തിരയുക

Vatican News
The prayer vigil in Panama and the young Christ on the dias The prayer vigil in Panama and the young Christ on the dias  (ANSA)

ലോക യുവജനോത്സവത്തിലെ ആര്‍ദ്രമായ ജാഗരാനുഷ്ഠാനം

ജനുവരി 26 ശനി – പനാമയിലെ മെട്രോ പാര്‍ക്കില്‍ രണ്ടു ലക്ഷത്തില്‍ അധികം യുവജനങ്ങളും വിശ്വാസികളും പ്രാര്‍ത്ഥനയില്‍ ചെലവഴിച്ചു.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

യുവജനങ്ങളുടെ ജാഗര പ്രാര്‍ത്ഥന

പനാമയിലെ  ജാഗരാനുഷ്ഠാന വേദി
പനാമ നഗരപ്രാന്തത്തിലും, ശാന്തസമുദ്രത്തില്‍നിന്നും മൂന്നു കിലോമീറ്റര്‍ മാത്രം അകലെയായി നഗരത്തിന്‍റെ തെക്കുകിഴക്കന്‍ ഭാഗത്തെ വിസ്തൃതമായ പച്ചവിരിച്ച ഭൂപ്രദേശമാണ് മെ്ട്രോ പാര്‍ക്ക്. 7 ലക്ഷത്തോളം പേര്‍ക്ക് സമ്മേളിക്കാവുന്ന വിശാലമായ മൈതാനവും, പ്രകൃതിരമണീയതയും പാര്‍ക്കിന്‍റെ പ്രത്യേകതയാണ്. ആഗോള യുവജപ്രസ്ഥാനത്തിന്‍റെ ഉപജ്ഞാതാവായ വിശുദ്ധനായ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ നാമത്തില്‍ പുനര്‍നാമകരണം ചെയ്യപ്പെട്ട മെട്രോ പാര്‍ക്ക്, ശനിയാഴ്ച വൈകുന്നേരം 34-Ɔമത് ലോകയുവജനോത്സത്തിന്‍റെ ജാഗരപ്രാര്‍ത്ഥനയ്ക്ക് വേദിയായി. ശനിയാഴ്ച രാവിലെ മുതല്‍ യുവജനങ്ങള്‍ മെട്രോ പാര്‍ക്കിന്‍റെ പ്രശാന്തമായ അന്തരീക്ഷത്തില്‍ എത്തിയിരുന്നു. തങ്ങളുടെ രാജ്യത്തിന്‍റെയും പ്രസ്ഥാനങ്ങളുടെയും പതാകകളേന്തിയും, വര്‍ണ്ണ കുപ്പായങ്ങള്‍ അണിഞ്ഞും അവര്‍ പാപ്പാ ഫ്രാന്‍സിസിനെ കാത്തുനിന്നു. പ്രശാന്തമായ മെട്രോ പാര്‍ക്ക് യുവജനസാന്നിദ്ധ്യംകൊണ്ട് പകിട്ടാര്‍ന്നു. ഗീതങ്ങളുടെയും ഹസ്താരവത്തിന്‍റെയും താളലയത്തില്‍ വിസ്തൃതമായ മൈതാനം ഉത്സവപ്രതീതി ഉണര്‍ത്തിനിന്നു.

യുവാവായ ക്രിസ്തു
ജാഗരാനുഷ്ഠാനത്തിലെ പരിശുദ്ധ കുര്‍ബ്ബാനയുടെ സാന്നിദ്ധ്യത്തിനും ആരാധനയ്ക്കുമായി ഒരുക്കിയ വാസ്തുഭംഗിയാര്‍ന്ന മേല്‍ക്കൂരയുള്ള വേദിയില്‍ തെളിഞ്ഞു കാണാമായിരുന്നത്, കരങ്ങള്‍ വിരിച്ചുനില്കുന്ന യുവാവായ ക്രിസ്തുവിന്‍റെ ഛായാചിത്രമായിരുന്നു. അതിമനോഹരവും യുവജനങ്ങള്‍ക്ക് ആവേശം പകരുന്നതുമായിരുന്നു അത്. സംഗമത്തിന്‍റെ മേരിയന്‍ പ്രമേയം അനുസ്മരിപ്പിക്കുമാറാണ് നീലപ്പരവദാനി വിരിച്ച വേദിയില്‍ പാപ്പായെ സ്വീകരിക്കാന്‍ ഭൂഖണ്ഡങ്ങളുടെ പ്രതിനിധികളായ യുവജനങ്ങള്‍ കാത്തുനില്കുന്നുണ്ടായിരുന്നു.

