിന് അനിവാര്യം

മതസൗഹാര്‍ദ്ദത്തെക്കുറിച്ചും യഹൂദ-ക്രൈസ്തവൈക്യത്തെക്കുറിച്ചും പാപ്പാ ഫ്രാന്‍സിസ് നടത്തിയ പ്രഭാഷണത്തിലെ ചിന്തകള്‍ :

- ഫാദര്‍ വില്യം നെല്ലിക്കല്‍

കര്‍ദ്ദിനാള്‍ ബേയ മതസൗഹാര്‍ദ്ദത്തിന്‍റെ ക്രാന്തദര്‍ശി
സഭയുടെ മതാന്തര സംവാദത്തിന്‍റെ വഴികളില്‍ രണ്ടാം വത്തിക്കാന്‍ സൂനഹദോസിനു മുന്നേതന്നെ നവമായ പാത വെട്ടിത്തുറന്ന കര്‍ദ്ദിനാള്‍ അഗസ്റ്റിന്‍ ബേയയുടെ 50-Ɔο ചരമവാര്‍ഷികം ഫെബ്രുവരി 28-Ɔο തിയതി വ്യാഴാഴ്ച അനുസ്മരിച്ചതിനോട് അനുബന്ധിച്ചാണ് പാപ്പാ ഫ്രാന്‍സിസ് പ്രഭാഷണം നടത്തിയത്. യഹൂദരെ സംബന്ധിച്ച് റോമിലെ പൊന്തിഫിക്കല്‍ ഗ്രിഗോരിയന്‍ യൂണിവേഴ്സിറ്റിയിലുള്ള കര്‍ദ്ദിനാള്‍ ബേയാ പഠനകേന്ദ്രത്തിലെ (Cardinal Bea Centre of Judaic Studies) 100-ല്‍ അധികം വിദ്യാര്‍ത്ഥികളും അവരുടെ അദ്ധ്യാപകരും അഭ്യൂദയകാംക്ഷികളുമായി വത്തിക്കാനിലെ ക്ലെമന്‍റൈന്‍ ഹാളില്‍ നടത്തിയ കൂടിക്കാഴ്ചയായിരുന്നു പാപ്പായുടെ പ്രഭാഷണത്തിന്‍റെ പശ്ചാത്തലം.

സ്നേഹമില്ലാതെ സത്യമില്ല
ഈശോ സഭാംഗമായിരുന്ന കര്‍ദ്ദിനാള്‍ ബേയ എങ്ങനെയാണ് മതാന്തര സംവാദത്തിന്‍റെ പാത തുറന്നത് എന്നു ചിന്തിക്കുമ്പോള്‍, അത് സ്നേഹവും, പരസ്പരാദരവും, നന്മയും മനുഷ്യത്വവുമുള്ള സംവാദത്തിന്‍റെ ശൈലിയായിരുന്നെന്നു കാണാം. അപരനോടുള്ള സ്നേഹം, സത്യം എന്നിവ കണ്ടെത്താനുള്ള ശരിയായ വഴികള്‍ നമുക്കു കാണിച്ചു തരും. സ്നേഹമില്ലാതെ സത്യമില്ല. അപരനെ അംഗീകരിക്കാനും ആശ്ലേഷിക്കാനും, മനസ്സിലാക്കാനുമുള്ള കഴിവു തരുന്നതും സ്നേഹമാണ്.

നന്മയും മനുഷ്യത്വവും
രണ്ടാമതായി നന്മയും മനുഷ്യത്വവുമാണ് കൂട്ടായ്മയ്ക്കുള്ള അടിത്തറയാകുന്നത്. കൂട്ടായ്മയുള്ള സാഹോദര്യം വളരുന്നിടത്ത് സ്രഷ്ടാവായ ദൈവം സൃഷ്ടികളെ സഹോദരങ്ങളാക്കി ഒന്നിപ്പിക്കും. അപരനോടു തുറവുകാട്ടാനും, പരസ്പരം മനസ്സിലാക്കാനും മനുഷ്യത്വം കാരണമാകുന്നു. നന്മ ഐക്യത്തിനായുള്ള വഴികള്‍ തേടുകയും, വ്യക്തികളും സമൂഹങ്ങളും തമ്മിലുള്ള ഐക്യത്തിനു വഴിതുറക്കുകയും ചെയ്യുന്നു.

