തിരയുക

Vatican News
പാപ്പാ ഫ്രാന്‍സിസ് ബംഗ്ലാദേശ്  സന്ദര്‍ശിച്ചപ്പോള്‍ പകര്‍ത്തപ്പെട്ട ചിത്രം പാപ്പാ ഫ്രാന്‍സിസ് ബംഗ്ലാദേശ് സന്ദര്‍ശിച്ചപ്പോള്‍ പകര്‍ത്തപ്പെട്ട ചിത്രം  

വിശുദ്ധിയിലേക്കുളള വിളി: അനുദിന ജീവിതവും സാര്‍വ്വത്രീക ക്ഷണവും

“GAUDETE ET EXSULTATE” അഥവാ “ആനന്ദിച്ചാഹ്ളാദിക്കുവിന്‍ ” എന്ന ഫ്രാന്‍സിസ്‍ പാപ്പായുടെ അപ്പോസ്തോലിക പ്രബോധനത്തിന്‍റെ ഒന്നാം അദ്ധ്യായത്തിലെ 10-13 വരെയുള്ള ഭാഗത്തെ കുറിച്ചുളള വിചിന്തിനം.

സി.റൂബിനി സി.റ്റി.സി

അപ്പോസ്തോലിക പ്രബോധനം

അപ്പോസ്തോലിക പ്രബോധനമെന്നത് കത്തോലിക്കാ സഭയില്‍ മാര്‍പ്പാപ്പാ പ്രസിദ്ധികരിക്കുന്ന ഔദ്യോഗിക ലേഖനങ്ങളുടെ വിവിധതരത്തിലുളള പരമ്പരകളില്‍പ്പെടുന്ന ഒരു ലേഖനമാണ്. ഇവയുടെ പ്രാധാന്യ ശൃംഖലയില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ചാക്രീക ലേഖനങ്ങള്‍ കഴിഞ്ഞാല്‍ തൊട്ടടുത്ത സ്ഥാനമാണ് അപ്പോസ്തോലിക പ്രബോധനങ്ങള്‍ക്കുളളത്.

ഒന്നാം അദ്ധ്യായo

വിശുദ്ധിയിലേക്കുള്ള വിളിയെക്കുറിച്ചാണ്. വിശുദ്ധിയുടെ പല ഉദാഹരണങ്ങളും നിരത്തി വിശുദ്ധിയിലേക്കുള്ള മാർഗ്ഗങ്ങൾ കാണിച്ചുതരുന്ന പാപ്പാ നാം ഓരോരുത്തരും അവരവരുടെ വിശുദ്ധിയുടെ തനിമയാർന്ന പാത കണ്ടെത്താൻ പരിശ്രമിക്കണമെന്ന് ഓർമ്മിപ്പിക്കുന്നു. ഈ അദ്ധ്യായത്തിന്‍റെ ആദ്യ ഭാഗത്തില്‍ത്തന്നെ വിശുദ്ധരായ വ്യക്തികളെ ഉദാഹരണമായി നല്‍കുകയും വിശുദ്ധിയിലേക്കുള്ള നമ്മുടെ പ്രയാണത്തില്‍ അവരുടെ സാന്നിദ്ധ്യം നമുക്കു പ്രചോദനാത്മകമാണെന്ന്  ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു.

വിശുദ്ധി - ദൈവത്തിന്‍റെ വിളി

10.  ദൈവം എല്ലാവരെയും വിളിക്കുന്നു. ദൈവത്തിന്‍റെ വിളി വ്യക്തിപരമാണ്. എല്ലാവരിലും ദൈവത്തിന്‍റെ കൃപാവരമുണ്ടെന്നും ആ കൃപയുടെ പ്രതിഫലനം ഓരോര്‍ത്തരും വെളിപ്പെടുത്തുന്നത് അവരവരുടെ ജീവിത കര്‍മ്മങ്ങളിലൂടെയാ​ണെന്നും നമുക്ക് വ്യക്തമായി മനസ്സിലാക്കാന്‍ കഴിയും. “ആനന്ദിച്ചാഹ്ളാദിക്കുവിന്‍ ” എന്ന അപ്പോസ്തോലിക  പ്രബോധനത്തിലൂടെ  ഫ്രാന്‍സിസ്‍ പാപ്പാ ദൈവവിളി വ്യക്തിപരവും, വിശുദ്ധി നിറഞ്ഞതുമാണെന്ന് ഓര്‍മ്മിപ്പിക്കുന്നു.

