തിരയുക

Vatican News
Pope francis in the Basilica of San Sabina in Rome - Ash Wednesday celebraions Pope francis in the Basilica of San Sabina in Rome - Ash Wednesday celebraions  (Vatican Media)

ഈ തപസ്സുകാലം വ്യര്‍ത്ഥമായി കടന്നുപോകരുത്!

പാപ്പാ ഫ്രാന്‍സിസ് 2019-ലെ തപസ്സുകാലത്തേയ്ക്കു നല്കുന്ന സന്ദേശം :

ദൈവമക്കളുടെ മഹത്വപൂര്‍ണ്ണമായ വെളിപ്പെടുത്തലിനായി 
പ്രപഞ്ചം ആകാംക്ഷയോടെ കാത്തിരിക്കുന്നു.  
- (റോമ. 8, 19).

1. മഹത്തായ സംഭവങ്ങളുടെ ഓര്‍മ്മപ്പെടുത്തല്‍
ഓരോ വര്‍ഷവും സഭാ മാതാവിലൂടെ “മനസ്സും ഹൃദയവും നവീകരിച്ചുകൊണ്ടുള്ള തയ്യാറെടുപ്പിലൂടെ പെസഹാരഹസ്യം ആഘോഷിക്കുവാന്‍ ആത്മീയാനുഭവത്തിന്‍റെ ഇക്കാലയളവ് ദൈവം നമുക്കു തരുന്നു”.   ക്രിസ്തുവില്‍ നമുക്കു ലഭിച്ച പുതുജീവന്‍ ഉണര്‍ത്തുന്ന മഹത്തായ സംഭവങ്ങളുടെ ഓര്‍മ്മപ്പെടുത്തലാണിത്” (തപസ്സിന്‍റെ ആമുഖഗീതം1). അവിടുത്തെ പെസഹാരഹസ്യത്തിന്‍റെ ഫലമായി നമുക്കു ലഭിച്ചിട്ടുള്ള രക്ഷയുടെ പൂര്‍ത്തീകരണത്തില്‍ എത്തിച്ചേരാന്‍ ഉയിര്‍പ്പില്‍നിന്ന് ഉയിര്‍പ്പിലേയ്ക്ക് ഇനിയും സഞ്ചരിക്കാനാകുമെന്ന് തപസ്സുകാലം അനുസ്മരിപ്പിക്കുന്നു. കാരണം “പ്രത്യാശയിലാണ് നാം രക്ഷപ്രാപിക്കുന്നത്” (റോമ. 8, 24).

ദൈവമക്കളുടെ വിമോചനത്തിനായി കാത്തിരിക്കുന്നു പ്രപഞ്ചം
ഭൗമിക ജീവിത കാലയളവില്‍ നമ്മെ ഓരോരുത്തരെയും സ്വാധീനിക്കുന്ന രക്ഷയുടെ ദിവ്യരഹസ്യത്തിന്‍റെ ചലനാത്മകമായ ഈ പരിണാമക്രമം, ചരിത്രത്തെയും സൃഷ്ടിയെയും ഒരുപോലെ ആശ്ലേഷിക്കുന്നു. വിശുദ്ധ പൗലോസ് അപ്പസ്തോലന്‍ പറയുന്നതുപോലെ, “ദൈവമക്കളുടെ മഹത്വപൂര്‍ണ്ണമായ വെളിപ്പെടുത്തലിനായി ഉല്‍ക്കടമായ അഭിവാഞ്ചയോടെ സൃഷ്ടിയും കാത്തിരിക്കുകയാണ്” (റോമ. 8, 19). ഈ വീക്ഷണത്തിലാണ് തപസ്സുകാലത്ത് നാം അനുഷ്ഠിക്കുന്ന മാനസാന്തരത്തിന്‍റെ ആത്മീയയാത്രയില്‍ സഹായകമാകുന്ന ചില ചിന്തകള്‍ പങ്കുവയ്ക്കുന്നത്.

