തിരയുക

Vatican News
ഫ്രാന്‍സിസ് പാപ്പാ  പൊതു കൂടികാഴ്ച്ചയില്‍... ഫ്രാന്‍സിസ് പാപ്പാ പൊതു കൂടികാഴ്ച്ചയില്‍...  (Vatican Media)

വിശുദ്ധർ - ദൈവത്തിന്‍റെ സന്ദേശവാഹകര്‍

“GAUDETE ET EXSULTATE” അഥവാ “ആനന്ദിച്ചാഹ്ലാദിക്കുവിൻ” എന്ന ഫ്രാന്‍സിസ്‍ പാപ്പായുടെ അപ്പോസ്തോലിക പ്രബോധനത്തിന്‍റെ ഒന്നാം അദ്ധ്യായത്തിലെ ഇരുപത്തിരണ്ടു മുതല്‍ ഇരുപത്തി നാലു വരെയുള്ള ഭാഗങ്ങളെ കുറിച്ചുളള വിചിന്തിനം

സി.റൂബിനി സി.റ്റി.സി

അപ്പോസ്തോലിക പ്രബോധനം

അപ്പോസ്തോലിക പ്രബോധനമെന്നത് കത്തോലിക്കാ സഭയില്‍ മാര്‍പ്പാപ്പാ പ്രസിദ്ധികരിക്കുന്ന ഔദ്യോഗിക ലേഖനങ്ങളുടെ വിവിധതരത്തിലുളള പരമ്പരകളില്‍പ്പെടുന്ന ഒരു ലേഖനമാണ്. ഇവയുടെ പ്രാധാന്യ ശൃംഖലയില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ചാക്രീക ലേഖനങ്ങള്‍ കഴിഞ്ഞാല്‍ തൊട്ടടുത്ത സ്ഥാനമാണ് അപ്പോസ്തോലിക പ്രബോധനങ്ങള്‍ക്കുളളത്.

ഒന്നാം അദ്ധ്യായo

വിശുദ്ധിയിലേക്കുള്ള വിളിയെക്കുറിച്ചാണ്. വിശുദ്ധിയുടെ പല ഉദാഹരണങ്ങളും നിരത്തി വിശുദ്ധിയിലേക്കുള്ള മാർഗ്ഗങ്ങൾ കാണിച്ചുതരുന്ന പാപ്പാ നാം ഓരോരുത്തരും അവരവരുടെ വിശുദ്ധിയുടെ തനിമയാർന്ന പാത കണ്ടെത്താൻ പരിശ്രമിക്കണമെന്ന് ഓർമ്മിപ്പിക്കുന്നു. ഈ അദ്ധ്യായത്തിന്‍റെ ആദ്യ ഭാഗത്തില്‍ത്തന്നെ വിശുദ്ധരായ വ്യക്തികളെ ഉദാഹരണമായി നല്‍കുകയും വിശുദ്ധിയിലേക്കുള്ള നമ്മുടെ പ്രയാണത്തില്‍ അവരുടെ സാന്നിദ്ധ്യം നമുക്കു പ്രചോദനാത്മകമാണെന്ന്  ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു.

ദൈവത്തിന്‍റെ കാര്യസ്ഥർ

“ഓരോരുത്തനും തനിക്കു കിട്ടിയ ദാനത്തെ ദൈവത്തിന്‍റെ വിവിധ ദാനങ്ങളുടെ ഉത്തമനായ കാര്യസ്ഥൻ എന്ന നിലയിൽ മറ്റെല്ലാവർക്കും വേണ്ടി ഉപയോഗിക്കട്ടെ".(1പത്രോസ്.4:10) ഈ തിരുവചനം നമ്മെ ഓർമ്മിപ്പിക്കുന്നത് ദൈവം ഓരോ വ്യക്തിക്കും വിവിധ തരമായ ദാനങ്ങൾ നല്കിയിരിക്കുന്നുവെന്നും ഓരോരുത്തരും ആ ദാനങ്ങളെ മറ്റുള്ളവർക്കായി പങ്കുവയ്ക്കണം എന്നാണ്. നമ്മുടെ ഓരോ ഭാവങ്ങളിൽ പോലും നമുക്ക് വിശുദ്ധിയുടെ പ്രതിഫലനങ്ങൾ സൃഷ്ട്ടിക്കാൻ കഴിയുമെന്ന് പാപ്പാ ഈ പ്രബോധനത്തിൽ പറയുന്നു.

