തിരയുക

Vatican News
ഫ്രാന്‍സിസ് പാപ്പാ  പൊതു കൂടികാഴ്ച്ചയില്‍....  ഫ്രാന്‍സിസ് പാപ്പാ പൊതു കൂടികാഴ്ച്ചയില്‍....   (Vatican Media)

സമാധാന ദൂതുമായി ഫ്രാന്‍സിസ് പാപ്പാ യു.എ.ഇ. സന്ദര്‍ശിക്കുന്നു

ഫ്രാന്‍സിസ് പാപ്പായുടെ യു.എ.ഇ. അപ്പോസ്തോലിക സന്ദര്‍ശനത്തിന്‍റെ പശ്ചാത്തല വിവരണം

സി.റൂബിനി സി.റ്റി.സി

ഫ്രാന്‍സിസ് പാപ്പാ തന്‍റെ ഇരുപത്തേഴാമത്തെ അപ്പോസ്തോലിക സന്ദര്‍ശനം യു.എ.ഇ.ല്‍ നടത്തുന്നു. ഞായറാഴ്ച (03.02.19) ഉച്ചതിരിഞ്‍  ആരംഭിക്കുന്ന ഈ അപ്പോസ്തോലിക സന്ദര്‍ശനം (05.02.19) ചൊവ്വാഴ്ച ഉച്ചയ്ക്ക് സമാപിക്കും. അബുദാബിലെ സമയം ഇന്ത്യയിലെ സമയത്തേക്കാള്‍ ഒന്നര മണിക്കൂര്‍ പിന്നിലാണ്.

ഫ്രാന്‍സിസ് പാപ്പായുടെ അറേബ്യന്‍ പ്രവിശ്യയിലേയ്ക്കു‌‌ള്ള അപ്പസ്തോലിക സന്ദര്‍ശനം ചരിത്രത്തിലെ ആദ്യ സന്ദര്‍ശനമായി അറിയപ്പെടും. 1219-ല്‍ വിശുദ്ധ ഫ്രാന്‍സിസ് അസ്സിസി ഈജിപ്തിലെ സുല്‍ത്താന്‍ മാലിക് അല്‍-കമീലുമായി സംവദിച്ചതിന്‍റെ 800-Ɔο വാര്‍ഷിക ദിനത്തിലാണ്, ഫ്രാന്‍സിസ് പാപ്പാ യുഎഇ-ലേക്ക് ശ്രദ്ധേയമായ ഈ യാത്ര നടത്തുന്നത്. “ദൈവമേ, എന്നെ അങ്ങേ സമാധാനദൂതനാക്കണമേ,” എന്ന ഫ്രാന്‍സിസ് അസ്സിസിയുടെ സമാധാന പ്രാര്‍ത്ഥനയിലെ പ്രഥമ വാക്യമാണ് തന്‍റെ ഇരുപത്തേഴാമത്തെ അപ്പോസ്തോലിക സന്ദര്‍ശനത്തിന്‍റെ പ്രമേയമായി സ്വീകരിച്ചിരിക്കുന്നത്.

ഫെബ്രുവരി 3ᴐo തിയതി ‍ഞായറാഴ്ച, ഇറ്റലിയിലെ സമയം ഉച്ചതിരിഞ്ഞ് 1 മണിക്ക് വത്തിക്കാനില്‍ നിന്നിറങ്ങും, ഫുമിചീനോ രാജ്യാന്തര വിമാനത്താവളത്തില്‍നിന്നാണ് ഫ്രാന്‍സിസ് പാപ്പാ യു.എ.ഇ.-യിലെക്ക് യാത്ര തിരിക്കുന്നത്. അന്നു രാത്രി 10 മണിക്ക് യുഎഇ-യുടെ തലസ്ഥാനനഗരമായ അബുദാബിയില്‍ വിമാനമിറങ്ങുന്ന പാപ്പാ അബുദാബിയിലെ വത്തിക്കാന്‍ നണ്‍ഷ്യേച്ചര്‍ വസതിയില്‍ വിശ്രമിക്കും.