2. സൃഷ്ടിയുടെ രക്ഷണീയ പദ്ധതി
ഈ ആരാധനക്രമ കാലഘട്ടത്തിന്‍റെ ഉച്ചസ്ഥായിയാണ് ക്രിസ്തുവിന്‍റെ പീഡാസഹനത്തിന്‍റെയും മരണത്തിന്‍റെയും ഉത്ഥാനത്തിന്‍റെയും പെസഹാത്രിദിനങ്ങള്‍ (Paschal Triduum). അത് ആഘോഷിക്കുവാന്‍ ഓരോ വര്‍ഷവും തയ്യാറെടുപ്പിന്‍റെ ഒരു ആത്മീയയാത്രയ്ക്ക് തപസ്സുകാലത്തിലൂടെ ദൈവം നമ്മെ വിളിക്കുകയാണ്. കാരണം തപസ്സാചരണത്തിലൂടെ ക്രിസ്തുവുമായി സാരൂപ്യപ്പെടുവാനും അവിടുത്തെ പുനരുത്ഥാനത്തിന്‍റെ സന്തോഷത്തില്‍ പങ്കുചേരാനുമുള്ള നമ്മുടെ ആത്മാര്‍ത്ഥമായ പരിശ്രമം ദൈവിക കാരുണ്യത്തിന്‍റെ വിലമതിക്കാനാവാത്ത ദാനമാണ് (റോമ. 8, 29).

ദൈവമക്കള്‍ നേടുന്ന സൃഷ്ടിയുടെ സദ്ഫലങ്ങള്‍
പരിശുദ്ധാരൂപിയാല്‍ ആനീതരായും രക്ഷിതരായും ദൈവമക്കള്‍ക്ക് അനുയോജ്യമാം വിധം ദൈവിക കല്പനകള്‍ അംഗീകരിച്ച്, അതിന് വിധേയരായി നാം ജീവിക്കുമ്പോള്‍ (റോമ. 8, 14) ആദ്യം നമ്മുടെ ഹൃദയത്തിലും പിന്നെ പ്രകൃതിയിലും രേഖപ്പെടുത്തിയിരിക്കുന്ന ജീവിതനന്മയുടെ അടിസ്ഥാന നിയമത്തില്‍ തുടങ്ങി, രക്ഷാകര ദൗത്യത്തില്‍ നമ്മെ ഭാഗഭാക്കുകളാക്കുന്ന വിധത്തില്‍ സൃഷ്ടിയുടെ സദ്ഫലങ്ങള്‍ ദൈവം നമുക്കു നല്കുന്നു. “ദൈവമക്കളുടെ മഹത്വമാര്‍ന്ന വെളിപ്പെടുത്തലിനായി സൃഷ്ടി ഉല്‍ക്കടമായി ആഗ്രഹിക്കുന്നു”വെന്ന് വിശുദ്ധ പൗലോസ് അപ്പസ്തോലന്‍ പറയുന്നത് അതുകൊണ്ടാണ്. മറ്റുവാക്കുകളില്‍ പറഞ്ഞാല്‍, യേശുവിന്‍റെ പെസഹാരഹസ്യത്തിന്‍റെ മഹത്വം ആസ്വദിക്കുന്നവരെല്ലാം മനുഷ്യജീവിതത്തിന്‍റെ രക്ഷണീയ പദ്ധതിയുടെ പൂര്‍ത്തീകരണം ഈ ഭൂമിയില്‍ത്തന്നെ അനുഭവിക്കാന്‍ ഭാഗ്യമുള്ളവരായിത്തീരും.

അസ്സീസിയിലെ സിദ്ധന്‍റെ മാതൃക
മാനുഷികമായും ശാരീരികമായും ആത്മീയമായും ക്രിസ്തുസ്നേഹത്താല്‍ തങ്ങളുടെ ജീവിതങ്ങളെ രൂപാന്തരപ്പെടുത്തിയ വിശുദ്ധാത്മാക്കളാണ് ദൈവത്തെ സ്തുതിക്കുന്നത്.  പ്രാര്‍ത്ഥനയിലൂടെയും ധ്യാനത്തിലൂടെയും കലകളിലൂടെയും അവര്‍ ആ സ്തുതിപ്പില്‍ മറ്റു ജീവജാലങ്ങളെയും പങ്കുകൊള്ളിക്കുന്നു. അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസിന്‍റെ വിഖ്യാതമായ “ജീവജാലങ്ങളുടെ സ്തുതിപ്പില്‍” (Canticle of Creatures) ഇക്കാര്യം സ്തുത്യര്‍ഹമായി വെളിപ്പെടുത്തിയിട്ടുണ്ട്. എന്നിട്ടും ഈ ലോകത്ത് രക്ഷാകരദൗത്യത്തില്‍നിന്ന് ഉരുവായ പൊരുത്തത്തിന്‍റെ ശ്രുതിലയം  പാപത്തിന്‍റെയും മരണത്തിന്‍റെയും നിഷേധാത്മക ശക്തികളാല്‍ ഭീഷണിക്ക് നിരന്തരം വിധേയമായിക്കൊണ്ടിരിക്കുന്നു.