പാപ്പാ ഫ്രാന്‍സിസിനു വരവേല്പ്
പ്രാദേശിക സമയം വൈകുന്നേരം 6 മണിയോടെ മെട്രോ പാര്‍ക്കില്‍ എത്തിയ പാപ്പാ ഫ്രാന്‍സിസ് തുറന്ന പേപ്പല്‍ വാഹനത്തില്‍ യുവജനങ്ങളെ അഭിവാദ്യംചെയ്തുകൊണ്ട്, മെല്ലെ വേദിയിലേയ്ക്ക് നീങ്ങി. യുവജനങ്ങള്‍ ആവേശത്തോടെ വര്‍ണ്ണക്കൊടികള്‍ ഉയര്‍ത്തിയും, ഹസ്താരവം മുഴക്കിയും, പാപ്പാ ഫ്രാന്‍സിസിനെ വരവേറ്റു. “അങ്ങേ ഹിതം എന്നില്‍ നിറവേറട്ടെ...” എന്ന യുവജനോത്സവഗീതം വിവിധ ഭാഷകളില്‍ ആവര്‍ത്തിച്ചുപാടിക്കൊണ്ട്,
ആ താളക്കൊഴുപ്പില്‍ ചുവടുവച്ചും നൃത്തംചവിട്ടിയും യുവജനങ്ങള്‍ പാപ്പായെ വരവേറ്റു.

ജീവിതാനുഭവങ്ങളില്‍നിന്നുള്ള തുടക്കം
1. കുടുംബത്തില്‍ വളരേണ്ട യുവാക്കളുടെ കഥ പറയുന്ന സംഗീത ശില്പത്തിന്‍റെ ദൃശ്യാവതരണത്തോടെയാണ് ജാഗരാനുഷ്ഠാനത്തിന് തുടക്കമായത്.
2. മയക്കുമരുന്നിന്‍റെ പിടിയില്‍നിന്നും മെല്ലെ രക്ഷപ്പെട്ട യുവാവിന്‍റെ കഥ ഹൃദയസ്പര്‍ശിയായിരുന്നു.
3. പലസ്തീനിയന്‍ യുവതിയുടെ ജീവിതാനുഭവം... അലക്ഷ്യമായ ജീവിതത്തില്‍നിന്നും ക്രാക്കോ യുവജനസംഗമം എങ്ങനെ തന്‍റെ ജീവിതത്തിന് അര്‍ത്ഥം നല്കിയെന്ന്.... പങ്കുവച്ചു.

പാപ്പായുടെ പ്രഭാഷണം (audio)

ആരാധനയും നിശബ്ദമായ പ്രാര്‍ത്ഥനയും
നസ്രത്തിലെ മറിയത്തിന്‍റെ അതിമനോഹരമായ നീണ്ടുമെലിഞ്ഞ പൂര്‍ണ്ണകായ സുവര്‍ണ്ണ പ്രതിമയുടെ കൈകളില്‍ ദിവ്യകാരുണ്യസാന്നിദ്ധ്യമായ യേശുവിനെ യുവജനങ്ങള്‍ക്കു നീട്ടിത്തരുന്നതുപോലെ വേദിയില്‍ സജ്ജമാക്കിയിരുന്നു. അങ്ങനെയാണ്, തിരുവോസ്തി യുവജനങ്ങളുടെ ആരാധനയ്ക്കായി സംവിധാനംചെയ്തിരുന്നത്. പാപ്പാ ഫ്രാന്‍സിസ് യുവജനങ്ങള്‍ക്കായി ദിവ്യകാരുണ്യനാഥനെ ദിവ്യജനനിയുടെ കൈകളില്‍ ഉള്‍ച്ചേര്‍ത്തിരുന്ന അരുളിക്കയില്‍ പ്രതിഷ്ഠിച്ചുകൊണ്ടു  ധൂര്‍പാര്‍ച്ചന നടത്തി.