ഫെബ്രുവരി 4 ‍തിങ്കളാഴ്ച,  പ്രാദേശിക സമയം 12 മണിക്ക്  അബുദാബിയിലെ പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തില്‍ പാപ്പായെ വരവേല്ക്കും. അതിനെ തുടര്‍ന്ന് യുഎഇ-യുടെ രാജാവ്, മുഹമ്മദ് ബിന്‍ സായദ് ബിന്‍ സുല്‍ത്താന് ആല്‍-നഹ്യാനുമായി പാപ്പാ ഫ്രാന്‍സിസ് കൂടിക്കാഴ്ച നടത്തും. അതിനുശേഷം വൈകുന്നേരം 5 മണിക്ക്, രാജ്യത്തിലെമുസ്ലീം മതനേതാക്കന്മാരുമായുള്ള കൂടികാഴ്ച്ചയാണ്. ഷെയിക് ഷായെദിന്‍റെ പേരിലുള്ള പള്ളിയിലാണ് നടത്തപ്പെടുന്നത്.
യുഎഇയുടെ രാഷ്ട്രപിതാവായ ഷെയിക് സയേദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍റെ സ്മരണാഘോഷ പരിപാടിയോടനുബന്ധിച്ച് നടത്തപ്പെടുന്ന  അന്തര്‍ദേശിയ  മതാന്തര സംവാദ സംഗമത്തില്‍ പാപ്പാ പ്രഭാഷണം നടത്തും. ഫെബ്രുവരി 5ᴐo തിയതി ‍ചൊവ്വാഴ്ച പ്രാദേശിക സമയം രാവിലെ 9.15-ന് ഇന്ത്യയുടെ സമയം 10.30ന് ഫ്രാന്‍സിസ് പാപ്പാ അബുദാബിയില്‍ അല്‍-മുഷ്രീഫിലുള്ള വിശുദ്ധ യൗസേപ്പിതാവിന്‍റെ നാമധേയത്തിലുള്ള കത്തീഡ്രല്‍ ദേവാലയത്തിലേയ്ക്ക് സ്വകാര്യസന്ദര്‍ശനം നടത്തും.  തുടര്‍ന്ന് സെയിദ്  സ്പോര്‍ട്സ് സിറ്റിയില്‍ ദിവ്യബലി അര്‍പ്പണവും വചന സന്ദേശവും നല്‍കും. ദിവ്യബലിക്കുശേഷം 12.40-ന്  വിമാനത്താവളത്തില്‍ എത്തുന്ന പാപ്പായ്ക്കു യുഎഇ-യുടെ പ്രസിഡന്‍റ് ഖലീഫബീന്‍ സായിദ് അല്‍-നഹ്യാന്‍ ഔദ്യോഗികമായി  യാത്രയയപ്പു നല്‍കും. കൃത്യം ഒരു മണിക്ക് പാപ്പാ മടക്കയാത്ര  ആരംഭിക്കും.  പ്രാദേശിക  സമയം വൈകുന്നേരം5 മണിക്ക് ഫ്രാന്‍സിസ് പാപ്പാ റോമിലെ രാജ്യാന്തര വിമാനത്താവളത്തില്‍ ഇറങ്ങും.

