തിരയുക

Pope Francis visits Morocco - in the St. Peter's cathedral, Rabat Pope Francis visits Morocco - in the St. Peter's cathedral, Rabat 

മൊറോക്കോ അപ്പസ്തോലിക യാത്രയുടെ റിപ്പോര്‍ട്ട്

ആദ്യദിനമായ ശനിയാഴ്ചത്തെയും, ഞായറാഴ്ച രാവിലത്തെയും പരിപാടികള്‍ ശബ്ദരേഖയോടെ...

- ഫാദര്‍ വില്യം നെല്ലിക്കല്‍

റിപ്പോര്‍ട്ട് മൊറോക്കോ - ശബ്ദരേഖ

പാപ്പാ ഫ്രാന്‍സിസിന്‍റെ 28-Ɔമത് അപ്പസ്തോലിക യാത്രയുടെ ആദ്യദിനമായ ശനിയാഴ്ചത്തെയും, ഞായറാഴ്ച രാവിലത്തെയും പരിപാടികളുടെ റിപ്പോര്‍ട്ട്.

വടക്കു പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ മൊറോക്കോയിലേയ്ക്കു “പ്രത്യാശയുടെ ദാസനായി…” സാഹോദര്യത്തിന്‍റെയും സമാധാനത്തിന്‍റെയും സന്ദേശവുമായിട്ടാണ് യുഎഇ-യ്ക്കുശേഷം മറ്റൊരു ഇസ്ലാമിക സാമ്രാജ്യം പാപ്പാ ഫ്രാന്‍സിസ് സന്ദര്‍ശിച്ചത്.  

1. പാപ്പാ മൊറോക്കോയില്‍ - ആദ്യദിനം
മാര്‍ച്ച് 30-Ɔο തിയതി ശനിയാഴ്ച ഉച്ചതിരിഞ്ഞ് പ്രദേശിക സമയം 2 മണിക്ക് മൊറോക്കോയിലെ റബാത്ത് സലേ രാജ്യാന്തര വിമാനത്താവളത്തില്‍ പാപ്പായുടെ അല്‍ ഇത്താലിയ 320 ഇറങ്ങിയതോടെ സന്ദര്‍ശനം ആരംഭിച്ചു. വിമാനപ്പടവുകള്‍ ഇറങ്ങിവന്ന പാപ്പായ്ക്ക് മൊറോക്കോയുടെ രാജാവ്, മുഹമ്മദ് ആറാമന്‍ സ്വാഗതമോതി. പരമ്പരാഗത വസ്ത്രങ്ങള്‍ അണിഞ്ഞ രണ്ടു കുട്ടികളും പാപ്പായെ അഭിവാദ്യംചെയ്തു. സൈന്ന്യത്തിന്‍റെ ഹ്രസ്വവും ഔപചാരികവുമായ സ്വീകരണച്ചടങ്ങും നടന്നു. പൗരപ്രതിനിധികളും വിശ്വാസികളും സഭാപ്രതിനിധികളുമായി ആയിരങ്ങള്‍ പാപ്പായെ വരവേല്‍ക്കാന്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു. ഏവരും ആര്‍ത്തുവിളിച്ചും ഹസ്താരവം മുഴക്കിയും പാപ്പായെ വരവേറ്റു.
റബാത്ത് അതിരൂപതാദ്ധ്യക്ഷന്‍, ആര്‍ച്ചുബിഷപ്പ് ക്രിസബല്‍ റൊമേരോയെ അഭിവാദ്യംചെയ്തശേഷം ഔദ്യോഗിക സ്വീകരണവേദിയിലേയ്ക്ക് പുറപ്പെടാന്‍ പാപ്പാ രാജാവിനൊപ്പം നടന്നു നീങ്ങി.

2. ഔദ്യോഗിക സ്വീകരണം
പ്രാദേശിക സമയം ഉച്ചതിരിഞ്ഞ് 2.15-ന് പാപ്പാ തുറന്ന വാഹനത്തിലും, രാജാവ് പിറകില്‍ കാറിലുമായി ഏകദേശം 10 കി.മി. അകലെ ഹസ്സന്‍ രണ്ടാമന്‍ രാജാവിന്‍റെ നാമത്തിലുള്ള സ്മാരകവേദിയില്‍ പ്രാദേശിക സമയം 2.30-ന് എത്തിച്ചേര്‍ന്നു.  വേദയിലേയ്ക്കു വാദ്യഘോഷത്തോടെ പാപ്പായെ സ്വീകരിച്ച് ആനയിക്കാന്‍ തുടങ്ങിയതും കിനിഞ്ഞിറങ്ങിയ ചെറുമഴ, മൊറോക്കന്‍ ജനതയ്ക്ക് അനുഗ്രഹത്തിന്‍റെ പ്രതീകമായിരുന്നു.

