Cerca

Vatican News
ഫ്രാന്‍സീസ് പാപ്പാ പ്രതിവാര പൊതുകൂടിക്കാഴ്ചാവേളയില്‍, വത്തിക്കാനില്‍, പോള്‍ ആറാമന്‍ ശാലയില്‍, 13/02/2019 ഫ്രാന്‍സീസ് പാപ്പാ പ്രതിവാര പൊതുകൂടിക്കാഴ്ചാവേളയില്‍, വത്തിക്കാനില്‍, പോള്‍ ആറാമന്‍ ശാലയില്‍, 13/02/2019  (Vatican Media)

‍"ഞാന്‍" അല്ല "നമ്മള്‍" ആണ് ക്രിസ്തീയ പ്രാര്‍ത്ഥനയുടെ തനിമ!

"സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ" എന്ന പ്രാര്‍ത്ഥനയില്‍ തെളിഞ്ഞു നില്ക്കുന്ന ക്രൈസ്തവ കൂട്ടായ്മയുടെ ഭാവത്തെയും നാം ഏക പിതാവിന്‍റെ മക്കളാണ് എന്ന സത്യത്തെയു കുറിച്ച് ഫ്രാന്‍സീസ് പാപ്പാ പങ്കുവയ്ക്കുന്ന ചിന്തകള്‍- പാപ്പായുടെ പൊതുദര്‍ശന പ്രഭാഷണം.

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

താപമാപനയില്‍ സൂചിക അതിരാവിലെ പൂജ്യം വരെ താഴ്ന്ന ഒരു ദിനമായിരുന്നു റോമില്‍ ഈ ബുധനാഴ്ചയെങ്കിലും (13/02/19) ക്രമേണ താപനില ഉയരുകയും തണുപ്പു കുറയുകയും ചെയ്തു. നീലാംബരവും നിര്‍ല്ലോഭം ചൊരിയപ്പെട്ട അര്‍ക്കാംശുക്കളും ഈ ദിനത്തിന് കൂടുതല്‍ ചാരുതയേകി. ബുധനാഴ്ചകളിലെ  പതിവനുസരിച്ച്, ഫ്രാന്‍സീസ് പാപ്പാ വത്തിക്കാനില്‍ അനുവദിച്ച പ്രതിവാര പൊതുകൂടിക്കാഴ്ചയില്‍ പങ്കെടുക്കുന്നതിന് വിവിധരാജ്യക്കാരായിരുന്ന തീര്‍ത്ഥാടകരും സന്ദര്‍ശകരുമായി ഏഴായിരത്തിലേറെപ്പേര്‍ എത്തിയിരുന്നു. വിശുദ്ധ പത്രോസിന്‍റെ  ബസിലിക്കയുടെ അടുത്തുള്ള അതിവിശാലമായ പോള്‍ ആറാമന്‍ ശാല ആയിരുന്നു പൊതുദര്‍ശനപരിപാടിയുടെ വേദി ഈ ആഴ്ചയും. തിങ്ങിനിറഞ്ഞിരുന്ന ശാലയിലെത്തിയ പാപ്പായെ ജനസഞ്ചയം കരഘോഷത്തോടും ആനന്ദാരവങ്ങളോ‌‌ടും, കുഞ്ഞുങ്ങള്‍ ഗാനാലാപനത്തോടും കൂടെ വരവേറ്റു.

ഏവര്‍ക്കും അഭിവാദ്യമര്‍പ്പിച്ചുകൊണ്ട് പാപ്പാ ജനങ്ങള്‍ക്കിടയിലൂടെ, പ്രത്യേകം തിരിച്ചിരുന്ന, ഇടനാഴിയിലൂടെ സാവധാനം നീങ്ങി. കുഞ്ഞുങ്ങളെ തൊട്ടുതലോടുകയും ആശീര്‍വദിക്കുകയും സ്നേഹചുംബനമേകുകയും മുതിര്‍ന്നവരില്‍ ചിലരുമായി കുശലം  പറയുകയും ചെയ്യുന്നുണ്ടായിരുന്നു പാപ്പാ. കുഞ്ഞുങ്ങളേകിയ ചിത്രരചനകളുള്‍പ്പടെയുള്ള ചെറുസമ്മാനങ്ങള്‍ പാപ്പാ സ്വീകരിക്കുകയും ചെയ്തു. ഗര്‍ഭിണിയയായ ഒരു യുവതിയുടെ അടുത്തെത്തിയ പാപ്പാ ആ യുവതിയുടെ ആവശ്യപ്രകാരം  ഗര്‍ഭസ്ഥശിശുവിനെ ആശീര്‍വ്വദിച്ചു. പ്രസംഗവേദിയിലെത്തിയ പാപ്പാ, റോമിലെ സമയം രാവിലെ 09.30, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 2 മണി കഴിഞ്ഞപ്പോള്‍, ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന്  വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണമായിരുന്നു.