യുണൈറ്റഡ് അറബ് എമിറെയ്റ്റ്സിന്‍റെ  ചരിത്ര പശ്ചാത്തലം

യുണൈറ്റഡ് അറബ് എമിറെയ്റ്റ്സ് 7 അറബ് രാജ്യങ്ങളുടെ ഒരു സംയുക്തരാജ്യമാണ്.അബുദാബി, അജ്മാൻ, ദുബായ്, ഫുജൈറാ, റസ് അൽ-ഖൈമാ, ഷാർജ, അൽ-ഖ്വായ് വൈൻ എന്നീ രാജ്യങ്ങള്‍ ചേർന്നതാണ്. 1971 ൽ ബ്രട്ടീഷുകാർ സ്ഥലത്തു നിന്ന് പിൻവാങ്ങിയപ്പോള്‍ അറേബ്യയുടെ തെക്കന്‍ പ്രവിശ്യയിലെ  7 സംസ്ഥാനങ്ങളെ കൂട്ടിയിണക്കി ഷെയ്ക്ക് സയദ് ബിൻ സുൽത്താൻ അൽ നഹ്യാന്‍റെ നേതൃത്യത്തിലാണ് യുണൈറ്റ് അറബ് എമിറേറ്റ്സ് രൂപപ്പെടുന്നത്. അബുദാബി പട്ടണമാണ് ഇതിന്‍റെ തലസ്ഥാനമായറിയപ്പെടുന്നത്. സ്ഥലവാസികൾ ഏഴാം നൂറ്റാണ്ടിൽ ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടു. അറബ് ഭാഷയില്‍ അബുദാബി എന്നാൽ “മാനിന്‍റെ നാടു” എന്നാണ് അർത്ഥം. ദുബായ് കഴിഞ്ഞാൽ പിന്നെ എമിറൈറ്റ്സിലെ ഏറ്റവും വലിയ പട്ടണമാണിത്. പേർഷ്യൻ ഉൾക്കടലിന്‍റെ തീരത്തു സ്ഥിതി ചെയ്യുന്ന അബുദാബി പെട്രോളിന്‍റെയും, പ്രകൃതി വാതകത്തിന്‍റെയും ഉൽപ്പാദനത്തിലും കയറ്റുമതിയിലും മുന്നിലാണ്. അതിനാൽ വരുമാനത്തിലും, ജീവിത നിലവാരത്തിലും വളരെ ഉയർന്നു നില്‍ക്കുന്ന  നാടാണ് യു.എ.ഇ.

പതിനെട്ടാം നൂറ്റാണ്ടിൽ ബെഡ്വിൻ ഗോത്രമായ ബാനുയാസിനാൽ സ്ഥാപിതമായ അബുദാബി 1958ലെ പെട്രോള്‍ കണ്ടെത്തുന്നതിനു മുമ്പു വരെ മീൻപിടുത്തവും, പവിഴ വിൽപ്പനവും, ഈന്ത പഴകൃഷിയുമായി ജീവിച്ച ഒരു കൊച്ചു പ്രാദേശീക നഗരമായിരുന്നു. എണ്ണയുടെ കണ്ടുപിടുത്തത്തോടെ അബുദാബി നഗരം വിസ്മയങ്ങളുടെ നഗരമായി മാറ്റപ്പെട്ടു. ഈ മാറ്റത്തിന് നേതൃത്വം നൽകിയത് യുണൈറ്റഡ് അറബ് എമിറൈറ്റ്സിന്‍റെ സ്ഥാപകനും, ഭരണാധികാരിയുമായിരുന്ന സയ്ദ് ബിൻ സുൽത്താൻ അൽ നഹ്യാനാണ്. 2004ൽ  ഇദ്ദേഹം നിര്യാതനായി.  പെട്രോളിനെ ആധാരമാക്കി വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യങ്ങളുടെ വികസനം മുതലായവ നടപ്പിലാക്കുകയും മതസഹിഷ്ണുതയെ പ്രോൽസാഹിപ്പിക്കുകയും ചെയ്തു. അങ്ങനെ അബുദാബി വളരെ വേഗത്തില്‍ വികസിത നഗരമായി. ഇപ്പോൾ അദ്ദേഹത്തിന്‍റെ പിൻഗാമിയായ ഷെയ്ക്ക് ഖലീഫാ പെട്രോളിൽ മാത്രം അടിസ്ഥാനമാക്കാതെയുള്ള സമ്പദ് വ്യസ്ഥയ്ക്ക് ഊന്നൽ നല്കിക്കൊണ്ടുള്ള വികസനത്തിന്‍റെ പ്രചാരകനാണ്. അതിനാൽ ഇന്ന് ഗതാഗതം, ആരോഗ്യം, സംസ്കാരം, ടൂറിസം തുടങ്ങി പല മേഖലകളിലും അബുദാബി ധനനിക്ഷേപണം നടത്തി വരുന്നു.