എല്ലാ മനുഷ്യരും ബലഹീനരാണ്. ഈ ബലഹീനതയിൽ നമ്മെ ബലപ്പെടുത്തുന്ന ശക്തിയാണ് ദൈവസ്നേഹം. അതിരുകളും, അളവുകളും ഇല്ലാതെ സ്നേഹിക്കുന്ന ദൈവത്തിന്‍റെ  മുന്നില്‍ നമ്മുടെ ബലഹീനതകൾ പോലും വിശുദ്ധിക്കായുള്ള മാർഗ്ഗങ്ങളായി പരിണമിക്കപ്പെടും. ദൈവസ്നേഹത്തിൽ ജീവിച്ചു ദൈവ ഭാവങ്ങളെ ഈ ലോകത്തിനു സമ്മാനിക്കേണ്ടവരാണ് നാം. ഒരിക്കൽ നൽകപ്പെട്ട സ്നേഹത്തെ ഒരിക്കലും ദൈവം തിരിച്ചെടുക്കുകയില്ല. അതുകൊണ്ടല്ലേ കാൽവരിയിലെ ബലി നിത്യമായ ബലിയായി ഇന്നും ആവർത്തിക്കപ്പെടുന്നത്. ഈ ബലിയിൽ ക്രിസ്തുവിന്‍റെ സ്നേഹത്തിന്‍റെയും, ത്യാഗത്തിന്‍റെയും ഓർമ്മകൾ വീണ്ടും വീണ്ടും നമ്മിൽ ഉണർത്തപ്പെട്ടുകൊണ്ടേയിരിക്കുന്നു.

വിശുദ്ധ പത്രോസിന്‍റെ വാക്കുകളെ ഓര്‍മ്മപ്പെടുത്തികൊണ്ടു നമുക്ക് ലഭിച്ചിരിക്കുന്ന ദാനങ്ങളെ ദൈവത്തിന്‍റെ കാര്യസ്ഥർ എന്ന നിലയിൽ മറ്റുള്ളവർക്കു  വേണ്ടി സമർപ്പിച്ചു ജീവിക്കണം എന്ന് നമ്മെ ഉത്‌ബോധിപ്പിക്കുന്ന പാപ്പാ വിശുദ്ധിയിൽ സ്വയം വളരുന്നതോടൊപ്പം മറ്റുള്ളവരെയും വളർത്താനുള്ള ഉത്തരവാദിത്വം നമുക്കുണ്ടെന്ന് നമ്മെ ഓർമ്മിപ്പിക്കുന്നു.

വിശുദ്ധർ - ദൈവത്തിന്‍റെ സന്ദേശവാഹകര്‍

22 ജീവിതത്തിന്‍റെ ആരോഹണങ്ങളിലും അവരോഹണങ്ങളിലും ഇളകി മറിയാത്ത മനസ്സുള്ളവരാണ് വിശുദ്ധർ. ഇങ്ങനെ ചിന്തിക്കാൻ കാരണം വിജയങ്ങളിൽ അഹങ്കരിക്കാതെ പരാജയങ്ങളിൽ പതറാതെ സമാവസ്ഥയിൽ ജീവിക്കാൻ അവർക്കു കഴിയുന്നതുകൊണ്ടാണ്. വിശുദ്ധിയിലേക്കുള്ള വിളിയിൽ കടന്നു വരുന്ന പ്രതിസന്ധികളെ തിരിച്ചറിയാനും അഭിമുഖികരിക്കാനും വിശുദ്ധർക്ക് കഴിഞ്ഞിരുന്നു. “ആനന്ദിച്ചാഹ്ലാദിക്കുവിൻ” എന്ന അപ്പോസ്തോലിക പ്രബോധനത്തിലൂടെ ഫ്രാൻസിസ് പാപ്പാ പറയുന്നത് ഓരോ വിശുദ്ധരുടെയും ജീവിതം തന്നെ സന്ദേശം മാണെന്നാണ്.