മനുഷ്യനെ സൃഷ്ടിക്കുമ്പോള്‍ തന്നെ ദൈവം അവന്‍ നിര്‍വ്വഹിക്കപ്പെടേണ്ട ദൗത്യത്തെ മനുഷ്യനില്‍ നിവേശിപ്പിച്ച് കൊണ്ടാണ് ഭൂമിയിലേക്ക് അയയ്ക്കുന്നത്. ഈ ദൗത്യം നിര്‍വ്വഹിക്കുന്നതിനു ദൈവം തന്‍റെ കൃപാവരവും നല്‍കുന്നു. ദൈവത്തിന്‍റെ വിളി സ്വീകരിച്ച മനുഷ്യന്‍ തന്നില്‍ നിക്ഷിപ്തമായിരിക്കുന്ന ദൗത്യം പൂര്‍ത്തികരിക്കുവാന്‍ വിവിധ ജീവിത ശൈലികളാണ് സ്വീകരിക്കുന്നത്. ഈ ജീവിതശൈലിയെ തന്നെയാണ് നാം ദൈവവിളിയെന്ന് വിളിക്കുന്നത്.

എല്ലാവരെയും ദൈവം വിളിക്കുന്നത് കൊണ്ട് മനുഷ്യർ സ്വീകരിക്കുന്ന എല്ലാ ജീവിത ശൈലികളും വിശുദ്ധമാണ്,ശ്രേഷ്ഠമാണ്. ഒരാൾ സ്വീകരിച്ചിരിക്കുന്ന ജീവിത ശൈലി മറ്റുള്ളവരുടെക്കാൾ ശ്രേഷ്ഠമയോ, കുറവായോ പരിഗണിക്കപ്പെടുന്നില്ല. അസ്സിയിലെ വിശുദ്ധ ഫ്രാൻസിസ് പറയുന്നത് സമർപ്പിതർ സമർപ്പണം കൊണ്ട് ദൈവത്തെ അന്വേഷിക്കുന്നു. വിവാഹിതർ തങ്ങളുടെ വൈവാഹിക ജീവിതത്തിലൂടെ ദൈവത്തെ തിരയുന്നു. മറ്റു ചിലർ ദൈവാന്വേഷണത്തെ  തന്നെ ജീവിത ശൈലിയാക്കി ലഭിച്ചിരിക്കുന്ന ദൈവവിളിയെ ഏകാന്ത ജീവിതത്തിന്‍റെ ആഴത്തിൽ ജീവിക്കുന്നു. അത് കൊണ്ട് ഓരോ വിളിയും അതിൽ തന്നെ വിശുദ്ധി നിറഞ്ഞതാണ്.

പാപ്പാ പറയുന്നത് വിശുദ്ധിയിലേക്കുള്ള വിളി എന്നത് വ്യക്തിപരമാണെന്നാണ്. ലേവ്യരുടെ പുസ്തകത്തിലും ( 11:44) വിശുദ്ധ പത്രോസിന്‍റെ ഒന്നാം ലേഖനത്തിലും (1:16)  സൂചിപിച്ചിരിക്കുന്നത് പോലെ ദൈവം പരിശുദ്ധനായിരിക്കുന്നത് പോലെ നമ്മളും പരിശുദ്ധരായിരിക്കണമെന്ന് പാപ്പാ ഓർമ്മിപ്പിക്കുന്നു. ഓരോ വ്യക്തിയും വിശുദ്ധിയിലേക്കാണ് വിളിക്കപ്പെട്ടിരിക്കുന്നത്. രണ്ടാം വത്തിക്കാൻ കൗൺസിൽ പറയുന്നതും പാപ്പാ ഇവിടെ സൂചിപ്പിക്കുന്നു. കൗൺസിൽ പറയുന്നത് ഏതവസ്ഥയിലയിരന്നാലും വിശ്വാസികൾ എല്ലാവരും ദൈവത്താൽ വിളിക്കപ്പെട്ടിരിക്കുന്നു. ഒരോർത്തർക്കും അവരവരുടെതായ വ്യക്തിപരമായ വഴികളുണ്ട്. ഈ വഴികളെ വിശുദ്ധമാക്കുന്നത് പിതാവായ ദൈവത്തിന്‍റെ പരിശുദ്ധിയാണ്.

