തിരയുക

Vatican News
International Fund for Agricultural Development (IFAD) - meeting of Indigenous people International Fund for Agricultural Development (IFAD) - meeting of Indigenous people  (ANSA)

ദൈവം ഭൂമിയെ സൃഷ്ടിച്ചത് എല്ലാവര്‍ക്കുംവേണ്ടി!

തദ്ദേശ ജനതകളുടെ 4-Ɔമത് രാജ്യാന്തര സംഗമത്തെ പാപ്പാ ഫ്രാന്‍സിസ് അഭിസംബോധനചെയ്യവെ നല്കിയ പ്രഭാഷണത്തില്‍നിന്ന്...

- ഫാദര്‍ വില്യം നെല്ലിക്കല്‍

ഐഫാഡില്‍ നടന്ന തദ്ദേശജനതകളുടെ സംഗമം
ഫെബ്രുവരി 14-Ɔο തിയതി രാവിലെ യുഎന്നിന്‍റെ റോമിലെ, രാജ്യാന്തര കാര്‍ഷിക വികസന നിധിക്കായുള്ള സ്ഥാപനം, ഐഫാഡിന്‍റെ 42-Ɔമത് സമ്മേളനത്തെ അഭിസംബോധനചെയ്ത ശേഷമാണ് പാപ്പാ ഫ്രാന്‍സിസ് തദ്ദേശജനതകളുടെ രാജ്യാന്തരകൂട്ടായ്മയ്ക്ക് സന്ദേശം നല്കിയത്. 31 രാജ്യങ്ങളില്‍നിന്നായി 36 വിവിധ വംശക്കാരും ഭാഷക്കാരുമായ പ്രതിനിധികള്‍ സമ്മേളനത്തിന് എത്തിയിരുന്നു. അവര്‍ ആഫ്രിക്ക, ഏഷ്യ, ശാന്തസമുദ്ര പ്രവിശ്യ എന്നിവിടങ്ങളില്‍ നിന്നായിരുന്നു. 

പൊതുഭവനമായ ഭൂമി
ദൈവം ഭൂമി സൃഷ്ടിച്ചത് എല്ലാവര്‍ക്കും വേണ്ടിയാണ്, അതിനാല്‍ അതില്‍ ആരും പുറംതള്ളപ്പെടുകയോ, പാര്‍ശ്വവത്ക്കരിക്കപ്പെടുകയോ അരുത്. ഈ ഉപഗ്രഹം ഉപായസാദ്ധ്യതകളാല്‍ സമ്പന്നമാണ്. തദ്ദേശ ജനതകളും, അവരുടെ വൈവിധ്യമാര്‍ന്ന ഭാഷകളും, സംസ്കാരങ്ങളും, പാരമ്പര്യങ്ങളും, അറിവുകളും, ഏറെ പുരാതനമായ രീതികളുംകൊണ്ട് നമ്മോടു പറയുന്നത്, മനുഷ്യന്‍ ഭൂമിയുടെ ഉടയവനല്ല, മറിച്ച് അത് ഉപയോഗിക്കുന്നവനും കൈകാര്യംചെയ്യുന്നവനുമാണ്. മനുഷ്യന്‍റെ വിളിയാണ്, ശ്രദ്ധയോടെ ഭൂമിയെ പരിപാലിക്കുകയെന്നത്. എങ്കില്‍ മാത്രമേ ഭൂമുഖത്തെ ജൈവവൈവിദ്ധ്യങ്ങള്‍ നിലനിര്‍ത്താനും, ജലം ശുദ്ധമായി സൂക്ഷിക്കാനും, വായു ആരോഗ്യപൂര്‍ണ്ണമായും, വനാന്തരങ്ങള്‍ പച്ചപ്പുള്ളതായും, മണ്ണ് ഫലപുഷ്ടമായും നിലനിര്‍ത്താനാകൂ!

ഭൂമിയെ സംബന്ധിച്ച സമീപനത്തില്‍ മാറ്റങ്ങള്‍ വേണം
തദ്ദേശജനതയുടെ കരച്ചില്‍ ഇന്ന് പ്രത്യാശപൂര്‍ണ്ണമാകണം. പൊതുഭവനമായ ഭൂമി സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം എല്ലാവരുടേതുമാണ്. എന്നാല്‍ ഭൂമിയെ സംബന്ധിച്ച മനുഷ്യന്‍റെ തീരുമാനങ്ങളിലും അതിന്‍റെ ഉപയോഗത്തിലും തെറ്റുപറ്റിയിട്ടുണ്ടെങ്കില്‍, വൈകിയാണെങ്കിലും തിരുത്താന്‍ നാം സന്നദ്ധരാവണം. പുതിയൊരു ജീവിതശൈലിക്കായി നാം പരിശ്രമിക്കണം. അതിന് ക്രൂരമായ വ്യക്തിമാഹാത്മ്യവാദവും, സമ്പന്നതയുടെ ഉപഭോഗസംസ്കാരവും, തണുപ്പന്‍ സ്വാര്‍ത്ഥതയും പാടേ ഉപേക്ഷിക്കേണ്ടിയിരിക്കുന്നു.

