തിരയുക

Vatican News
പാനമയില്‍, ലോക യുവജനദിനോത്സവത്തില്‍ പങ്കെടുക്കുന്ന യുവജനം ഫ്രാന്‍സീസ് പാപ്പായുമൊത്തു നയിച്ച കുരിശിന്‍റെ വഴിയുടെ ഒരു ദൃശ്യം-25/01/19 പാനമയില്‍, ലോക യുവജനദിനോത്സവത്തില്‍ പങ്കെടുക്കുന്ന യുവജനം ഫ്രാന്‍സീസ് പാപ്പായുമൊത്തു നയിച്ച കുരിശിന്‍റെ വഴിയുടെ ഒരു ദൃശ്യം-25/01/19  (Vatican Media)

ഇന്നും കുരിശു ചുമക്കുന്ന യേശു!

കാല്‍വരിയിലേക്കുള്ള യേശുവിന്‍റെ യാത്ര, നമ്മുടെ ഈ കാലഘട്ടത്തിലും തുടരുന്ന, സഹനത്തിന്‍റെയും ഏകാന്തയുടെയുമാണ്.... പരിശുദ്ധ കന്യകാമറിയത്തെ പോലെ കുരിശിന്‍റെ ചുവട്ടില്‍ നില്ക്കാനുള്ള ധൈര്യം നമുക്കുണ്ടോ? ഫ്രാന്‍സീസ് പാപ്പാ യുജനത്തോടൊപ്പം നയിച്ച കുരിശിന്‍റെ വഴിയില്‍ നടത്തിയ വിചിന്തനത്തില്‍ നിന്ന്.

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

പാനമയില്‍ പാപ്പായോടൊപ്പം യുവജനങ്ങള്‍ നടത്തിയ കുരിശിന്‍റെ വഴിയില്‍ പാപ്പാ പങ്കുവച്ച ചിന്തകളിലെ പ്രസക്തഭാഗങ്ങള്‍

കര്‍ത്താവേ, കാരുണ്യവാനായ പിതാവേ, “സിന്ത കൊസ്തേര”യില്‍, ലോകം മുഴുവനിലും നിന്നെത്തിയ നിരവധിയായ യുവജനവുമൊത്ത് ഞങ്ങള്‍ അങ്ങയുടെ സുതനെ കുരിശിന്‍റെ വഴിയില്‍ അനുഗമിച്ചു; അങ്ങു ഞങ്ങളെ എത്രയധികമായി സ്നേഹിക്കുന്നു എന്നും ഞങ്ങ‌ളുടെ ജീവിതത്തില്‍ അങ്ങ് എത്രമാത്രം കരുതലുള്ളവനാണെന്നും കാണിച്ചുതരുന്നതിനാണ് അങ്ങയുടെ പുത്രന്‍ ഞങ്ങള്‍ക്കുവേണ്ടി കുരിശിന്‍റെ വഴിയില്‍ ചരിച്ചത്.

കാല്‍വരിയിലേക്കുള്ള യേശുവിന്‍റെ യാത്ര, നമ്മുടെ ഈ കാലഘട്ടത്തിലും തുടരുന്ന, സഹനത്തിന്‍റെയും ഏകാന്തയുടെയുമാണ്. ഉപയോഗിക്കുകയും ഇല്ലാതായിക്കൊണ്ടിരിക്കുകയും സഹോദരങ്ങളുടെ വേദനയില്‍ അവരെ അവഗണിക്കുകയും ചെയ്യുന്ന നമ്മുടെ സമൂഹത്തിന്‍റെ അലംഭാവമാര്‍ന്നതും മരവിപ്പിക്കുന്നതുമായ നിസ്സംഗതയാല്‍ യാതനകളനുഭവിക്കുന്ന നിരവധിയായ വദനങ്ങളില്‍ അവിടന്ന് നടന്നു നീങ്ങുകയും സഹനമനുഭവിക്കുകയും ചെയ്യുന്നു.

നിന്‍റെ സുഹൃത്തുക്കളായ ഞങ്ങളും, കര്‍ത്താവേ, നിര്‍വ്വികാരതയ്ക്കും നിഷ്ക്രിയത്വത്തിനും കീഴ്പ്പെടുന്നു. നിരവധി തവണ, യാഥാസ്ഥിതികത്വം ഞങ്ങളെ പരാജിതരാക്കുകയും തളര്‍ത്തുകയും ചെയ്തു. വേദനിക്കുന്ന സഹോദരനില്‍ നിന്നെ തിരിച്ചറിയുക ആയസകരമായി അനുഭവപ്പെട്ടു. കാണാതിരിക്കുന്നതിന് ഞങ്ങള്‍ മുഖം തിരിച്ചു; കേള്‍ക്കാതിരിക്കുന്നതിന്, കോലാഹലങ്ങളില്‍ ഞങ്ങള്‍ അഭയം തേടി; നലിവിളിക്കാതിരിക്കുന്നതിന് ഞങ്ങള്‍ വായ് പൊത്തി.

എന്നും പ്രലോഭനം ഒന്നുതന്നെ. വിജയത്തിലും മഹത്വത്തിലും നേട്ടത്തിലും കരഘോഷത്തിലും സുഹൃത്തുക്കളായിരിക്കുക കൂടുതല്‍ എളുപ്പവും കൂടുതല്‍ സംതൃപ്തിദായകവും ആണ്; പ്രശസ്തനും വിജയിച്ചു മുന്നേറുന്നവനുമായവന്‍റെ ചാരെ ആയിരിക്കുകയാണ് കൂടുതല്‍ എളുപ്പം.