സുവിശേഷം

“21 ആ സമയംതന്നെ പരിശുദ്ധാത്മാവില്‍ ആനന്ദിച്ച്, അവന്‍ പറഞ്ഞു: സ്വര്‍ഗ്ഗത്തിന്‍റെയും ഭൂമിയുടെയും കര്‍ത്താവായ പിതാവേ, അവിടത്തെ ഞാന്‍ സ്തുതിക്കുന്നു. എന്തെന്നാല്‍, അങ്ങ് ഇവ ജ്ഞാനികളില്‍ നിന്നും ബുദ്ധിമാന്മാരില്‍നിന്നും മറച്ചുവയ്ക്കുകയും ശിശുക്കള്‍ക്ക് വെളിപ്പെടുത്തുകയും ചെയ്തു. അതേ, പിതാവേ, അതായിരുന്നു അവിടത്തെ അഭീഷ്ടം.22 എല്ലാ കാര്യങ്ങളും പിതാവ് എന്നെ ഏല്‍പ്പിച്ചിരിക്കുന്നു. പുത്രനാരെന്ന് പിതാവല്ലാതെ ആരും ഗ്രഹിക്കുന്നില്ല; പിതാവാരെന്ന് പുത്രനും പുത്രന്‍ ആര്‍ക്ക് വെളിപ്പെടുത്താനാഗ്രഹിക്കുന്നവോ അവനുമല്ലാതെ മറ്റാരും ഗ്രഹിക്കുന്നില്ല”. ലൂക്കായുടെ സുവിശേഷം 10:21-22

ഈ സുവിശേഷഭാഗം വായിക്കപ്പെട്ടതിനെ തുടര്‍ന്ന് പാപ്പാ“സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ” എന്ന കര്‍ത്തൃപ്രാര്‍ത്ഥനയെ അധികരിച്ചു നടത്തിപ്പോരുന്ന പ്രബോധനപരമ്പര തുടര്‍ന്നു.  ദൈവം സകലരുടെയും പിതാവാണ് എന്ന ആശയം വശദീകരിച്ചുകൊണ്ട് പാപ്പാ ഇറ്റാലിയന്‍ ഭാഷയിലായിരുന്ന തന്‍റെ മുഖ്യ പ്രഭാഷണത്തില്‍ ഇപ്രകാരം പറഞ്ഞു:

പ്രഭാഷണ സംഗ്രഹം:

പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം,

യേശു പഠിപ്പിച്ചതുപോലെ പ്രാര്‍ത്ഥിക്കുന്നതിന് എന്നും കൂടുതല്‍ നന്നായി പഠിക്കുന്നതിനുള്ള ശ്രമം നമുക്കു തുടരാം. അവിടന്നു പഠിപ്പിച്ചതു പോലെയാണ് നാം പ്രാര്‍ത്ഥിക്കേണ്ടത്.