ജന്മം കൊണ്ട് ആരും വിശുദ്ധരായി ജനിക്കുന്നില്ല. എന്നാൽ കർമ്മം കൊണ്ട് ഓരോത്തർക്കും വിശുദ്ധിക്ക് ജന്മം നല്കാൻ കഴിയും. സുപരിചിതരും, അപരിചിതരുമായ മനുഷ്യരിൽ നാം കാണാതെ പോകുന്ന എത്രയെത്ര നന്മകളാണുള്ളത്. വിശുദ്ധതരായ വ്യക്തികളുടെ ജീവിതത്തിലും ബലഹീനതകളും കുറവുകളും ഉണ്ടായിരുന്നു. ജീവിതത്തിന്‍റെ സന്തോഷം ഈ ലോകത്തിൽ നിന്നുമാത്രം ലഭിക്കുന്നതാണെന്നു കരുതി മാംസത്തിന്‍റെ ലഹരിയിലായിരുന്ന അഗസ്റ്റിൻ വിശുദ്ധ അഗസ്റ്റിനായി മാറിയതും, അസ്സീസിയുടെ തെരുവീഥികളിൽ ആടിപ്പാടി നടന്ന ഫ്രാൻസിസ് ദൈവത്തിനായി മാത്രം സംഗീതം മീട്ടുന്ന വിശുദ്ധ ഫ്രാൻസിസായി മാറിയതും നമുക്കും വിശുദ്ധരാകാനുള്ള സാധ്യതകളെ വെളിപ്പെടുത്തുന്നതാണ്.

“ആനന്ദിച്ചാഹ്ലാദിക്കുവിൻ” എന്ന ഫ്രാന്‍സിസ്‍ പാപ്പായുടെ അപ്പോസ്തോലിക  പ്രബോധനത്തില്‍ പാപ്പാ പറയുന്നത് വിശുദ്ധരിൽ നിറഞ്ഞു നിന്നിരുന്ന വിശുദ്ധിയുടെ പൂർണ്ണതയുടെ അളവു വിലയിരുത്താനല്ല മറിച്ച് അവരുടെ മുഴുവൻ ജീവിതത്തെ ആഴത്തിൽ   ധ്യാനിക്കുവാനാണ്. അവരുടെ ജീവിത യാത്രയിൽ അവരുടെ വിശുദ്ധിയുടെ വളർച്ചയെയും, വ്യക്തി എന്ന നിലയിൽ വിശുദ്ധരുടെ ജീവിതത്തെ ഗ്രഹിക്കുകയും ചെയ്യുമ്പോൾ ക്രിസ്തുവിന്‍റെ സാന്നിധ്യം അവരുടെ ജീവിതത്തിൽ പ്രതിഫലിക്കുന്നത് കാണുവാൻ കഴിയും.

ദൈവത്തെ ശ്രവിക്കുക

23 വിശുദ്ധിയിൽ വളരാൻ പാപ്പാ പറയുന്ന മറ്റൊരു സന്ദേശമാണ് പ്രാർത്ഥനയില്‍ ദൈവത്തെ ശ്രവിക്കുകയും അവിടുന്നു നൽകുന്ന അടയാളങ്ങളെ തിരിച്ചറിയുകയും ചെയ്യണമെന്നത്. നാം ചെയ്യുവാന്‍ ആരംഭിക്കുന്ന പ്രവർത്തികളിലും നാമെടുക്കുന്ന തീരുമാനങ്ങളിലും ദൈവാത്മാവിന്‍റെ സാന്നിധ്യം ആവശ്യമാണ്. നമ്മുടെ ജീവിതത്തെ കുറിച്ചുള്ള ദൈവാത്മാവിന്‍റെ തീരുമാനങ്ങളെ അന്വേഷിക്കുമ്പോൾ നമ്മുടെ ജീവിത ദൗത്യത്തിന്‍റെ അടയാളങ്ങളെ ആത്മാവ് വെളിപ്പെടുത്തിത്തരും. ആത്മാവിലുള്ള നമ്മുടെ കൂട്ടായ്‌മയെ ക്രിസ്തു നമ്മിൽ നിന്നും പ്രതീക്ഷിക്കുന്നുവെന്നു പാപ്പാ പ്രബോധിപ്പിക്കുന്നു.

ദൈവാത്മാവും മനുഷ്യാത്മാവും തമ്മിലുള്ള സംയോഗമാണ് പ്രാർത്ഥനയിലും ധ്യാനത്തിലും സംഭവിക്കുന്നത്. ദൈവവുമായുള്ള വ്യക്തിപരമായ സംഭാഷണമാണ് പ്രാർത്ഥന. തന്നെ സ്നേഹിക്കുന്നുവെന്നറിയുന്ന ദൈവത്തോടു നടത്തുന്ന  സ്നേഹ സംഭാഷണമായി പ്രാർത്ഥനയെ ആവിലായിലെ വിശുദ്ധ അമ്മ ത്രേസ്യ കാണുന്നു. 

