Cerca

Vatican News
Pope Francis to Policticians of the nations പാപ്പാ ഫ്രാന്‍സിസ് രാഷ്ട്രങ്ങളോടും രാഷ്ട്രീയക്കാരോടും 

“നന്മയുള്ള രാഷ്ട്രീയം സമാധാന സേവനത്തിന്…!”

പാപ്പാ ഫ്രാന്‍സിസ് 2019 ജനുവരി 1-ന് പ്രബോധിപ്പിച്ച 52-‍Ɔമത് ലോക സമാധനാദിന സന്ദേശം :

പരിഭാഷ : ജോബ് നെല്ലിക്കല്‍

1. “ഈ ഭവനത്തില്‍ സമാധാനമുണ്ടാവട്ടെ!”
തന്‍റെ ശിഷ്യന്മാരെ സുവിശേഷദൗത്യവുമായി യേശു പറഞ്ഞയച്ചപ്പോള്‍ അവിടുന്ന് അവരോട് പറഞ്ഞു, “നിങ്ങള്‍ ഏതു ഭവനത്തില്‍ പ്രവേശിച്ചാലും ആ ഭവനത്തിന് ആദ്യമേ സമാധാനം ആശംസിക്കണം. സമാധാനത്തിന്‍റെ പുത്രന്‍ അവിടെയുണ്ടെങ്കില്‍ അവരില്‍ സമാധാനം  കുടികൊള്ളും. ഇല്ലെങ്കില്‍ അതു നിങ്ങളിലേയ്ക്കു മടങ്ങും”  (ലൂക്കാ 10, 5, 6).
സമാധാനം സ്ഥാപിക്കലാണ് ക്രിസ്തുശിഷ്യരുടെ പ്രധാന ദൗത്യം. മാനവ ചരിത്രത്തില്‍ ഇന്നു രേഖപ്പെടുത്തുന്ന അക്രമങ്ങളുടെയും ദുരന്തങ്ങളുടെയും മദ്ധ്യേ സമാധാനം കാംക്ഷിക്കുന്ന എല്ലാ സ്ത്രീ പുരുഷന്മാര്‍ക്കും ക്രിസ്തു ഇന്നും സമാധാനം ആശംസിക്കുന്നുണ്ട്!(1) യേശു അന്ന് പരാമര്‍ശിച്ച ആ ‘ഭവനം’, ഇന്നു സമാധാനത്തിനായി കേഴുന്ന നമ്മുടെ കുടുംബങ്ങളും സമൂഹങ്ങളും രാജ്യവും ഭൂഖണ്ഡവും അതിന്‍റെ ചരിത്ര വൈവധ്യങ്ങളില്‍ പ്രതിനിധീകരിക്കപ്പെടുന്നു. അവിടെ വിവേചനമോ വകഭേദമോ ഇല്ലാതെ ഓരോ വ്യക്തിയും ജീവിക്കണമെന്നത് പ്രഥമ പ്രധാനമാണ്. അതുപോലെതന്നെ ഈ അസ്വസ്ഥത നിറഞ്ഞ ഭവനം നമ്മുടെ പൊതുഭവനമായ ഭൂമിയാണ്.

ഈ പൊതുഭവനം പരിരക്ഷിക്കാനും വളര്‍ത്തിയെടുക്കാനുമായി ദൈവം നമ്മെ അതില്‍ കുടിയിരുത്തിയതാണ്. അതുകൊണ്ട് നിങ്ങള്‍ക്കുള്ള  ഈ വര്‍ഷത്തെ എന്‍റെ ആശംസ, “ഈ ഭവനത്തില്‍ സമാധാനം ഉണ്ടാകട്ടെ! ലോകത്ത് സമാധാനം വളരട്ടെ”യെന്നാണ്.