 ഓരോർത്തർക്കും അവരുടേതായ ജീവിത മാർഗ്ഗങ്ങളുണ്ട് എന്ന വസ്തുതയെ ഊന്നി പറയുന്ന പാപ്പാ നമ്മുടെ മുന്നിൽ പ്രത്യക്ഷപ്പെടുന്ന അപ്രാപ്രമായ വിശുദ്ധിയെ കുറിച്ച് ചിന്തിച്ച് നമ്മുടെ പരിമിതികളെ അളവുകോലാക്കി വിശുദ്ധി നമുക്ക് ആർജ്ജിച്ചെടുക്കാനാവാത്തതെന്നാണെന്ന് കരുതി അന്യമാണെന്നു സ്വയം നിരുത്സാഹപ്പെടുത്തരുതെന്ന് പാപ്പാ പ്രബോധിപ്പിക്കുന്നു.

മറ്റുളളവരുടെ പകര്‍പ്പാകരുത്

11. നാം മറ്റുള്ളവരുടെ പകർപ്പായിത്തീരാൻ ദൈവം അഗ്രഹിക്കുന്നില്ല. ജീവിതത്തിലെ ചില സാഹചര്യങ്ങളിൽ മറ്റുള്ളവരുടെ നന്മ നാം അനുകരിച്ചെന്നിരിക്കാം. എന്നാൽ അവരെ പോലെ ആയിത്തീരാനല്ലാ ദൈവം നമ്മെ സൃഷ്ടിച്ചിരിക്കുന്നത്. ഓരോ ജീവിതത്തിനും, വ്യക്തിക്കും അതിന്‍റെതായ തനിമയുണ്ട്. ഈ തനിമയെ വിസ്മരിച്ച് മറ്റുള്ളവരുടെ പകർപ്പായി തീരുമ്പോൾ നമ്മെ കുറിച്ച് ദൈവം തന്‍റെ മനസ്സിൽ കാണുന്ന നിയോഗം പൂർത്തികരിക്കപ്പെടാതെ പോകുന്നുവെന്ന് പാപ്പാ വ്യക്തമാക്കുന്നു.

വിശുദ്ധിയിൽ ജീവിക്കാനുള്ള സ്വന്തം കഴിവുകളെ ഓരോർത്തരും വ്യക്തിപരമായി തിരിച്ചറിയണം. ഈ തിരിച്ചറിവ് ഏറ്റവും ശ്രേഷ്ഠമായ ഫലങ്ങൾ പുറപ്പെടുവിക്കാൻ നമ്മെ സഹായിക്കും. നമ്മുടെ ഹൃദയങ്ങളിൽ പാകപ്പെട്ടിരിക്കുന്ന വ്യക്തിപരമായ ദാനങ്ങൾ നമ്മുടെയും ഈ  ലോകത്തിന്‍റെയും വിശുദ്ധിക്ക് വേണ്ടി വിനിയോഗിക്കുവാൻ  കഴിയുമെന്ന് പാപ്പാ “ആനന്ദിച്ചാഹ്ളാദിക്കുവിന്‍ ” എന്ന അപ്പോസ്തോലിക പ്രബോധനത്തില്‍ പറയുന്നു.

ലോകത്തിന്‍റെ സൗന്ദര്യം അതിൽ നിറഞ്ഞിരിക്കുന്ന വൈവിധ്യങ്ങളാണ്. ഓരോ വ്യക്തിയും അവന്‍റെ തനിമയും, തനിമയുടെ ഫലമായി നൽകപ്പെടുന്ന സംഭാവനയും ഈ ലോകത്തെ മനോഹരമാക്കുന്നു. ആത്മീയ ജീവിതത്തിലും ഇത് കണ്ടെത്തുമ്പോൾ മാത്രമെ വിശുദ്ധിയിലേക്കുള്ള വ്യക്തിപരമായ വിളിയെ കുറിച്ച് നമുക്ക് കൂടുതൽ  പ്രകാശം ലഭിക്കുന്നത്. ഒരാളിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല വിശുദ്ധി.വ്യക്തിയിൽ നിന്നു വ്യക്തികളിലേക്കും സമൂഹങ്ങളിലേക്കും പSരേണ്ടതാണ് വിശുദ്ധി. അത്കൊണ്ടാണ് വിശുദ്ധി സാർവ്വത്രീകം എന്ന് പാപ്പാ ആവർത്തിക്കുന്നത്. സാക്ഷ്യത്തിന്‍റെ ജീവിതം നയിക്കാനാണ് ക്രിസ്‌തു നമ്മെ വിളിച്ചിരിക്കുന്നത്. ഈ സാക്ഷ്യ നിർവ്വഹണത്തിനായി നമുക്ക് വ്യക്തിവരവും, വ്യത്യസ്ഥതവുമായ മാർഗ്ഗങ്ങൾ സ്വീകരിക്കാം. കുരിശിന്‍റെ വി.യോഹന്നാൻ പറയുന്നത് കഠിനമായ നിയമങ്ങളെ ഉപേക്ഷിക്കണമെന്നാണ്. അതായത് വിശുദ്ധിയിലേക്ക് വളരാൻ ഒരോർത്തരും സ്വതന്ത്രമായി അവരുടേതായ വഴികളിലൂടെ ചരിക്കണമെന്നാണ്  പറയുന്നത്. കാരണം ഓരോർത്തരോടും ദൈവം സംസാരിക്കുന്നത് വ്യത്യസ്ഥ രീതിയിലാണ്.