പ്രാർത്ഥനയുടെ പടവുകളിലൂടെ  വിശുദ്ധിയുടെ മലകയറിയ വിശുദ്ധയാണ് അമ്മ ത്രേസ്യ. നാം എങ്ങനെ പ്രാർത്ഥിക്കണമെന്ന് ആത്മാവ് നമ്മെ പഠിപ്പിക്കുമെന്നു വചനം നമ്മെ  ഓർമ്മിപ്പിക്കുന്നു. ജീവിതത്തിൽ വിശുദ്ധിക്കു തടസ്സമായിരിക്കുന്ന ചില അപായ സൂചനകളെ തിരിച്ചറിയുവാനും വഴിമാറി നടന്നു വിശുദ്ധിയിലെത്തുവാനും നമ്മെ സഹായിക്കുന്നത് ആത്മാവാണ്. അത് കൊണ്ടാണ് പ്രാർത്ഥനയുടെ പ്രാധാന്യത്തെ കുറിച്ച് പാപ്പാ ഈ പ്രബോധനത്തിൽ വ്യക്തമാക്കി തരുന്നത്.

ആന്തരീകതയെന്നത് വലിയ ലോകമാണ്. ഒരാൾ അയാളിൽ തന്നെ ജീവിക്കുന്ന ലോകമാണത്. ആന്തരീകതയിൽ കുടി കൊള്ളുന്ന ദൈവത്തെ ശ്രവിക്കുകയും, ആ ദൈവത്തോട് തുറവോടെ സംസാരിക്കുകയും ചെയ്യുന്നതിനെ പ്രാർത്ഥനയെന്നു പറയും.  നമ്മുടെ ജീവിതത്തിൽ ഇന്ന് നാം പ്രർത്ഥനയ്ക്ക് വിവിധ തരത്തിൽ അർത്ഥങ്ങളും, വ്യാഖ്യാനങ്ങളും നൽകി യഥാർത്ഥ ആന്തരീക ജീവിതത്തിൽ നിന്നും അകന്നു കൊണ്ടിരിക്കുന്നു. മറ്റുള്ളവർ പ്രാർത്ഥിച്ചു അവർക്കു കിട്ടിയ ഉൾകാഴ്ച്ചകളെ നമ്മുടെ പ്രാർത്ഥനകളായും, ദൈവവുമായുള്ള അവരുടെ ധ്യാനങ്ങളെ നമ്മുടെ അനുഷ്ഠാനങ്ങളായും കണ്ട് ജീവിക്കുന്ന സാഹചര്യങ്ങളിൽ നമ്മുടെ ജീവിതത്തെ പ്രാര്‍ത്ഥനയാക്കാനും, പ്രാർത്ഥനയിൽ നിന്നും നമുക്ക് ലഭിക്കുന്ന ഉൾകാഴ്ചകളെ വിശുദ്ധിയിൽ  വളരാനുള്ള ഉപഹരണങ്ങളായി സ്വീകരിക്കുകയും വ്യക്തിപരമായി ദൈവത്തെ കണ്ടുമുട്ടാൻ പരിശ്രമിക്കുകയും ചെയ്യണം.

സന്ദേശമായി തീരേണ്ട ജീവിതം

24 ഓരോ ജീവിതവും സന്ദേശമാണ്, ദൗത്യമാണെന്നു ആവർത്തിക്കുന്ന പാപ്പാ നമ്മുടെ ജീവിതത്തിലൂടെ ലോകത്തോടു സംസാരിക്കുവാൻ  ക്രിസ്തു ആഗ്രഹിക്കുന്നുവെന്ന് ഓർമ്മിപ്പിക്കുന്നു. അതിനായി നമ്മുടെ ജീവിതം രൂപാന്തരപ്പെടെട്ടെയെന്നും, പരിശുദ്ധാത്മാവിനാൽ നവീകരിക്കപ്പെടട്ടെയെന്നും പാപ്പാ ഉത്‌ബോധിപ്പിക്കുന്നു. അല്ലെങ്കിൽ നമ്മുടെ ദൗത്യത്തിൽ നാം പരാജയപ്പെടുമെന്നും പാപ്പാ നമ്മോടു ആഹ്വാനം ചെയ്യുന്നു.