വളരെ താപമുള്ള മരുപ്രദേശമാണ് ഇത്. ഇവിടത്തെ ജനങ്ങളിൽ പകുതിയോളം ജനങ്ങള്‍ അറബികളാണ്. 40 % തെക്കൻ ഏഷ്യക്കാരും, ഇറാന്‍ക്കാരും, കിഴക്കൻ ഏഷ്യക്കാരും, പാശ്ചാത്യരുമാണ്. യുഎഇ യുടെ എണ്ണഖനനം മൂലം വന്ന അഭിവൃദ്ധിയും ജോലി സാധ്യതകളും കണ്ട് ആകർഷിക്കപ്പെട്ടാണ് ഇവര്‍ ഇവിടെ എത്തിയത്. ഏതാണ്ട് 20% മാത്രമാണ് തദ്ദേശീയരായിട്ടുള്ളത്. ഇവിടയുള്ള 96 % ജനങ്ങളും ഇസ്ലാം മതത്തിൽപ്പെട്ടവരാണ്.അതിൽ 80 % സുന്നി വിഭാഗത്തിലുള്ളവരും ശേഷം ഷിയാ വിഭാഗവുമാണ്.4% ക്രിസ്ത്യാനികളും, ഹിന്ദുക്കളുമുണ്ട്. അറബി ഔദ്യോഗീക ഭാഷയാണ് എങ്കിലും ഫാർസിയും, ഇംഗ്ലീഷും ഉപയോഗത്തിലുണ്ട്. ഹിന്ദിയും ഉറുദുവും തെക്കൻ ഏഷുകാർ ഉപയോഗിക്കാറുണ്ട്. 83,600 ചതുരശ്ര കിലോ മീറ്ററാണ് രാജ്യത്തിന്‍റെ വിസ്താരം. 2014ലെ കണക്കനുസരിച്ച് ജനസംഖ്യ 56,28805 യാണുള്ളത്. തലസ്ഥാനമായ അബുദാബി നഗരത്തിന് 9,42000 ചതുരശ്ര കി.മീ വിസ്താരമാണുള്ളത്. ഏറ്റവും വലിയ പട്ടണം ദുബായാണ്. 1978 മില്യൻ ജനസംഖ്യയുണ്ട് ഈ പട്ടണത്തില്‍. യു.എ.ഇ ദിർഹം എന്നാണ് നാണയം അറിയപ്പെടുന്നത്.

