Cerca

Vatican News
All set for Morocco - journey of Hope പ്രത്യാശയുടെ വഴികളില്‍ മൊറോക്കോ യാത്ര  (ANSA)

മൊറോക്കോ സന്ദര്‍ശനം : പ്രത്യാശയുടെ ദാസന്‍റെ സമാധാനവഴികള്‍

പാപ്പാ ഫ്രാന്‍സിസിന്‍റെ 28-Ɔമത് അപ്പസ്തോലികയാത്ര

- ഫാദര്‍ വില്യം നെല്ലിക്കല്‍

ഒരു മതസൗഹാര്‍ദ്ദ സന്ദര്‍ശനം
മൊറോക്കോ മാര്‍ച്ച് 30-31 ശനി, ഞായര്‍ തിയതികളിലാണ് വടക്കു പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ മൊറോക്കൊ പാപ്പാ സന്ദര്‍ശിക്കുന്നത്. 28-Ɔമത് അപ്പസ്തോലിക പര്യടനമാണിത്. രാഷ്ട്രപ്രതിനിധികളും പൗരപ്രതിനിധികളും മതനേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്കു പുറമേ, സമാപനദിനമായ മാര്‍ച്ച് 31 പാപ്പാ ഫ്രാന്‍സിസ് രാജ്യത്തെ നൂനപക്ഷമായ ക്രൈസ്തവര്‍ക്കൊപ്പം സമൂഹബലിയര്‍പ്പിക്കും.

വിശുദ്ധ ഫ്രാന്‍സിസിന്‍റെ സമാധാനവഴികളില്‍
മൊറോക്കോയിലേയ്ക്കു നടത്താന്‍ പോകുന്ന സന്ദര്‍ശനങ്ങളെക്കുറിച്ച് പാപ്പാ തന്നെ പ്രതിപാദിച്ചത്, “മതാന്തര സംവാദത്തിന്‍റെ പാതയില്‍ പുരോഗമിക്കാനും, രണ്ടു മതങ്ങളുടെയും അനുയായികള്‍ തമ്മില്‍ കൂടുതല്‍ അറിയാനും അടുക്കാനും” എന്നാണ്. രണ്ടുദിവസം നീളുന്ന ഈ അപ്പസ്തോലിക യാത്രയില്‍ പാപ്പാ ഫ്രാന്‍സിസ് മൊറോക്കോയിലെ മുസ്ലീം നേതാക്കളുമായി സംവദിക്കും. 880 വര്‍ഷങ്ങള്‍ക്കു മുന്‍പ് അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസ് ഈജിപ്തിലെ സുല്‍ത്താന്‍ അല്‍-മാലിക് അല്‍-കമീലുമായി കൂടിക്കാഴ്ച നടത്തിയതിന്‍റെ 800-Ɔο വാര്‍ഷികം ഈ സന്ദര്‍ശനവുമായി സന്ധിക്കുന്നത് പ്രതീകാത്മകമാണ്.

സാഹോദര്യത്തിന്‍റെ  ക്ഷണം
മൊറോക്കോയുടെ രാജാവ് മുഹമ്മദ് ആറാമന്‍റെ ക്ഷണം സ്വീകരിച്ചുകൊണ്ടാണ് പാപ്പാ ഈ സന്ദര്‍ശനം നടത്തുന്നത്. തലസ്ഥാന നഗരമായ റബാത്ത് കേന്ദ്രീകരിച്ചാണ് മാര്‍ച്ച് 30, 31 ശനി ഞായര്‍ ദിവസങ്ങളിലെ പാപ്പാ ഫ്രാന്‍സിസിന്‍റെ സന്ദര്‍ശനം. കുടിയേറ്റം, മതാന്തരസംവാദം എന്നീ രണ്ടു വിഷയങ്ങള്‍ മനസ്സിലേറ്റിയുള്ള സന്ദര്‍ശനമാണിത്. ആദ്യമായി, ഭൂമിശാസ്ത്രപരമായി ആഫ്രിക്ക ഭൂഖണ്ഡത്തിന്‍റെ വടക്കു പടിഞ്ഞാറന്‍ തീരത്തുകിടക്കുന്ന രാജ്യമാകയാല്‍ യൂറോപ്പിലേയ്ക്കുള്ള കുടിയേറ്റക്കാരുടെ പ്രധാന കവാടമാണിത്. രണ്ടാമതായി, ബഹുഭൂരിപക്ഷം മുസ്ലീങ്ങളുള്ള രാജ്യത്ത് ക്രൈസ്തവര്‍ ഏറെ ന്യൂനപക്ഷമായ ഒരു നാട്ടിലേയ്ക്കുമാണ് പാപ്പാ ഫ്രാന്‍സിസ് ഈ സൗഹൃദസന്ദര്‍ശനം നടത്തുന്നത്. ഇസ്ലാമിന്‍റെ ഏറെ മിതപ്രകൃതമായ പാത പിന്‍ചെല്ലുന്ന രാജ്യമാണ് മൊറോക്കോ.