അവിടന്നരുളിച്ചെയ്തു: നീ പ്രാര്‍ത്ഥിക്കുമ്പോള്‍ നിന്‍റെ മുറിയുടെ നിശബദ്തയിലേക്കു കടന്ന്, ലോകത്തില്‍ നിന്നകന്ന്, ദൈവത്തെ “പിതാവേ” എന്നു വിളിച്ച് അപേക്ഷിക്കുക. ജനങ്ങളുടെ ആദരവു പിടിച്ചുപറ്റുന്നതിന് ചത്വരങ്ങളില്‍ നിന്ന് പ്രാര്‍ത്ഥിക്കുന്ന കപടനാട്യക്കാരെപ്പോലെയാകരുത് തന്‍റെ ശിഷ്യരെന്ന് യേശു ആഗ്രഹിക്കുന്നു. യേശു കാപട്യത്തെ തള്ളിക്കളയുന്നു. മനസ്സാക്ഷിയുടെ, ദുര്‍ജ്ഞേയവും ദൈവത്തിനുമാത്രം ദൃശ്യവുമായ, ഹൃദയത്തിന്‍റെ അഗാധതയില്‍ നിന്നുള്ളതാണ് യഥാര്‍ത്ഥ പ്രാര്‍ത്ഥന. ഞാനും നീയുമാണ് ഇവിടെയുള്ളത്. ഈ പ്രാര്‍ത്ഥന കപടതയില്‍ നിന്ന് അകന്നു നില്ക്കുന്നു. ദൈവത്തെ കബളിപ്പിക്കാനാകില്ല. ഈ പ്രാര്‍ത്ഥനയുടെ അടിസ്ഥാനം മൗന സംഭാഷണമാണ്. സ്നേഹിക്കുന്ന രണ്ടാളുകള്‍ തമ്മിലുള്ള നോട്ടം പോലെയാണ്. അതായത് മനുഷ്യനും ദൈവവും തമ്മിലുള്ള നോട്ടം. ദൈവത്തെ നോക്കുകയും ദൈവത്താല്‍ വീക്ഷിക്കപ്പെടാന്‍ സ്വയം അനുവദിക്കുകയുമാണ് പ്രാര്‍ത്ഥന. അത് മനോഹരമായ ഒരു പ്രാര്‍ത്ഥനയാണ്.

ക്രൈസ്തവന്‍റ പ്രാര്‍ത്ഥന ഇപ്രകാരമുള്ളതാണെങ്കിലും ലോകത്തെ മറക്കുന്നില്ല, മറിച്ച് ലോകത്തിലുള്ളവരെയും ലോകത്തിന്‍റെ ആവശ്യങ്ങളെയും ഈ പ്രാര്‍ത്ഥനയില്‍ ഉള്‍ക്കൊള്ളിക്കുന്നു. ലോകത്തിന്‍റെ പ്രശ്നങ്ങളും നിരവധിയായ കാര്യങ്ങളും പ്രാര്‍ത്ഥനയില്‍ പിതാവിന്‍റെ മുന്നില്‍ വയ്ക്കപ്പെടുന്നു. “സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ” എന്ന പ്രാര്‍ത്ഥനയില്‍ ഒരു പദത്തിന്‍റെ അഭാവം ശ്രദ്ധേയമാണ്. നമ്മുടെ ഇക്കാലത്തു മാത്രമല്ല എക്കാലത്തും ഏറെ പ്രാധാന്യം കല്പിക്കപ്പെട്ടിട്ടുള്ള “ഞാന്‍” എന്ന പദമാണ് അതില്‍ കാണപ്പെടാത്തത്. സര്‍വ്വോപരി “നീ” എന്ന വാക്കുപയോഗിച്ചു പ്രാര്‍ത്ഥിക്കാനാണ് യേശു പഠിപ്പിക്കുന്നത്. കാരണം ക്രിസ്തീയ പ്രാര്‍ത്ഥന ഒരു സംഭാഷണമാണ് എന്നതു തന്നെ. “നിന്‍റെ നാമം പൂജിതമാകണമേ, നിന്‍റെ രാജ്യം വരേണമേ, നിന്‍റെ ഹിതം നിറവേണമേ”. എന്‍റെ നാമമല്ല, എന്‍റെ രാജ്യമല്ല, എന്‍റെ ഇഷ്ടമല്ല. “ഞാന്‍” എന്ന പദത്തിന് ഇവിടെ പ്രസക്തിയില്ല. തുടര്‍ന്ന്  കടക്കുന്നത് “ഞങ്ങള്‍” എന്ന പദത്തിലേക്കാണ്.  കര്‍ത്തൃപ്രാര്‍ത്ഥനയുടെ രണ്ടാം ഭാഗം മുഴുവനും ഉത്തമപുരുഷ ബഹുവചനത്തിലാണ്: “അന്നന്നു വേണ്ടുന്ന ആഹാരം ഞങ്ങള്‍ക്കു  നല്കണമേ, ഞങ്ങളുടെ കടങ്ങള്‍ ഞങ്ങളോടു പൊറുക്കണമേ, പ്രലോഭനത്തില്‍ വീഴാതെ ഞങ്ങളെ കാത്തുകൊള്ളണമേ, തിന്മയില്‍ നിന്ന് ഞങ്ങളെ രക്ഷിക്കേണമേ”. മനുഷ്യന് ഏറ്റം മൗലികമായ കാര്യത്തിനായുള്ള, അതായത് വിശപ്പടക്കാനുള്ള ആഹാരത്തിനായുളള,  അപേക്ഷ പോലും ബഹുവചനത്തിലാണ്. ക്രൈ്സതവ പ്രാര്‍ത്ഥനയില്‍ ആരും അവനവനുവേണ്ടി മാത്രം അപ്പം യാചിക്കുന്നില്ല. എനിക്ക് അപ്പം നല്കണമെന്നല്ല, ഞങ്ങള്‍ക്ക് അന്നം നല്കണമേ എന്നാണ്, സകലര്‍ക്കുവേണ്ടി, ലോകത്തിലെ എല്ലാ ദരിദ്രര്‍ക്കും വേണ്ടിയുള്ള അപേക്ഷയാണ്.