3. പാപത്തിന്‍റെ ഹിംസാത്മകമായ ശക്തി
ദൈവമക്കളായി ജീവിക്കുവാന്‍ നാം പരാജയപ്പെടുമ്പോള്‍ സഹോദരങ്ങളോടും, അയല്‍ക്കാരോടും സൃഷ്ടിജാലങ്ങളോടും, എന്തിന് നമ്മോടുതന്നെയും നാശഹേതുവായി പെരുമാറുന്നു. അവയെ ഇഷ്ടാനുസരണം ഏറിയും കുറഞ്ഞും ഉപയോഗിക്കാം എന്നു ബോധപൂര്‍വ്വം ചിന്തിക്കാന്‍ തുടങ്ങുമ്പോഴാണ് ഇത് സംഭവിക്കുന്നത്. ആത്മനിയന്ത്രണമില്ലായ്മ അപ്പോള്‍ മേല്‍ക്കൈ നേടുന്നു. അതുവഴി നാം മനുഷ്യസാഹചര്യവും, പ്രകൃതി തന്നെയും നിഷ്ക്കര്‍ഷിക്കുന്ന പരിധികള്‍ ലംഘിച്ചു ജീവിക്കുവാന്‍ തുടങ്ങുന്നു. ഭാവിയെക്കുറിച്ചുള്ള പ്രത്യാശയോ, ദൈവത്തെക്കുറിച്ചുള്ള ചിന്തയോ ഇല്ലാത്ത നിരീശ്വരരായ മനുഷ്യരെപ്പോലെ കടിഞ്ഞാണില്ലാത്ത ആഗ്രഹങ്ങള്‍ക്കു നാം കീഴ്പ്പെടുമെന്നു വിജ്ഞാനത്തിന്‍റെ പുസ്തകം രേഖപ്പെടുത്തിയിരിക്കുന്നു (2, 1-11). അതിനാല്‍ അനുദിന ജീവിതത്തില്‍ ക്രിസ്തുവിന്‍റെ പുനരുത്ഥാനത്തിന്‍റെ ചക്രവാളത്തിലേയ്ക്ക്, അതായത് അവിടുത്തെ ഉയിര്‍പ്പിലേയ്ക്കു നിരന്തരം നാം ചരിച്ചില്ലെങ്കില്‍, “എല്ലാം എനിക്കു വേണം, അവ ഇപ്പോള്‍തന്നെ വേണം,” എത്ര കിട്ടിയാലും മതിയാവില്ല “ഇനിയും വേണം....” എന്നീ മുദ്രാവാക്യങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന നിഷേധാത്മകമായ മനോഭാവം മുന്തിനില്ക്കും.