3. സ്വീകരണ വേദിയെക്കുറിച്ച്
നിലത്ത് മാര്‍ബിള്‍ കല്ലുകള്‍ വിരിച്ചും, ഇടതൂര്‍ന്ന കല്‍ത്തൂണുകളാലും അലംകൃതമായിരുന്ന വിസ്തൃതമായ മൈതാനവും, അതിന്‍റെ കേന്ദ്രഭാഗത്തെ മിനാറും മോസ്ക്കും കണ്ണഞ്ചിപ്പിക്കുന്നതായിരുന്നു. 20,000 പേര്‍ക്ക് സമ്മേളിക്കാനും നമസ്ക്കരിക്കാനുമുള്ള സൗകര്യമുണ്ട് ഹസ്സന്‍ രണ്ടാമന്‍ രാജാവിന്‍റെ നാമത്തിലുള്ള മനോഹരമായ ഈ കോട്ടമൈതാനിയില്‍. 1196-ല്‍ സുല്‍ത്താന്‍ അബു യൂസഫ് യാക്കുബാല്‍ മന്‍സൂര്‍ മൊറോക്കോയുടെ തലസ്ഥാനമായി റബാത്തിനെ ഉയര്‍ത്താനുള്ള ലക്ഷ്യത്തോടെ പണികഴിപ്പിച്ചതാണ്.

4. കോട്ടമൈതാനിയിലെ വന്‍സ്വീകരണം
വത്തിക്കാന്‍റെയും മൊറോക്കോയുടെയും ദേശീയഗാനങ്ങള്‍ ആലപിക്കപ്പെട്ടു. തുടര്‍ന്ന് സൈന്ന്യത്തിന്‍റെ ഔപചാരിക ബഹുമതിയും വരവേല്പുമായിരുന്നു, Guard of Honour.  
മുഹമ്മദ് 6- Ɔമന്‍ രാജാവ് തന്‍റെ മന്ത്രിസഭാംഗങ്ങളെയും പ്രമുഖരെയും പാപ്പായ്ക്ക് പരിചയപ്പെടുത്തി. രാജാവ് വത്തിക്കാന്‍റെ പ്രതിനിധികളെയും പരിചയപ്പെട്ടു. തുടര്‍ന്ന് വേദിയില്‍ ഉപവിഷ്ടനായ പാപ്പായ്ക്ക് രാഷ്ട്രത്തിന്‍റെയും ജനങ്ങളുടെയുംപേരില്‍ രാജാവ് സ്വാഗതംപറഞ്ഞു.  രാഷ്ട്രപ്രതിനിധികളെയും, നയതന്ത്രപ്രതിനിധികളെയും പൗരപ്രതിനിധികളെയും, മൊറോക്കോയിലെ ജനങ്ങളെ പൊതുവെയും അഭിസംബോധനചെയ്തുകൊണ്ടു
പാപ്പാ പ്രഭാഷണം നടത്തി.  Discourse 1

5. രാഷ്ട്രപിതാവിന്‍റെ സ്മൃതിമണ്ഡപ സന്ദര്‍ശനം (Mausoleum of King Mohammed V).
പ്രഭാഷണാനന്തരം രാഷ്ട്രപിതാവായ മുഹമ്മദ് 5- Ɔമന്‍ രാജാവിന്‍റെ സമീപത്തുള്ള സ്മൃതിമണ്ഡപത്തിലേയ്ക്ക് പാപ്പാ ആനീതനായി.  

1927-മുതല്‍ 53-വരെ മൊറോക്കോയുടെ ഭരണാധിപനായിരുന്ന മഹമ്മദ് അഞ്ചാമനെ “ആധുനിക മൊറോക്കോയുടെ പിതാവായി” ആദരിച്ചുപോരുന്നു. സമീപത്തൂടെ വഴിഞ്ഞൊഴുകുന്ന ബോ റെഗ്രെഗ് (Bou regreg River) നദിയോടു തോളുരുമ്മി നല്കുന്ന സ്മൃതിമണ്ഡപം സവിശേഷമായ വിയറ്റാമി വാസ്തുഭംഗി പ്രസരിപ്പിക്കുന്നതാണ്. വെളുത്ത ഇറ്റാലിന്‍ കറാറാ മാര്‍ബിളില്‍ തീര്‍ത്ത സ്മാരകമണ്ഡപത്തിന്‍റെ മേല്‍ക്കൂര, മൊറോക്കോയുടെ ദേശീയ പതാകയുടെ പച്ചപ്പ് വിന്യസിപ്പിക്കുന്നതും പിരമിഡ് ആകാരത്തിലുള്ളതുമാണ്.   അകഭിത്തികളില്‍ കൊറാനിലെ വചനങ്ങള്‍ കൈയ്യെഴുത്തു കലയുടെ മനോഹരമായ ശൈലിയില്‍ അവതരിപ്പിച്ചിരിക്കുന്നതും കൗതുകം വളര്‍ത്തുന്നവിധത്തില്‍ വര്‍ണ്ണമൊസൈക്ക് ചീളുകളാല്‍ അലംകൃതവുമാണ്. മേല്‍ക്കൂര ദേവദാരുവില്‍ തീര്‍ത്തതും, അകം തങ്കത്തകിടു പതിപ്പിച്ചതുമാണ്. അതിന്‍റെ ചുവട്ടിലാണ് മുഹമ്മദ് 5- Ɔമന്‍ രാജാവിന്‍റെ പൂജ്യശേഷിപ്പുകള്‍ കബറടക്കിയിരിക്കുന്നത്. രാജകുടുംബത്തിലെ മറ്റ് അംഗങ്ങളുടെ സ്മാരകങ്ങളും പ്രധാന കല്ലറയുടെ സമീപത്തായി സ്ഥിതിചെയ്യുന്നുണ്ട്.