വിശുദ്ധ  സ്ത്രീകള്‍

12. വിശുദ്ധി പരിപോഷിപ്പിക്കാൻ ഓരോ വ്യക്തികളും അവരവരായിരിക്കുന്ന അവസ്ഥയിൽ വിശുദ്ധിയിൽ വളരാൻ മാർഗ്ഗങ്ങൾ കണ്ടെത്തണമെന്ന്  പഠിപ്പിക്കുന്ന പാപ്പാ വിശുദ്ധരായ സ്ത്രീ പ്രതിഭകളെ കുറിച്ച് വ്യാഖ്യാനിക്കുന്നു. സ്ത്രീകളെ അടിച്ചമർത്തുകയും, തിരസ്ക്കരിക്കുകയും ചെയ്തിരുന്ന കാലഘട്ടത്തിൽ സഭയെ നവീകരിക്കാനും വിശുദ്ധിയിൽ നിലനിറുത്താനും ദൈവം പരിശുദ്ധാത്മാവിലൂടെ ചില സ്ത്രീകളെ സഭയിൽ നിന്നുയർത്തി. അവരിൽ പ്രധാനപ്പെട്ടവരാണ് വിശുദ്ധരായ ഹിൽ ഡെഗാർസ്,വി.ബ്രജിറ്റ്, സിയന്നായിലെ വി.കാതറിൻ, ആവിലായിലെ വി.  അമ്മ ത്രേസ്യാ, ലിസ്യൂവിലെ വി.കൊച്ചുത്രേസ്യാ എന്നിവർ. ഇവരുടെ ജീവിത വിശുദ്ധിയെ ഓർമ്മിപ്പിക്കുന്ന പാപ്പാ ലോകത്തിൽ അറിയപ്പെടാത്തവരുടെയും. ലോകം മറന്നു പോയവരുമായ സ്ത്രീ വിശുദ്ധരെ കുറിച്ച് സംസാരിക്കുന്നു. മറ്റുള്ളവരാല്‍  അറിയപ്പെടാത്ത വിശുദ്ധരായ സ്ത്രീകളെ പാപ്പാ കാണുന്നത് കുടുംബങ്ങളിലാണ്. തങ്ങളുടെ ജീവിത സാക്ഷ്യത്തിലൂടെ അവർ കുടുംബങ്ങളെയും സമൂഹങ്ങളെയും രൂപികരിക്കുന്നു.

തനിമയില്‍ തെളിയുന്ന വിശുദ്ധി

13.ജീവിതത്തിന്‍റെ  ഏതൊരു അവസ്ഥയിലും സമചിത്തരായിരിക്കുന്നവരാണ് യതാർത്ഥത്തിൽ വിശുദ്ധര്‍. നിർവചനങ്ങൾക്കും, നിയമങ്ങൾക്കും, സിദ്ധാന്തങ്ങൾക്കും ഉളളിൽ നിന്നു ആരുടെയും വിശുദ്ധിയെ വിലയിരുത്താൻ പരിശ്രമിക്കരുത്. കാരണം നമ്മെ കുറിച്ചുള്ള ദൈവത്തിന്‍റെ പദ്ധതി മറ്റുള്ളവരെ കുറിച്ചുള്ള അവിടുത്തെ തിരുഹിതത്തിൽ നിന്നും വ്യത്യസ്ഥത നിറഞ്ഞതായിരിക്കും. അതിന്‍റെ തെളിവാണ് “അമ്മയുടെ ഉദരത്തിൽ നിനക്ക് രൂപം നൽകുന്നതിന് മുമ്പേ ഞാൻ നിന്നെ അറിഞ്ഞു, ജനിക്കുന്നതിന് മുമ്പ ഞാൻ നിന്നെ വിശുദ്ധീകരിച്ചു”. എന്ന തിരുവചനം (ജെറമിയാ.1. 5) ലോകത്തിലും തിരുസഭയിലും അറിയപ്പെടാത്ത അനേകം വിശുദ്ധാത്മാക്കള്‍ ഈ ഭൂമിയിൽ ജീവിക്കുന്നു. ഓരോ വ്യക്തിയുടെയും വിശുദ്ധി നിർണ്ണയിക്കപ്പെടുന്നത് കർമ്മ ഫലത്തിൽ നിന്നാണ്.