പാപം തിന്മയുടെ മൂലകാരണം
നമുക്ക് അറിയാവുന്നതുപോലെ എല്ലാ തിന്മകളുടേയും മൂലകാരണം പാപമാണ്. നമ്മുടെ ശരീരവുമായി പ്രത്യേക രീതിയില്‍ ബന്ധപ്പെട്ടിരിക്കുന്ന, ദൈവവും മറ്റുള്ളവരും പ്രകൃതിതന്നെയുമായുള്ള കൂട്ടായ്മയെ ഇത് പ്രത്യക്ഷത്തില്‍ നശിപ്പിക്കുന്നു. ദൈവവുമായുള്ള ഈ ഗാഢമായ ഐക്യം ശിഥിലമാകുമ്പോള്‍, നാം ജീവിക്കാന്‍ വിളിക്കപ്പെട്ടിരിക്കുന്ന പ്രകൃതിയുമായുള്ള ലയാത്മകമായ ബന്ധം അവ്വിധത്തില്‍ ബലികഴിക്കപ്പെടുന്നു.
അങ്ങനെ ഉദ്യാനം വന്യമായ്ത്തീരുന്നു (ഉല്പത്തി 3, 17-18). തന്നെത്തന്നെ സൃഷ്ടിയുടെ ദൈവമായി പരിഗണിക്കുവാന്‍ പാപം മനുഷ്യനെ പ്രേരിപ്പിക്കുന്നു. തുടര്‍ന്നു മറ്റു ജീവജാലങ്ങള്‍ക്ക് വിനാശകരമാകും വിധം, സ്വന്തം താല്പര്യങ്ങള്‍ക്കുവേണ്ടി അതിനെ വിനിയോഗിക്കുവാനും അതിന്‍റെ സര്‍വ്വാധിപതിയായ യജമാനനായി തന്നെതന്നെ കാണുവാനും, ദൈവഹിതത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുവാനും പാപം ഹേതുവാകുന്നു.

തിന്മയുടെ തലയെടുപ്പ്
പാപത്തിന്‍റെ തലയെടുപ്പോടെ ആദ്യം ദൈവവും, പിന്നെ സഹോദരങ്ങളും, മൂന്നാമതായി സൃഷ്ടിയുമായി ഏറെ ബന്ധപ്പെട്ടിരിക്കുന്ന പ്രാപഞ്ചിക കൂട്ടായ്മ പാടെ നശിപ്പിക്കപ്പെട്ടു. ദൈവമനുഷ്യ ബന്ധത്തിലെ ഈ വിള്ളല്‍ ‍നാം ജീവിക്കുന്ന പരിസ്ഥിതിയോടുള്ള രമ്യതയെയും പാടെ തകര്‍ക്കുന്നു. ദൈവം നല്കിയ സ്നേഹത്തിന്‍റെ നിയമം ഒരിക്കല്‍ തിരസ്ക്കരിക്കപ്പെട്ടാല്‍ ശക്തന്‍ ദുര്‍ബലനം കീഴ്പ്പെടുത്തുന്ന “കയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍” എന്ന നിയമം ലോകത്തു പ്രാബല്യത്തില്‍ വരുന്നു. അങ്ങനെ മനുഷ്യന്‍റെ ഹൃദയത്തില്‍ കുമിഞ്ഞുകൂടുന്ന പാപം സുഖത്തിനായുള്ള കടിഞ്ഞാണില്ലാത്ത പരക്കം പാച്ചിലിന്‍റെയും ആര്‍ത്തിയുടെയും രൂപം കൈവരിക്കുന്നു (മര്‍ക്കോസ് 7, 20-23). മറ്റുള്ളവരോടും തന്നോടുതന്നെയുമുള്ള നന്മയുടെ അവഗണനയായിരിക്കും ഇതിന്‍റെ ഫലം. അതുവഴി തന്നില്‍ വളരുന്ന ശമനമില്ലാത്ത അപഹരണത്വര മൂലം സൃഷ്ടിയെയും മനുഷ്യരെയും പരിസ്ഥിതിയെയും ഒരുപോലെ ചൂഷണംചെയ്യുന്ന ജീവിതശൈലിയിലേയ്ക്ക് മനുഷ്യന്‍ നിപതിക്കുന്നു. അങ്ങനെ തന്നിലെ ഒടുങ്ങാത്ത ആര്‍ത്തിമൂലം മനസ്സില്‍ ഉയരുന്ന എല്ലാ ആഗ്രഹങ്ങളും, തന്‍റെ പിടിയില്‍ അമരുന്ന ‘എന്തിനെയും ഏതിനെയും നശിപ്പിക്കുന്ന’ അവകാശമായി കാണുന്ന മനോഭാവത്തില്‍ മനുഷ്യന്‍ എത്തിച്ചേരുന്നു.