2. നന്മയുള്ള രാഷ്ട്രീയം ഒരു വെല്ലുവിളി
കവി ചാള്‍സ് പേഗയ് ആഘോഷിച്ച പ്രതീക്ഷ അല്ലെങ്കില്‍ പ്രത്യാശപോലെയാണ് സമാധാനം.(2) അക്രമത്തിന്‍റെ ശിലാഭൂമിയില്‍ മൊട്ടിട്ടു വിടരാന്‍ വെമ്പുന്ന ഒരു മൃദുപുഷ്പംപോലെയാണത്. എന്തു വിലകൊടുത്തും അധികാരത്തിനായുള്ള ദാഹം അനീതികളിലേയ്ക്കും ദ്രോഹങ്ങളിലേയ്ക്കുമേ നയിക്കുകയുള്ളൂ എന്ന് നമുക്ക് അറിയാം. സമൂഹവും സ്ഥാപനങ്ങളും വളര്‍ത്തിയെടുക്കാന്‍ നല്ല രാഷ്ട്രീയം അത്യന്താപേക്ഷിതമാണ്. അതിനാല്‍ സാമൂഹ്യ സേവനത്തിനുള്ള ഉപാധിയായി മൊത്തത്തില്‍ രാഷ്ട്രീയ ജീവിതത്തെ കണ്ടില്ലെങ്കില്‍ അടിച്ചമര്‍ത്തുന്നതിനും പാര്‍ശ്വവത്ക്കരിക്കുന്നതിനും, എന്തിന് നശിപ്പിക്കുവാന്‍ പോലുമുള്ള ഉപാധിയായി അത് മാറും.

യേശു നമ്മോടു പറയുന്നു, “മുമ്പനാകാന്‍ ആരെങ്കിലും ആഗ്രഹിക്കുന്നുവെങ്കില്‍, എല്ലാവരെക്കാളും അവസാനവും എല്ലാവരുടേയും ദാസനും ആയിത്തീരണം അയാള്‍!” (മര്‍ക്കോസ് 9, 35). പോള്‍ ആറാമന്‍ പാപ്പായുടെ വാക്കുകളില്‍, “തദ്ദേശീയവും പ്രാദേശികവും ദേശീയവും അന്തര്‍ദേശീയവുമായ വ്യത്യസ്ത തലങ്ങളില്‍ രാഷ്ട്രീയത്തെ ഗൗരവമായെടുക്കുക എന്നാല്‍ ഒരേസമയം നഗരത്തിന്‍റേയും രാഷ്ട്രത്തിന്‍റേയും നന്മയ്ക്കായി പ്രവര്‍ത്തിക്കുവാനുള്ള ഓരോ വ്യക്തിയുടെയും കടമയായി അംഗീകരിക്കുക.”(3)

രാഷ്ട്രീയ അധികാരവും രാഷ്ട്രീയ ഉത്തരവാദിത്വവും നിരന്തരം വെല്ലുവിളിക്കപ്പെടുന്നുണ്ട്. അതിനാല്‍ ഒരു രാജ്യത്തു ജീവിക്കുന്നവരുടെ അര്‍ത്ഥവത്തും നീതിയുക്തവുമായ ഭാവി സൃഷ്ടിക്കുവാന്‍ എല്ലാത്തരത്തിലും യത്നിക്കുക എന്നത് രാഷ്ട്രസേവനത്തിനായി വിളിക്കപ്പെടുന്നവരുടെ കടമയാണ്.

3.  ഉപവിയും മാനുഷിക മൂല്യങ്ങളും :  സമാധാനത്തെയും മനുഷ്യാവകാശങ്ങളെയും സേവിക്കുന്ന രാഷ്ട്രീയത്തിന്‍റെ അടിസ്ഥാനം

ബെനഡ്ക്ട് 16-Ɔമന്‍ പാപ്പാ ഇങ്ങനെ രേഖപ്പെടുത്തിയിട്ടുണ്ട് :
“ജനങ്ങളില്‍ കയ്യാളുന്ന സ്വാധീനത്തിന്‍റെയും ദൈവവിളിയുടെയും അനുപാതത്തിന് അനുസരണമായി ഓരോ ക്രൈസ്തവനും തന്‍റെ ജീവിതചുറ്റുപാടുകളില്‍ സ്നേഹത്തോടെ ജീവിക്കാന്‍ വിളിക്കപ്പെട്ടിരിക്കുന്നു. സ്നേഹത്താല്‍ പ്രചോദിതരാകുമ്പോള്‍ പൊതുനന്മയോടുള്ള പ്രതിബദ്ധതയ്ക്ക് മതനിരപേക്ഷമായ വെറും രാഷ്ട്രീയ നിലപാടിനെക്കാള്‍ വിലയുണ്ടാകും. മനുഷ്യരുടെ ഭൂമിയിലെ പ്രവര്‍ത്തനങ്ങള്‍ സ്നേഹത്താല്‍ പ്രചോദിതമായി നിലനില്ക്കുമ്പോള്‍ വിശ്വവ്യാപകമായ ദൈവികനഗരം (the Universal City of God) നിര്‍മ്മിക്കപ്പെടുവാന്‍ ഇടയാകും.”(4)
ഇതാണ് മാനവിക കുടുംബത്തിന്‍റെ ചരിത്രനിയോഗം. ഏതൊരു സംസ്കാരത്തിന്‍റെയും പ്രദേശത്തിന്‍റെയും പ്രതിനിധിയാണെങ്കിലും എല്ലാ രാഷ്ട്രീയക്കാരും അംഗീകരിക്കുന്ന, മാനവിക കുടുംബത്തിന്‍റെ  പൊതുനന്മയ്ക്കായി ഒത്തുചേര്‍ന്ന് പ്രവര്‍ത്തിക്കുവാനുള്ള ആഗ്രഹമാണ് യഥാര്‍ത്ഥ രാഷ്ട്രീയം. എല്ലാ നല്ല രാഷ്ട്രീയ പ്രവര്‍ത്തനത്തെയും നിലനിര്‍ത്തുന്നത് മാനുഷിക മൂല്യങ്ങളായ നീതി, സമത്വം, പരസ്പര ബഹുമാനം, ആത്മാര്‍ത്ഥത, സത്യസന്ധത, വിശ്വസ്തത എന്നിവയാണ്.