കാരണം, ദൈവവവുമായുള്ള സംഭാഷണത്തില്‍ വ്യക്തിമാഹാത്മ്യവാദത്തിനിടമില്ല. ഞാന്‍ മാത്രമാണ് ലോകത്തില്‍ കഷ്ടതയനുഭവിക്കുന്നത് എന്നതരത്തില്‍ ഒരുവന്‍റെ മാത്രമായി പ്രശ്നങ്ങള്‍ അവതരിപ്പിക്കപ്പെടുന്നില്ല. സഹോദരീസഹോദരന്മാരുടെ ഏകയോഗമായ പ്രാര്‍ത്ഥയല്ലാതെ മറ്റൊന്നു ദൈവത്തിങ്കലേക്കുയര്‍ത്തപ്പെടുന്നില്ല. ഞങ്ങള്‍ എന്ന പദം സമൂഹത്തെയാണ് ദ്യോതിപ്പിക്കുന്നത്. നാം ഒരു ജനമാണ്. ഈ ഏക ജനമാണ് പ്രാര്‍ത്ഥിക്കുന്നത്.

നമുക്കു നമ്മോടുതന്നെ ചോദിക്കാം: ഞാന്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ എന്‍റെ ചാരത്തും ദൂരത്തുമുള്ള അനേകരുടെ രോദനത്തോടു ഞാന്‍ തുറവു കാട്ടുന്നുണ്ടോ? അതോ, ശാന്തമായിരിക്കുന്നതിനുള്ള ഒരുതരം മയക്കുമരുന്നായിട്ടാണോ ഞാന്‍ പ്രാര്‍ത്ഥനയെ കാണുന്നത്? അങ്ങനെയാണെങ്കില്‍ ഞാന്‍ ഗുരുതരമായ ഒരു തെറ്റിദ്ധാരണയുടെ ഇരയായിത്തീരും. തീര്‍ച്ചയായും എന്‍റെ പ്രാര്‍ത്ഥന ഒരിക്കലും ക്രിസ്തീയമായിരിക്കില്ല. കാരണം യേശു പഠിപ്പിച്ച “ഞങ്ങള്‍” എന്ന പദം, ഒറ്റയ്ക്ക് സമാധാനത്തില്‍ കഴിയാന്‍ എന്നെ അനുവദിക്കില്ല, പ്രത്യുത, എനിക്ക് എന്‍റെ സഹോദരങ്ങളുടെ കാര്യത്തില്‍ ഉത്തരവാദിത്വമുണ്ട് എന്ന അവബോധം എന്നിലുളവാക്കും.

ദൈവത്തെ അന്വേഷിക്കാത്തവരായ മനുഷ്യരുണ്ട്, അവര്‍ക്കുവേണ്ടിയും പ്രാര്‍ത്ഥിക്കാന്‍ യേശു നമ്മോടു പറയുന്നു. കാരണം, ദൈവം മറ്റാരേയുകാള്‍ അവരെയാണ് കൂടുതലായന്വേഷിക്കുന്നത്. ആരോഗ്യവാന്മാരെ തേടിയല്ല, മറിച്ച്, ആതുരരെ, പാപികളെ തേടിയാണ്, അതായത്, സകലരെയും തേടിയാണ് യേശു വന്നത്. അതിനര്‍ത്ഥം, ആരോഗ്യവാന്മാരെന്നു കരുതുന്നവര്‍, വാസ്തവത്തില്‍ അങ്ങനെയല്ല. ചിലരോടു മാത്രം, നമുക്കിഷ്ടമുള്ളവരോടു മാത്രം, നന്മ പ്രവര്‍ത്തിക്കുന്നവരാണ് നമ്മള്‍. അതിനു വിപരീതമായി, എല്ലാവരോടും എന്നും നന്മ പ്രവര്‍ത്തിക്കുന്ന ദൈവത്തില്‍ നിന്ന് നമുക്കു പഠിക്കാം. 