അപ്പോസ്തോലിക് വികാരിയേറ്റ്

1888 ല്‍ ലെയോ പതിമൂന്നാമൻ പാപ്പായാണ് അറേബ്യൻ നാട്ടിലെ കത്തോലിക്കരുടെ ആവശ്യങ്ങൾ നിർവ്വഹിക്കാനായി ആദ്യത്തെ അറേബ്യൻ അപ്പോസ്തോലിക് വികാരിയേറ്റ് ഏഡനിൽ സ്ഥാപിച്ചത്. ഒരു വര്‍ഷത്തിനു ശേഷം ഏഡൻ അപ്പോസ്തോലിക് വികാരിയേറ്റ് എന്ന പേര് മാറ്റി അറേബ്യൻ അപ്പോസ്റ്റോലിക് വികാരിയേറ്റ് എന്ന് നാമ പരിവര്‍ത്തനം ചെയ്തു. അറേബ്യൻ ഉപദ്വീപു മുഴുവനും, ബഹറിൻ, സൗദി അറേബ്യ, ഒമാൻ, ഖത്തർ, യുണൈറ്റഡ് അരബ് എമിറൈറ്റ്സ്, യമൻ എന്നീ രാജ്യങ്ങളും അറേബ്യൻ അപ്പോസ്റ്റോലിക് വികാരിയേറ്റില്‍ ഉൾപ്പെടുന്നു.1916 മുതൽ ഈ വികാരിയേറ്റ് ടോസ്ക്കാനാ പ്രോവിൻസിന്‍റെ ഉത്തരവാദിത്യത്തിലായിരുന്നു. രാഷ്ട്രീയ അസ്വസ്ഥതകളാൽ 1974ൽ ഏഡനിൽ നിന്ന് അബുദാബിയിലേക്ക് മാറ്റപ്പെട്ടു. 2011 മെയ് 31 ന് ഇതിനെ രണ്ടാക്കി വിഭജിച്ച് തെക്കൻ അറേബ്യയ്ക്കും വടക്കൻ അറേബ്യയ്ക്കും പ്രത്യേകം പ്രത്യേകം വികാരിയേറ്റുകളാക്കി.

തെക്കൻ അറേബ്യയിലെ അപ്പോസ് തോലിക വികാരിയേറ്റ്.

തെക്കൻ അറേബ്യയിലെ അപ്പോസ്തോലിക വികാരിയേറ്റിന് 929,969 ചതുരശ്ര കി.മീ വിസ്താരമാണുളള‍ത്. 41,962,458  നിവാസികള്‍ ജീവിക്കുന്നു. 966.600 കത്തോലിക്കരും,11 ഇടവകകളും, 13 രൂപതാ സെക്കുലർ വൈദീകരും, 51 രൂപത വൈദീകരും, 53 സന്യാസ ആശ്രമങ്ങളും, 53 സന്യാസ ആശ്രമങ്ങളും, 50 സന്യാസിനി മഠങ്ങളും,27 വിദ്യാലയങ്ങളും,10 ഉപവി സ്ഥാപനങ്ങളും ഈ വികാരിറ്റേറില്‍ ഉള്‍പ്പെടുന്നു. 2770 മാമ്മേദീസാര്‍ത്ഥികള്‍ അടുത്ത കാലത്തില സഭയില്‍ ചേര്‍ന്നു.

തെക്കൻ അറേബ്യയിലെ അപ്പോസ്തോലിക വികാര്‍

വി.യൗസേപ്പിന്‍റെ നാമധേയത്തിലുള്ള കത്തീഡ്രലാണ് തെക്കൻ അറേബ്യയിലെ അപ്പോസ്തലിക് വികാറിന്‍റെ ആസ്ഥാനം. അഭിവന്ദ്യ പോൾ ഹിന്റാണ് ഇപ്പോഴത്തെ അപ്പോസ്തോലിക് വികാർ. ഇദ്ദേഹം ഒ.എഫ്.എം കപ്പൂച്ചിന്‍ സഭാംഗമാണ്. യുണൈറ്റഡ് അറബ് എമിറൈറ്റ്സിലെ ഏറ്റവും ആദ്യത്തെ പള്ളിയാണ് അബുദാബിയിലെ സെന്‍റ് ജോസഫ്സ് കത്തീഡ്രൽ. ഷെയ്ക്ക് ഷക് ബുദ് ബിൻ സുൽത്താൻ അൽ നഹ്യാൻ രാജാവ്  1963 ജൂൺ 22 ന് ഒപ്പുവച്ച ഉടമ്പടി പ്രകാരമാണ് 1965 ഫെബ്രുവരി 19ന് ഈ കത്തീഡ്രലിന്‍റെ ആശീർ വ്വാദകർമ്മം നടന്നത്. അന്നത്തെ തിരുക്കർമ്മങ്ങളിൽ ഷെയ്ക്ക് ഷക്ക്ബുദ് ബിൻ സുൽത്താൻ അൽ നെഹ്യാനും, അദ്ദേഹത്തിന്‍റെ സഹോദരൻ ഷെയ്ക്ക് സയ്ദ് ബിൻ സുൽത്താൻ അൽ നെഹ്യാനും മറ്റു വിശിഷ്ട വ്യക്തികളും സന്നിഹിതരായിരുന്നു. 1974ൽ ഏദനിലെ വികാരിയേറ്റ് ആസ്ഥാനം  അബുദാബിയിലേക്ക് മാറ്റിയപ്പോൾ ഈ പ്രാദേശീക ദേവാലയം മെത്രാന്‍റെ കീഴിലുളള കത്തീഡ്രലായി. പിന്നീട് ഷെയ്ക്ക് സയ്യിദ് ബിൻ സുൽത്താൻ അൽ നെഹ്യാൻ നല്കിയ സ്ഥലത്ത് 1981 ആഗസ്റ്റിൽ പുതിയ ദേവാലയം പണിയാൻ കരാറായി. അൽ മുഷ്റിഫ് ഏരിയയിൽ 1983 ഫെബ്രുവരി 25ന് പുതിയ ദേവാലയത്തിന്‍റെ ആശീർവ്വാദ കർമ്മം നിര്‍വ്വഹിക്കപ്പെട്ടു.

