തിരയുക

ഫ്രാന്‍സീസ് പാപ്പാ, റോമന്‍ കൂരിയായിലെ സഹകാരികളുമൊത്ത് അറീച്ചയിലെ "കാസ ദിവീന്‍ മയേസ്ത്രൊ"യില്‍ നോമ്പുകാല ധ്യാനത്തില്‍  10/03/2019 ഫ്രാന്‍സീസ് പാപ്പാ, റോമന്‍ കൂരിയായിലെ സഹകാരികളുമൊത്ത് അറീച്ചയിലെ "കാസ ദിവീന്‍ മയേസ്ത്രൊ"യില്‍ നോമ്പുകാല ധ്യാനത്തില്‍ 10/03/2019 

പാപ്പായുടെ നോമ്പുകാല ധ്യാനം

മാര്‍പ്പാപ്പാ ധ്യാനത്തില്‍-പ്രാര്‍ത്ഥനാസഹായഭ്യര്‍ഥന ട്വിറ്ററിലൂടെ

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

തനിക്കും റോമന്‍ കൂരിയായിലെ തന്‍റെ സഹകാരികള്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കാന്‍ മാര്‍പ്പാപ്പാ അഭ്യര്‍ത്ഥിക്കുന്നു.

വത്തിക്കാനില്‍ നിന്ന് 50 കിലോമീറ്ററോളം തെക്കു മാറി സ്ഥിതിചെയ്യുന്ന “അറീച്ച” (ARICCIA) എന്ന സ്ഥലത്ത് ദിവ്യ ഗുരുവിന്‍റെ നാമധേയത്തിലുള്ള “കാസ ദിവിന്‍ മയേസ്ത്രൊ” (CASA DIVIN MAESTRO) ധ്യാനകേന്ദ്രത്തിലേക്ക് തപസ്സുകാല ധ്യാനത്തിന് റോമന്‍ കൂരിയായിലെ തന്‍റെ  സഹകാരികളുമൊത്ത്  ഞയാറാഴ്ച (10/03/2019) പുറപ്പെടുന്നതിനു മുമ്പ്   കണ്ണിചേര്‍ത്ത ട്വിറ്റര്‍ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പാ ഈ പ്രാര്‍ത്ഥനാസഹായം അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. 

പാപ്പായുടെ ട്വിറ്റര്‍ സന്ദേശത്തിന്‍റെ പൂര്‍ണ്ണരൂപം ഇപ്രകാരമാണ്:

“ഇന്നു വൈകുന്നേരം ഒരാഴ്ചത്തെ ആദ്ധ്യാത്മിക ധ്യാനം ആരംഭിക്കുന്ന എന്നെയും റോമന്‍ കൂരിയായിലെ എന്‍റെ സഹകാരികളെയും പ്രാര്‍ത്ഥനിയില്‍ ഓര്‍ക്കണമെന്ന് സകലരോടും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.” 

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

ഞായാറാഴ്ച ((10/03/2019) വൈകുന്നേരമാണ് ഫ്രാന്‍സീസ് പാപ്പായും സഹകാരികളും ധ്യാനത്തിനായി അറീച്ചയിലെ “കാസ ദിവിന്‍ മയേസ്ത്രൊ”യില്‍ എത്തിയത്.

വൈകുന്നേരം ആരംഭിച്ച ധ്യാനത്തില്‍ പാപ്പായുള്‍പ്പടെ 65 പേര്‍ പങ്കെടുത്തുവെന്ന് പരിശുദ്ധ സിംഹാസനത്തിന്‍റെ വാര്‍ത്താവിനിമയ കാര്യാലായത്തിന്‍റെ (പ്രസ്സ് ഓഫീസ്) മേധാവി അലെസാന്ത്രോ ജിസോത്തി ട്വിറ്ററിലൂടെ അറിയിച്ചു.

വിശുദ്ധ ബെനഡിക്ടിന്‍റെ നാമത്തിലുള്ള സന്ന്യസ്തസമൂഹാംഗമായ വൈദികന്‍ ബെര്‍ണ്ണാര്‍ദൊ ഫ്രാന്‍ചെസ്കൊ മരിയ ജാന്നിയാണ് ധ്യാന പ്രാസംഗികന്‍.

പാപ്പായും റോമന്‍ കൂരിയായിലെ അംഗങ്ങളും പങ്കെടുക്കുന്ന ഈ നോമ്പുകാല ധ്യാനം പതിനഞ്ചാം തീയതി വെള്ളിയാഴ്ച (15/03/2019) സമാപിക്കും.

ഫ്രാന്‍സീസ് എന്ന നാമം സ്വീകരിച്ച ഹൊര്‍ഹെ മാരിയൊ ബെര്‍ഗോലിയൊ ഈശോസഭയില്‍ ചേര്‍ന്നതിന്‍റെ അറുപത്തിയൊന്നാം വാര്‍ഷികദിനമാണ് ഇക്കൊല്ലം മാര്‍ച്ച് 11 എന്നതും ഇവിടെ സ്മരണീയമാണ്.

1958 മാര്‍ച്ച് പതിനൊന്നിനാണ് അദ്ദേഹം വൈദികാര്‍ത്ഥിയായി ഈശോസഭയില്‍ ചേര്‍ന്നത്. 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

11 March 2019, 12:53