നമ്മുടെ കുറവുകളേയും കുറ്റങ്ങളേയും പരിഗണിക്കാതെ നമ്മുടെ ജീവിതത്തെ പൂർണ്ണതയിലേക്ക് കൊണ്ടു വരാൻ ക്രിസ്തുവിനു കഴിയുമെന്ന് ഓർമ്മിപ്പിക്കുന്ന പാപ്പാ സ്നേഹത്തിന്‍റെ പാതയിൽ നമ്മെ ഉപേക്ഷിക്കാതെ നമ്മോടൊപ്പം സഞ്ചരിക്കുന്ന ദൈവത്തെ കാണിച്ചു തരുന്നു. നമ്മോടൊപ്പം സഞ്ചരിക്കുകയും നമ്മെ വിശുദ്ധീകരിക്കുകയും ദീപ്‌തമാക്കുകയും ചെയ്യുന്ന ദൈവത്തിന്‍റെ അതിസ്വാഭാവികമായ കൃപയോടു എപ്പോഴും തുറവുള്ളവരായിരിക്കണമെന്നും പാപ്പാ ചൂണ്ടികാണിക്കുന്നു.

ദൈവം നമ്മുടെ കുറവുകളെ അറിയുന്നവനും ആ കുറവുകളോടു കൂടെ നമ്മെ സ്വീകരിക്കുന്നവനുമാണ്. നമുക്ക് ചുറ്റിലുമുള്ള ദുരനുഭവങ്ങൾക്കു മീതെ ധീരതയോടും വിശുദ്ധിയോടും വിശ്വാസത്തോടും ജീവിക്കാൻ പ്രാർത്ഥനയിലൂടെ നമ്മുടെ ഹൃദയ ജാലകങ്ങൾ ദൈവത്തിങ്കലേക്കു തുറന്നിടണം. ദൈവം കൂടെയുള്ളപ്പോൾ വിശുദ്ധി അഭ്യസിക്കുവാനുള്ള വെളിച്ചം ലഭിക്കുന്നതോടൊപ്പം വിശുദ്ധിയിൽ വളരാൻ തടസ്സമായിരിക്കുന്നവയെ വിവേചിച്ചറിഞ്ഞു വിവേകത്തോടെ പൊരുതി വിജയം വരിക്കാൻ നമുക്ക് കഴിയും.

ഫ്രാൻസിസ് പാപ്പായുടെ “ആനന്ദിച്ചാഹ്ലാദിക്കുവിൻ” എന്ന അപ്പോസ്തോലിക പ്രബോധനം നമുക്കും വിശുദ്ധരാകാം എന്ന ഉറപ്പു നല്‍കുന്നു. വിശുദ്ധിയുടെ ചെറിയ അംശം നമ്മിലുണ്ടെങ്കിൽ പുളിമാവിനെ പോലെ നമുക്ക് നമ്മുടെ ജീവിത പരിസരങ്ങളിലായിരിക്കുന്ന വ്യക്തികൾക്ക് വിശുദ്ധിയും, സ്നേഹവും, നന്മയും പകരാൻ കഴിയും.

ദൈവം ആരുടേയും കുറവുകളുടെ പട്ടിക മാത്രം പറയുന്നവനല്ല. വിശുദ്ധിയിൽ വളരാൻ എന്ത് ചെയ്യരുത് എന്ന് പറയുന്നതിനേക്കാൾ എന്ത് ചെയ്യണമെന്ന് പറയാനാണ് ക്രിസ്തു തന്‍റെ ജീവിതം കൊണ്ട് നമ്മെ പഠിപ്പിക്കുന്നത്. ജീവിതത്തിൽ നിന്നും അകന്നു നിൽക്കുന്ന മൂല്യങ്ങളെയും സ്വന്തം വിശുദ്ധിക്കും മറ്റുള്ളവരുടെ വിശുദ്ധിയിലേക്കുള്ള യാത്രയ്ക്കും കേടു വരുത്താനുള്ള നമ്മിലെ കീഴ്ത്തരമായ ചിന്തകളെയും,പെരുമാറ്റങ്ങളെയും പ്രാർത്ഥനയിൽ കണ്ടെത്തി അവയെ നിര്‍മ്മൂലമാക്കി ദൈവാത്മാവ് നൽകുന്ന വിവേകം ഉപയോഗിച്ച് ഈ ലോകത്തിൽ നന്മയുടെ സന്ദേശം നല്കുന്നവരായിത്തീരാനുള്ള പരിശ്രമത്തിനു ഫ്രാൻസിസ് പാപ്പായുടെ “ആനന്ദിച്ചാഹ്ളാദിക്കുവിന്‍ ”എന്ന അപ്പോസ്തോലിക പ്രബോധനം സഹായിക്കുന്നു.

 

 

28 February 2019, 15:19