ഈ പരിഗണനയില്‍, 2002-ല്‍ ദിവംഗതനായ സുവിശേഷത്തിന്‍റെ വിശ്വസ്ത സാക്ഷിയായിരുന്ന വിയറ്റ്നാമിലെ കര്‍ദ്ദിനാള്‍ ഫ്രാന്‍സിസ് സേവ്യര്‍ വാന്‍ ത്വാന്‍ മുന്നോട്ടുവെച്ച “രാഷ്ട്രീയക്കാരന്‍റെ അഷ്ടഭാഗ്യങ്ങള്‍” ഓര്‍മ്മിക്കുന്നത് സഹായകരമാകും :
1. സ്വന്തം കടമയെക്കുറിച്ച് ആഴത്തിലുള്ള ധാരണയും ഉയര്‍ന്ന ബോധ്യവുമുള്ള  
രാഷ്ട്രീയക്കാരന്‍ അനുഗൃഹീതനാകുന്നു.
2. വിശ്വസ്തനായ രാഷ്ട്രീയക്കാരന്‍ അനുഗൃഹീതനാകുന്നു.
3. സ്വന്തം കാര്യങ്ങള്‍ക്കല്ലാതെ പൊതുനന്മയ്ക്കായി പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയക്കാരന്‍ അനുഗൃഹീതനാകുന്നു.
4. സ്ഥിരപ്രജ്ഞനായ രാഷ്ട്രീയക്കാരന്‍ അനുഗൃഹീതനാകുന്നു.
5. ഐക്യത്തിനായി പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയക്കാരന്‍ അനുഗൃഹീതനാകുന്നു.
6. ക്രിയാത്മകമായ മാറ്റം കൈവരുത്താന്‍ യത്നിക്കുന്ന രാഷ്ട്രീയക്കാരന്‍ അനുഗൃഹീതനാകുന്നു.
7. ജനങ്ങളെ ശ്രദ്ധാപൂര്‍വ്വം കേള്‍ക്കുവാന്‍ തയ്യാറാകുന്ന രാഷ്ട്രീയക്കാരന്‍ അനുഗൃഹീതനാകുന്നു. 8. 8. നിര്‍ഭയനായ രാഷ്ട്രീയക്കാരന്‍ അനുഗൃഹീതനാകുന്നു.(5)

ഓരോ തിരഞ്ഞെടുപ്പും പുനര്‍തിരഞ്ഞെടുപ്പും പൊതുജീവിതത്തിന്‍റെ ഓരോ ഘട്ടവും നിയമത്തെയും നീതിയെയും പ്രചോദിപ്പിക്കുന്ന മൗലിക സംഗതികളിലേയ്ക്ക് തിരിച്ചെത്തുവാനുള്ള അവസരമാണ്. ഒരു കാര്യം സുനിശ്ചിതമാണ്, നന്മയുള്ള രാഷ്ട്രീയം സമാധാനത്തിന്‍റെ സേവനത്തിനുള്ളതാണ്. അത് അടിസ്ഥാനപരമായി മനുഷ്യാവകാശങ്ങളെ ബഹുമാനിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഒപ്പം, അത് പരസ്പരമുള്ള കടപ്പാടില്‍ അധിഷ്ഠിതമായ കൂറും വിശ്വാസവും ഇന്നിന്‍റെ തലമുറയും വരുംകാല തലമുറയും തമ്മില്‍ വളര്‍ത്തിയെടുക്കുന്നു.  