ശബ്ദകോലാഹലങ്ങിൽ നിന്നും സ്വയം വിൻമാറി പ്രശാന്തതയുടെ വഴിയിൽ വിശുദ്ധി പരിശീലിച്ച മരുഭൂമിയിലെ വിതാക്കൻമാരും,  കല്‍ക്കട്ടയില്‍ മലിനത നിറഞ്ഞ ചുറ്റ്പാടില്‍ വേദനിക്കുന്ന മനുഷ്യരില്‍  ക്രിസ്തുവിനെ കണ്ടെത്തിയ മദർ തെരേസ്യയും, കുഷ്ടരോഗികളുടെ ചീഞ്ഞഴിഞ്ഞതും, വീണ്ടുകീറിയതുമായ മുറിവുകളിൽ ക്രിസ്തുവിനെ ദർശിച്ച ഫാ.സാമിയനും, അപരന് വേണ്ടി ജീവനർപ്പിച്ച വി.മാക്ക്സി മില്യൻ കോൾബേയും അവരുടെതായ തനിമയത്വത്തിൽ നിന്ന് വിശുദ്ധി ആർജ്ജിച്ചെടുത്തത് പോലെ നമുക്ക് നൽകപ്പെട്ടിരിക്കുന്ന വ്യക്തിത്വ തനിമയിൽ നിന്ന് വിശുദ്ധ ജീവിതം ജീവിക്കാന്‍ പരിശ്രമിക്കണം.

“ആനന്ദിച്ചാഹ്ളാദിക്കുവിന്‍ ” എന്ന ഫ്രാന്‍സിസ്‍ പാപ്പായുടെ അപ്പോസ്തോലിക  പ്രബോധനത്തില്‍ ഇടനിലക്കാരുടെ വിശുദ്ധി എന്ന് പരാമർശിക്കുന്നത് പാണ്ഡിത്യത്തിന്‍റെ മുന്നിൽ വിലയിരുത്തപ്പെടേണ്ടതല്ല വിശുദ്ധി എന്നാണ്. വിശുദ്ധി ഒരു ജീവിതാവസ്ഥയാണ്. വിശുദ്ധനായ ദൈവത്തിന്‍റെ കണ്ണുകളിലൂടെ മാത്രമേ അതിന് വില നൽകാൻ കഴിയുകയുള്ളു. അത് കൊണ്ട് പാപ്പാ പറയുന്നത് നമ്മുടെ ഇടയിൽ നമ്മോടൊപ്പം ജീവിക്കുന്നവരുടെ വിശുദ്ധിയെ തിരിച്ചറിഞ്ഞ് അംഗീകരിക്കണമെന്നാണ്. ദാനങ്ങളിൽ വൈവിധ്യമുണ്ടെന്ന് പറഞ്ഞ വി. പൗലോസിന്‍റെ വാക്കുകൾ ഇവിടെ പ്രസക്തമാണ്. ഓരോ ദാനത്തിനും അതിന്‍റെതായ ദൗത്യമുണ്ട്. ഓരോ ദൗത്യവും ദൈവത്താൽ അഭിഷേകം ചെയ്യപ്പെട്ടതാണ്. അത്കൊണ്ട് നാം എല്ലാവരും അഭിഷേകം ചെയ്യപ്പെട്ടിരിക്കുന്നു. മറ്റുള്ളവരിലെ അഭിഷേക ചൈതന്യത്തെ ആദരവോടെ കണ്ടുകൊണ്ടും അവരുടെ തനിമയെ അംഗീകരിച്ചു കൊണ്ടും നമുക്ക് ലഭിച്ചിരിക്കുന്ന വിശുദ്ധിയില്‍ ജീവിക്കാന്‍ പരിശ്രമിക്കാം.

 

 

            

 

 

31 January 2019, 00:00