രാജാവിനാല്‍ ആനീതനായ പാപ്പാ ഫ്രാന്‍സിസ് പ്രാദേശിക സമയം 4 മണിക്ക് സ്മൃതിമണ്ഡത്തില്‍ പ്രവേശിച്ചു. തുടര്‍ന്ന് മഹമ്മദ് 5- Ɔമന്‍, ഹസ്സന്‍ 2- Ɔമന്‍ എന്നീ രാജാക്കന്മാരുടെ കല്ലറകളില്‍ ആദരസൂചകമായി നമ്രശിരസ്കനായി ഏതാനും നിമിഷങ്ങള്‍ മൗനമായി നിലയുറപ്പിച്ചു.

6. സന്ദര്‍ശകരുടെ ഗ്രന്ഥത്തിലെ കുറിപ്പില്‍ 
മൊറോക്കോയ്ക്കുവേണ്ടി പ്രാര്‍ത്ഥിച്ചു :

ഈ സ്മൃതിമണ്ഡപത്തിലേയ്ക്കുള്ള സന്ദര്‍ശനത്തിന്‍റെ ഓര്‍മ്മയില്‍ മൊറോക്കോ സാമ്രാജ്യത്തിന് സമൃദ്ധിയുണ്ടാകാന്‍ ദൈവത്തോടു പ്രാര്‍ത്ഥിക്കുന്നു. ഇന്നാട്ടില്‍ മുസ്ലീങ്ങളും ക്രൈസ്തവരും സാഹോദര്യത്തിലും ഐക്യത്തിലും ജീവിക്കട്ടെയെന്നും പ്രാര്‍ത്ഥിക്കുന്നു! തനിക്കു വേണ്ടിയും ദയവായി പ്രാര്‍ത്ഥിക്കണേ!

സ്മൃതിമണ്ഡപത്തിന്‍റെ സംരക്ഷകന്‍, പാപ്പായ്ക്ക് സ്മരണികയും സമ്മാനവും നല്കിയാണ് യാത്രയാക്കിയത്.

7. പാപ്പാ രാജകൊട്ടാരത്തില്‍
പ്രാദേശിക സമയം വൈകുന്നേരം 4.25-ന് പാപ്പാ ഫ്രാന്‍സിസ് നാലു കിലോമീറ്ററോളം കാറില്‍ സഞ്ചരിച്ച് മുഹമ്മദ് 6- Ɔമന്‍ രാജാവിന്‍റെ കൊട്ടാരത്തില്‍ / മൊറോക്കോ രാജകൊട്ടാരത്തില്‍ എത്തിച്ചേര്‍ന്നു.

“ദാര്‍ ഏല്‍ മക്കന്‍” എന്ന് വിളിക്കപ്പെടുന്ന കൊട്ടാരം 1785-മുതല്‍,  റബാത്ത് നഗരം രാജ്യത്തിന്‍റെ തലസ്ഥാനമാക്കി മുഹമ്മദ് മൂന്നാമന്‍ രാജാവ് ഉയര്‍ത്തിയ നാള്‍മുതല്‍ മൊറോക്കോയുടെ ഭരണകേന്ദ്രമാണ്. കാലാകാലങ്ങളില്‍ നവീകരിക്കപ്പെട്ടിട്ടുള്ള ഈ കൊട്ടാരം അറബ് വാസ്തുഭംഗിയിലുള്ളതും, ക്ഷേത്രഗണിതത്തിന്‍റെ സമലക്ഷണങ്ങള്‍ കൂട്ടിയിണക്കിയിട്ടുള്ളതുമാണ്. ക്ഷേത്ര ധ്വജങ്ങള്‍പോലെ ചായ്-വുള്ള മേല്‍ക്കൂര പച്ചനിറത്തിലുള്ള ഓടുകളാല്‍ കവചിതമാണ്. ഏഴു കവാടങ്ങളുള്ള രാജകൊട്ടാരത്തിന്‍റെ മുന്‍വശത്തുള്ള മുഖ്യകവാടം കോട്ടമൈതാനത്തേയ്ക്കും രാജവീഥിയിലേയ്ക്കു തുറക്കുന്നതാണ്. അവിടെ തൊട്ടടുത്തുതന്നെ പൊതുപ്രാര്‍ത്ഥനയ്ക്കുള്ള മനോഹരമായ മോസ്ക്കും അതിനുചുറ്റും അലംകൃതമായ അറേബ്യന്‍ ശൈലിയിലുള്ള നീണ്ട “മേഷവാര്‍” വരാന്തകളും ദൃശ്യമാണ്.