4. രാഷ്ട്രീയ തിന്മകള്‍
സാമൂഹ്യ വ്യവസ്ഥിതിയുടെയും അതിന്‍റെ സ്ഥാപനങ്ങളുടെയും പാളിച്ചകളാലോ, വ്യക്തിപരമായ കഴിവുകേടുകളാലോ, രാഷ്ട്രീയത്തിനു അതിന്‍റെ നന്മകള്‍ക്കൊപ്പം തന്നെ തിന്മകളുമുണ്ടെന്നത് ദുഃഖകരമാണ്. ഈ തിന്മകള്‍ രാഷ്ട്രീയ ജീവിതത്തിന്‍റെ മൊത്തത്തിലുള്ള വിശ്വാസ്യതയ്ക്ക് ഭംഗം വരുത്തുന്നതിനൊപ്പം, അതില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ അധികാരത്തെയും തീരുമാനങ്ങളെയും പ്രവൃത്തികളെയും ബാധിക്കുന്നു. യഥാര്‍ത്ഥമായ ജനാധിപത്യത്തിന്‍റെ ആദര്‍ശങ്ങളെ തമസ്ക്കരിക്കുന്ന ഈ തിന്മകള്‍ പൊതുജീവിതത്തിന് അപമാനം വരുത്തുകയും സാമൂഹിക രഞ്ജിപ്പിനു ഭീഷണിയാവുകയും ചെയ്യുന്നു. അഴിമതിയെക്കുറിച്ച് നമ്മള്‍ ചിന്തിക്കുന്നത് അതിന്‍റെ വിവിധ രൂപങ്ങളിലാണ്. പൊതുസമ്പത്ത് കവര്‍ന്നെടുക്കല്‍, വ്യക്തികളെ ചൂഷണം ചെയ്യല്‍, അവകാശങ്ങള്‍‍ നിഷേധിക്കല്‍, സാമൂഹ്യനിയമങ്ങളെ നിരാകരിക്കല്‍, വഞ്ചനയിലൂടെ നേട്ടമുണ്ടാക്കല്‍, ശക്തി ഉപയോഗിച്ച് അധികാരം വിട്ടൊഴിയാന്‍ വിസമ്മതിക്കല്‍ എന്നിവയെല്ലാം അതില്‍പ്പെടും.
വംശീയത, വിദ്വേഷം പടര്‍ത്തല്‍, പ്രകൃതിയോടും പരിസ്ഥിതിയോടുമുള്ള അവഗണന, ക്ഷണിക ലാഭത്തിനായി പ്രകൃതി വിഭവങ്ങളെ കൊള്ളയടിക്കല്‍, നാടുവിടാന്‍ നിര്‍ബന്ധിതരായ കുടിയിറക്കപ്പെട്ട അഭയാര്‍ത്ഥികളോടുള്ള അവജ്ഞ എന്നിവയും ഇവയോട് കൂട്ടിച്ചേര്‍ക്കാവുന്നതാണ്.

5. നന്മയുള്ള രാഷ്ട്രീയം യുവജനങ്ങളുടെ പങ്കാളിത്തവും  
മറ്റുള്ളവരില്‍ അവര്‍ക്കുള്ള വിശ്വാസവും വളര്‍ത്തുന്നു

