തിരയുക

Vatican News
The venue of Pope's Holy Mass in Abu Dhabi - Al zayed Sports City Stadium The venue of Pope's Holy Mass in Abu Dhabi - Al zayed Sports City Stadium  (ANSA)

അറബിനാട്ടില്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ ദിവ്യബലിയര്‍പ്പണം

ഫെബ്രുവരി 5, ചൊവ്വാഴ്ച സമാപനദിനത്തില്‍ രാവിലെ അബുദാബിയില്‍ പാപ്പാ അര്‍പ്പിച്ച സമൂഹദിവ്യബലിയുടെ റിപ്പോര്‍ട്ട് :
അബുദാബിയിലെ ദിവ്യബലിയര്‍പ്പണം - റിപ്പോര്‍ട്ട് ശബ്ദരേഖ

സമാധാനത്തിന്‍റെയും സാഹോദര്യത്തിന്‍റെയും  ദൂതന്‍
യുഎഇ-യിലെ അബുദാബി നഗരം കേന്ദ്രീകരിച്ചുള്ള പാപ്പാ ഫ്രാന്‍സിസിന്‍റെ ഈ അപ്പസ്തോലികയാത്ര ഏറെ തന്ത്രപ്രാധാന്യമുള്ളതായിരുന്നു. പത്രോസിന്‍റെ പിന്‍ഗാമി ഒരു മുസ്ലിം സാമ്രാജ്യത്തിലേയ്ക്കു നടത്തുന്ന പ്രഥമ സന്ദര്‍ശനമെന്നത് ആദ്യത്തേതാണ്.  അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസ് 800 വര്‍ഷങ്ങള്‍ക്കുമുന്‍പ് 1219-ല്‍ ഈജിപ്തിലെ സുല്‍ത്താന്‍റെ പക്കലേയ്ക്കു നടത്തിയ സൗഹൃദ സംവാദ യാത്രയുടെ ഓര്‍മ്മ പുതുക്കല്‍ എന്നത് പ്രാമുഖ്യമേറിയ രണ്ടാമത്തേതുമായ വസ്തുതയാണ്.  നവസഹസ്രാബ്ദത്തില്‍ അസ്സീസിയിലെ സിദ്ധന്‍റെ നാമധാരിയും സമാധാനദൂതനുമായി പാപ്പാ ഫ്രാന്‍സിസ് തെക്കന്‍ അറേബ്യന്‍ രാജ്യത്തേയ്ക്ക് ഈ അപ്പസ്തോലിക പര്യടനം നടത്തിയത്. കൂടാതെ 2019 സഹിഷ്ണുതയുടെ വര്‍ഷമായി എമിറേറ്റ് രാജ്യങ്ങള്‍ പ്രഖ്യാപിച്ചിരുന്നതും ഇവിടെ അനുസ്മരണീയമാണ്. ഫെബ്രുവരി 3-മുതല്‍ 5-വരെ നീണ്ട പാപ്പാ ഫ്രാന്‍സിസിന്‍റെ സന്ദര്‍ശനത്തിലെ രണ്ടു പ്രധാന സംഭവങ്ങളാണ് തിങ്കളാഴ്ച വൈകുന്നേരം അബുദാബിയിലെ “സ്ഥാപകസ്മാരക വേദി”യില്‍ നടന്ന മതസൗഹാര്‍ദ്ദസംഗമവും, ചൊവ്വാഴ്ച സായിദ് സ്പോര്‍ട്ട്സ് സിറ്റിയില്‍ അര്‍പ്പിക്കപ്പെട്ട സമൂഹബലിയും.

