തിരയുക

Vatican News
Pope Francis addressed the students of Lateran University, Rome Pope Francis addressed the students of Lateran University, Rome  (Vatican Media)

ക്രിസ്തുശിഷ്യരുടെ തനിമയും നവീനതയും...!

റോമിലെ ലാറ്ററന്‍ യൂണിവേഴ്സിറ്റിയിലെ ദൈവശാസ്ത്ര വിദ്യാര്‍ത്ഥികള്‍ക്കു പാപ്പാ ഫ്രാന്‍സിസ് നല്കിയ പ്രഭാഷണത്തില്‍നിന്ന്...

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

മാര്‍ച്ച് 26-Ɔο തിയതി ചൊവ്വാഴ്ച പ്രാദേശികസമയം മദ്ധ്യാഹ്നം 12.30-ന് റോമിലെ ലാറ്ററന്‍ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം യാമപ്രാര്‍ത്ഥന ചൊല്ലിയശേഷം നല്കിയ വചനസന്ദേശത്തിലാണ്, ഡാനിയേലിന്‍റെ ഗ്രന്ഥത്തിലെ വായനയെ ആധാരമാക്കി പാപ്പാ പ്രഭാഷണം നല്കിയത് (ഡാനിയേല്‍ 3, 25, 34-43).

വിശുദ്ധിയില്‍ ജീവിക്കാം
ബാബിലോണിലെ നെബുക്കദനേസര്‍ രാജാവിന്‍റെ കാലത്ത് പീഡിപ്പിക്കപ്പെട്ട ഇസ്രായേലിലെ മൂന്നു യുവാക്കളുടെ മാതൃക പാപ്പാ ചൂണ്ടിക്കാണിച്ചു. കാലികമായ പീഡനങ്ങളെ സഭാമക്കള്‍ ചെറുക്കുന്നതിന് പരിശുദ്ധാത്മാവിന്‍റെ സംരക്ഷണം സ്വീകരിക്കുമാറ് വിശുദ്ധിയില്‍ ജീവിക്കേണ്ടത് ആവശ്യമാണ്. രാജാവിന്‍റെ സ്വര്‍ണ്ണപ്രതിമയെ ആരാധിക്കാന്‍ വിസമ്മതിച്ച അനനിയാസും അസാറിയായും മിസായേലുമാണ് പീഡിപ്പിക്കപ്പെട്ടത്. സത്യദൈവത്തിലുള്ള തങ്ങളുടെ വിശ്വാസം സംരക്ഷിക്കാന്‍വേണ്ടി രക്തസാക്ഷിത്വം വരിക്കാന്‍ തയ്യാറായ ചെറുപ്പക്കാരെ പീഡനത്തിന്‍റെ തീജ്വാലകള്‍ക്കിടയില്‍നിന്നും എപ്രകാരം ദൈവാത്മാവിന്‍റെ സാന്ത്വന മാരുതന്‍ അത്ഭുതകരമായി പരിരക്ഷിച്ചുവെന്ന് ദൈവശാസ്ത്ര വിദ്യാര്‍ത്ഥികളെ പാപ്പാ ഉദ്ബോധിപ്പിച്ചു.

ദൈവാത്മാവു നല്കുന്ന രക്ഷാസങ്കേതം
നശീകരണത്തിന്‍റെ ലൗകികശക്തികള്‍ വിശ്വാസത്തിന് എതിരെ ആഞ്ഞടിക്കുമ്പോള്‍ വിശുദ്ധിയുള്ള ജീവിതസാക്ഷ്യത്തിനു മാത്രമേ, തിന്മയുടെ ശക്തികളെ കീഴടക്കാനുള്ള കെല്പുനല്കാന്‍ സാധിക്കൂ. ക്രിസ്തുവിന് 164 വര്‍ഷങ്ങള്‍ക്കുമുന്‍പ് സംഭവിച്ച, ഡാനിയേലിന്‍റെ പുസ്തകം വിവരിക്കുന്ന പഴയനിയമ സംഭവത്തിന്‍റെ ഓര്‍മ്മ ഇന്നു ദൈവജനത്തിന് ശക്തിപകരേണ്ടതാണ്.   ദൈവപുത്രനായ ക്രിസ്തുവിലുള്ള വിശ്വാസത്താല്‍ അവിടുത്തെ അരൂപി ഇന്നിന്‍റെ സാംസ്കാരിക പശ്ചാത്തലത്തില്‍ നമുക്കു രക്ഷാസങ്കേതമാകണം.

വ്യക്തിയെ സ്വതന്ത്രമാക്കുന്ന ജീവിതസാക്ഷ്യം
പീഡനങ്ങളെയും പ്രലോഭനങ്ങളെയും അതിജീവിക്കാനും, ക്രിസ്തീയമായ ക്രിയാത്മകതകളെല്ലാം നശിപ്പിക്കുന്ന നിഷേധാത്മകമായ ശക്തികളെയും ചിന്തകളെയും അതിജീവിച്ചു മുന്നേറാനും, നമ്മെത്തന്നെ ക്രിസ്തുവിലും അവിടുത്തെ സുവിശേഷത്തിലും രൂഢമൂലമാക്കേണ്ടതുണ്ട്. ഉന്നതങ്ങളിലേയ്ക്ക് ദൃഷ്ടിപതിക്കുവാനും, യാഥാര്‍ത്ഥ്യങ്ങളെ വ്യത്യസ്തമായി കാണുവാനും, പ്രതിസന്ധികളെ തരണംചെയ്യുവാനും ജീവിതസാക്ഷ്യം നമ്മെ സഹായിക്കും. അങ്ങനെ വിശുദ്ധിയുള്ളതും സാക്ഷ്യമേകുന്നതുമായ ജീവിതമായിരിക്കണം ഒരോ ക്രിസ്തുശിഷ്യന്‍റെയും ശിഷ്യയുടെയും  വ്യതിരിക്തതയും നവീനതയുമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.

28 March 2019, 09:07