രാഷ്ട്രീയ അധികാരത്തിന്‍റെ വിനിയോഗം സൗഭാഗ്യവാന്മാരായ ചിലരെ മാത്രം സംരക്ഷിക്കുക എന്നു ഉദ്ദേശിച്ചാകുമ്പോള്‍, നാടിന്‍റെ ഭാവി ബലികഴിക്കപ്പെടുകയും യുവജനങ്ങളുടെ ആത്മവിശ്വാസം നശിപ്പിക്കപ്പെടുകയും ചെയ്യും. കാരണം സമൂഹത്തിന്‍റെ അതിരുകളിലേയ്ക്ക് പിന്‍തള്ളപ്പെടുന്ന അവര്‍ ഭാവി നിര്‍മ്മാണത്തില്‍ സഹായിക്കേണ്ടുന്ന സാദ്ധ്യതകളില്‍നിന്ന് അകന്നുപോകുന്നു. എന്നാല്‍ രാഷ്ട്രീയം യുവജനങ്ങളുടെ സിദ്ധികളെയും അഭിലാഷങ്ങളെയും പരിപോഷിപ്പിക്കുമ്പോള്‍ അവരുടെ മുഖത്തും വീക്ഷണങ്ങളിലും സമാധാനം വിടരുന്നു. പൊതുനന്മയ്ക്കുവേണ്ടി “നമുക്ക് ഒരുമിച്ച് പ്രവര്‍‍ത്തിക്കാം, ഞാന്‍ നിങ്ങളില്‍ വിശ്വസിക്കുന്നു,” എന്നു പറയുന്നത് ആത്മവിശ്വാസം പകരുന്ന ഉറപ്പാണ്. ഓരോ വ്യക്തിയുടെ കഴിവുകളെയും സിദ്ധികളെയും അംഗീകരിക്കുവാന്‍ സാധിക്കണമെങ്കില്‍ രാഷ്ട്രീയം സമാധാനത്തിന്‍റെ പാതയിലും സേവനത്തിലുമായിരിക്കണം. “വിടര്‍ന്ന കരവലയത്തെക്കാള്‍ മനോഹരമായി എന്താണുള്ളത്?  സഹോദരങ്ങള്‍ക്കു നല്കാനും ഒപ്പം അവരെ സ്വീകരിക്കുവാനുമുള്ള മനസ്ഥിതിയാണ്  ദൈവം അതിലൂടെ അര്‍ത്ഥമാക്കുന്നത്. സഹോദരങ്ങളെ നിഗ്രഹിക്കാനോ, അവരെ യാതനകള്‍                            ഏല്പിക്കാനോ ദൈവം ആഗ്രഹിക്കുന്നില്ല, മറിച്ച് ജീവിതത്തില്‍ അവനെയും അവളെയും സഹായിക്കുവാനും പരിരക്ഷിക്കുവാനുമാണ് അവിടുന്ന് ആഗ്രഹിക്കുന്നത് (ഉല്പത്തി 4, 1ff). നമ്മുടെ ബുദ്ധിയും ഹൃദയവും പരിശ്രമങ്ങളുമായി കൂട്ടിയിണക്കിയാല്‍ അവ സംവാദത്തിന്‍റെ ഉപാധികളാകും.”(6)

പൊതുഭവനം നിര്‍മ്മിക്കാന്‍ എല്ലാവര്‍ക്കും, അവള്‍ക്കും അവനും തന്‍റേതായി ഒരു കല്ലെങ്കിലും സംഭാവനയായി നല്കാം. യഥാര്‍ത്ഥമായ രാഷ്ട്രീയ ജീവിതം ന്യായത്തില്‍ അധിഷ്ഠിതവും വ്യക്തികള്‍ തമ്മിലുള്ള ആത്മാര്‍ത്ഥവും തുറവുള്ളതുമായ ബന്ധത്തില്‍ ഉറപ്പിച്ചിരിക്കുന്നതുമാണ്. ഓരോ തലമുറയും ഓരോ പുരുഷനും സ്ത്രീയും ധിഷണാപരവും സാംസ്കാരികവും ആത്മീയവുമായ നവോര്‍ജ്ജത്തിന്‍റെ വാഗാദാനം കൊണ്ടുവരുമെന്ന് നമുക്കു വിശ്വസിക്കാം. എന്നാല്‍ അത്തരം വിശ്വാസം എളുപ്പത്തില്‍ ആര്‍ജ്ജിക്കാന്‍ സാധിക്കുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. കാരണം മാനുഷിക ബന്ധങ്ങള്‍ സങ്കീര്‍ണ്ണമാണ്, പ്രത്യേകിച്ചും നമ്മുടെ കാലഘട്ടത്തിലാണ്. അവനവന്‍റെ വ്യക്തിപരമായ സുരക്ഷിതത്വത്തെക്കുറിച്ചുള്ള ഉല്‍ക്കണ്ഠയും, അപരിചിതരെയോ അപരനെയോ കുറിച്ചുള്ള
ഭയത്തില്‍ ഊന്നിയ അവിശ്വാസത്തിന്‍റെ കാലത്താണ് നമ്മള്‍ ജീവിക്കുന്നത്. ദുഃഖകരമെന്നു പറയട്ടെ, രാഷ്ട്രീയതലത്തില്‍ കാണപ്പെടുന്നത് ആഗോളവത്ക്കരിക്കപ്പെട്ട ലോകത്ത് ഇന്ന് വേണ്ടുന്ന ധന്യമായ സാഹോദര്യത്തെ ചോദ്യംചെയ്യുന്ന തരത്തിലുള്ള ദേശീയ ബോധവും, സ്വന്തം സുരക്ഷയോര്‍ത്ത്, അപരിചിതരായവരെ പാര്‍ശ്വവത്ക്കരിക്കുകയോ, പരിത്യജിക്കുകയോ ചെയ്യുന്ന നിരാസവുമാണ്. എന്നത്തെക്കാളും ഉപരി ഇന്ന് നമ്മുടെ സമൂഹങ്ങള്‍ക്ക് സമാധാന ശില്പികളെ ആവശ്യമുണ്ട്. മാനവിക കുടുംബത്തിന്‍റെ സന്തോഷവും നന്മയും ഇച്ഛിക്കുന്ന ദൈവപിതാവിന്‍റെ യഥാര്‍ത്ഥ സാക്ഷികളും സന്ദേശവാഹകരുമായിരിക്കും അവര്‍.