നേരായ മാര്‍ഗ്ഗങ്ങള്‍ തിരിച്ചുപിടിക്കാം
“കാലാവസ്ഥ വ്യതിയാനത്തിന്‍റെയും സുസ്ഥിതി വികസനത്തിന്‍റെയും നേരായ മാര്‍ഗ്ഗങ്ങള്‍ തിരിച്ചുപിടിക്കാനുള്ള ശ്രമത്തില്‍ തദ്ദേശജനതയെക്കുറിച്ചുള്ള അറിവും നവീനതകളും പ്രചരിപ്പിക്കണം...”  എന്ന സന്ദേശവുമായിട്ടാണ് ഈ സവിശേഷ സംഗമം ഐഫാഡ് വിളിച്ചുകൂട്ടിയത്. പാരിസ്ഥിതികമായ പ്രതിസന്ധികളെ നേരിടാനും, അങ്ങനെ തദ്ദേശജനതയുടെ സുസ്ഥിതിയെ പിന്‍തുണയ്ക്കാനും രാജ്യാന്തരതലത്തിലുള്ള സാന്നിദ്ധ്യത്തെ പാപ്പാ ഫ്രാന്‍സിസ് വാക്കുകളില്‍ ശ്ലാഘിച്ചു.

ഭൂമിയുടെ മുറിപ്പാടുകള്‍
മനുഷ്യന്‍റെ ആര്‍ത്തിയും, യുദ്ധംപോലുള്ള സംഘര്‍ഷങ്ങളും വരുത്തിവച്ചിട്ടുള്ള തിന്മകളും നിര്‍ഭാഗ്യങ്ങളും നമ്മുടെ ഉപഗ്രഹത്തില്‍ കാരണമാക്കിയിട്ടുള്ള മുറിപ്പാടുകള്‍ നിരവധിയാണ്. അതോടൊപ്പം കാലാവസ്ഥ വ്യതിയാനം കാരണമാക്കുന്ന പ്രകൃതി വിനാശങ്ങളും, ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ അതു കാരണമാക്കുന്ന ദാരിദ്ര്യാവസ്ഥയും നാശനഷ്ടങ്ങളും എണ്ണിത്തിട്ടപ്പെടുത്താനാവാത്തതാണ്. പ്രകൃതിയുടെ ഈ പ്രഹരങ്ങളെ മനുഷ്യന് അവഗണിക്കാനോ, അവയോട് നിസംഗത കാണിക്കാനോ സാദ്ധ്യമല്ല.  അതുപോലെ അവയെ നേരിടാനുള്ള വഴികള്‍ വൈകിക്കുന്നതും അപകടകരമാണ്. അതിനാല്‍ തീക്ഷ്ണമായ സാഹോദര്യത്തിന്‍റെയും കൂട്ടായ്മയുടെയും മനോഭാവത്തോടെ  തലമുറകള്‍ക്കായി നന്മയുടെ രീതികളിലൂടെ പൊതുഭവനമായ ഭൂമി സംരക്ഷിക്കാനുള്ള വഴികള്‍ നാളെയും ആരായേണ്ടതാണ്.

അന്വോന്യം ആവശ്യക്കാര്‍ നാം!
ഭൂമിയിലെ മനുഷ്യന്‍റ വാസവും സഹവര്‍ത്തിത്വവും നശിപ്പിക്കുന്ന ഉപദ്രവകരമായ പാരിസ്ഥിതിക പ്രവര്‍ത്തനങ്ങള്‍ക്കു പകരം, അന്വോന്യം സഹായമായി ജീവിക്കണമെന്നും, അതിനാല്‍ സംവാദത്തിന്‍റെയും കൂട്ടായ്മയുടെയും രീതികളാണ് നല്ലതെന്ന് മനസ്സിലാക്കണമെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.  അങ്ങനെ ഭൂമുഖത്തെ അനീതി തുടച്ചു മാറ്റി, ഭാവി തലമുറയ്ക്കായി മെച്ചപ്പെട്ടൊരു ലോകം  ഒരുക്കാമെന്ന് ആഹ്വാനംചെയ്തുകൊണ്ടാണ് വാക്കുകള്‍ ഉപസംഹരിച്ചത്.

14 February 2019, 19:03