തെമ്മാടിത്തത്തിന്‍റെയും ശല്യപ്പെടുത്തലിന്‍റെയും ഭീഷണിപ്പെടുത്തലിന്‍റെയുമായ സംസ്ക്കാരത്തില്‍ നിപതിക്കുക എത്ര എളുപ്പമാണ്.

എന്നാല്‍ കര്‍ത്താവേ, അങ്ങേയ്ക്ക് അപ്രകാരമായിരുന്നില്ല: സകല സഹനങ്ങളും സകല വിസ്മൃതരുമായി അങ്ങ് കരിശില്‍ സ്വയം അനുരൂപനാക്കി.

ആലിംഗനത്തിനും തലോടലിനും ആശീര്‍വ്വാദത്തിനും അയോഗ്യരെന്ന് പലപ്പോഴും കരുതപ്പെട്ടിരുന്നവരെ സകലരേയും അങ്ങ് ആശ്ലേഷിച്ചു.

കുരിശിന്‍റെ വഴിയെ ഉത്ഥാനത്തിന്‍റെ വഴിയാക്കുന്നതിന്, അങ്ങ് കുരിശില്‍, സകല യുവജനത്തിന്‍റെയും കുരിശിന്‍റെ വഴിയെ പങ്കുചേരുന്നു.

ജനിക്കാനുള്ള അവകാശം നിഷേധിക്കപ്പെടുന്ന ഗര്‍ഭസ്ഥ ശിശുക്കളുടെ നിശബ്ദമാക്കപ്പെടുന്ന രോദനത്തിലും, ചുഷണം ചെയ്യപ്പെടുകയും ഔന്നത്യം ചവിട്ടിമെതിക്കപ്പെടുകയും ചെയ്യുന്ന സ്ത്രീകളിലും, തൊഴിലും വിദ്യഭ്യാസവും നിഷേധിക്കപ്പെട്ട് ഭാവിയെക്കുറിച്ചുള്ള പ്രത്യാശ നഷ്ടപ്പെട്ട യുവതയുടെ ശേകമാര്‍ന്ന  നയനങ്ങളിലും, മയക്കുമരുന്ന്, മദ്യം മനുഷ്യക്കടത്ത് തുടങ്ങിയവയാല്‍ മരണത്തിന്‍റെ  ചുഴിയില്‍ പെട്ടിരിക്കുന്ന നിരവധിയായ യുവജനങ്ങളിലും കുടുംബങ്ങളിലും പലപ്പോഴും പരിത്യക്തരും വലിച്ചെറിയപ്പെടുന്നവരുമായ വൃദ്ധജനത്തിന്‍റെ  ഏകാന്തതയിലും, സ്വന്തം മണ്ണും സംസ്ക്കാരവും നിഷേധിക്കപ്പെടുന്ന തദ്ദേശജനതകളിലും അന്തരീക്ഷമലിനീകരണം, വരള്‍ച്ച, ജലമലിനീകരണം ഭൂവിഭവങ്ങളുടെ കടിഞ്ഞാണില്ലാത്ത ഉപയോഗം തുടങ്ങിയവയാല്‍ വ്രണിതമായ മാതൃഭൂമിയിലും വേദനയ്ക്കുമുന്നില്‍ കരയാനും വകാരാധീനയാകാനുമുള്ള കഴിവ് നഷ്ടപ്പെട്ട ഒരു സമൂഹത്തിലും യേശുവിന്‍റെ കുരിശിന്‍റെ വഴി ഇന്നും തുടരുകയാണെന്ന് പറഞ്ഞ പാപ്പാ നമ്മള്‍ സമാധാനത്തിന്‍റെ ശില്പികളും ഉടമ്പടികളുടെ നിര്‍മ്മാതാക്കളും സാഹോദര്യത്തിന്‍റെ പുളിമാവും ആയിക്കൊണ്ട്, യേശുവിനെ, കുരിശു വഹിക്കാന്‍ സഹായിക്കുന്നുണ്ടോ എന്നും പരിശുദ്ധ കന്യകാമറിയത്തെ പോലെ കുരിശിന്‍റെ   ചുവട്ടില്‍ നില്ക്കാനുള്ള ധൈര്യം നമുക്കുണ്ടോയെന്നും ചോദിച്ചു.

പാപ്പാ തന്‍റെ പ്രാര്‍ത്ഥനാരൂപത്തിലുള്ള വിചിന്തനം ഉപസംഹരിച്ചത് ഈ വാക്കുകളിലാണ്‌:

കുരിശിന്‍റെ ചുവട്ടില്‍, കുരിശുകളുടെ ചുവട്ടില്‍ നില്ക്കാന്‍, കര്‍ത്താവേ, ഞങ്ങളെ പഠിപ്പിക്കേണമേ. ഈ സായന്തനത്തില്‍ ഞങ്ങളുടെ കണ്ണുകളും ഹൃദയവും തുറക്കണമേ; തളര്‍ച്ചകളിലും ആശയക്കുഴപ്പങ്ങളിലും ഭയത്തിലും നിരാശയിലും നിന്ന് ഞങ്ങളെ വീണ്ടെടുക്കണമേ. പിതാവേ, ഇങ്ങനെ പറയാന്‍ ഞങ്ങളെ പഠിപ്പിക്കേണമെ: ഞാന്‍ ഇവിടെ അങ്ങേ പുത്രനോടൊപ്പമാണ്, മറിയത്തോടും, തങ്ങളുടെ ഹൃദയത്തില്‍ അങ്ങയുടെ രാജ്യത്തെ സ്വീകരിക്കാന്‍ ആഗ്രഹിക്കുന്ന സ്നേഹിക്കപ്പെട്ടവരായ അനേകം ശിഷ്യരോടും ഒപ്പമാണ്. ആമേന്‍

26 January 2019, 07:49