ആധുനിക മൊറോക്കോയുടെ ഭരണകേന്ദ്രം “ദാരു സലാം” സ്ഥിതിചെയ്യുന്നത് റബാത്ത് നഗരപ്രാന്തത്തിലാണ്. മതകാര്യങ്ങള്‍ക്കുള്ള ഓഫിസ്, കൂടാതെ പ്രധാനമന്ത്രിയുടെ കാര്യാലയം, അഭ്യന്തര വിഭാഗം, രാജകീയ വിദ്യാപീഠം, ഗ്രന്ഥാലയം, നയതന്ത്രപ്രതിനിധികളുടെ കാര്യാലയങ്ങള്‍ എന്നിങ്ങനെ 2000-ത്തില്‍ അധികംപേര്‍ പ്രവര്‍ത്തിക്കുന്ന മൊറോക്കോയുടെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുടെയും ഭരണസംവിധാനങ്ങളുടെയും സിരാകേന്ദ്രമാണ് റബാത്തിലെ “ദാരു സലാം”.

8. രാജാവുമായുള്ള കൂടിക്കാഴ്ചയും തുറന്ന അഭ്യര്‍ത്ഥനയും
കൊട്ടാരവളപ്പിലെത്തിയ പാപ്പാ ഫ്രാന്‍സിസിനെ കൊട്ടാരത്തിലേയ്ക്ക് അഭിവാദ്യംചെയ്തു സ്വീകരിച്ചത് രാജകീയ അംഗരക്ഷകരാണ്. മുഹമ്മദ് രാജാവ് പാപ്പായ്ക്ക് തന്‍റെ കുടുംബാംഗങ്ങളെ പരിചയപ്പെടുത്തി. അവര്‍ക്ക് പാപ്പാ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു.  ഇരുപക്ഷവും ആദ്യം സൗഹൃദത്തിന്‍റെ പ്രതീകമായ സമ്മാനങ്ങള്‍  കൈമാറി. തുടര്‍ന്ന് പാപ്പായും മുഹമ്മദ് രാജാവുമായുള്ള സ്വകാര്യ സംഭാഷണമായിരുന്നു. സംഭാഷണാന്തരം പാപ്പാ ഫ്രാന്‍സിസും രാജാവും ജരൂസലേം പട്ടണത്തിന്‍റെ ശ്രേയസ്സിനായുള്ള പൊതുവായ ഒരു തുറന്ന സംയുക്ത അഭ്യര്‍ത്ഥന ഒപ്പുവച്ചു പ്രസിദ്ധപ്പെടുത്തി.

9. വിശുദ്ധനഗരം കൂട്ടായ്മയുടെ കേന്ദ്രമാകണം ജരൂസലേം 
ഒരു തുറന്ന അഭ്യര്‍ത്ഥന
(Joint Appeal for Jerusalem) 
“വിശുദ്ധനഗരത്തിന്‍റെ ആത്മീയ സവിശേഷത മാനിച്ചുകൊണ്ട് അത് ലോകത്തിനൊരു സമാധാന കേന്ദ്രമായിരിക്കണം എന്ന അഭ്യര്‍ത്ഥനയാണ് കത്തിന്‍റെ ഉള്ളടക്കം. ലോകത്തെ മൂന്നു വലിയ മതങ്ങള്‍ക്കും - ക്രൈസ്തവര്‍ക്കും മുസ്ലീങ്ങള്‍ക്കും ഹെബ്രായര്‍ക്കും ഒരുപോലെ ആദരവും സംവാദവും നിലനിര്‍ത്തേണ്ട പൊതുവായ പൈതൃകവും കൂട്ടായ്മയുടെയും സമാധാനപൂര്‍ണ്ണമായ സഹവര്‍ത്തിത്വത്തിന്‍റെയും പ്രതീകമാകണം ജരൂസലേം. അതിനാല്‍ അത് സംരക്ഷിക്കപ്പെടുകയും സമുദ്ധരിക്കപ്പെടുകയും വേണം.
ഏകദൈവത്തില്‍ വിശ്വസിക്കുന്ന മൂന്നു മതസ്ഥര്‍ക്കും അവിടെ പ്രവേശിക്കാനും, തങ്ങളുടെ ദൈവത്തെയും സ്രഷ്ടാവിനെയും സ്തുതിച്ചു വാഴ്ത്താന്‍ ഉറപ്പുള്ള ഒരു ഇടമാക്കണം വിശുദ്ധനഗരമായ ജരൂസലേം...”
റബാത്ത്, മാര്‍ച്ച 30, 2019.
മുഹമ്മദ് 6- Ɔമന്‍ രാജാവും പാപ്പാ ഫ്രാന്‍സിസും ഒപ്പുവച്ച അഭ്യര്‍ത്ഥന ഇങ്ങനെയാണ് ഉപസംഹരിക്കപ്പെട്ടത്.

