തിരയുക

Vatican News
പാപ്പാ മതങ്ങളും സുസ്ഥിര വികസനവും എന്ന വിഷയത്തെ അധികരിച്ചു നടക്കുന്ന അന്തർദേശീയ സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്കോപ്പം പാപ്പാ മതങ്ങളും സുസ്ഥിര വികസനവും എന്ന വിഷയത്തെ അധികരിച്ചു നടക്കുന്ന അന്തർദേശീയ സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്കോപ്പം  (Vatican Media)

ദരിദ്രരുടെ നിലവിളിക്ക് പ്രായോഗികമായ ഉത്തരങ്ങള്‍ നല്‍കണം

മതങ്ങളും സുസ്ഥിര വികസനവും എന്ന വിഷയത്തെ അധികരിച്ചു നടക്കുന്ന അന്തർദേശീയ സമ്മേളനത്തില്‍ പാപ്പാ നല്‍കിയ സന്ദേശം

സി.റൂബിനി സി.റ്റി.സി

സുസ്ഥിര വികസന പരിപാലനത്തിന്  പാവങ്ങളുടെയും, പ്രവാസികളുടേയും, തദ്ദേശവാസികളുടേയും യുവതീയുവാക്കളുടേയും സ്വരങ്ങൾ കൂടി ശ്രവിക്കേണ്ടത് അത്യാവശ്യമാണെന്ന് പാപ്പാ മതങ്ങളും സുസ്ഥിര വികസനവും എന്ന വിഷയത്തെ അധികരിച്ചു നടക്കുന്ന അന്തർദേശീയ സമ്മേളനത്തില്‍   നിര്‍ദ്ദേശിച്ചു. 2030 ലേക്ക് തയ്യാറാക്കിയിട്ടുള്ള സുസ്ഥിര വികസന ലക്ഷ്യത്തിലേക്കുള്ള കാര്യപരിപാടികൾ 190ൽ അധികം രാജ്യങ്ങൾ അംഗീകരിച്ചത് ആഗോള സംവാദത്തിന് ഒരു പുതിയ ആഗോള ആദർശ ഐക്യത്തിലേക്കുള്ള വലിയ കാൽവയ്പ്പാണെന്നും ഫ്രാൻസിസ് പാപ്പാ അഭിപ്രായപ്പെട്ടു. "വികസനം" ഒരു സങ്കീർണ്ണ സംജ്ഞയാണെന്നും അതു പലപ്പോഴും ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്നും അതിനാൽ എന്താണ് വികസനം, ആർക്കാണ് വികസനം എന്ന ചോദ്യം പലപ്പോഴും ചോദിക്കേണ്ടതുണ്ടെന്നും പാപ്പ ഓർമ്മിപ്പിച്ചു. സാമ്പത്തിക വികസനമോ  ഭൗതീക വളർച്ചയോ മാത്രം ലക്ഷ്യമിട്ടുള്ള വികസനം പരിസ്ഥിതിയുടെയും മനുഷ്യരുടെയും യുക്തിഹീനമായ ചൂഷണത്തിൽ അവസാനിക്കും. എന്നാൽ വി.പോൾ ആറാമൻ എഴുതിയതു പോലെ മനുഷ്യ വികസനം ഭൗതീകവശം മാത്രമല്ല സകല മനുഷ്യരുടേയും സമൂല വികസനം ലക്ഷ്യമിടണം.

ഭൂമിയുടെയും ദരിദ്രരുടേയും നിലവിളിക്ക് പ്രായോഗികമായ ഉത്തരങ്ങളും പ്രായോഗീക പ്രവർത്തനങ്ങളുമാണ് ഈ സമ്മേളനത്തിൽ നിന്ന് താൻ പ്രതീക്ഷിക്കുന്നത്. അതിന് ജനങ്ങളുടെ സഹകരണത്തോടുള്ള തുറവിയും ബനഡിക്ട് പതിനാറാമൻ പറഞ്ഞതുപോലെ ലോകം മുഴുവനുമുള്ള ഒരു പുത്തൻ ധനവിനിനിമയ സംവിധാനവും ആവശ്യമാണ്. മതങ്ങളുടെ സ്വരം കൂടി ശ്രവിക്കാനുള്ള ഈ സമ്മേളനത്തിന്‍റെ സന്മനസ്സിനെ സന്തോഷപൂർവ്വം കാണുന്നുവെന്ന് പറഞ്ഞ പാപ്പാ സകലവും പരസ്പ്പരം ബന്ധപ്പെട്ടുകിടക്കുന്നതിനാൽ സാങ്കേതിക വികസനത്തിൽ ധാർമ്മികതയുടെ പരിഗണന കൂടി ആവശ്യമാണെന്നും ചൂണ്ടികാണിച്ചു. സാമ്പത്തിക, രാഷ്ടീയ ലക്ഷ്യങ്ങൾക്ക് ധാർമ്മീക ലക്ഷ്യങ്ങൾ കൂടി വേണം. മതങ്ങൾക്ക് ഇതിൽ പ്രധാനപ്പെട്ട ഒരു പങ്കുണ്ട്. എല്ലാ മതങ്ങളുടെയും പ്രധാന ആശയം സ്നേഹവും സൃഷ്ടിയുടെ  സംരക്ഷണവുമാണ്. ഇവിടെയാണ് തദ്ദേശവാസികളുടെ പ്രധാന്യം നമ്മൾ മനസ്സിലാക്കേണ്ടത്. മനുഷ്യകുലത്തിന്‍റെ 5 % മാത്രമാണ് അവരെങ്കിലും ഭൂമിയുടെ 22% സംരക്ഷിക്കുന്നവരാണവർ. അവരെയും ഈ സുസ്ഥിര വികസന പ്രക്രിയയിൽ ഭാഗഭാക്കാക്കേണ്ടതിന്‍റെ ആവശ്യകത പാപ്പാ ഊന്നിപ്പറഞ്ഞു.

വെല്ലുവിളികൾ സങ്കീർണ്ണവും കാരണങ്ങൾ നിരവധിയുമായതിനാൽ  ഉത്തരങ്ങൾ വിവിധ സംസ്കാരങ്ങളെ ബഹുമാനിച്ച് സങ്കീർണ്ണവും ശരിയായി തയ്യാറാക്കിയവയുമാവണം.  ഇത്രയും കാലം നമ്മൾ അപകടപ്പെടുത്തിയ പരിസ്ഥിതിയെ നമ്മൾ പരിഗണിക്കുകയും രക്ഷിക്കാൻ പരിശ്രമിക്കയും ചെയ്യുമ്പോൾ ഒരു, ശാസ്ത്രശാഖയും ഒരു വിജ്ഞാനതലവും തഴയപ്പെടരുതെന്നും ഇതിൽ മതങ്ങളും അവരുടേതായ ഭാഷയും വളരെ പ്രധാനപ്പെട്ടതാണെന്നും സത്യസന്ധമായ സമഗ്ര വികസനത്തിന് മതങ്ങൾ സഹായകമാണെന്നും വി.പോൾ ആറാമനെ ഉദ്ധരിച്ച് ഫ്രാൻസിസ് പാപ്പാ പറഞ്ഞു.

 

09 March 2019, 15:15