ഫെബ്രുവരി 5, ചൊവ്വാഴ്ച
തെക്കന്‍ അറേബ്യന്‍ പ്രവിശ്യയിലെ ജനങ്ങള്‍ക്ക്, പ്രത്യേകിച്ച് അവിടത്തെ ക്രൈസ്തവരായ പ്രവാസികള്‍ക്ക് ഉത്സവദിനമായിരുന്നു - ഫെബ്രുവരി 5, ചൊവ്വാഴ്ചപാപ്പാ ഫ്രാന്‍സിസന്‍റെ അപ്പസ്തോലിക സന്ദര്‍ശനത്തിന്‍റെ ഉച്ചസ്ഥായിയായി നടന്ന അബുദാബി നഗരമദ്ധ്യത്തിലെ സായിദ് സ്പോര്‍ട്ട്സ് സിറ്റിയിലെ സമൂഹബലിയര്‍പ്പണമായിരുന്നു അത്. മുസ്ലിം സാമ്രാജ്യമെങ്കിലും എമിറേറ്റ്സ് രാഷ്ട്രത്തലവന്മാര്‍ പ്രഖ്യാപിച്ച സഹിഷ്ണുതാവര്‍ഷത്തിന്‍റെ ഭാഗവുമായിരുന്നു അവിടത്തെ കുടിയേറ്റക്കാരും തൊഴിലാളികളുമായ ക്രൈസ്തവരുടെ സാന്നിദ്ധ്യത്തെ അംഗീകരിച്ച ആഗോള സഭാദ്ധ്യക്ഷന്‍റെ യുഎഇ സന്ദര്‍ശനവും, സമാപനദിനത്തിലെ സമൂഹബലിയര്‍പ്പണവും.

സ്ഥലത്തെ ഭദ്രാസനദേവാലയ സന്ദര്‍ശനം
ചൊവ്വാഴ്ച, താപനില രാവിലെ 20 ഡിഗ്രി സെന്‍റിഗ്രേഡിനു മുകളിലായപ്പോഴും അറബിനാടിന്‍റെ മാനം തെളിഞ്ഞുനിന്നു. രാവിലെ പ്രാദേശിക സമയം 8.45-ന് പാപ്പാ ഫ്രാന്‍സിസ് താമസസ്ഥാനമായ അല്‍ മുഷ്റഫ് കൊട്ടാരത്തില്‍നിന്നും കാറില്‍ രണ്ടു കി.മി. അകലെയുള്ള സെന്‍റ് ജോസഫ് ഭദ്രാസന ദേവാലയത്തിലേയ്ക്ക് പുറപ്പെട്ടു. അപ്പസ്തോലിക് വികാരിയത്തിന്‍റെ അദ്ധ്യക്ഷന്‍, ബിഷപ്പ് പോള്‍ ഹിന്‍ററിന്‍റെ അകമ്പടിയോടെയാണ് പ്രദേശിക സമയം 9.15-ന് പാപ്പാ ഫ്രാന്‍സിസ് കാറില്‍ ഭദ്രാസനദേവാലയത്തില്‍ എത്തിച്ചേര്‍ന്നത്. അനൗപചാരികമായിരുന്നു പാപ്പായുടെ സന്ദര്‍ശനമെങ്കിലും ദേവാലയവും പരിസരവും തിങ്ങുമാറ് വിശ്വാസികള്‍ കാത്തുനിന്നു. അവര്‍ ആനന്ദപുളകിതരായി ആഗോളസഭാദ്ധ്യക്ഷനെ വരവേറ്റു.

അള്‍ത്താരവേദിയില്‍ നിന്നുകൊണ്ട് ഏതാനും നിമിഷങ്ങള്‍ മൗനമായി പ്രാര്‍ത്ഥിച്ച പാപ്പാ, സ്ഥലത്തെ വികാരിയുടെയും ബിഷപ്പ് പോള്‍ ഹിന്‍ററുടെയും സാന്നിദ്ധ്യത്തില്‍ ജനമദ്ധ്യത്തിലേയ്ക്ക് ആനീതനായി. ജനങ്ങളെ അഭിവാദ്യംചെയ്തും, കുട്ടികളെ ചുംബിച്ചും, രോഗികളെ സാന്ത്വനപ്പെടുത്തിയും, ആശീര്‍വ്വദിച്ചും ദേവാലയത്തില്‍നിന്നും പാപ്പാ മെല്ലെ ദിവ്യബലിയര്‍പ്പണത്തിനായി വീണ്ടും കാറില്‍ 9 കി.മീ. അകലെ സയീദ് സ്പോര്‍ട്ട്സ് സിറ്റിയിലേയ്ക്കു പുറപ്പെട്ടു.