10. മൊറോക്കോയിലെ രാജകുടുംബത്തിന്‍റെ   പിന്നാമ്പുറത്തേയ്ക്ക്
17-‍നൂറ്റാണ്ടിന്‍റെ ഉത്തരാര്‍ത്ഥംമുതല്‍ നിലവിലുള്ള ​അലൊവൈറ്റ് രാജവംശത്തിലെ 23-Ɔമത്തെ ഭരണകര്‍ത്താവാണ് മുഹമ്മദ് ആറാമന്‍ രാജാവ്.
അദ്ദേഹം നിയമത്തിലും ഭരണകാര്യങ്ങളിലും പാണ്ഡിത്യം നേടിയിട്ടുണ്ട്. ഹസ്സന്‍ രണ്ടാമന്‍ രാജാവിന്‍റെ പുത്രനായി 1963-ല്‍ റബാത്തിലായിരുന്നു ജനനം. മഹമ്മദ് 5- Ɔമന്‍ രാജാവിന്‍റെ നാമത്തിലുള്ള വിദ്യാപീഠത്തില്‍ സാമ്പത്തികശാസ്ത്രം, സാമൂഹ്യശാസ്ത്രം, രാഷ്ട്രീയമീമാംസ എന്നീ വിഷയങ്ങളില്‍ 1988-ല്‍ പഠനം പൂര്‍ത്തിയാക്കി.
1985-ല്‍ ആദ്യം മിലിട്ടറിയുടെ ഉത്തരവാദിത്ത്വം ഏറ്റെടുത്തു. 1999-ലാണ് മുഹമ്മദ് ആറാമനായി രാജ്യഭരണം ഏറ്റെടുത്തത്. ലല്ലാ സല്‍മയാണ് രാജ്ഞിയും പത്നിയും. രാജകീയ ദമ്പതികള്‍ക്ക് രണ്ടു മക്കളുണ്ട്.

11. മൊറോക്കോയിലെ ആധുനിക ഇസ്ലാമി വിദ്യാപീഠം
സംഭാഷണാനന്തരം രാജകുടുംബത്തോടു യാത്രപറഞ്ഞ് ഇറങ്ങിയ പാപ്പാ ഫ്രാന്‍സിസ് തുടര്‍ന്ന് കൊട്ടാരവളപ്പില്‍നിന്നും 9 കി. മീ അകലെയുള്ള ഇമാം വിദ്യാപീഠത്തിലേയ്ക്കു (King Mohammed VI Imam Traning College) കാറില്‍ യാത്രയാക്കിയത്.

2015-ല്‍ തുടക്കമിട്ട മഹമ്മദ് ആറാന്‍ ഇസ്ലാമിക വിദ്യാപീഠം ഏറെ സഹിഷ്ണുതയുള്ളതും സമാധാനകാംക്ഷികളുമായ ഇസ്ലാമിക തലമുറയെ വളര്‍ത്തുന്നതിനും നവയുഗത്തിന്‍റെ സാങ്കേതികതയിലേയ്ക്കു ദൃഷ്ടിപതിച്ചു യുവതീയുവാക്കളെ പരിശീലിപ്പിക്കുന്നതിനുമുള്ള കേന്ദ്രമാണ്. 2003-ല്‍ ഇസ്ലാമിക തീവ്രവാദികള്‍ കാസാബ്ലാങ്കയില്‍ നടത്തിയ ഭീകരാക്രണത്തിനുശേഷമാണ് ഇസ്ലാമിന്‍റെ സഹിഷ്ണുതാഭാവമുള്ള ഈ പഠനകേന്ദ്രത്തിന് മൊറോക്കോയില്‍ തുടക്കമായത്. ഇത് മൊറോക്കോയിലും ലോകത്തിന്‍റെ ഇതരഭാഗങ്ങളിലും മതമൗലകചിന്തകള്‍ ഇല്ലാതാക്കാന്‍ സഹായകമാകുന്ന സ്ഥാപനമായി വളര്‍ന്നിട്ടുണ്ട്.

മുഹമ്മദ് രാജാവും, മതപരമായ കാര്യങ്ങള്‍ക്കുള്ള മന്ത്രിയും സ്ഥാപനത്തിന്‍റെ ‍ഡയറക്ടര്‍, പ്രസിഡന്‍റ് എന്നിവര്‍ ചേര്‍ന്ന് വിദ്യാപീഠത്തിന്‍റെ ഹാളില്‍ പാപ്പായെ ഹൃദ്യമായി സ്വീകരിച്ചു.  പ്രാരംഭമായി നടത്തിയ വീഡിയോ പ്രദര്‍ശനം വിദ്യാപീഠത്തിന്‍റെ മതസഹിഷ്ണുതാലക്ഷ്യവും രൂപീകരണരീതികളും അവതരിപ്പിച്ചു. തുടര്‍ന്ന് മതപരമായ കാര്യങ്ങള്‍ക്കുള്ള മന്ത്രി പാപ്പായെ അഭിവാദ്യംചെയ്തു. വിദ്യാപീഠത്തിലെ യൂറോപ്യന്‍ വിദ്യാര്‍ത്ഥിയും, ആഫ്രിക്കന്‍ വിദ്യാര്‍ത്ഥിനിയും തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവച്ചു. പരമ്പരാഗത ഹെബ്രായിക്, ഇസ്ലാമിക്, ക്രൈസ്തവ സംഗീതസൃഷ്ടികള്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ചത് സ്ഥാപനത്തിന്‍റെ തുറവുള്ള സാംസ്കാരികത പ്രകടിപ്പിച്ചു.