4. അനുതാപത്തിന്‍റെയും മാപ്പു നല്കലിന്‍റെയും ശമനശക്തി
ഒരു നവസൃഷ്ടിയായി ഉരുവാക്കപ്പെട്ട ദൈവജനത്തിന്‍റെ അടിയന്തിരമായ പുനര്‍നവീകരണത്തിനായി സൃഷ്ടി കാത്തിരിക്കുന്നു. അതിനാല്‍, ഇതാ, പുതിയതു വന്നു കഴി‍ഞ്ഞു. ക്രിസ്തുവിനോടു ചേര്‍ന്നു ജീവിക്കുന്നവന്‍ പുതിയസൃഷ്ടിയാണ്. പഴയതു കടന്നുപോയി. ഇതാ, പുതിയതു വന്നുകഴിഞ്ഞു (2 കൊറി. 5, 17). ഞങ്ങളെ ക്രിസ്തുവഴി ദൈവവുമായി രമ്യപ്പെടുത്തുകയും രമ്യതയുടെ ശുശ്രൂഷാ ജീവിതശൈലി ഞങ്ങള്‍ക്കു നല്കുകയുംചെയ്ത അവിടുന്നില്‍നിന്നാണ് ഇവയെല്ലാം. തീര്‍ച്ചയായും ദൈവമക്കളുടെ ജീവിത നവീകരണത്തിന്‍റെ മേന്മയാല്‍ സകല സൃഷ്ടിജാലങ്ങള്‍ക്കും, ഒരു പുതിയ ആകാശവും ഒരു പുതിയ ഭൂമിയുമായി നാം വിഭാവനംചെയ്യേണ്ടിയിരിക്കുന്നു (വെളിപാട് 21, 1) ക്രൈസ്തവര്‍ എന്ന നിലയില്‍ നമ്മെത്തന്നെ ബാഹ്യമായും ആന്തരികമായും അനുതാപത്തിലൂടെയും മാനസാന്തരത്തിലൂടെയും ക്ഷമയിലൂടെയും നവീകരിക്കണമെന്നാണ് ക്രിസ്തുവിന്‍റെ പുനരുത്ഥാനം നമ്മോട് ആവശ്യപ്പെടുന്നത്. അങ്ങനെ അവിടുത്തെ പെസഹാരഹസ്യത്തിന്‍റെ സമൃദ്ധമായ കൃപകള്‍ അനുഭവിച്ച് നമുക്ക് ഈ ഭൂമിയില്‍ ജീവിക്കാന്‍ സാധിക്കും.

5.  വെളിപ്പെടുത്താനിരിക്കുന്ന മഹത്വം
സൃഷ്ടി “ആകാംക്ഷയോടെ കാത്തിരിക്കു”ന്നെന്ന് പൗലോസ് അപ്പസ്തോലന്‍ പറയുന്ന ഈ പ്രതീക്ഷ, ദൈവമക്കളുടെ മഹത്വപൂര്‍ണ്ണമായ വെളിപ്പെടുത്തലിലൂടെ മാത്രമേ പൂര്‍ത്തീകരിക്കപ്പെടുകയുള്ളൂ. അതായത് മാനസാന്തരം നിയോഗിക്കുന്ന “ക്ലേശങ്ങള്‍” ക്രൈസ്തവര്‍ മറികടന്ന് എല്ലാ ജനതകളും നിശ്ചയദാര്‍ഢ്യത്തോടെ നവീകൃതരായി ദൈവത്തെ പ്രാപിക്കുമ്പോഴാണ് അതു സംഭവിക്കുന്നത്.

