തിരയുക

Vatican News
Pope Francis on Friday Morning visited a home for the Juvenile delinquents Pope Francis on Friday Morning visited a home for the Juvenile delinquents  (ANSA)

ക്രിസ്തുവിന്‍റെ കാരുണ്യവുമായി യുവജനങ്ങളുടെ തടവറയിലേയ്ക്ക്

പനാമ അപ്പസ്തോലിക യാത്രയുടെ മൂന്നാംദിനം – വെള്ളിയാഴ്ചത്തെ ആദ്യ പരിപാടി പ്രായപൂര്‍ത്തിയെത്താത്ത യുവജനങ്ങളുടെ പക്കോറയിലെ ദുര്‍ഗുണപാഠശാല സന്ദര്‍ശനം :
പാപ്പാ ഫ്രാന്‍സിസ് തടവറയിലെ യുവജനങ്ങള്‍ക്കൊപ്പം - റിപ്പോര്‍ട്ട്

നഗരപ്രാന്തത്തിലെ തടവറയിലേയ്ക്ക്
വെള്ളിയാഴ്ച, ജനുവരി 25 -പനാമ നഗരമദ്ധ്യത്തിലുള്ള വത്തിക്കാന്‍റെ സ്ഥാനപതിയുടെ മന്ദിരത്തില്‍ വിശ്രമിച്ച പാപ്പാ ഫ്രാന്‍സിസ്, രാവിലെ പ്രാദേശിക സമയം 7.30-ന് അവിടത്തെ ചെറിയ കപ്പേളയില്‍ സ്വകാര്യമായി ദിവ്യബലിയര്‍പ്പിച്ചു. വത്തിക്കാന്‍റെ സ്ഥാനപതി, ആര്‍ച്ചുബിഷപ്പ് ആഡാംഷിക് മിറോസ്ലാവിനൊപ്പം പ്രാതല്‍ കഴിച്ച പാപ്പാ ഫ്രാന്‍സിസ്, രാവിലെ 9.35-ന് കാറില്‍ യാത്രയായത്, ഏകദേശം 42-കിലോ മീറ്റര്‍ അകലെ പ്രായപൂര്‍ത്തിയെത്താത്ത യുവജനങ്ങള്‍ക്കുള്ള തടവറയിലേയ്ക്കാണ്. പനാമ നഗരത്തിന്‍റെ കിഴക്കന്‍ പ്രാന്തപ്രദേശവും ഉള്‍ക്കടലിനോടു ചേര്‍ന്നു കിടക്കുന്നതുമായ ചെറുനഗരമാണ് പക്കോറ.  15-Ɔο നൂറ്റാണ്ടിലെ സ്പാനിഷ് മേല്‍ക്കോയ്മയില്‍ കറുത്തവര്‍ഗ്ഗക്കാരുടെ താവളമായിരുന്നു പക്കോറ. ഇന്നത് പനാമ നഗരത്തിന്‍റെ ഭാഗമായി  വികസിച്ചു കഴിഞ്ഞു. അമലോത്ഭവനാഥയുടെ ഇടവക, മുനിസിപ്പല്‍ ടൗണ്‍ഹാള്‍ എന്നീ സ്ഥാപനങ്ങളോടു ചേര്‍ന്നാണ് പാപ്പാ ഫ്രാന്‍സിസ് സന്ദര്‍ശിക്കുന്ന പക്കോറയിലെ “ലാസ് ഗാര്‍സാസ്” എന്നറിയപ്പെടുന്ന യുവജനങ്ങളുടെ ദുര്‍ഗുണപാഠശാല സ്ഥിതിചെയ്യുന്നത്. 2002-ലാണ് പക്കോറയില്‍ യുവജനങ്ങളെ തിരുത്തുന്നതിനും മാനസികമായും സാമൂഹികമായും അവരെ ബലപ്പെടുത്തുന്നതിനുമുള്ള കേന്ദ്രമാണിത്. 

പക്കോറയിലെ സമഗ്രരൂപീകരണം
കുട്ടികളുടെ വിദ്യാഭ്യാസം, തൊഴില്‍ പരിശീലനം, മാനസികവും ശാരീരികവുമായ വളര്‍ച്ചയ്ക്കുള്ള സാദ്ധ്യതകള്‍ എന്നിങ്ങനെ അവരെ പുനരധിവസിപ്പിക്കത്തക്ക വിധത്തിലുള്ള ഈ സ്ഥാപനത്തിലെ ചുറ്റുപാടുകളും അവരുടെ ജീവിതാവസ്ഥയെ മെച്ചപ്പെടുത്തിയിട്ടുണ്ട്. ഇന്ന് പാപ്പായുമായുള്ള കൂടിക്കാഴ്ചയ്ക്ക് 150 യുവതീയുവാക്കള്‍ ഉണ്ടായിരുന്നു. യുവജനോത്സവത്തില്‍ പങ്കെടുക്കാനാവാതെ ചെറുതും വലുതുമായ സാമൂഹ്യതിന്മകളുടെ വിളുംമ്പും പേറി അസ്വാതന്ത്ര്യത്തിന്‍റെ മുറികളില്‍ കഴിയുന്ന യുവജനങ്ങളെ തേടിയെത്തിയ പാപ്പാ ഫ്രാന്‍സിസ് വീണ്ടും സ്വതസിദ്ധമായ രീതിയില്‍ ക്രിസ്തുവിന്‍റെ കാരുണ്യത്തിന്‍റെ ഇടയരൂപമാണ് യുവജനങ്ങള്‍ക്ക് ലഭ്യമാക്കിയത്.