12. അഭയാര്‍ത്ഥി കേന്ദ്രത്തില്‍

വിദ്യാപീഠം നല്കിയ സ്വീകരണത്തെ തുടര്‍ന്ന് രാജാവിനാല്‍ ആനീതനായി പാപ്പാ വേദിവിട്ടിറങ്ങി. അപ്പോള്‍ തുടര്‍ന്ന് പ്രദേശിക സമയം 6 മണിയായിരുന്നു. പാപ്പാ കാറില്‍, 9 കി.മീ. അകലെ റബാത്തിലെ തങ്കേരി അതിരൂപതയിലെ “കാരിത്താസ്” കേന്ദ്രത്തിലേയ്ക്ക് അഭയാര്‍ത്ഥികളുമായുള്ള കൂടിക്കാഴ്ചയ്ക്കായി പുറപ്പെട്ടു.

റബാത്ത്, തങ്കേരി എന്നീ രണ്ടു അതിരൂപതകളായിട്ടാണ് മൊറോക്കോയിലെ സഭ വത്തിക്കാന്‍റെ  മേല്‍നോട്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. രണ്ടു മെത്രാപ്പോലീത്തമാരെ കൂടാതെ, ഒരു അപ്പസ്തോലിക വികാരിയും ദേശീയ സഭയ്ക്ക് നേതൃത്വംനല്കുന്നു. സഭയുടെ രാജ്യാന്തര ഉപവിപ്രസ്ഥാനം “കാരിത്താസ്” (Caritas International) മൊറോക്കോയിലെ റബാത്ത് അതിരൂപതയോടു ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്, പ്രത്യേകിച്ച് അവിടെയെത്തുന്ന കുടിയേറ്റക്കാരുടെയും അഭയാര്‍ത്ഥികളുടെയും ക്ഷേമത്തില്‍ ശ്രദ്ധപതിക്കുന്നു. വൈകുന്നേരം 6.10-ന് പാപ്പാ കാരിത്താസ് കേന്ദ്രത്തില്‍ എത്തിച്ചേര്‍ന്നു. തങ്കേരി അതിരൂപതയുടെ മെത്രാപ്പോലീത്ത, ആര്‍ച്ചുബിഷപ്പ് സന്തിയാഗോ മര്‍ത്തീനസും കാരിത്താസിന്‍റെ ഡയറക്ടറും ചേര്‍ന്ന് പാപ്പായെ വരവേറ്റു. കുടിയേറ്റക്കാരായ കുട്ടികളുടെയും അവരുടെ മാതാപിതാക്കളുടെയും സംഗമവേദിയില്‍ ആദ്യം, ആര്‍ച്ചുബിഷപ്പ് മര്‍ത്തീനെസ് പാപ്പായ്ക്ക് സ്വാഗതം പറഞ്ഞു. തുടര്‍ന്ന്, ഒരു അഭയാര്‍ത്ഥിയുടെ ജീവിതസാക്ഷ്യമായിരുന്നു. പിന്നെ നടന്ന ചെറിയ കലാപരിപാടികള്‍ പാപ്പാ അവര്‍ക്കൊപ്പം ആസ്വദിച്ചു. എന്നിട്ട് അവരെ അഭിസംബോധനചെയ്തു :

പ്രാദേശീക സമയം സായാഹ്നം 7 മണിയോടെ പാപ്പാ കുടിയേറ്റക്കാരോടു യാത്രപറഞ്ഞ് കാറില്‍ മടങ്ങുമ്പോള്‍ വടക്കു പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ മൊറോക്കോയുടെ അറ്റ്ലാന്‍റിക് തീരങ്ങളില്‍ സൂര്യന്‍ നിറക്കൂട്ടു വിരിയിച്ചുനിന്നു. വീണ്ടും 9 കി. മീ. സഞ്ചരിച്ച് റബാത്തിലെ വത്തിക്കാന്‍ സ്ഥാനപതിയുടെ മന്ദിരത്തില്‍ പാപ്പാ എത്തിയപ്പോള്‍, ഉമ്മറത്ത് തന്നെ കാണാന്‍ കാത്തുനിന്നിരുന്ന വലിയ ജനക്കൂട്ടത്തെ പാപ്പാ നേരില്‍ക്കണ്ടു. അവരില്‍ ധാരാളം കുട്ടികളും, റബാത്ത് സിറ്റിസ്കൂളിലെ വിദ്യാര്‍ത്ഥികളും, സ്കൗട്ടുകളുമുണ്ടായിരുന്നു.
ജനക്കൂട്ടത്തെ വൈകിയ വേളയിലും അഭിവാദ്യംചെയ്തു, ആശീര്‍വ്വദിച്ചു. തുടര്‍ന്ന് മന്ദിരത്തില്‍ പ്രവേശിച്ച പാപ്പാ, അത്താഴം കഴിച്ചു വിശ്രമിച്ചു. മതങ്ങള്‍ തമ്മിലുള്ള കൂട്ടായ്മയുടെയും വിശ്വസാഹോദര്യത്തിന്‍റെയും പാതയിലെ അപ്പോസ്തോലിക യാത്രയുടെ  പ്രഥമദിനം അങ്ങനെ സമാപിച്ചു.