ഷെയ്ക്ക് മുഹമ്മദ് ബിൻ സയ്ദ് അൽ നെഹ്യാന്‍റെ ക്ഷണമനുസരിച്ച് പ്രാൻസിസ് പാപ്പാ യു.എ.ഇ. സന്ദർശിക്കുമ്പോൾ അത് ഒരു ചരിത്ര സംഭവമായി മാറുകയാണ്. മനുഷ്യ സാഹോദര്യത്തെക്കുറിച്ചുള്ള അന്തർദേശീയ വിവിധ മതവിശ്വാസ സമ്മേളനത്തിനുള്ള യാത്രയാണെന്നത് വളരെ പ്രാധാന്യമർഹിക്കുന്നു. മതിലുകളല്ല മനുഷ്യരെ ബന്ധിപ്പിക്കുന്ന പാലങ്ങളാണ് ഇന്നിന്‍റെ  ആവശ്യം എന്നു സധൈര്യം പറയാറുള്ള ഫ്രാൻസിസ് പാപ്പയെകുറിച്ച് ഷെയ്ക്ക് മുഹമ്മദ് ബിൻ സയ്ദ് അൽ നെഹ്യാൻ തന്നെ പറഞ്ഞത് അദ്ദേഹം സമാധാനത്തിന്‍റെയും, സഹിഷ്ണുതയുടേയും, സാഹോദര്യത്തിന്‍റെയും പ്രചാരകനും പ്രതീകവുമാണെന്നാണ്. ഈ ചരിത്രപരമായ സന്ദർശനം വഴി ഒന്നിച്ചു പ്രവർത്തിക്കാനും രാഷ്ടങ്ങൾ തമ്മിലും ലോകം മുഴുവനിലും സമാധാനം കെട്ടിപ്പടുക്കാനും ഇടവരുത്തട്ടെ എന്ന് അദ്ദേഹം പ്രത്യാശിച്ചു.