6. യുദ്ധത്തോടും ഭീതിയുടെ തന്ത്രത്തോടും അരുതു പറയുക

ഒന്നാം ലോകയുദ്ധം അവസാനിച്ചിട്ടു നൂറുവര്‍ഷം കഴിയുമ്പോള്‍ സമരമുഖത്ത് കൊല്ലപ്പെട്ട യുവജനങ്ങളേയും യുദ്ധക്കെടുതിയില്‍ ഛിന്നഭിന്നരായ ജനതകളേയും നമ്മള്‍ ഓര്‍മ്മിക്കുമ്പോള്‍, യുദ്ധങ്ങള്‍ പഠിപ്പിച്ച സഹോദരഹത്യാപരവും ഭയാനകവുമായ പാഠങ്ങളെക്കുറിച്ച് നാം ഏറെ ബോധവാന്മാരാണ്. അധികാരവും ഭീതിയും തമ്മിലുള്ള സന്തുലനം മാത്രമായി സമാധാനത്തെ തരംതാഴ്ത്തി കാണാനാവില്ല. മറ്റുള്ളവരെ ഭീഷണിപ്പെടുത്തുമ്പോള്‍ അവരുടെ അന്തസ്സിനെ നിഷേധിക്കുകയും, വെറും വസ്തുക്കളായി അവരെ തരംതാഴ്ത്തുകയുമാണ് ചെയ്യുന്നത്. ഇതുകൊണ്ടാണ് ഒരിക്കല്‍ക്കൂടി നമ്മള്‍ പറയുന്നത് ഏറ്റുമുട്ടലുകളുടെ വ്യാപനവും ആയുധങ്ങളുടെ അനിയന്ത്രിതമായ പെരുകലും യഥാര്‍ത്ഥ സമാധാനത്തിനായുള്ള അന്വേഷണത്തിനും ധാര്‍മ്മികതയ്ക്കും കടകവിരുദ്ധമാണ്. ഏറ്റവും ദുര്‍ബല വിഭാഗങ്ങള്‍ക്കുമേല്‍ അക്രമം അഴിച്ചുവിടുമ്പോള്‍, ശാന്തിയുള്ള ഇടം തേടി പോകുവാന്‍ മുഴുവന്‍ ജനതയും നിര്‍ബന്ധിതരാകുന്നു. എല്ലാ തിന്മകള്‍ക്കും, എന്തിനും ഏതിനും കുടിയേറ്റക്കാരെ പഴിപറയുന്ന പ്രവണതയും, പാവങ്ങള്‍ക്ക് പ്രതീക്ഷ നിഷേധിക്കുന്നതുമായ രാഷ്ട്രീയ ആഹ്വാനങ്ങളും നിലപാടുകളും സ്വീകാര്യമല്ല. മറിച്ച്, ഉറപ്പുവരുത്താന്‍ ശ്രമിക്കുന്ന സമാധാനം ഓരോ വ്യക്തിയോടുമുള്ള ബഹുമാനത്തില്‍ അധിഷ്ഠിതമായിരിക്കണം. ആ വ്യക്തിയുടെ പശ്ചാത്തലം എന്തുതന്നെയായാലും, പൊതുനന്മയുടേയും നിയമത്തിന്‍റേയും കാര്യത്തിലായാലും, നമ്മെ ഭരമേല്പിച്ചിരിക്കുന്ന പരിസ്ഥിതിയോടുള്ള കരുതലില്‍ ആയാലും, മുന്‍തലമുറകളില്‍നിന്ന് പരമ്പരാഗതമായി ലഭിച്ച ധാര്‍മ്മികതയുടെ സമ്പന്നതയിലായാലും എല്ലാം സമാധാനത്തില്‍ ഊട്ടിയുറപ്പിക്കപ്പെടേണ്ടതാണ്.