ദിവ്യബലിയുടെ മനോഹരവേദി
43,000 പേര്‍ക്ക് ഇരിപ്പിട സൗകര്യങ്ങള്‍ക്കു പുറമെ, നില്ക്കുവാന്‍  തുറസ്സായിടങ്ങളും,  കാണുവാന്‍ ഭീമന്‍ സ്ക്രീനുകളുമുള്ള അത്യാധുനിക സ്റ്റേഡിയത്തിലാണ് പാപ്പാ ഫ്രാന്‍സിസിന്‍റെ യുഎഇ സന്ദര്‍ശന പരിപാടിക്ക് പരിസമാപ്തിയായ സമൂഹബലിയര്‍പ്പണം നടന്നത്. സ്റ്റേഡിയത്തിന് അടുത്തെത്തിയ പാപ്പാ തുറന്ന പേപ്പല്‍ വാഹനത്തില്‍ ജനമദ്ധ്യത്തിലൂടെ എല്ലാവരെയും അഭിവാദ്യംചെയ്തുകൊണ്ട് ബലിവേദിയിലേയ്ക്ക് നീങ്ങി.

യുഎഇ-യിലെയും സമീപരാജ്യങ്ങളിലെയും കുടിയേറ്റക്കാരും ജോലിക്കാരുമായ കത്തോലിക്കരില്‍ അധികംപേരും ഏഷ്യന്‍ വംശജര്‍ - ഫിലിപ്പീന്‍കാര്‍, ഇന്ത്യക്കാര്‍, ശ്രീലങ്കക്കാര്‍, പാക്കിസ്ഥാനികള്‍, പിന്നെ നല്ലൊരു ശതമാനം മലയാളികളും,  ആഗോളസഭാദ്ധ്യക്ഷനെ ഹര്‍ഷാരവത്തോടും ഗാനാലാപനത്തോടുംകൂടെ വരവേറ്റു. സ്റ്റേഡിയത്തിന് അകത്തും പുറത്തുമായി ഒന്നര ലക്ഷത്തില്‍ അധികം പേര്‍ സന്നിഹിതരായിരുന്നെന്ന് കണക്കുകള്‍ വെളിപ്പെടുത്തി.

ആമുഖകര്‍മ്മം
പ്രാദേശിക സമയം 10.30-ന്  ഇംഗ്ലിഷിലുള്ള ആമുഖഗീതത്തോടെ ദിവ്യബലിക്ക് തുടക്കമായി. സമാധാനത്തിന്‍റെ പ്രതീകമായി വെളുത്ത പൂജാവസ്ത്രങ്ങള്‍ അണിഞ്ഞാണ് പാപ്പായും സഹകാര്‍മ്മികരും വേദിയില്‍ എത്തിയത്.  ഇംഗ്ലിഷ്, ലാറ്റിന്‍ ഭാഷകള്‍ കൂട്ടിയിണക്കിയതായിരുന്നു ആരാധനക്രമം. ബലിവേദിയും സമാധാനത്തിന്‍റെ പ്രതീകമെന്നോളം വെളുപ്പിന്‍റെ ലാളിത്യഭംഗി പ്രസരിപ്പിച്ചുനിന്നു. ഒപ്പം മദ്ധ്യത്തില്‍ ഉയര്‍ന്ന ലളിതമായ വലിയ മരക്കുരിശും, പാര്‍ശ്വത്തില്‍ സ്ഥാപിതമായ കന്യകാനാഥയുടെ വെണ്ണിലാശില്പവും  ബലിവേദിക്ക് സമുചിതമായ ചാരുത പകര്‍ന്നു.  വിശ്വാസസമൂഹം പൊതുവെ അണിഞ്ഞ വെള്ളവസ്ത്രങ്ങളും, സൂര്യനെ വെല്ലുവിളിച്ച് അവര്‍  അണിഞ്ഞ വെളുത്ത തൊപ്പികളും വേദിയെ കൂടുതല്‍ പ്രാര്‍ത്ഥനാ ചൈതന്യമുള്ളതാക്കി. ധാരാളം  അറബി സഹോദരങ്ങളും വിവിധ രാഷ്ട്രങ്ങളുടെ ഔദ്യോഗിക പ്രതിനിധികളും അറബിവേഷത്തില്‍ ബലിവേദിയില്‍ സന്നിഹിതരായിരുന്നത് ശ്രദ്ധേയമായ കാഴ്ചയും,  എല്ലാവരും ഒരേ പിതാവിന്‍റെ മക്കളാണെന്ന സന്ദേശം വിളിച്ചോതുന്നതുമായിരുന്നു. ത്രിത്വസ്തുതിയോടെ പാപ്പാ ദിവ്യബലി ആരംഭിച്ചു.