6. മോചനത്തിനു സഹായിക്കുന്ന 3 ഘടകങ്ങള്‍
ഭൗമിക ജീര്‍ണ്ണതയുടെ ബന്ധനത്തില്‍നിന്ന് ദൈവമക്കളുടെ മഹത്വപൂര്‍ണ്ണമായ മോചനത്തിലേയ്ക്ക് എത്തിപ്പെടുവാന്‍ എല്ലാ സൃഷ്ടിയും നമ്മോടൊപ്പം വിളിക്കപ്പെട്ടിരിക്കുന്നു (റോമ. 8, 21), ഈ പരിവര്‍ത്തനത്തിന്‍റെ അനുഷ്ഠാനപരമായ അടയാളമാണ് അനുവര്‍ഷം നാം ആചരിക്കുന്ന തപസ്സുകാലം. പെസഹാരഹസ്യം കൂടുതല്‍ ആഴത്തിലും, നമ്മുടെ വ്യക്തിജീവിതങ്ങളിലും കുടുംബജീവിതത്തിലും സമൂഹത്തിലും മൂര്‍ത്തമായി ഉള്‍ക്കൊള്ളുവാന്‍ അതു നമ്മെ സഹായിക്കണം. എല്ലാറ്റിലും ഉപരിയായി പ്രാര്‍ത്ഥനയിലൂടെയും ഉപവാസത്തിലൂടെയും ദാനധര്‍മ്മങ്ങളിലൂടെയും അത് പ്രാവര്‍ത്തികമാക്കുവാനാണ് ഈ തപസ്സുകാലം ക്രൈസ്തവമക്കളെ ക്ഷണിക്കുന്നത്.

ഉപവാസം  
എല്ലാ സൃഷ്ടികളോടും സഹോദരങ്ങളോടും നമുക്കുള്ള നിഷേധാത്മകമായ മനോഭാവം മാറ്റിയെടുക്കുവാനുള്ള പരിശ്രമത്തില്‍, നമ്മുടെ ആര്‍ത്തിമൂലം എല്ലാം ‘വിഴുങ്ങുവാനുള്ള’ പ്രലോഭനത്തില്‍നിന്നും അകന്നുനില്ക്കുന്നതിനും, യഥാര്‍ത്ഥമായ സ്നേഹത്തില്‍ അല്പം സഹിക്കാന്‍ തയ്യാറാകുന്നതിനും, ഹൃദയങ്ങളിലെ ശൂന്യതയെ നിറയ്ക്കുവാന്‍ നമുക്കു കഴിയുന്നതാണ് ഉപവാസം.

പ്രാര്‍ത്ഥന

നമ്മുടെ സ്വാര്‍ത്ഥതയുടെ സുഭിക്ഷതയും, അവയെ പൂവിട്ടാരാധിക്കുന്ന ലൗകായത്വവും വെടിയുവാന്‍ പ്രാര്‍ത്ഥന നമ്മെ പഠിപ്പിക്കുകയും, ദൈവിക കാരുണ്യത്തിന്‍റെ ആവശ്യകത തിരിച്ചറിയുവാനുള്ള അവബോധനം നല്കുകയും ചെയ്യുന്നു.

ദാനധര്‍മ്മം

അവകാശപ്പെടാന്‍ അര്‍ഹതയില്ലാത്ത ഭാവി കയ്യടക്കാനാകും എന്ന മിഥ്യാബോധത്തില്‍ എല്ലാം സ്വന്തമായി വെട്ടിപ്പിടിക്കാം എന്ന ഭ്രാന്തമായ ആവേശത്തില്‍നിന്ന് മോചിതരാകുവാന്‍ ദാനധര്‍മ്മം നമ്മെ സഹായിക്കുന്നു. അങ്ങനെ, ദൈവത്തെ പൂര്‍ണ്ണഹൃദയത്തോടെ സ്നേഹിക്കുവാനായി നാം സകല സൃഷ്ടിജാലങ്ങള്‍ക്കും, സഹോദരങ്ങള്‍ക്കും, നമുക്ക് ഓരോരുത്തര്‍ക്കുമായി ഒരുക്കിയിട്ടുള്ള അവിടുത്തെ രക്ഷയുടെ പദ്ധതി ഉള്‍ക്കൊള്ളുകയും, ആ ദിവ്യസ്നേഹത്തില്‍ യാഥാര്‍ത്ഥമായ സന്തോഷം കണ്ടെത്താന്‍ പരിശ്രമിക്കുകയും ചെയ്യേണ്ടതാണ്.