നിലവില്‍ സംഘര്‍ഷ മേഖലകളില്‍ ജീവിക്കുന്ന കുട്ടികളുടെ കാര്യത്തിലായാലും, അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും ജീവിതത്തെ പിന്‍തുണയ്ക്കുന്നതിനും യത്നിക്കുന്നവരുടെ കാര്യത്തിലായാലും നമ്മുടെ ചിന്ത ഒരു പ്രത്യേക രീതിയിലാണ് തിരിയുന്നത്. സായുധ സംഘങ്ങളുടെ തടവുകാരല്ലെങ്കിലും, കുട്ടിപ്പട്ടാളങ്ങളില്‍ അണിചേര്‍ക്കപ്പെട്ടവരല്ലെങ്കിലും, ലോകത്തിലിന്ന് ആറില്‍ ഒന്ന് എന്ന കണക്കില്‍ കുട്ടികള്‍ യുദ്ധക്കെടുതികള്‍ക്കും അക്രമങ്ങള്‍ക്കും ഇരകളാകുന്നുണ്ട്. അവരുടെ അന്തസ്സും ജീവിതവും പ്രതിരോധിക്കുവാനായി പ്രവര്‍ത്തിക്കുന്നവരുടെ സാക്ഷ്യം മാനവരാശിയുടെ ഭാവിക്ക് അമൂല്യമാണ്.

7. സമാധാനത്തിന്‍റെ ഒരു മഹത്പദ്ധതി
രണ്ടാം ലോകയുദ്ധത്തെ തുടര്‍ന്ന് രൂപീകരിക്കപ്പെട്ട മനുഷ്യാവകാശങ്ങളുടെ സാര്‍വ്വലൗകിക പ്രഖ്യാപനത്തിന്‍റെ 70-Ɔο വാര്‍ഷികം നമ്മള്‍ ഈ ദിവസങ്ങളില്‍ ആഘോഷിക്കുകയുണ്ടായി. വിശുദ്ധനായ ജോണ്‍ 23-Ɔമന്‍ പാപ്പായുടെ നിരീക്ഷ​ണം ഇവിടെ ശ്രദ്ധേയമാണ്, “അവകാശങ്ങളെക്കുറിച്ചുള്ള മനുഷ്യന്‍റെ അവബോധം, അവന്‍റെ കടമകള്‍ അംഗീകരിക്കുന്നതിലേയ്ക്കാണ് അനിവാര്യമായും നയിക്കേണ്ടത്. അവകാശങ്ങള്‍ കയ്യാളുമ്പോള്‍ നടപ്പില്‍വരുത്താനുള്ള കടമയും അതില്‍ ഉള്‍ക്കൊള്ളുന്നു, കാരണം മനുഷ്യന്‍റെ വ്യക്തിപരമായ അന്തസ്സിന്‍റെ പ്രകാശനമാണ്. അവകാശങ്ങള്‍ സ്വന്തമാക്കുമ്പോള്‍ മറ്റുള്ളവര്‍ക്ക് അവയോടുള്ള ​അംഗീകാരവും ബഹുമാനവുംകൂടി ഉള്‍പ്പെടേണ്ടതാണ്.”(7)

ഫലത്തില്‍ സമാധാനം മാനവരാശിയുടെ പരസ്പരാശ്രിതത്വത്തിലും, ഉത്തരാവാദിത്വത്തിലും അധിഷ്ഠിതമായ ഒരു ബൃഹത്തായ രാഷ്ട്രീയപദ്ധതിയുടെ ഉല്പന്നമാണ്. നിരന്തരം പുനര്‍നവീകരണം ആവശ്യപ്പെടുന്ന ഒരു വെല്ലുവിളി കൂടിയാണത്. നല്ല രാഷ്ട്രീയം ഹൃദയത്തിന്‍റേയും ആത്മാവിന്‍റേയും ആന്തരികവും സാമൂഹികവുമായ പരിവര്‍ത്തനം ആവശ്യപ്പെടുന്നു. അവിഭാജ്യമായ മൂന്ന് ഘടകങ്ങള്‍ അതിനുണ്ട്:

-   കാര്‍ക്കശ്യവും വിദ്വേഷവും അക്ഷമയും നിരാകരിച്ചുകൊണ്ട് സ്വയം സമാധാനം കണ്ടെത്തുക. വിശുദ്ധ ഫ്രാന്‍സിസ് സാലസിന്‍റെ വാക്കുകളില്‍ പറഞ്ഞാല്‍, “തന്നോടുതന്നെ അല്പം മാധുര്യം കാണിക്കുക. എന്നാല്‍ “മറ്റുള്ളവരോടും മധുരമായി ഇടപെടാം.”