വചനപ്രഘോഷണം

ദൈവത്തില്‍ ഒരേ ഉല്പത്തിയുള്ള മാനവകുടുംബം ഈ ഭൂമുഖത്തു സമാധാനത്തില്‍ വസിക്കട്ടെ, എന്നു പാപ്പാ ഫ്രാന്‍സിസ് ഉരുവിട്ട ആമുഖപ്രാര്‍ത്ഥനയെ തുടര്‍ന്ന് വചനപാരായണമായിരുന്നു. ആദ്യവായന, പൗലോസ് അപ്പസ്തോലന്‍ ഫിലിപ്പിയര്‍ക്കെഴുതിയ ലേഖനത്തില്‍നിന്നും (4, 6-9) എല്ലാ ധാരണകളെയും അതിലംഘിക്കുന്ന ദൈവത്തില്‍ ആശ്രയിച്ചും ക്രിസ്തുവില്‍ ഐക്യപ്പെട്ടും ജീവിക്കാനുള്ള ക്ഷണമായിരുന്നു. അത് അറബിയില്‍ പാരായണംചെയ്യപ്പെട്ടു. സുവിശേഷം ഇംഗ്ലിഷില്‍ പ്രഘോഷിക്കപ്പെട്ടു (മത്തായി 5, 1-12). സമാധാനപാലകര്‍ അനുഗൃഹീതര്‍, അവര്‍ ദൈവപുത്രരെന്നു വിളിക്കപ്പെടും...! തുടര്‍ന്ന് പാപ്പായുടെ വചനപ്രഭാഷണമായിരുന്നു. ഇറ്റാലിയന്‍ ഭാഷയിലുള്ള പ്രഭാഷണം തത്സമയം അറബിയില്‍ പരിഭാഷചെയ്യപ്പെട്ടു (Homily Audio only).

വിശ്വാസികളുടെ പ്രാര്‍ത്ഥന

യുഎയിലെ വൈവിധ്യമാര്‍ന്ന സാംസ്ക്കാരി സാന്നിദ്ധ്യം വെളിപ്പെടുത്തുന്നതായിരുന്നു വിശ്വാസികളുടെ പ്രാര്‍ത്ഥന.  കൊറിയന്‍, കൊങ്കണി, ഫ്രഞ്ച്, തഗാലോ, ഉര്‍ദു, മലയാളം എന്നീ ഭാഷകളില്‍ ചൊല്ലിയപ്പോള്‍... Lord hear our prayer… Kyrie eleison  കര്‍ത്താവേ, ഞങ്ങടെ പ്രാര്‍ത്ഥന കേള്‍ക്കണേ, ഞങ്ങളില്‍ കനിയണമേ...! എന്ന് ഗായകസംഘത്തോടൊപ്പം ജനങ്ങളും പ്രത്യുത്തരിച്ചു. കാഴ്ചവയ്പ്... സ്തോത്രയാഗ പ്രാര്‍ത്ഥന, ആമുഖഗീതി, സ്ത്രോത്രയാഗ കര്‍മ്മം എന്നിവയിലൂടെ ദിവ്യബലി തുടര്‍ന്നു.
 
