തിരയുക

Vatican News
യേശുവിന്‍റെ മാമ്മോദീസാ, ജോര്‍ദ്ദാന്‍ നദിയില്‍ യേശുവിന്‍റെ മാമ്മോദീസാ, ജോര്‍ദ്ദാന്‍ നദിയില്‍ 

ജ്ഞാനസ്നാന ദിനം ആഘോഷിക്കുക സുപ്രധാനം!

വിശ്വാസജീവിതത്തിലേക്ക് പിറന്നുവീണ ദിനം ഓര്‍ത്തെടുക്കുക, അറിയില്ലെങ്കില്‍, മാമ്മോദീസാ തീയതി ചോദിച്ചു മനസ്സിലാക്കുക, ഫ്രാന്‍സീസ് പാപ്പാ

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

നമ്മുടെ മാമ്മോദീസായുടെ കൗദാശികാനുഗ്രഹം വീണ്ടും കണ്ടെത്താന്‍ കര്‍ത്താവിന്‍റെ  ജ്ഞാനസ്നാനത്തിരുന്നാള്‍ നമ്മെ ക്ഷണിക്കുന്നുവെന്ന് മാര്‍പ്പാപ്പാ.

ബുധനാഴ്ച (09/01/19) വത്തിക്കാനില്‍, പോള്‍ ആറാമന്‍ ശാലയില്‍, അനുവദിച്ച പ്രതിവാര പൊതുകൂടിക്കാഴ്ചയുടെ അവസാന ഭാഗത്ത് യുവജനത്തെയും വൃദ്ധജനത്തെയും രോഗികളെയും നവദമ്പതികളെയും പതിവുപോലെ സംബോധന ചെയ്യവെ ഫ്രാന്‍സീസ് പാപ്പാ, അടുത്ത ഞായറാഴ്ച (13/01/19) കര്‍ത്താവിന്‍റെ ജ്ഞാനസ്നാനത്തിരുന്നാള്‍ ആചരിക്കപ്പടുന്നത് അനുസ്മരിക്കുകയായിരുന്നു.

ഈ തിരുന്നാളോടുകൂടിയാണ് ആരാധനാക്രമവത്സരത്തിലെ തിരുപ്പിറവിക്കാലം സമാപിക്കുന്നതെന്ന് പാപ്പാ പറഞ്ഞു.

നമ്മെ, ക്രിസ്തുവിനോടും അവിടത്തെ സഭയോടും ഒന്നാക്കിത്തീര്‍ത്തുകൊണ്ട്, ക്രൈസ്തവരാക്കി മാറ്റിയത് മാമ്മോദീസായാണെന്ന് പറഞ്ഞ പാപ്പാ നാം നമ്മുടെ മാമ്മോദീസാ തീയതി ഓര്‍ക്കാറില്ലെന്ന വസ്തുത ചൂണ്ടിക്കാട്ടി.

നാം നമ്മുടെ ജനനതീയതി ഓര്‍ത്തിരിക്കുമെങ്കിലും പരിശുദ്ധാരൂപി ഹൃദയത്തില്‍ പ്രവേശിക്കുന്നതോടെ സഭയുടെ ജീവിതത്തില്‍ നാം ജനന്മമെടുക്കുന്ന ആ ജ്ഞാനസ്നാനത്തിന്‍റെ ദിനം നാം ഓര്‍ക്കാറില്ലെന്ന് പാപ്പാ പറഞ്ഞു.‌

ആകയാല്‍ ഞായറാഴ്ച ആചരിക്കപ്പെടാന്‍ പോകുന്ന കര്‍ത്താവിന്‍റെ   ജ്ഞാനസ്നാനത്തിരുന്നാളിനുള്ള ഒരുക്കമെന്നോണം സ്വന്തം മാമ്മോദീസാ തീയതി, അതായത്, വിശ്വാസജീവിതത്തിലേക്ക് പിറന്നുവീണ ദിനം, ഓര്‍ത്തെടുക്കാനും, അത് അറിയില്ലെങ്കില്‍, മതാപിതാക്കോളോടോ, മുത്തശ്ശീമുത്തശ്ശന്മാരോടോ, ബന്ധുക്കളോടോ, തലതൊട്ടപ്പനോടോ തലതൊട്ടമ്മയോടോ ചോദിച്ചു മനസ്സിലാക്കാനും ശ്രമിക്കണമെന്ന് പാപ്പാ പറഞ്ഞു.

മാമ്മോദീസാ തിയതി ഹൃദയത്തില്‍ സൂക്ഷിക്കേണ്ടതും ആഘോഷിക്കപ്പെടേണ്ടതുമാണെന്ന് പാപ്പാ ഓര്‍മ്മിപ്പിച്ചു.

വിശ്വാസമെന്ന ദാനം നല്കിയതിന് കര്‍ത്താവിനോടു നന്ദിപ്രകാശിക്കാനും, ഒപ്പം, യേശുവിന്‍റെ ധീര സാക്ഷികളായിത്തീരാനുള്ള ശക്തി പരിശുദ്ധാരൂപിയോട് അപേക്ഷിക്കാനും മാര്‍പ്പാപ്പാ എല്ലാവരെയും ക്ഷണിക്കുകയും ചെയ്തു.

09 January 2019, 12:40