അനുതാപശുശ്രൂഷയും കുമ്പസാരവും
പ്രാദേശിക സമയം 10.30 മണിയോടെ “ലാസ് ഗാര്‍സാസ്” കേന്ദ്രത്തില്‍ എത്തിയ പാപ്പാ ഫ്രാന്‍സിസിനെ സ്വീകരിക്കാന്‍ തടവറയുടെ ഡയറക്ടറും, പനാമയുടെ മെത്രാപ്പോലീത്ത ഹൊസ്സെ ദൊമീങ്കോ ഊളോവയും സന്നിഹിതരായിരുന്നു.

1 ആമുഖഗീതം, പാവങ്ങളുടെ ഗീതത്തോടെയാണ് അനുതാപശുശ്രൂഷയ്ക്ക് തുടക്കമായത്.
2. തുടര്‍ന്ന് ഒരു യുവാവിന്‍റെ ജീവിതസാക്ഷ്യമായിരുന്നു.
3. അനുതാപശുശ്രൂഷയ്ക്ക് ആമുഖമായി വിശുദ്ധ ലൂക്കായുടെ സുവിശേഷം 15, 1-7 വരെയുള്ള വചനഭാഗം പാരായണംചെയ്യപ്പെട്ടു.  “ഒരു പാപിയുടെ അനുതാപത്തില്‍ സ്വര്‍ഗ്ഗത്തില്‍ ഏറെ സന്തോഷമുണ്ടാകും...”
4. തുടര്‍ന്ന് സുവിശേഷത്തെ ആധാരമാക്കി പാപ്പാ ഫ്രാന്‍സിസ് കുട്ടികളുമായി തന്‍റെ ചിന്തകള്‍ പങ്കുവച്ചു : 
see link for Pope's reflection translated : https://www.vaticannews.va/ml/pope/news/2019-01/ml-pope-francis-panama-wyd-2019-penitential-liturgy-25-01-19.html

5. ഏതാനും നിമിഷത്തെ മൗനപ്രാര്‍ത്ഥനയ്ക്കുശേഷം പാപ്പാ തടവറക്കാരായ കുട്ടികളുടെ കുമ്പസാരം വ്യക്തിപരമായി കേള്‍ക്കുകയുണ്ടായി.
6. കുമ്പസാരത്തെ തുടര്‍ന്ന്, എല്ലാവരും ഒരുമിച്ച് “സ്വര്‍ഗ്ഗസ്ഥനായ പിതാവേ,” എന്ന പ്രാര്‍ത്ഥന സ്പാനിഷ് ഭാഷയില്‍ ചൊല്ലുകയും പാപ്പാ ഫ്രാന്‍സിസ് അവര്‍ക്ക് അപ്പസ്തോലിക ആശീര്‍വ്വാദം നല്കുകയും ചെയ്തു.
7. ലാസ് ഗര്‍സാസിന്‍റെ ഡയറക്ടര്‍... പാപ്പായ്ക്ക് നന്ദിയര്‍പ്പിച്ചു.
8. യുവജനങ്ങളുമായി പാപ്പാ  പ്രതീകാത്മകമായി വര്‍ണ്ണചിത്ര ഫലകങ്ങള്‍ കൈമാറി. തുടര്‍ന്ന്, യുവാക്കളുടെ കണ്ണുകളില്‍ നോക്കി, അവര്‍ക്കോരോരുത്തര്‍ക്കും ഹസ്തദാനം നല്കിക്കൊണ്ടും, അവര്‍ക്ക് മോചനത്തിന്‍റെയും നല്ലൊരു നാളെയുടെയും പ്രത്യാശയും ആത്മധൈര്യവും പകര്‍ന്നുകൊണ്ടുമാണ് പാപ്പാ ഫ്രാന്‍സിസ് പക്കോറയിലെ ദുര്‍ഗുണപാഠശാലയുടെ പടി ഇറങ്ങിയത്.

വത്തിക്കാന്‍റെ സ്ഥാനപതി മന്ദിരത്തിലേയ്ക്ക്
“ലാസ് ഗര്‍സാസി”ന്‍റെ ക്യാമ്പസിലെ ഹെലിപ്പാടിലേയ്ക്ക് പാപ്പാ നടന്നു നീങ്ങിയപ്പോള്‍, യാത്രപറയാനായി അവിടെ കാത്തുനിന്നത്, പനാമയിലെ യുവജന സംഗമവേദിയില്‍ ആവശ്യമായ കുമ്പസാരക്കൂടുകളുടെ നിര്‍മ്മാണത്തില്‍ വ്യാപൃതരായിരുന്നവരും, പക്കോറയിലെ തടവുകാരുമായ 30 യുവാക്കളുമായിരുന്നു. പാപ്പാ അവരെ പ്രത്യേകം അഭിവാദ്യംചെയ്തശേഷം, പനാമയിലെ സമയം മദ്ധ്യാഹ്നം 12 മണിയോടെ മിലിട്ടറി ഹെലിക്കോപ്റ്ററില്‍ കയറി 42 കി. മീറ്റര്‍ അകലെ നഗരമദ്ധ്യത്തിലുള്ള സൈനിക കേന്ദ്രത്തിലെ വിമാനത്താവളത്തില്‍ ഇറങ്ങി. പിന്നെയും, അവിടെനിന്ന് 3 കി. മീറ്ററിലും അധികം ദൂരം സഞ്ചരിച്ചാണ് കാറില്‍ വത്തിക്കാന്‍ സ്ഥാനപതിയുടെ മന്ദിരത്തിലേയ്ക്കു പാപ്പാ മടങ്ങിയതും ഉച്ചഭക്ഷണം കഴിച്ച് അവിടെ വിശ്രമിച്ചതും.

26 January 2019, 18:26