13. ഞായറാഴ്ച 31 മാര്‍ച്ച് മൊറോക്കോയിലെ രണ്ടാംദിനം
പാപ്പാ ഫ്രാന്‍സിസിന്‍റെ രണ്ടാംദിനം ആരംഭിച്ചത് ഞായറാഴ്ച പ്രാദേശിക സമയം രാവിലെ 9 മണിക്ക് റബാത്തിലെ വാസകേന്ദ്രമായ, അപ്പസ്തോലിക സ്ഥാനപതിയുടെ മന്ദിരത്തില്‍നിന്നും 21 കി.മി. അകലെ, തെമറാ - പുരാതന നഗര പ്രാന്തത്തിലെ സമൂഹ്യസേവന കേന്ദ്രത്തിലേയ്ക്കു നടത്തിയ സന്ദര്‍ശനത്തോടെയായിരുന്നു.

14. കുടിയേറ്റക്കാരുമായുള്ള കൂടിക്കാഴ്ച

പ്രാദേശിക സമയം രാവിലെ 9.30-ന് തെമറാ കേന്ദ്രത്തില്‍ (Temera Rural Social Service Center) പാപ്പാ എത്തിച്ചേര്‍ന്നു. നാലു സന്ന്യസിനീ സഹോദരങ്ങളും സഹപ്രവര്‍ത്തകരും ചേര്‍ന്നാണ് ഈ സ്ഥാപനം നടത്തുന്നത്. രണ്ടു കുട്ടികള്‍ പൂക്കള്‍ നല്കി പാപ്പായെ വരവേറ്റു. തുടര്‍ന്ന് അവിടെയുള്ള രോഗികളായവരെ പാപ്പാ ആദ്യം അഭിവാദ്യംചെയ്യുകയും ആശീര്‍വ്വദിക്കുകയുംചെയ്തു. കേന്ദ്രത്തിലെ ഗുണഭോക്താക്കളായ 150-ല്‍ അധികം കുട്ടികള്‍ ചേര്‍ന്ന് ഗാനമാലപിച്ച് പാപ്പായോടു തങ്ങള്‍ക്കുള്ള സ്നേഹാദരങ്ങള്‍ പ്രകടമാക്കി. തുടര്‍ന്ന് കേന്ദ്രത്തിന്‍റെ സഹപ്രവര്‍ത്തകരെയും സഹകാരികളെയും പാപ്പാ അഭിവാദ്യം ചെയ്തു.

15. സമ്മാനമായി തിരുക്കുടുംബത്തിന്‍റെ ചിത്രം
Gift of Iconographic image of the Holy Family :
തന്‍റെ സന്ദര്‍ശനത്തിന്‍റെ സ്മാരകമായി തിരുക്കുടുംബത്തിന്‍റെ സവിശേഷമായ ഒരു വര്‍ണ്ണനാചിത്രമാണ് അവര്‍ക്ക് നല്കിയത്. ഇന്ന് വിവിധ കാരണങ്ങളാല്‍ ക്ലേശിക്കുന്ന കുടുംബങ്ങള്‍ക്ക് നസ്രത്തിലെ തിരുക്കുടുംബം തുണയാവട്ടെ, എന്ന് ആശംസിക്കുന്നതായിരുന്നു മനോഹരമായ ആ ചിത്രം.   കുട്ടികളുടെ മാതാപിതാക്കളെയും അനുമോദിച്ചുകൊണ്ടാണ് പാപ്പാ ഈ സാന്ത്വനസന്ദേശം ഉപസംഹരിച്ചത്. അപ്പോഴും കേന്ദ്രത്തിലെ കുട്ടികള്‍ പാപ്പായ്ക്ക് മംഗളഗാനം ആലപിക്കുന്നുണ്ടായിരുന്നു.   

16. മൊറോക്കോയിലെ സഭാക്കൂട്ടായ്മയ്ക്കൊപ്പം
തുടര്‍ന്ന് 20 കി.മീറ്ററില്‍ അധികം അകലെ, റബാത്ത് നഗരത്തിലെ പത്രോശ്ലീഹായുടെ ഭദ്രാസനദേവാലയത്തിലേയ്ക്കായിരുന്നു (Rabat Cathedral of St. Peter, the Apostle).