-   മറ്റുള്ളവരോടു സമാധാനം പുലര്‍ത്തുക :  കുടുംബാംഗങ്ങള്‍, സുഹൃത്തുക്കള്‍, അപരിചിതര്‍, യാതന അനുഭവിക്കുന്നവര്‍, പാവങ്ങള്‍ തുടങ്ങിയവരെ അഭിമുഖീകരിക്കുന്നതിലും ശ്രദ്ധിക്കുന്നതിലും, അവര്‍ക്കു പറയാനുള്ളത് ശ്രവിക്കുന്നതിലും നിര്‍ഭയരായിരിക്കുക.

-   എല്ലാ സൃഷ്ടികളോടും സമാധാനത്തില്‍ വര്‍ത്തിക്കുക :
ദൈവത്തിന്‍റെ ദാനങ്ങളുടെ മഹത്വം പുനരന്വേഷിക്കുകയും ഇഹലോകത്തിലെ നിവാസികളും പൗരന്മാരും ഭാവിയുടെ നിര്‍മ്മാതാക്കളും എന്ന നിലയില്‍ കൂട്ടുത്തരവാദിത്വത്തോടെ സ്വയം പുനര്‍നവീകരിക്കുക.

സമാധാനത്തിന്‍റെ രാഷ്ട്രീയം മാനുഷിക ദൗര്‍ബല്യങ്ങളുടെ എല്ലാ പരിതസ്ഥിതികളെക്കുറിച്ചും അവബോധമുള്ളതും, അതില്‍ ഉല്‍ക്കണ്ഠയുള്ളതുമാണ്. രക്ഷകനായ യേശുവിന്‍റെ അമ്മയും സമാധാനരാജ്ഞിയുമായ പരിശുദ്ധ കന്യകാമറിയം സകല മാനവരാശിയുടെയും നാമത്തില്‍ ആലപിച്ച സ്തോത്രഗീതത്തിന്‍റെ (Magnificat) പ്രചോദനം ഉള്‍ക്കൊള്ളാം.
“ഭക്തരുടെമേല്‍ തലമുറകള്‍ തോറും അവിടുന്നു കരുണവര്‍ഷിക്കും;
അവിടുന്നു തന്‍റെ ഭുജംകൊണ്ട് ശക്തി പ്രകടിപ്പിച്ചു.
ഹൃദയവിചാരത്തില്‍ അഹങ്കരിക്കുന്നവരെ അവിടുന്നു ചിതറിച്ചു.
ശക്തന്മാരെ സിംഹാസനത്തില്‍നിന്നും മറിച്ചിട്ടു, എളിയവരെ ഉയര്‍ത്തി.
വിശക്കുന്നവരെ വിശിഷ്ടവിഭവങ്ങള്‍കൊണ്ട് സംതൃപ്തരാക്കി,
സമ്പന്നരെ വെറുംകൈയോടെ പറഞ്ഞയച്ചു." (ലൂക്കാ 1, 50-55).

2018 ഡിസംബര്‍ 8
വത്തിക്കാനില്‍നിന്നും                                                                               + പാപ്പാ ഫ്രാന്‍സിസ്


Footnotes :

[1] Cf. Lk 2:14: “Glory to God in the highest, and on earth peace among men with whom he is pleased”.

[2] Cf. Le Porche du mystère de la deuxième vertu, Paris, 1986.

[3] Apostolic Letter Octogesima Adveniens (14 May 1971), 46.

[4] Encyclical Letter Caritas in Veritate (29 June 2009), 7.

[5] Cf. Address at the “Civitas” Exhibition-Convention in Padua: “30 Giorni”, no. 5, 2002.

[6] BENEDICT XVI, Address to the Authorities of Benin, Cotonou, 19 November 2011.

[7] Encyclical Letter Pacem in Terris (11 April 1963), ed. Carlen, 24.

Original text released by the Dicastery for Communication of Vatican translated by Job Nellikal.
Link for original text in English :
https://press.vatican.va/content/salastampa/en/bollettino/pubblico/2018/12/18/181218a.html

20 January 2019, 16:52