ദിവ്യകാരുണ്യസ്വീകരണകര്‍മ്മം
സ്വര്‍ഗ്ഗസ്ഥനായ പിതാവേ... എന്ന പ്രാര്‍ത്ഥനയ്ക്ക് പാപ്പാ ഫ്രാന്‍സിസ് ഇംഗ്ലിഷില്‍ തുടക്കമിട്ടെങ്കിലും ജനങ്ങള്‍ അറബിയിലും താന്താങ്ങളുടെ ഭാഷകളിലും ഭക്തിനിര്‍ഭരമായി ഉറക്കെ ഉരുവിട്ടത് ശ്രദ്ധേയമായിരുന്നു. തുടര്‍ന്നു ദിവ്യകാരുണ്യ സ്വീകരണ കര്‍മ്മമായിരുന്നു.
ദിവ്യകാരുണ്യസ്വീകരണം കഴിഞ്ഞ്, തെക്കന്‍ അറേബ്യന്‍ പ്രവിശ്യയുടെ സഭാദ്ധ്യക്ഷനായ ബിഷപ്പ് പോള്‍ ഹിന്‍ഡര്‍ കപ്പൂച്ചിന്‍ പാപ്പാ ഫ്രാന്‍സിസിന് നന്ദിയര്‍പ്പിച്ചു.
ലോകത്തിന്‍റെ മുക്കിനും മൂലയില്‍നിന്നും അറബിനാട്ടില്‍ എത്തിയിട്ടുള്ള കുടിയേറ്റക്കാരുടെ സാന്നിദ്ധ്യം അംഗീകരിക്കുന്ന പാപ്പാ ഫ്രാന്‍സിസിന്‍റെ അജപാലന സന്ദര്‍ശനത്തിനും, ദിവ്യബലിയര്‍പ്പണത്തിനും ആദ്യം നന്ദിപറഞ്ഞു. പത്രോസിനെപ്പോലെ തന്‍റെ സഹോദരങ്ങളുടെ വിശ്വാസത്തെ ബലപ്പെടുത്തുന്ന പാപ്പായുടെ സ്നേഹസാന്നിദ്ധ്യം ശക്തിപകരുന്നതും സമുദ്ധരിക്കുന്നതും ഐക്യപ്പെടുത്തുന്നതുമെന്ന് ബിഷപ്പ് ഹിന്‍ഡര്‍ വിശേഷിപ്പിച്ചു. യഎഇയുടെ ഭരണകര്‍ത്താക്കള്‍ക്ക്, വിശിഷ്യാ അബുദാബിയുടെ കിരീടാവകാശി, ഷെയിക് മുഹമ്മദ് ബിന്‍ സയീദിന് നന്ദിപറഞ്ഞുകൊണ്ടാണ് അദ്ദേഹം വാക്കുകള്‍ ഉപസംഹരിച്ചത്. പ്രതിനന്ദിയെന്നോണവും പ്രതീകാത്മകമായും ദിവ്യബലിക്കുള്ള ഒരു സ്വര്‍ണ്ണക്കാസ പാപ്പാ ഫ്രാന്‍സിസ് സമ്മാനമായി ബിഷപ്പ്  ഹിന്‍ഡറിനു നല്കി.