ലക്ഷ്യത്തിലേയ്ക്കു നയിച്ച “ശാഠ്യമുള്ള ക്ഷമ”
അന്യരെയും അപരിചിതരെയും, വിവിധ മതസ്ഥരെയും അയല്‍ക്കാരെപ്പോലെ അംഗീകരിക്കുന്നതും, ഭൂമുഖത്ത് കൂട്ടായ്മ വളര്‍ത്തുന്നതുമാണ് സൗഹാര്‍ദ്ദത്തിന്‍റെ പരസ്പര ധാരണ.   കൂട്ടായ്മയുടെ ധാരണയില്‍ എത്തുംവരെ പരിശ്രമിക്കുന്ന “ശാഠ്യമുള്ള ക്ഷമ”യായിരുന്നു (stubborn patience) കര്‍ദ്ദിനാള്‍ ബേയയുടേതെന്ന്  സമകാലീനരും, അദ്ദേഹം ഭാഗമായിരുന്ന ഈശോ സഭയിലെ സഹോദരങ്ങളും നിരീക്ഷിച്ചിട്ടുള്ളതാണ്. അദ്ദേഹത്തിനുണ്ടായിരുന്ന ശുഭാപ്തി വിശ്വാസംകൊണ്ടാണ് മതസൗഹാര്‍ദ്ദത്തെക്കുറിച്ചുള്ള ബേയയുടെ ദീര്‍ഘവീക്ഷണം മുന്നോട്ടുള്ള പ്രയാണത്തില്‍ ശക്തിപ്പെട്ടത്. എന്നാല്‍ അടുത്തറിയുന്നവര്‍ അദ്ദേഹത്തെക്കുറിച്ചു പറയുന്നത്, ശുഭാപ്തി വിശ്വാസത്തോടൊപ്പം യാഥാര്‍ത്ഥ്യബോധവും ബേയയുടെ കരുത്തായിരുന്നു എന്നാണ്. ക്രിസ്തു ശിഷ്യന്മാരോട് ആഹ്വാനംചെയ്ത, “എല്ലാവരും ഒന്നായിരിക്കാന്‍ വേണ്ടി…” എന്ന സുവിശേഷസൂക്തവും കര്‍ദ്ദിനാള്‍ ബേയയ്ക്ക് എന്നും മാര്‍ഗ്ഗദീപമായിരുന്നു (യോഹ. 17, 21).

ലോകം അറിയേണ്ട മതങ്ങളുടെ സൗഹാര്‍ദ്ദശ്രമങ്ങള്‍
യഹൂദ-ക്രൈസ്തവ ബന്ധം ഗവേഷണ പഠനത്തിന്‍റെ തലത്തില്‍ മാത്രം നില്ക്കരുത്. ഇരുപക്ഷവും  തമ്മില്‍ നടന്നിട്ടുള്ള സംവാദത്തിന്‍റെ ഫലങ്ങളും, ഗവേഷണപഠനങ്ങളുടെ ഫലപ്രാപ്തിയുമെല്ലാം ഇനിയും വെളിപ്പെടുത്തപ്പെടേണ്ടതും ലോകത്തെ അറിയിക്കേണ്ടതുമാണ്. അതുവഴി ഈ മതസൗഹാര്‍ദ്ദത്തിന്‍റെ മാതൃകയും നന്മയും മറ്റുള്ളവര്‍ക്കും ഫലദായകമായ സാഹോദര്യത്തിന്‍റെയും സൗഹൃദത്തിന്‍റെയും അവസരമായി മാറട്ടെ. ക്രിസ്തീയമായ എല്ലാ നന്മകളും ഒരു ശാസ്ത്രീയ സമൂഹത്തിന്‍റെയോ ധിഷണാശാലികളുടേയോ മാത്രമായി ഒതുങ്ങിപ്പോകരുത്. അതിരുകള്‍ക്കപ്പുറം സകലര്‍ക്കുമായി അതു ലഭ്യമാക്കാന്‍ ബേയയുടെ നാമത്തിലുള്ള പഠനകേന്ദ്രത്തിനു സാധിക്കട്ടെ!

ബേയ സമ്മാനിച്ച നിറമാര്‍ന്ന സ്മരണകള്‍
കര്‍ദ്ദിനാള്‍ ബേയയുടെ അനുസ്മരണം നമുക്കു സമ്മാനിക്കുന്നത് ക്രൈസ്തവൈക്യ ശ്രമത്തിന്‍റെയും യഹൂദ-ക്രൈസ്തവ സാഹോദര്യകൂട്ടായ്മയുടെയും നിറമാര്‍ന്ന ഓര്‍മ്മകളാണെന്നു പ്രസ്താവിച്ചുകൊണ്ടാണ് പാപ്പാ ഫ്രാന്‍സിസ് സന്ദേശം ഉപസംഹരിച്ചത്.  

01 March 2019, 17:54