ഫ്രാൻസിസ് പാപ്പാ ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്ന രണ്ടു വിഷയങ്ങളാണ് ഇസ്ലാം മതനേതൃത്വവുമായുളള ചർച്ചകളും യുദ്ധഭീഷണിയിൽ വലയുന്ന ക്രിസ്തീയ ന്യൂനപക്ഷങ്ങള്‍ക്കു നല്‍കപ്പെടേണ്ട കരുതല്‍ നടപടികളും. ഈ യാത്രയിൽ അദ്ദേഹം വിശ്വാസ സംസ്കാരങ്ങൾ തമ്മിലുള്ള ആശയവിനിമയം വഴി മനുഷ്യ സാഹോദര്യത്തിനായുള്ള പരസ്പര സഹവർത്തിത്വത്തിന്‍റെ ആവശ്യകതയ്ക്ക് ഊന്നൽ നല്കുകയാണ്. ഈ സമ്മേളനത്തിൽ ഇസ്ലാം മതത്തിന്‍റെ ഗ്രാൻഡ് ഇമാം അഹമ്മദ് അൽ തയേബും പങ്കെടുക്കുന്നു എന്നതും പ്രാധാന്യമര്‍ഹിക്കുന്നു. പാപ്പാ അൽ തയേബുമായി വത്തിക്കാനിൽ രണ്ടു പ്രാവശ്യം ചർച്ചകൾ നടത്തിയിട്ടുള്ളതാണ്. പാപ്പായുടെ ഈജിപ്പിലെ യാത്ര നടത്തിയതും, കയ്റോയിലെ അല്‍ അഷാര്‍ Al- Azhar  സർവ്വകലാശാലയിൽ സമാധാനത്തിനായുള്ള സമ്മേളനത്തിൽ പങ്കെടുത്തതും  ഇസ്ലാമുമായുള്ള പാപ്പായുടെ സംവാദത്തിന്‍റെയും പരസ്പര വിശ്വാസത്തിന്‍റെയും  പ്രകാശനമായിരുന്നു.

യു.എ. ഇ യിലെ കത്തോലിക്കരിൽ ഭൂരിഭാഗവും ഇന്ത്യ, കിഴക്കൻ ഏഷ്യ, അമേരിക്ക, യൂറോപ്പ് തുടങ്ങിയ ഇടങ്ങളിൽ നിന്ന് വന്ന പ്രവാസികളാണ്. ഇവരിൽ അധികം പേരും വ്യാപാരത്തിനും നിർമ്മാണമേഖലകളിലെ ജോലിക്കും,  വീട്ടു വേലകൾക്കുമായി വന്നവരാണ്. പലപ്പോഴും പരിതാപകരമായ തൊഴിൽ സാഹചര്യങ്ങളിലുമാണ് ഇവരുടെ ജീവിതം. ഇവിടെ പാപ്പായുടെ രണ്ട് പ്രധാന വിഷയങ്ങൾ അവതരിപ്പിക്കപ്പെടും. പ്രവാസികളും അന്തർ വിശ്വാസ സംവാദവും, പരസ്പരമുള്ള സഹിഷ്ണതാ മനോഭാവവും മതഭീകരവാദവും. പാപ്പായുടെ യു.എ.ഇ. അപ്പോസ്തോലിക സന്ദര്‍ശനത്തിലൂടെ  ഈ വിഷയങ്ങളില്‍ പരിഹാരത്തിനുള്ള പടികൾ കാത്തിരിക്കുന്നു.

ഒലിവു ശാഖയും ഏന്തി പറക്കുന്ന പ്രാവിന്‍റെ രൂപമാണ് ഈ യാത്രയുടെ ലോഗോ. ഒലിവു ശാഖയും പ്രാവും പ്രാർത്ഥനയും എല്ലാം ലോക സാഹോദര്യത്തിലേക്കും, സമാധാനത്തിലേക്കും നയിക്കുന്ന ചാലുകളാക്കി നമ്മെ രൂപപ്പെടുത്തുനന്തിനും"എന്നെ സമാധാനത്തിന്‍റെ ഉപകരണമാക്കണമെ" എന്ന് പ്രാര്‍ത്ഥിച്ച വിശുദ്ധ ഫ്രാൻസിസ് അസ്സീസിയുടെ പ്രാർത്ഥനയെ തന്‍റെ സന്ദര്‍ശനത്തിന്‍റെ പ്രമേയമാക്കി സമാധാനത്തിനായി പ്രയത്നിക്കുന്ന   ഫ്രാൻസിസ് പാപ്പയുടെ  യാത്ര ഫലദായകമാകാനും പ്രാര്‍ത്ഥിക്കാം. 

01 February 2019, 00:00