സഹോദരീസഹോദരന്മാരേ, വിശുദ്ധരായാലും പാപികളായാലും നാമെല്ലാവരും  ഏക ദൈവപിതാവിനാല്‍ സ്നേഹിക്കപ്പെടുന്നവരാണ്. ജീവിത സായാഹ്നത്തില്‍ നാം വിധിക്കപ്പെടുക സ്നേഹത്താല്‍, നാം എപ്രകാരം സ്നേഹിച്ചു എന്നതിനാല്‍ ആയിരിക്കും. വൈകാരികം മാത്രമല്ല, സുവിശേഷ നിയമമനുസരിച്ചുള്ള  സഹാനുഭൂതിയുള്ളതും സമൂര്‍ത്തവുമായ ഒരു സ്നേഹമാണ് ഇവിടെ വിവക്ഷ. നിങ്ങള്‍ ഇതു മറക്കരുത്, കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയുന്നു: “എന്‍റെ ഈ എളിയ സഹോദരന്മാരില്‍ ഒരുവന് നിങ്ങള്‍ ഇതു ചെയ്തുകൊടുത്തപ്പോള്‍ എനിക്കുതന്നെയാണ് ചെയ്തു തന്നത്” (മത്തായി 25:40) 

നന്ദി.   

ഈ വാക്കുകളില്‍ പാപ്പായുടെ, ഇറ്റാലിയന്‍ ഭാഷയിലായിരുന്ന, പ്രഭാഷണം അവസാനിച്ചതിനെ തുടര്‍ന്ന് അതിന്‍റെ സംഗ്രഹം ആംഗലവും അറബിയുമുള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ ഭാഷയില്‍ അഭിവാദ്യം ചെയ്യുകയും ചെയ്തു.

പൊതുദര്‍ശന പരിപാടിയുടെ അവസാനം യുവജനത്തെയും വൃദ്ധജനത്തെയും രോഗികളെയും നവദമ്പതികളെയും പതിവുപോലെ സംബോധന ചെയ്ത പാപ്പാ, 14-Ↄ○ തീയതി (14/02/19) വ്യാഴാഴ്ച സ്ലാവ് ജനതയുടെ അപ്പസ്തോലന്മാരും യൂറോപ്പിന്‍റെ  സഹസ്വര്‍ഗ്ഗീയ മദ്ധ്യസ്ഥരുമായ വിശുദ്ധരായ സിറിലിന്‍റെയും മൊത്തോഡിയൂസിന്‍റെയും തിരുന്നാള്‍ കൊണ്ടാടപ്പെടുന്നത് അനുസ്മരിക്കുകയും ചാരത്തും ദൂരത്തുമുള്ളവരുടെ മാനസാന്തരത്തിനായി എല്ലാ ജീവിതചുറ്റുപാടുകളിലും പ്രവര്‍ത്തിക്കുന്ന ക്രിസ്തുശിഷ്യരും പ്രേഷിതരുമായിത്തീരാന്‍ ഈ വിശുദ്ധരുടെ മാതൃക പ്രചോദനം പകരട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.

ഈ വിശുദ്ധര്‍ക്ക് കര്‍ത്താവിനോടുള്ള സ്നേഹം, സുവിശേഷം നമ്മുടെ ജീവിതത്തിന്‍റെ  അടിസ്ഥാന നിയമമായി മാറുന്നതിന് എല്ലാ കഷ്ടപ്പാടുകളെയും അതിജീവിക്കുന്നതിനുള്ളശക്തി നമുക്കു പകര്‍ന്നു തരുന്നതിനായി പാപ്പാ പ്രാര്‍ത്ഥിക്കുകയും ചെയ്തു.  

തദ്ദനന്തരം കര്‍ത്തൃപ്രാര്‍ത്ഥന ലത്തീന്‍ ഭാഷയില്‍ ആലപിക്കപ്പെട്ടതിനെ തുടര്‍ന്ന് പാപ്പാ  എല്ലാവര്‍ക്കും  തന്‍റെ  അപ്പസ്തോലിക ആശീര്‍വ്വാദം നല്കി.

 

13 February 2019, 12:34