തിരയുക

Vatican News
A house  across a hillside of wreckage after back-to-back tornadoes in Alabama A house across a hillside of wreckage after back-to-back tornadoes in Alabama  

അലബാമ പ്രകൃതിദുരന്തത്തില്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ ദുഃഖം

അലബാമയുടെ മെത്രാപ്പോലീത്തവഴി വേദനിക്കുന്നവര്‍ക്ക് സാന്ത്വനസന്ദേശം അയച്ചു.

- ഫാദര്‍ വില്യം നെല്ലിക്കല്‍

കുട്ടികള്‍ അടക്കം 25 പേരുടെ മരണം
അമേരിക്കയുടെ തെക്കു-കിഴക്കന്‍ പ്രവിശ്യയായ അലബാമയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ ചുഴലിക്കാറ്റിലും പേമാരിയിലും മരണമടഞ്ഞ, കുട്ടികള്‍ അടക്കം 25-ല്‍ അധികംപേരെയും, മുറിപ്പെട്ടവരെയും, ഭവനരഹിതരാക്കപ്പെട്ടവരെയും ഓര്‍ത്താണ്, സ്ഥലത്തെ മെത്രാപ്പോലീത്ത തോമസ് റോഡിയ്ക്ക് അയച്ച സന്ദേശത്തിലൂടെ പാപ്പാ ഫ്രാന്‍സിസ് ജനങ്ങളെ തന്‍റെ സാന്ത്വനം അറിയിച്ചത്.

മുറിപ്പെട്ടവരും ഭവനരഹിതരാക്കപ്പെട്ടവരും
മാര്‍ച്ചു 6-Ɔο തിയതി ബുധനാഴ്ച രാവിലെ വത്തിക്കാനില്‍ പതിവുള്ള പൊതുകൂടിക്കാഴ്ച പരിപാടിക്കുശേഷമാണ് സ്റ്റേറ്റ് സെക്രട്ടേറിയേറ്റുവഴി അലബാമയില്‍ മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളെ പാപ്പാ ഫ്രാന്‍സിസ് അനുശോചനം അറിയിക്കുകയും, മുറിപ്പെട്ടവരെയും ചുഴലിക്കാറ്റിന്‍റെ ആധിക്യത്തില്‍ ഭവനരഹിതരായ ആയിരങ്ങളെയും ഓര്‍ത്ത് ദുഃഖം അറിയിക്കുകയും ചെയ്തത്.

പ്രാര്‍ത്ഥനയോടെ ആത്മീയസാമീപ്യം
പ്രകൃതിദുരന്തത്തില്‍ വേദനിക്കുകയും, അപകടകരമായ രക്ഷാപ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായിരിക്കുകയും ചെയ്യുന്നവര്‍ക്കു പ്രാര്‍ത്ഥനയോടെ ആത്മീയസാമീപ്യവും ആശീര്‍വ്വാദവും നല്കിക്കൊണ്ടാണ് പാപ്പാ സന്ദേശം ഉപസംഹരിച്ചത്. 

06 March 2019, 19:28