റബാത്ത് നഗരത്തിന്‍റെ ഹൃദയഭാഗത്താണ് പത്രോശ്ലീഹായുടെ നാമത്തിലുള്ള റബാത്ത് അതിരൂപതയുടെ ഭദ്രാസനദേവാലയം സ്ഥിതിചെയ്യുന്നത്. 1921-ല്‍ ഫ്ര‍ഞ്ച് വാസ്തുഭംഗിയില്‍ പണിതീര്‍ത്തതാണിത്. ഇന്നും നഗരത്തിന്‍റെ അതിരടയാളമായി തലയുയര്‍ത്തി നില്ക്കുന്നത് ദേവാലയത്തിന്‍റെ രണ്ടു മണിമാളികകളും, അതിലെ സംഗീതസാന്ദ്രമായ മണികളുമാണ്.

17. വിശുദ്ധ പത്രോസിന്‍റെ നാമത്തിലുള്ള
റബാത്ത് അതിരൂപതയുടെ ഭദ്രാസന ദേവാലയം

പ്രദേശിക സമയം 10.35-ന് പാപ്പാ ദേവാലയത്തില്‍ എത്തിച്ചേര്‍ന്നു. ദേവാലയത്തിന്‍റെ ഉത്തരവാദിത്ത്വമുള്ള 3 വൈദികര്‍ ചേര്‍ന്ന് പാപ്പാ ഫ്രാന്‍സിസിനെ വരവേറ്റു. തുടര്‍ന്ന് അകത്ത് സമ്മേളിച്ചിരുന്ന മൊറോക്കോയിലെ വൈദികരുടെയും സന്ന്യസ്തരുടെയും സഭൈക്യപ്രതിനിധികളുടെയും അല്‍മായ സംഖ്യങ്ങളുടെയും കൂട്ടായ്മ ആമുഖഗാനം ആലപിക്കവെ തീര്‍ത്ഥം തളിച്ച് എല്ലാവരെയും ആശീര്‍വ്വദിച്ചുകൊണ്ട് പാപ്പാ ദേവാലയത്തില്‍ പ്രവേശിച്ചു. എന്നിട്ട് പരിശുദ്ധ കുര്‍ബ്ബാനയുടെ മുന്നില്‍ ഏതാനും നിമിഷങ്ങള്‍ നമ്രശിരസ്കനായി പ്രാര്‍ത്ഥിച്ചു. തുടര്‍ന്ന് പാപ്പാ അള്‍ത്താരയില്‍ ഉപവിഷ്ടനായി. ഒരു വൈദികന്‍റെ ജീവിതസാക്ഷ്യത്തെ തുടര്‍ന്ന്, പ്രായമായ വൈദികന്‍ പാപ്പായ്ക്ക് സ്വാഗതം നേര്‍ന്നു. വീണ്ടും ഒരു സന്ന്യാസിനി നല്കിയ ജീവിതസാക്ഷ്യത്തെ തുടര്‍ന്ന് പാപ്പായ്ക്ക് അഭിവാദ്യങ്ങളും മറ്റൊരാള്‍ അര്‍പ്പിച്ചു.  തുടര്‍ന്ന് സമൂഹം ഒരു സങ്കീര്‍ത്തനം ആലപിച്ചു. തുടര്‍ന്ന് പാപ്പായുടെ പ്രഭാഷണമായിരുന്നു.
 (Discourse 3).

18. ത്രികാലപ്രാര്‍ത്ഥനയും ആശീര്‍വ്വാദവും

പ്രഭാഷണാനന്തരം പാപ്പാ സമൂഹത്തോടു ചേര്‍ന്ന് ത്രികാലപ്രാര്‍ത്ഥനചൊല്ലി, അവര്‍ക്ക് അപ്പസ്തോലിക ആശീര്‍വ്വാദം നല്കി.  സമൂഹം ഒരു മേരിയന്‍ ഗീതം ആലപിച്ചു. എല്ലാവരെയും കരങ്ങള്‍ ഉയര്‍ത്തി അഭിവാദ്യംചെയ്തുകൊണ്ട് വേദിവിട്ടിറങ്ങിയ പാപ്പാ ഫ്രാന്‍സിസ്, മൂന്നു ഇതര ക്രൈസ്തവ സഭകളുടെ തലവന്മാരെ പ്രത്യേകം അഭിവാദ്യംചെയ്തുകൊണ്ടാണ് വേദിവിട്ടിറങ്ങിയത്.  അങ്ങനെ ഞായറാഴ്ച രാവിലത്തെ മൊറോക്കോയിലെ പരിപാടികള്‍ക്ക് സമാപ്തി കുറിച്ചുകൊണ്ട് പാപ്പാ റബാത്തിലെ അപ്പസ്തോലിക സ്ഥാനപതിയുടെ മന്ദിരത്തിലേയ്ക്ക് ഉച്ചഭക്ഷണത്തിനും വിശ്രമത്തിനുമായി മടങ്ങി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

31 March 2019, 17:54