മുന്‍ഗാമിയുടെ വിശുദ്ധമായ ചുവടുകളില്‍
1985-ല്‍ മൊറോക്കൊയുടെ മണ്ണില്‍ കാലുകുത്തിയ ചരിത്രത്തിലെ പ്രഥമ പത്രോസിന്‍റെ പിന്‍ഗാമി, വിശുദ്ധനായ ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പാ കാസാബ്ലാങ്കാ നഗരത്തില്‍വച്ച് 80,000-ത്തോളം മുസ്ലിം യുവജനങ്ങളുമായി നേര്‍ക്കാഴ്ച നടത്തിയതും അവരില്‍ ചിലരുടെ ചോദ്യങ്ങള്‍ക്ക് മറുപടിപറഞ്ഞതും ചരിത്ര സംഭവമാണ്.

സന്ദര്‍ശനത്തിലെ  പരിപാടികള്‍ :

മാര്‍ച്ച് 30 ശനിയാഴ്ച
പ്രാദേശിക സമയം രാവിലെ
10.45 റോമിലെ ഫുമിച്ചീനോ രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന്
പാപ്പാ ഫ്രാ‍ന്‍സിസ് പുറപ്പെടും
12.00 മൊറോക്കോയിലെ റബാത്ത-സലേ രാജ്യാന്തര
വിമാനത്താവളത്തില്‍ ഇറങ്ങും.
തുടര്‍ന്ന് ഔപചാരികമായ സ്വീകരണച്ചടങ്ങ്.

ഉച്ചതിരിഞ്ഞ്

02.30-ന് വീണ്ടും രാജകൊട്ടാരത്തിന്‍റെ അങ്കണത്തില്‍
നല്കപ്പെടുന്ന ഔദ്യോഗിക സ്വീകരണച്ചടങ്ങ്.
02.50-ന് കൊട്ടാരത്തില്‍വച്ച് മുഹമ്മദ് 6-Ɔമന്‍ രാജാവുമായി സ്വകാര്യകൂടിക്കാഴ്ച
03.50-ന് മൊസ്ക്വീ ഹസ്സന്‍ രണ്ടാമന്‍ രാജാവിന്‍റെ നാമത്തിലുള്ള  കോട്ടമൈതാനത്തുവച്ച് ജനപ്രതിനിധികളെയും രാഷ്ട്രപ്രതിനിധികളെയും നയതന്ത്ര പ്രതിനിധികളെയും അഭിസംബോധനചെയ്യും.
04.30-ന് മുഹമ്മദ് 5-Ɔമന്‍ രാജാവിന്‍റെ സ്മാരകമന്ദിര സന്ദര്‍ശനം
05.00 മണിക്ക് മൊറോക്കോയുടെ ഇമാം വിദ്യാപീഠത്തിലേയ്ക്കുള്ള സന്ദര്‍ശനം
06.00 റബാത്ത് അതിരൂപതാ കാരിത്താസ് കേന്ദ്രത്തില്‍വച്ച് കുടിയേറ്റക്കാരുമായുള്ള കൂടിക്കാഴ്ച

31 മാര്‍ച്ച് 2019
പ്രാദേശിക സമയം രാവിലെ
09.30-ന് തെമറായിലെ സാമൂഹ്യസേവന കേന്ദ്ര സന്ദര്‍ശനം
10.35-ന് റബാത്തിലെ ഭദ്രാസന ദേവാലയത്തില്‍വച്ച് വൈദികരും സന്ന്യസ്തരും, സഭൈക്യകൂട്ടായ്മയുടെ പ്രതിനിധികളുമായുള്ള സംയുക്തകൂടിക്കാഴ്ച,
ത്രികാലപ്രാര്‍ത്ഥന.
12.00 റബാത്ത് അതിരൂപതാകേന്ദ്രത്തില്‍ ഉച്ചഭക്ഷണം

ഉച്ചതിരിഞ്ഞ്

02.45 സമൂഹബലിയര്‍പ്പണം
05.00 റബാത്ത്-സലേ വിമാനത്താവളത്തിലെ യാത്രയയപ്പ്.
05.15 റോമിലേയ്ക്കുള്ള മടക്കയാത്ര
09.30 ചമ്പീനോ വിമാനത്താവളത്തില്‍ പാപ്പാ ഇറങ്ങും.

പ്രാര്‍ത്ഥനയോടെ പാപ്പായ്ക്കു  ശുഭയാത്ര നേരുന്നു!

 

24 March 2019, 16:07