7. പുതിയ ആകാശവും പുതിയ ഭൂമിയും
ദൈവപുത്രനായ ക്രിസ്തു മരുഭൂമിയില്‍ ചെലവിട്ട 40 ദിവസക്കാലയളവാണ് നാം ആചരിക്കുന്ന തപസ്സുകാലം. ഉത്ഭവപാപത്തിനു മുന്‍പുണ്ടായിരുന്ന മനുഷ്യകുലത്തിന്‍റെ ദൈവവുമായുളള ഐക്യത്തിന്‍റെ ‘നഷ്ടമായ പറുദീസ’ ഒരിക്കല്‍ക്കൂടി വീണ്ടെടുക്കുകയാണ്, മരുഭൂമിയില്‍വച്ച് ക്രിസ്തു പ്രലോഭനങ്ങളെ അതിജീവിച്ച ആത്മീയാനുഭവം ഈ തപസ്സാചരണത്തിലൂടെ നാം പുനര്‍ജീവിക്കുന്നതിന്‍റെ  പ്രധാന ലക്ഷ്യം (മര്‍ക്കോസ് 1, 12-13, ഏശയ്യ, 51, 3). ഈ തപസ്സുകാലം അതേ പാതയിലൂടെയുള്ള യാത്രയായ് തീരുമാറാകട്ടെ. പ്രലോഭനങ്ങളെ അതിജീവിച്ച  പ്രത്യാശപകരുന്ന ക്രിസ്തുവിന്‍റെ മരുഭൂമി അനുഭവം ഈ തപസ്സിലൂടെ സകലര്‍ക്കും ലഭ്യമാകട്ടെ. അങ്ങനെ ജീര്‍ണ്ണതയുടെ ബന്ധനത്തില്‍നിന്നും വിമുക്തരായി ദൈവമക്കളുടെ മഹത്തായ സ്വാതന്ത്ര്യം അനുഭവിക്കാന്‍ നമുക്ക് ഇടയാവട്ടെ (റോമ. 8, 21).

ഈ തപസ്സുകാലം വ്യര്‍ത്ഥമായി കടന്നുപോകരുത്!
അനുഗ്രഹത്തിന്‍റെ ഈ കാലയളവ് വ്യര്‍ത്ഥമായി കടന്നുപോകാന്‍ നാം അനുവദിക്കരുത്. യഥാര്‍ത്ഥമായ മാനസാന്തരത്തിന്‍റെ പാതയില്‍ മന്നേറുവാന്‍ സഹായിക്കുന്നതിനുവേണ്ട ദൈവകൃപയ്ക്കായി പ്രാര്‍ത്ഥിക്കാം. നമ്മുടെ സ്വാര്‍ത്ഥതയും തന്‍പോരിമയും പിറകില്‍ ത്യജിച്ച് യേശുവിന്‍റെ പെസഹായുടെ അനുഭവങ്ങള്‍ ഉള്‍ക്കൊള്ളാം. ആവശ്യങ്ങളില്‍ സഹോദരങ്ങള്‍ക്കൊപ്പം നിലയുറപ്പിക്കാനും, ഭൗതികവും ആത്മീയവുമായ വസ്തുക്കള്‍ അവരുമായി പങ്കുവയ്ക്കാനും സാധിക്കട്ടെ. ഇങ്ങനെയുള്ളൊരു ആത്മീയ മാര്‍ഗത്തിലൂടെ മരണത്തിനും പാപത്തിനുംമേലെയുള്ള ക്രിസ്തുവിന്‍റെ വിജയത്തെ നമ്മുടെയും ജീവിതത്തിലേക്ക് മൂര്‍ത്തമായി പകര്‍ത്തുവാനും ഉള്‍ക്കൊള്ളുവാനും, പ്രാവര്‍ത്തികമാക്കുവാനും, അതിന്‍റെ രൂപാന്തരീകരണ ശക്തി എല്ലാ സൃഷ്ടികളിലും പ്രസരിപ്പിക്കുവാനും നമുക്ക് സാധിക്കട്ടെ!

                                                                                                           + പാപ്പാ ഫ്രാന്‍സിസ്

2018 ഒക്ടോബര്‍ 4, വിശുദ്ധ ഫ്രാന്‍സിസ് അസീസ്സിയുടെ തിരുനാളില്‍ പ്രസിദ്ധപ്പെടുത്തിയത്.

സന്ദേശം പരിഭാഷപ്പെടുത്തിയത്  - ജോബ് നെല്ലിക്കല്‍

For original message in English visit the site :
https://press-vatican-va/content/salastampa/en/bollettino/pubblico/2019/02/26/190226d.html

 

 

12 March 2019, 15:12