ഭക്തിയുടെ നിറവികാരങ്ങള്‍
യുവജങ്ങള്‍ ഭക്ത്യാദരങ്ങളോടെ ദിവ്യാകാരുണ്യഗാനം ആലപിച്ചു.  ദൈവത്തിന്‍റെ സ്നേഹസാന്നിദ്ധ്യമായ ദിവ്യകാരുണ്യത്തിലെ യേശുവിനെ മുട്ടുമടക്കിയും നമ്രശിസ്ക്കരായും, ചിലര്‍ സാഷ്ടാംഗം പ്രണമിച്ചു പ്രാര്‍ത്ഥനാനിര്‍ഭരരായി. യുവജനങ്ങള്‍ പാര്‍ക്കിന്‍റെ വിസ്തൃതവും പ്രശാന്തവുമായ സൗകര്യത്തില്‍ ആരാധിച്ചു നില്കെ, പനാമയുടെ ശാന്ത്രസമുദ്രത്തിന്‍റെ ചക്രവാളത്തില്‍ അസ്തമയ സൂര്യന്‍ സായംസന്ധ്യയുടെ നിറക്കൂട്ടു വിരിയിച്ചത് മെട്രോ പാര്‍ക്കിനെയും വര്‍ണ്ണാഭമാക്കി. യുവജനങ്ങളുടെ ജാഗരാനുഷ്ഠാനത്തിലെ ദൈവികപ്രഭയായി അത് വിരാജിച്ചു. ആരാധനയുടെയും സ്തുതിപ്പിന്‍റെയും മുഹൂര്‍ത്തങ്ങളില്‍ സന്ധ്യമയങ്ങിയെങ്കിലും ആയിരക്കണക്കിന് യുവജനങ്ങളുടെ ഹൃദയത്തില്‍ ഉയര്‍ന്ന പ്രാര്‍ത്ഥനാചൈതന്യം അന്തരീക്ഷത്തില്‍ വിശ്വാസപൂര്‍ണ്ണമായ ഭക്തിയുടെ നിറവികാരങ്ങളായി  മുന്നോട്ടു നീങ്ങിയപ്പോള്‍ വിനാഴികകള്‍ കടന്നുപോയിരുന്നു. “തെ അമോര്‍...” യേശുവേ... ഞങ്ങള്‍ അങ്ങനെ സ്നേഹിക്കുന്നു! എന്ന ഗീതത്തോടെ ആരാധനയുടെ സമ്പൂര്‍ണ്ണ നിശ്ശബ്ദതയ്ക്കു വിരാമമായി.

പരിശുദ്ധകുര്‍ബ്ബാനയുടെ ആശീര്‍വ്വാദം
തുടര്‍ന്ന് പരിശുദ്ധകുര്‍ബ്ബാനയുടെ ആശീര്‍വ്വാദമായിരുന്നു. ഭക്ത്യാവണങ്ങുക Tantum Ergo എന്ന ദിവ്യകാരുണ്യഗീതം ലത്തീന്‍ഭാഷയില്‍ ആലപിക്കപ്പെട്ടു. രണ്ടു ലക്ഷത്തോളം വരുന്ന യുവജനങ്ങളുടെയും മറ്റു വന്‍ജനാവലിയുടെയും ദിവകാരുണ്യ ആരാധനയുടെ അനര്‍ഘ നിമിഷങ്ങളായിരുന്നു. ധൂപാര്‍ച്ചനയെ തുടര്‍ന്ന് പാപ്പാ ഫ്രാന്‍സിസ് യുവജനങ്ങള്‍ക്ക് പരിശുദ്ധകുര്‍ബ്ബാനയുടെ ആശീര്‍വ്വാദം നല്കി.

മേരിയന്‍ പ്രതിഷ്ഠയും സമാപ്തിയും
പരിശുദ്ധ കന്യകാനാഥയുടെ മാദ്ധ്യസ്ഥത്തില്‍ യുവജനങ്ങളെ യേശുവിനു സമര്‍പ്പിക്കുന്ന പ്രാര്‍ത്ഥന, വേദിയുടെ  പാര്‍ശ്വത്തില്‍ പ്രതിഷ്ഠിച്ചിരുന്ന ഫാത്തിമാനാഥയു‌ടെ തിരുസ്വരൂപത്തിനു മുന്നില്‍ ഉരുവിട്ടുകൊണ്ടാണ് 34-Ɔമത് ആഗോള യുവജനോത്സവത്തിന്‍റെ ജഗരപ്രാര്‍ത്ഥനയ്ക്ക് പരിസമാപ്തിയായത്. യുവജനങ്ങല്‍ പനാമ യുവജനോത്സവഗീതം ഏറ്റുപാടിക്കൊണ്ട് പരിശുദ്ധകന്യകാനാഥയ്ക്കൊപ്പം പ്രാര്‍ത്ഥിച്ചു... “അങ്ങേ.ഹിതം എന്നില്‍ നിറവേറട്ടെ!”

27 January 2019, 21:36