പാപ്പാ ഫ്രാന്‍സിസിന്‍റെ നന്ദിപ്രകടനം
അറബിമണ്ണിലെ വിവിധ ക്രൈസ്തവസമൂഹങ്ങളുടെയും സഭകളുടെയും വൈവിധ്യമാര്‍ന്ന സാന്നിദ്ധ്യം അംഗീകരിക്കുന്നതായിരുന്നു പാപ്പായുടെ നന്ദിപറച്ചില്‍ – കാല്‍ഡിയന്‍, കോപ്റ്റിക്, ഗ്രീക്ക്-കത്തോലിക്ക, ഗ്രീക്ക്-മെല്‍ക്കൈറ്റ്, ലത്തീന്‍, മാരോനൈറ്റ്, സിറിയന്‍ കത്തോലിക്ക, സിറോ-മലബാര്‍, സീറോ മലങ്കര എന്നിങ്ങനെ പാപ്പാ എണ്ണിപ്പറഞ്ഞു. കേരളത്തിലെ രണ്ടു പൗരസത്യസഭാ പിതാക്കന്മാരായ  കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയും, ബസീലിയോസ് മാര്‍ ക്ലീമിസും പൂജാവേദിയില്‍ മറ്റു സഭാദ്ധ്യക്ഷന്മാര്‍ക്കൊപ്പം സന്നിഹിതരായിരുന്നു. ഈ വിദൂരനാട്ടില്‍ വിശ്വാസത്തോടും സമര്‍പ്പണത്തോടും, ഔദാര്യത്തോടുമുള്ള ക്രൈസ്തവരുടെ ജീവിതത്തെയും, സേവനമനസ്ഥിതിയെയും, പ്രത്യേകിച്ച് പാവങ്ങളോട് അനുകമ്പയുള്ള സേവനശൈലിയെയും പാപ്പാ നന്ദിക്കൊപ്പം, അഭിനന്ദനമായും കൂട്ടിച്ചേര്‍ത്തു.
“സയീദിന്‍റെ ഭവനത്തില്‍ സയീദിന്‍റെ മക്കളെ” അഭിവാദ്യംചെയ്യുന്നെന്നും, അവര്‍ക്കു നന്ദിപറയുന്നുവെന്നും പാപ്പാ പ്രസ്താവിച്ചത് ജനങ്ങളില്‍ ആവേശമുണര്‍ത്തി. അവര്‍ തങ്ങളുടെ മുസ്ലിം ഭരണകര്‍ത്താക്കള്‍ക്കായി ഹസ്താരവം മുഴക്കി. കന്യകാനാഥ, യേശുവിന്‍റെ അമ്മ ഏവരെയും സന്തോഷമുള്ള സുവിശേഷ സാക്ഷികളാക്കിത്തീര്‍ക്കട്ടെ, എന്ന ആശംസയോടെയാണ് പാപ്പാ വാക്കുകള്‍ ഉപസംഹരിച്ചത്.

സമാപനാശീര്‍വ്വാദവും വിടപറയലും
പാപ്പാ ഫ്രാന്‍സിസ് അപ്പസ്തോലിക ആശീര്‍വ്വാദം നല്കി. വേദിവിട്ടിറങ്ങിയ പാപ്പാ, വൈകാതെ
പ്രാദേശിക സമയം 12.15-ന് കാറില്‍ 20 കി.മീ. അകലെയുള്ള പ്രസിഡന്‍ഷ്യല്‍  വിമാനത്താവളത്തിലേയ്ക്കു പുറപ്പെട്ടു. അബുദാബിയുടെ കിരീടാവകാശി, ഷെയിക് മുഹമ്മദ് ബിന്‍ സയീദിന്‍റെ നേതൃത്വത്തിലുള്ള യാത്രയയ്പ്പു ഹൃദ്യമായിരുന്നു. നിരവധി അറബി രാഷ്ട്രത്തലവന്മാരും അവരുടെ ഉദ്യോഗസ്ഥരും സകുടുംബം പാപ്പാ ഫ്രാന്‍സിസിനെ യാത്രയയ്ക്കാന്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു. പാപ്പാ എല്ലാവരെയും സ്നേഹത്തോടെ അഭിവാദ്യംചെയ്തു. പ്രാദേശിക സമയം മദ്ധ്യാഹ്നം 1 മണിക്ക് പാപ്പാ ഫ്രാന്‍സിസ് യുഎഇയുടെ “എത്യാദ്” പ്രത്യേക വിമാനത്തില്‍ റോമാനഗരം ലക്ഷ്യമാക്കി, മെഡിറ്ററേനിയന്‍ സമുദ്രത്തിന്‍റെ പടിഞ്ഞാറന്‍ ചക്രവാളങ്ങളിലേയ്ക്ക് പറന്നുയര്‍ന്നു. വിശ്വസാഹോദര്യത്തിന്‍റെയും മതസൗഹാര്‍ദ്ദതയുടെയും സന്ദേശമോതിയ 27-Ɔമത് അപ്പസ്തോലിക യാത്രയ്ക്ക് പരിസമാപ്തിയായി.

05 February 2019, 16:09